Sunday, April 20, 2008

കണ്ണികള്‍....

പ്രീയപ്പെട്ട സജിനി,

ഇന്നു നിനക്കെഴുതാതെ വയ്യ, നാളേറെയായി നിനക്കായിട്ടു ഒരു വാക്ക് കുറിച്ചിട്ട്. സജിത്തും അമ്മുവും പിരിയുന്നു........! അമ്മുവാണ് വിളിച്ചറിയിച്ചത്, നിന്നോടും ലീനയോടും അറിയിക്കാന്‍ പറഞ്ഞു.
യാത്രക്കിടയില്‍ എവിടെയൊ ഇണങ്ങാത്ത കണ്ണികള്‍ അകന്നതാവാം,എന്തു കൊണ്ടാണെന്ന് വ്യക്തമായ
ഒരൂ രൂപവും ഇല്ലെന്നാണ് പറഞ്ഞത്. അവള്‍ ഇപ്പൊള്‍ ഷീലയുടെ വീട്ടിലുണ്ട്, വേറെ ഫ്ലാറ്റ് നോക്കുന്നുണ്ടത്രേ,
കുട്ടികള്‍ ഇപ്പോള്‍ സജിത്തിനോടൊപ്പമാണ്. കാര്യങ്ങളുടെ ഗതിയറിയാതെ ഞാന്‍ എന്താണ് അവളോട്‌ പറയുക.

ഞാന്‍ വെറുതേ ഇരുന്ന് നമ്മുടെ കോളേജ് ദിനങ്ങള്‍ ഓര്‍മ്മിച്ചു, യൂത്ത് ഫെസ്റ്റിവലിന് പാട്ട് നന്നായി എന്നു പറയാന്‍ സജിത്ത് വന്നതും പിന്നെ എപ്പോഴൊ ഇഷ്ടം എന്നു അറിയിച്ചപ്പോള്‍ അമ്മു എന്തു ചെയ്യണമെന്ന് അറിയാതെ ഹോസ്റ്റലില്‍ വന്നിരുന്ന് കരഞ്ഞതും നമ്മള്‍ രണ്ടും കൂടി സജിത്തിനെ നേരിട്ടതും അമ്മുവില്ലാതെ ജീവിച്ചിരിക്കില്ലാ എന്ന് സജിത്ത് പറഞ്ഞതില്‍ നേരുണ്ട് എന്നു തോന്നി ഞാനും നീയും അവന് വേണ്ടി വക്കാലത്ത് പറഞ്ഞതും...


ഇന്നിപ്പോള്‍ എന്താടി ചെയ്യുക? ഞാന്‍ സജിത്തിനോട് സംസാരിച്ചില്ലാ, അമ്മു ഒന്നും പറയുന്നില്ലാ, ഷീല ചോദിച്ചപ്പോള്‍ "നിനക്ക് ഞാന് ജീവിച്ചിരിക്കുന്നതു കാണണോ അതോ ഞാന്‍ തിരിച്ചു തിരിച്ചു പോണോ?"
എന്നാ അമ്മു പറഞ്ഞത് ..കുടുംബം എന്നതു വീണുടയാതിരിക്കട്ടെ, എന്നാ ഞാന്‍ കരുതുന്നേ ആ കുട്ടികളുടെ ഭാഗത്തു നിന്നു ചിന്തിക്കാന്‍ ഞാന്‍ പറഞ്ഞു "അതു കൊണ്ടാ ഇത്ര നാളും തള്ളിയേ എന്നാ മറുപടി."

സജിനി എന്നും എല്ലാത്തിനും പോം വഴി കാണാന്‍ മിടുക്കിയല്ലേ ഒന്നു പറയൂ ഞാന്‍ ഇപ്പോള്‍ എന്താ അമ്മുവിനോട് പറയുക ?


ഞാന്‍ ഓര്‍ക്കുകയായിരുന്നു എന്തോരു ആഘോഷമായിരുന്നു അവരുടെ പ്രണയകാലം...

അതും ആരേയും അറിയിക്കാതെ കോലാഹലം ഉണ്ടാകാതെ ഹോസ്റ്റലില്‍ നമ്മള്‍ കുറച്ചുപേര്‍ മാത്രം അറിഞ്ഞ്
മൂന്ന് വര്‍ഷം കൊണ്ടു പോയതും കെമിസ്ട്രി ലാബിന്റെ ഇടനാഴിയിലും ഫ്രഞ്ച് ഡിപ്പാറ്ട്ട്മെന്റി മുന്നിലുള്ള കോവണി ചുവട്ടിലും അവര്‍ സംസാരിക്കുമ്പോള്‍ കാവല്‍ നിന്നതും............

ഞാന്‍ മാത്രമേ ഇതൊക്കെ ഓര്‍ക്കുന്നുള്ളോ നല്ല ദിവസങ്ങള്‍ എന്താ എല്ലാവരും മറവിയുടെ മടിത്തട്ടിലേക്ക് എറിയുന്നത് ? ഇഷ്ടമില്ലാത്തവയെന്തിനാ ഇങ്ങനെ അക്കം ഇട്ട് ഓര്‍ക്കുന്നത്? നീ വേഗം മറുപടി അയക്കു. എനിക്ക് എന്നിട്ട് വേണം സജിത്തിനോട് എന്തു പറയണം എന്നു തീരുമാനിക്കാന്‍
ഒരു ഞെട്ടലോടെയാണു ഞാന്‍ ഈ ന്യൂസ് കേട്ടത് , എല്ലവരുടെയും 'ഐഡിയല്‍ കപ്പിള്‍'.......
എന്താടി ഇങ്ങനെ വന്നത് ...?
അവര്‍ക്ക് അങ്ങനെ പിരിയാന്‍ ആവുമൊ?
ഇപ്പൊള്‍ ഒരു ആറ് മാസം ആയിക്കാണും, സജിത്ത് തനിയെ ആണ് വന്നത്,ഇവിടെ ഒരു ദിവസം തങ്ങിയിട്ടാണു പോയത്, അന്ന് എന്തെങ്കിലും പ്രശനം അവര്‍ തമ്മില്‍ ഉള്ളതായി സൂചിപ്പിച്ചിരുന്നില്ല, അന്ന് പഴേകഥകളും എല്ലാവരുടെയും കുശലങ്ങളും പറഞ്ഞിരുന്നു.സജിത്തിന്റെ പ്രകൃതത്തിന്‍ ഒരു മാറ്റവും ഇല്ല. ആ സോഫ്റ്റ് സ്പോക്കണ്‍ ലിവിങ്ങ് ....

ഞാന്‍ സജിത്തിനെ ഒന്നു വിളിച്ചു സംസാരിക്കാന്‍ പോണു അവന്റെ ഭാഗം കൂടി ഒന്ന് അറിയണമല്ലോ.
അമ്മുവിനെ സ്കൂള്‍‌ മുതല്‍ നമ്മള്‍ അറിയുന്നതല്ലെ?അവളും എടുത്തടിച്ച് ഒരു തീരുമാനം എടുക്കുന്ന റ്റൈപ്പ് അല്ല, പിന്നെ അവിടത്തെ കൂട്ടുകെട്ടുകള്‍‍ ചുറ്റുപാടുകള്‍ എങ്ങനാ എന്താ ഒന്നും എനിക്കറിയില്ലല്ലൊ. ഒന്നുണ്ട് അവള്‍ വളരെ ‘ഈസ്ലി ഇന്‍ഫ്ലുവന്‍സ്ഡ്’ ആണ്‍. ആരും പറയുന്നത് അതുപോലെ അങ്ങു വിഴുങ്ങും. സ്വന്തം നിലയില്‍ ഒന്ന് വിശകലനം ചെയ്യില്ലാ, ഇവിടെ ഇരുന്ന് ഞാന്‍ വല്ലതും പറയുന്നതില്‍ കാര്യമില്ല അതു കൊണ്ടാ നീ തന്നെ ഒന്നു വിളിക്കാന്‍ പറയുന്നത്...
ആ ചെറിയ കുട്ടികള്‍ അച്ഛന്റെയും അമ്മയുടെയും ഗൈഡന്‍സ് വേണ്ട നേരം.............
‍ ‍
**********************************************
പിന്നെ മറ്റൊരു ട്രാജഡി ഇര്‍‌റിവേഴ്സിബിള്‍ എന്ന് പറയാം നീ ഓര്‍ക്കുന്നോ എന്ന് അറിയില്ലാ ജൂലിയ നമ്മുടെ ജസ്റ്റ് ജൂണിയര്‍ ആയിരുന്നു ....
ഹോസ്റ്റലില്‍ ഉണ്ടായിരുന്നു, നല്ല വെളുത്തു നീണ്ട് മെലിഞ്ഞ കുട്ടി മുട്ടറ്റം മുടിയും വിടര്‍ന്ന കണ്ണുകളും ആരും ഒന്നു നോക്കി നിന്നു പൊകും...നീ പോയി കഴിഞ്ഞ് വൈ ഡബ്ലു സി എ യില്‍ എന്റെ പിജിക്ക് അവളാരുന്നു റും മേറ്റ്,
കാണുന്നപോലെ തന്നെ ആയിരുന്നു അവളുടെ പെരുമാറ്റവും. അന്ന് ഒന്നും ഞാന്‍ അറിഞ്ഞില്ലാ, ഒരു എഞ്ചിനിയറിങ്ങ് സ്റ്റുടന്റും ആയി അവള്‍ ഇഷ്ടത്തില്‍ ആണെന്നു അതു വളരെ പ്രശ്നം പിടിച്ച കേസ്സ് ആയി. അവന്‍"നഹാസ്" നല്ല പൈസാക്കാരനാ, കാണാന്‍ യോഗ്യന്‍, ജൂലിയുടെ വീട്ടുകാരാണെങ്കില്‍ തികച്ചും യാഥാസ്ഥിതികരും, വന്ന കല്യാണത്തിനു ഒന്നും അവള്‍ സമ്മതിച്ചില്ലാ എന്നിട്ട് അവളുടെ പപ്പ കുവൈറ്റില്‍ നിന്ന് എത്തി. ഒരു ബന്ധം ഉറപ്പിക്കും എന്നായി അപ്പോള്‍ അവള്‍ ഓടി എന്റെ അടുത്ത് വന്നു,ഞാന്‍ മോനെ പ്രസവിച്ച സമയം,അപ്പൊഴാ ഈ കഥ എല്ലാം പറയുന്നേ, ഞാന്‍ പോലും ഒന്നും അറിഞ്ഞിരുന്നില്ല. നഹാസ് ലണ്ട്നിലാണ് അവള്‍ വിവരം വിളിച്ചു പറഞ്ഞതനുസരിച്ച് അവന്‍ വന്നു തിരുവന്തപുരത്തുള്ള അവന്റെ സ്വാധീനം ഉപയോഗിച്ചു റെജിസ്ട്രര്‍‌ മാരിയേജ് നടത്തി.

പപ്പ ഒരു വല്ലത്ത അവസ്ഥയില്‍, പുള്ളിക്കാരന്‍ അവരുടെ കൂട്ടക്കാരോടും ഫ്രണ്ട്സിനൊടും ഒക്കെ 'സ്വപ്നം' പോലത്തെ കല്യാണം നടത്തും എന്ന് ഒക്കെ പറഞ്ഞിരുന്നതാണത്രേ! പക്ഷെ ആ നല്ല മനുഷ്യന്‍ എല്ലാവരേയും ക്ഷണിച്ചു റിസപ്‌ഷന്‍ നടത്തി . ഞാനും പോയിരുന്നു.നഹാസിനെ കണ്ടാല്‍ ആരും ജൂലിയെ കുറ്റം പറയില്ലാ അത്രക്ക് സുന്ദരന്‍,റിസപ്ഷനും വളരെ പുതുമയോടെ, കനകകുന്നു കൊട്ടാരത്തില്‍ വച്ച്, രാഷ്ട്രീയ സിനിമാ ബിസിനസ്സ് ഫീല്‍ഡുകാര് എല്ലാം ഉണ്ടായിരുന്നു. നല്ല ഗംഭീരമായിരുന്നു എന്നു പറയാം.അവര്‍ പിന്നെ ലണ്ടനിലേക്ക് പറന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു വിവരവും ഇല്ലായിരുന്നു രണ്ടു പേരും ഉപരിപഠനം അവിടെ നടത്തി നഹാസിന് നല്ല ജോലിയും ആയി.........................

കഴിഞ്ഞ ആഴ്ച ഞാന്‍ ബാലേട്ടനെ യാത്രയാക്കാന്‍ നെടുമ്പാശ്ശേരിയില്‍ പോയി അവിടെ നില്‍ക്കുമ്പോള്‍ ദേ എന്റെ മുന്നില്‍ ജൂലി.....കണ്ടാല്‍ ഒരു മാറ്റവും ഇല്ലാ‍ പക്ഷേ ആ കണ്ണിന്റെ തിളക്കം നഷ്ടപ്പെട്ടപോലെ..ഓടിവന്ന് എന്നെ കെട്ടിപിടിച്ചു, അവള്‍ മടങ്ങി പോകുകയാണ്‍ ഫ്ലൈറ്റ് ഡിലേ ആണു പിന്നെ കാപ്പി കുടിക്കാന്‍ അവള്‍ എന്നെ വിളിച്ചു ....
"വിശേഷം ഒക്കെ പറ നഹാസ് എന്തു പറയുന്നു ." വളരെ ഉത്സാഹത്തില്‍ ഞാന്‍ ചോദിച്ചു.

‘നാലു മാസം മുന്‍പേ ഒരു റോഡപകടം നഹാ‍സ് പോയി’......
കുട്ടികള്‍ ഒന്നും ഇല്ല അവള്‍ ഒറ്റക്ക്, ഞാന്‍ മിഴിച്ചിരുന്നു പ്രണയക്കടല്‍ ഇരമ്പി മറിഞ്ഞ
ആ കണ്ണുകള്‍ ഉണങ്ങി വരണ്ടിരിക്കുന്നു നിര്‍ജീവമായി ആ കണ്ണുകള്‍ പണ്ട് കഥ പറയുന്ന കണ്ണുകള്‍ എന്ന് എല്ലാവരും വിശേഷിപ്പിച്ച വര്‍ണ്ണിച്ച അവളുടെ കണ്ണിലേക്ക്
നോക്കിയപ്പോള്‍ ഞാന്‍ വിധിയൊട് അതോ ദൈവത്തിനോടൊ ചോദിച്ചു
"ഈ കടും കൈ വേണമായിരുന്നൊ?".............

ഒന്നിച്ചു ജീവിക്കാന്‍ ആശിക്കുന്ന ഇണക്കിളികളില്‍ ഒന്നിനെ നിഷ്കരുണം എയ്തു വീഴ്ത്തി........
ഇവിടെ ഈ ഭൂമിയില്‍ തങ്ങാന്‍ വിട്ടവരോ ഇതാ പിരിഞ്ഞു പോകുന്നു ......


എന്നു സ്നേഹപൂര്‍വ്വം
സ്വന്തം മാളുട്ടി


33 comments:

മാണിക്യം said...

ഞാന്‍ മാത്രമേ ഇതോക്കെ ഓര്ക്കുന്നുള്ളോ?
നല്ല ദിവസങ്ങള്‍ എന്താ എല്ലാവരും മറവിയുടെ മടിത്തട്ടിലേക്ക്എറിയുന്നത് ? ഇഷ്ടമില്ലാത്തവയെന്തിനാ ഇങ്ങനെ അക്കം ഇട്ട് ഓര്ക്കുന്നത്?
എന്നു സ്നേഹപൂര്‍വ്വം
സ്വന്തം മാളുട്ടി

കാപ്പിലാന്‍ said...

‘നാലു മാസം മുന്‍പേ ഒരു റോഡപകടം നഹാ‍സ് പോയി’......
കുട്ടികള്‍ ഒന്നും ഇല്ല അവള്‍ ഒറ്റക്ക്, ഞാന്‍ മിഴിച്ചിരുന്നു

ആദ്യം എന്തോ കഥയറിയാതെ ആട്ടം കാണുന്നതുപോലെ വായിച്ചു തുടങ്ങി .അവസാനം എത്തിയപ്പോള്‍ വിഷമിപ്പിച്ചു .മുഴുവനും ഇപ്പോഴും മനസിലാക്കാനുള്ള ത്രാണി ഇല്ല .ഇനിയും ഒന്ന് കൂടി വായിക്കണം .ഒത്തിരി നാളിനു ശേഷം ഉള്ള മാണിക്ക്യം ചേച്ചിയുടെ ഈ കഥ ഞാന്‍ ഫ്ലാഗ്‌ ഓഫ് ചെയ്യുന്നു .ഓടട്ടെ ..

പാമരന്‍ said...

നല്ല അവതരണം മാണിക്യം ചേച്ചീ.. ഇതൊക്കെ ഓര്‍ത്തിരിക്കേണ്ടതു തന്നെ.

ശ്രീജ എന്‍ എസ് said...

nalla katha..lalithamaya shaili...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചിലതൊക്കെ ഇങ്ങനെ ഓര്‍മ്മയില്‍ വട്ടമിട്ടുകൊണ്ടേയിരിക്കും

എന്നാല്‍ ഓര്‍ക്കേണ്ടവയോ മറവിയ്ക്ക് കീഴടങ്ങും പെട്ടന്നുതന്നെ

ഏ.ആര്‍. നജീം said...

അവധിയുടെ ആലസ്യത്തിനിടെ ബൂലോകത്തേയ്ക്ക് ഒന്ന് എത്തിനോക്കുവാന്‍ പോലും സമയമില്ലായ്മയോ മടിയോ കൊണ്ട് കഴിയന്നില്ലെന്നതാണ് സത്യം.. അതിനിടെ യാദൃശ്ചികമായി വായിച്ച ഈ പോസ്റ്റിന് ഒരു വരി എഴുതുന്നു ..കാരണം എവിടെയോ ഞാന്‍ അനുഭവിച്ചറിഞ്ഞ ഒരു കഥയോ കഥാപാത്രങ്ങളോ ആയി അമ്മുവും, സജിത്തും സജിനിയും ഒക്കെ ഓര്‍മ്മയില്‍ തിരികെ വന്നു.. നന്ദി

ആധുനിക സാഹിത്യമെന്ന് ഓമനപേരിട്ടു വിളിക്കുന്ന, വാക്കുകള്‍ കൊണ്ട് മാന്ത്രികങ്ങള്‍ സൃഷ്ടിക്കുന്ന കഥാരചനാ ശൈലിയില്‍ നിന്നും വേറിട്ട് ജീവിതത്തിന്റെ ശരിപ്പകര്‍പ്പായി അവതരിപ്പിക്കുന്ന മാണിക്ക്യത്തിന്റെ രചനാരീതി അഭിനന്ദനമര്‍ഹിക്കുന്നു.

Rare Rose said...

മാണിക്യചേച്ചീ..,വിധി എപ്പോഴും അങ്ങനെയാണു...സ്നേഹിച്ചു കൊതി തീരാത്തവരെ കവര്‍ന്നെടുത്തും,അല്ലാത്തവരെ പിരിച്ചും വിധി യാത്ര തുടരുന്നു...ജീവിതത്തില്‍ ഒത്തൊരുമയുടെ വില മനസ്സിലാക്കി അമ്മുവിനെം,സജിത്തിനേം പോലുള്ളവര്‍ മുന്നോട്ടു പോയിരുന്നുവെങ്കില്‍....ലളിതമായ ആഖ്യാനശൈലി ഏറെ ഇഷ്ടായി......:)

തോന്ന്യാസി said...

നാലു മാസം മുന്‍പേ ഒരു റോഡപകടം നഹാ‍സ് പോയി’......

ഇത് വായിച്ചപ്പോ ഓര്‍മ്മ വന്നത് എന്റെ കൂട്ടുകാരി സതിയെ ആണ്. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം, 21-മത്തെ വയസ്സില്‍ അവള്‍ വിധവയായി. പിന്നെ കണ്ടപ്പോള്‍ നിര്‍ജ്ജീവമായ കണ്ണുകള്‍ കൊണ്ടൊന്ന് ചിരിയ്ക്കാന്‍ ശ്രമിച്ച് അവള്‍ പറഞ്ഞു,രണ്ടു മാസം കൂടെ കഴിഞ്ഞാ ചേട്ടന്റെ ഒരു ഫോട്ടൊ കോപ്പി എന്റെ കൈയിലുണ്ടാകും.

പിന്നെ ഞാന്‍ അവളെ കാണാന്‍ ശ്രമിച്ചിട്ടില്ല, ഒരു വരി കൂടെ കോപ്പി ചെയ്യാനുണ്ട്

ഇഷ്ടമില്ലാത്തവയെന്തിനാ ഇങ്ങനെ അക്കം ഇട്ട് ഓര്ക്കുന്നത്?

ആന്റീടെ ഏറ്റവും നല്ല പോസ്റ്റ്

Unknown said...

നമ്മുടെ വര്ത്തമാന കാലത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു ഒന്നിച്ചു ചെരലും വേര്പിരയലും, പലരും ഒന്നിക്കുന്നതെ പിരിയാന് വേണ്ടിയാണെന്നു തോന്നുന്നു...

വളരെ നന്നായിരിക്കുന്നു അമ്മെ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓര്‍ക്കുവാനും ഓമനിയ്ക്കുവാനും ചില സുന്ദരമുഹൂര്‍ത്തങ്ങള്‍..
മനസ്സിനെ ജീവനോടെ ദഹിപ്പിക്കുന്ന വാക്വാദങ്ങള്‍
അവളുടെ ദു:ഖമറിഞ്ഞപോലിളം തെന്നല്‍
എത്തിയെന്‍ മാനസവാതില്‍ക്കലെപ്പോഴും
ഇളം പൈതല്‍ പോല്‍ പിണങ്ങിയാ
പ്രിയതരമേതോ കാറ്റിലലിഞ്ഞെന്‍ പ്രിയരാഗമൊഴുകവെ
മനസിന്‍ നിറക്കൂട്ടില്‍ നിന്നായിരം പറവകള്‍
അലസമായ്‌ ചിറകടിച്ചകലുകയായ്‌..

ഹരിയണ്ണന്‍@Hariyannan said...

ഇന്നലെയാണിത് വായിച്ചത്..
ചേച്ചീ..ഇതുവരെയുള്ളതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്..
എത്ര നന്നായി എഴുതിയിരിക്കുന്നു.അഭിനന്ദനങ്ങള്‍!!

ശ്രീ said...

ഇത് യഥാര്‍ത്ഥ്യവുമായി ബന്ധമുള്ളതായാലും അല്ലെങ്കിലും മനസ്സില്‍ തൊട്ടു.

“ഞാന്‍ മാത്രമേ ഇതൊക്കെ ഓര്‍ക്കുന്നുള്ളോ നല്ല ദിവസങ്ങള്‍ എന്താ എല്ലാവരും മറവിയുടെ മടിത്തട്ടിലേക്ക് എറിയുന്നത് ? ഇഷ്ടമില്ലാത്തവയെന്തിനാ ഇങ്ങനെ അക്കം ഇട്ട് ഓര്‍ക്കുന്നത്?”

ഇങ്ങനെ ഞാനും ഇടയ്ക്ക് ഓര്‍ക്കാറുണ്ട്.

Aloshi... :) said...

ഒന്നാലോചിക്കേണ്ടി വന്നു എന്താ എഴുതുക എന്ന്.....

എല്ലാം വിധി എന്നു പറഞ്ഞ്‌ മാറ്റി നിര്‍ത്തുവാന്‍ പറ്റുമോ....

മനുഷ്യന് തടുക്കാനാവത്തവയുണ്ട്‌... ഒപ്പം മനുഷ്യനാവുമായിരുന്നിട്ടും മനപൂര്‍വ്വം തടുത്തു നിര്‍ത്താത്തവയും....

പലപ്പോഴും ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമോടുബോ ജീവിക്കാന്‍ മറക്കുന്നു പലരും... ഇഴയടുപ്പങ്ങളുടെ അകലം കൂടുന്നു.... ബന്ദങ്ങള്‍ വെറും പഴംതുണികളായി മാറുന്നു... അവിടെ കുടുംബങ്ങളും ബന്ദങ്ങളും കടപുഴകി വീണേക്കാം ആരേയും കുറ്റം പറയാനൊക്കില്ല....

പിന്നെ ജനനത്തിന്റെ പരിണിത ഫലമാണ് മരണം... ഒന്നുമാത്രമായി നല്‍കപെടുവാനോ സ്വീകരിക്കപെടുവാനോ ആവില്ല.... നിനച്ചിരിക്കത്ത നേരത്ത്‌ കള്ളനെപോലെ മരണം കടന്നു വരും അതംഗീകരിക്കുകയേ വഴിയുള്ളു....

നമ്മുടെ കഴിവിനും പരിമിതികള്‍ക്കുമപ്പുറത്തുള്ളവയെ അതാതിന്റെ വഴിക്കു വിടുക... എതിര്‍ക്കാന്‍ നിന്നാല്‍ അവ നമ്മെ തകര്‍ക്കുകയേ ഉള്ളൂ....

ജീവിത സത്യങ്ങള്‍ മനസില്‍ ആഴപ്പെടുത്തുന്ന ഈ ശെയിലിയുണ്ടല്ലോ... ഒത്തിരി ആകര്‍ഷണീയം തന്നെ ചേച്ചി....

നിരക്ഷരൻ said...

മാണിക്യേച്ചീ...
ഇതൊരു വെറും കഥയായിരിക്കട്ടെ, ജീവിതാനുഭവവുമായി ഒരു ബന്ധവും ഇല്ലാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു. കൂടുതല്‍ വിഷമിക്കാന്‍ വയ്യ. അതോണ്ടാ....

Unknown said...

ചേച്ചി എന്റെ മന്‍സിലും ഒരു വലിയ വിങ്ങലായി
വായിച്ചു കഴിഞ്ഞപ്പോള്‍

siva // ശിവ said...

മനസ്സിനെ ഒരുപാട്‌ വിഷമിപ്പിച്ചു....നന്ദി....

smitha adharsh said...

അല്ലെങ്കിലും,വേര്‍പാട് എപ്പോഴും വേദനാജനകം മാത്രം. മരണം സൃഷ്ടിക്കുന്നത്‌ ശൂന്യതയും,മുരിവുനങ്ങാത്ത നൊമ്പരങ്ങളും..
ഹൃദയത്തില്‍ തട്ടുന്ന പോസ്റ്റ്..ഒരുപാടു നന്നായി...

Malayali Peringode said...

വായന മുഴുവനാക്കാനാകാത്തവിധം വിങ്ങലിലാണു ഞാന്‍!
എന്റെ നജീബിന്റെ നഷ്ടമൊരിക്കല്‍ കൂടി മിന്നിമറഞ്ഞു...

തുരുതിക്കാടന്‍ said...

മറക്കാന്‍ ആഗ്രഹിക്കുന്നവ ഓര്‍മ്മയില്‍ എന്നും തെളി്ഞ്ഞ് വരൂം... ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവ
വന്ന വഴിയില്‍ എവിടയോ നഷ്ടപ്പെട്ട് പോകും...
ഈ വിരോധാഭാസം ആണോ ജീവിത യാഥാര്‍ത്ഥ്യം...അല്ലേ...?

ജീവനുള്ള ഓര്‍മ്മകള്‍ ലളിതമായി അവതരീപ്പിച്ചിരിക്കുന്നൂ...മാണിക്യാമ്മ അഭിനന്ദങ്ങള്‍...

ഹരിശ്രീ said...

വളരെ നല്ല പോസ്റ്റ്...
നല്ല അവതരണം...

ആശംസകള്‍

ശരത്‌ എം ചന്ദ്രന്‍ said...

പഴയകാലത്തിലേക്കു ഒരു തിരിച്ചുപോക്ക്‌...ചില കണ്ണികള്‍ ഒത്തുചേരുന്നു..ചേര്‍ന്നവയാണുയെങ്കില്‍ നിര്‍ഭാഗ്യവശാല്‍...വിധി...ദൈവവിധി...എല്ലാം കാണാനും ..ഏറ്റുവാങ്ങാനും നമ്മുടെ ഈ മനുഷ്യജീവിതം..
നന്നയിരിക്കുന്നു ചേച്ചീ...അഭിനന്ദങ്ങള്‍....

മറുമൊഴി: എന്തായാലും കെമിസ്ട്രി ലാബിന്റെ കോവണിപടിയില്‍ ഞാന്‍ വായനോക്കി നിന്നതു നന്നായി ... ഇല്ലെങ്കില്‍ നാറി പോയേനേ....

ഗീത said...

മാണിക്യം, ഇതു ഭാവനതന്നെയല്ലേ? ആയിരിക്കണേ....

Kichu $ Chinnu | കിച്ചു $ ചിന്നു said...

:)

ജന്മസുകൃതം said...

വെള്ളിയാഴ്ച അവധിയുടെ ആശ്വാസത്തിലിരുന്ന് അകലമറിയാതെ സംസാരിക്കുന്നതിനിടയില്‍ ശരത്‌ എന്നോടുചോദിച്ചു'മാണിക്യംചേച്ചിയുടെ കഥ വായിച്ചുവോ? എങ്ങനെയുണ്ട്‌?'പെട്ടെന്ന് ഞാന്‍ നിശബ്ദയായി.കണ്ണുകളിലെചൂടുറവയും നെഞ്ചിനുള്ളിലെ വിങ്ങലും അവന്‍ കണ്ടില്ലല്ലൊ എന്ന് ആശ്വസിച്ചു. മാണിക്യം...,കൂടുതലെന്തു പറയാന്‍....?!!
ഈ കഴിവ്‌ അവഗണിച്ചു കളയരുതേ...ഇനിയുമിനിയും എഴുതുക....അഭിനന്ദനങ്ങള്‍....!!!

പൈങ്ങോടന്‍ said...

മാളൂട്ടിയുടെ മറ്റൊരു നൊമ്പരപ്പെടുത്തുന്ന കുറിപ്പ്
ഏറെ ഇഷ്ടപ്പെട്ടു

നന്ദു said...

എന്റെ ചേച്ചീ, എന്തിനാ ഇങ്ങിനെ കരയിപ്പിക്കണേ. രണ്ടു ദിവസം മുന്നെ ഞാന്‍ വന്നു വായിച്ചുപോയതാ...
അന്നു കമന്റിടാന്‍ തോന്നിയില്ല. കഥയായാലും കാര്യമായാലും പ്രിയപ്പെട്ടവരുടെ വിരഹം കണ്ണീരണിയിപ്പിക്കും..!

Gopi│നിങ്ങളില്‍ ഒരുവന്‍...!! said...

ചുരുക്കം വാക്കുകള്‍..
വലിച്ചുനീട്ടലില്ലാ...
ജീവിത ഗന്ധിയായ ഒരു രചന അങ്ങനെ എല്ലാം കൊണ്ടും മെച്ചം...


റ്റീച്ചറമ്മേ എന്റെ ഭാഷയില്‍ കിടിലന്‍.. തകര്‍പ്പന്‍ എന്നൊക്കെ പറയാം...

മാണിക്യം said...

കാപ്പിലാന്‍ .ഈ കഥ ഫ്ലാഗ്‌ ഓഫ് ചെയ്‌ത കാപ്പിലാന്‍ നന്ദി .
പാമരന്‍ ... പലതും മറക്കാന്‍ പറ്റില്ലല്ലോ!!
ഇതൊക്കെ ഓര്‍ത്തിരിക്കേണ്ടതു തന്നെ.
ശ്രീദേവി വന്നതിനും അഭിപ്രായത്തിനും നന്ദി
പ്രിയ ഉണ്ണികൃഷ്ണന്‍ .. ഓര്‍മ്മ സുഖമുള്ള ഒരു ഭാണ്ഡകെട്ടായി ചുമക്കാം
ഏ.ആര്‍. നജീം .. അവധി ആ‍ഘോഷത്തിനിടയില്‍ “കണ്ണീകള്”‍‍ എത്തി നോക്കിയതിനു
വളരെ സന്തോഷം അഭിപ്രായത്ത്തിനു നന്ദി പറയുന്നു
റോസ്സ്. ഈ കത്തു പലരും ഒന്നു വായിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ഓര്‍ത്തു....

തോന്ന്യാസി ..കുറഞ്ഞ വാക്കില്‍ സതിയെ പരിചയപ്പെടുത്തിയപ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍ ബാക്കിയായി..
സ്മിതാ P. “പലരും ഒന്നിക്കുന്നതേ പിരിയാന് വേണ്ടിയാണെന്നു തോന്നുന്നു..”.ഒരു നഗ്ന സത്യം പറഞ്ഞു
മിന്നാമിനുങ്ങുകള്‍ //സജി.!! ...ഓര്‍ക്കുവാനും ഓമനിയ്ക്കുവാനും ചില സുന്ദരമുഹൂര്‍ത്തങ്ങള്‍..!!
അതാണ്‍ ജീവിതം നന്ദി സജി
ഹരിയണ്ണന്‍... ഹരി .. മനസ്സില്‍ തട്ടിയ ചില കുപ്പിചില്ലുകള്‍ പെറുക്കി കൂട്ടി
ഏത് വശത്തു തൊട്ടാലും കൂര്‍ത്തമുന ആഴത്തില്‍ കൊണ്ടീറങ്ങും!!
അവയില്‍ ചിലതാ ഇവിടെ നിരത്തിയത്....
ശ്രീ .. വിധിക്ക് നന്നുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കണ്ടല്ലൊ..അല്ലേ?
ചെമ്മാച്ചന്‍..അതേ! നമ്മുടെ കഴിവിനും പരിമിതികള്‍ക്കുമപ്പുറത്തുള്ളവയെ
അതാതിന്റെ വഴിക്കു വിടുകയാണ്‍ ...“
നിരക്ഷരന്‍ . ഒന്നും കണ്ടും കെട്ടും വിഷമിക്കരുത്
ഇതൊക്കെ ചെയ്യുന്ന ദൈവത്തിന്‍ ഒരു പദ്ധതിയുണ്ട് എന്നു വിശ്വസിക്കുക..
അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ .. ജീവിതത്തിന്റെ ഏടുകള്‍ക്ക് അങ്ങനെ ഒരു വശം കൂടിയുണ്ട്...
ശിവകുമാര്‍ ...മനപൂര്‍വമല്ല.....
സ്മിത ആദര്‍‌ഷ് ഇതുവഴി വന്ന് അഭ്പ്രയം അറിയിച്ചതിനു പ്രത്യേകം നന്ദി
മലയാ‍ളി നഷ്ടങ്ങളുടെ ആകെ തുക കൂട്ടുകയും കുറക്കുക്കയും ചെയ്യൂമ്പോള്‍
ജീവിതത്തിന്റെ ആകൌണ്ട് റ്റാലി ആകുന്നോ?
പടക്കുതിരാ“മറക്കാന്‍ ആഗ്രഹിക്കുന്നവ ഓര്‍മ്മയില്‍ എന്നും തെളി്ഞ്ഞ് വരൂം...
ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവ വന്ന വഴിയില്‍ എവിടയോ നഷ്ടപ്പെട്ട് പോകും...”
എന്നാലും ഓര്‍മകള്‍ എന്നും കൂട്ട് വരും അല്ലേ?
ഹരിശ്രീ ...ആശംസകള്‍ക്ക് നന്ദി..
ശരത്‌ എം ചന്ദ്രന്‍ ...‘കോവണി പടികള്‍ ’ കയറുമ്പോള്‍ ഇനി ശരാത്തിനെ മറക്കില്ല് :)
ഗീതാഗീതികള്‍ .. ഇതു മൊത്തം ഭാവിക്കാനോ? സത്യത്തിന്റെ മുഖം പലപ്പൊഴും..........
കിച്ചു & ചിന്നു .. :)
ലീല എം ചന്ദ്രന്‍.. ...ഞാന്‍ മനസ്സില്‍ കണ്ടവ അതിന്റെ മുഴുവന്‍ ഭാവത്തില്‍ ലീലറ്റീച്ചര്‍ ഉള്‍ക്കൊണ്ടു എന്നറിഞ്ഞത് എനിക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീ‍കാരമായി ഞാന്‍ കരുതുന്നു ..നന്ദി.....
പൈങ്ങോടന്‍ ... ബൈജു, മാളൂട്ടിയെ മറക്കതിരുന്നതിന്‍ നന്ദി ...
‘മാളൂട്ടിയുടെ ഓര്‍മ്മകള്‍ ഇവിടെ എത്തി നില്‍ക്കൂന്നു
നന്ദു...മരണത്തിനേക്കാള്‍ ദുഃഖകരം ഡൈവോഴ്സ് ആണെന്ന്
ചിലപ്പോള്‍ തോന്നി പോകും
ഗോപി... മനസ്സില്‍ കിടന്നു പുകയുന്നത് ഞാ‍ന്‍ എടുത്ത് പുറത്തിട്ടു..നന്ദി

ഇവിടെ വന്ന് വായിച്ച് ആസ്വദനം അറിയിച്ചതിന്‍ എല്ലാവര്‍ക്കും പ്രത്യേകം നന്ദി...
വന്നിട്ട് ഒന്നും പറയാതെ പോയ എന്റെ ബഹുമാ‍നപ്പെട്ടാ വായനക്കാരേ നിങ്ങള്‍ക്കും നന്ദി..വന്നതിനും കണ്ണീകള്‍.... എന്ന ഈ കഥ വായിച്ചതിനും..




‘മാണിക്യം‘

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പെട്ടെന്നു കലാലയനാളുകളിലെ ഒരു ഗാനം ഓര്‍മ്മ വന്നു
“ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍..ഒരു പുഷ്പം മാത്രം..”
മനസ് പെട്ടെന്ന് വര്‍ഷങ്ങള്‍ പിന്നിലേക്കോടി.കലാലയനാളുകളിലെ സ്വപ്നങ്ങള്‍ സഫലമാകുന്നുണ്ടോ? പിന്നിട്ട പാതകളില്‍ കണ്ടുമുട്ടിയവര്‍ ജീവിതനൌകകള്‍ ഉലയാതെ തീരത്തണയിച്ചുവോ? ഈ കഥ വായിക്കുമ്പോള്‍ ഇത്തരം നൂറു നൂറ് ചോദ്യങ്ങള്‍ മനസ്സില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിയ്ക്കുന്നു.ചില ബന്ധങ്ങള്‍ നാം അവസാനിപ്പിയ്ക്കുമ്പോള്‍ ചില ബന്ധങ്ങള്‍ വിധിയുടെ നീരാളിപ്പിടുത്തതില്‍ ഞെരിഞ്ഞമരുന്നു.മനുഷ്യബന്ധങ്ങളുടെ തീക്ഷ്ണതയും,ശിഥിലതയും ഒരു പോലെ വ്യക്തമാക്കുന്ന കഥ.

വേണു venu said...

നല്ല രീതിയിലെഴുതി. മറവിയുടെ മഹാ ഗര്‍ത്തങ്ങളിലെ വലിയ അനുഭവങ്ങളെ വര്‍ത്തമാന കാലത്തിന്‍റെ പടിപ്പുരയിലിരുന്നു് അടുക്കി വയ്ക്കാനൊരു ശ്രമം പോലെ.
അനുഭവത്തിന്‍റെ ഗന്ധം അറിയുന്നു.
ആശംസകള്‍.:)

കുറുമാന്‍ said...

എന്താ പറയ്യാന്ന് നിശ്ചയം ഇല്ല.

അനുഭവകുറിപ്പാണെങ്കില്‍ കഷ്ടായി.......

ഭാവനയാണെങ്കില്‍ ഒന്നാംതരം.

എന്തായാലും ഒന്നുറപ്പ്....ഇണകളായാലും ഒരു നാള്‍ പിരിഞ്ഞേ തീരൂ.

Unknown said...
This comment has been removed by a blog administrator.
jayanEvoor said...

ഞാനിന്നാ വായിച്ചത്.
ചങ്കു തകർന്നു....