Wednesday, December 31, 2008

ലോകാ സമസ്താ സുഖിനോ ഭവന്തു


ഈശ്വരാ ഈ കഴിഞ്ഞ വര്‍ഷത്തില്‍
ഞങ്ങള്‍ക്ക് ഒരൊരുത്തര്‍ക്കും തന്ന അനുഗ്രഹങ്ങള്‍ക്കും,
പ്രകൃതി സമ്പത്തിനും, നിരവധിയായ സുഖസൌകര്യത്തിനും
അപകടങ്ങളില്‍ നിന്ന് രക്ഷിച്ച് ഞങ്ങളെ കാത്തു പരിപാലിച്ചതിനും,
ശരീരാരോഗ്യത്തിനും മാനസീക സന്തോഷത്തിനും,നല്ല കൂട്ടുകാരെയും,
കുടുംബത്തെയും നലകിയതിനും, സമൃദ്ധമായി അനുഗ്രഹിച്ചതിനും നന്ദി പറയുന്നു.



ഞങ്ങളുടെ എല്ലാ വിഷമങ്ങളും ഭയാശങ്കകളും ഞങ്ങളില്‍ നിന്ന് അകറ്റണമെ
ഈ വരുന്ന വര്‍ഷം മുഴുവനുമുള്ള ഞങ്ങളുടെ
എല്ലാ പ്രവര്‍ത്തനങ്ങളും, പദ്ധതികളും ആഗ്രഹങ്ങളും
സന്തോഷങ്ങളും സന്താപങ്ങളും വിജയങ്ങളും പരാജയങ്ങളും,
ഞങ്ങളേയും, അങ്ങേക്ക് സമര്‍പ്പിക്കുന്നു,ദൈവമെ കാത്തു പരിപാലിക്കണമെ!



ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് വേണ്ടിയും,

സഹോദരീ സഹോദരന്മാര്‍ക്ക് വേണ്ടിയും മക്കള്‍ക്കു വേണ്ടിയും
മരണം മൂ‍ലം ഞങ്ങളില്‍ നിന്ന് വേര്‍‌പെട്ട് പോയ എല്ലാവര്‍ക്കു വേണ്ടിയും
ഈ ദിനത്തില്‍‌ പ്രാര്‍ത്ഥിക്കുന്നു.

സര്‍വ ഐശ്വര്യങ്ങളും ഇന്നും എന്നും എപ്പോഴും

എല്ലാവര്‍ക്കും ഉണ്ടാവാന്‍ പ്രാര്‍‌ത്ഥിക്കുന്നു..!!

ലോകാ സമസ്താ സുഖിനോ ഭവന്തു

Wednesday, December 24, 2008

ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ



കൃസ്തുമസ്

ശാന്തിയുടെയും

സമാധാനത്തിന്റെയും

സന്ദേശം മനസ്സില്‍‌ ഏറ്റി കൊണ്ട്

സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!

ഈ ക്രിസ്‌മസ്സ് ആഘോഷിക്കുവാന്‍‌ എല്ലാവര്‍ക്കും സാധിക്കട്ടെ.

എല്ലാവര്‍ക്കും നന്മ വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ .

സ്നേഹം നിറഞ്ഞ

ക്രിസ്മസ്

ആശംസകള്‍‌

മാണിക്യം







ചിത്രം ഹാമില്‍ട്ടണ്‍‌ മലയാള സമാജം ക്രിസ്മസ് 2008

Wednesday, December 10, 2008

നഷ്ടങ്ങളുടെ തടവുകാരി


നാട് വിട്ട് നാട്ടാരെ വിട്ട്
മറുനാട്ടില്‍ വന്നുനില്‍ക്കുമ്പോഴാ
എന്തൊക്കെയാനഷ്ടമാവുന്ന
-തെന്ന് മനസ്സറിയുന്നത് .

ഒരു കോഴി കൂവുന്നത് കേട്ടൂണരാന്
‍ഉണരുമ്പോള്‍ കാക്കയും കുയിലും
കരയുന്നതൊന്നു കേള്‍‌ക്കാന്
‍സുബ്ബലക്ഷ്മീടെ സുപ്രഭാതം,
കിണറ്റിലേ വെള്ളം,
അടുപ്പിലെ തീയ് ,
കാലത്തു വീട്ടില്‍ വരുന്ന പത്രം,
കടന്നു പോകുമ്പോള്‍ കുശലം ‌-
ചോദിക്കുന്ന അയല്‍ക്കാര്‍‌
തൊടിയിലെ വാഴകൂമ്പിലെ തേന്‍,
മാഞ്ചോട്ടിലെ വീണു കിട്ടുന്ന മാങ്ങ....
മുറ്റത്ത് നിന്നൊഴുകിവരുന്ന
മുല്ലപ്പുവിന്റെ മണമുള്ളകാറ്റ്
കുളക്കരയിലെ നുണ,കുശലം,
....അങ്ങനെ ...അങ്ങനെ...

ഉമ്മറത്തെ ചാരുകസേരയില്‍ അച്ഛന്‍ ...
എണ്ണിയാലൊടുങ്ങാത്ത നഷ്ടങ്ങള്‍ ..

എന്നിട്ട് ഇതെല്ലാം സ്വപ്നം കണ്ട്
നാട്ടില്‍ എത്തിയാലോ ....
വേണ്ടാ ഇവിടെ ഇരുന്ന്
ഞാന്‍ ഇതോക്കെ ഓര്‍‌മിക്കാം
ഇവിടെ എന്റെ ഓര്‍മയില്‍ എല്ലാമുണ്ട്....
മനസ്സിലെ ചാരുകസേരയില്‍ എന്റച്ഛനും
..
.


ചിത്രത്തിനു കടപ്പാട് : ഗോപന്‍

Friday, December 5, 2008

മേഘങ്ങളും പക്ഷികളും.....


മുന്‍പേ പറക്കുന്ന മേഘങ്ങള്‍

പുലര്‍ച്ച
എനിക്ക് പോയിട്ടും പോകാന്‍ കഴിഞ്ഞില്ലാ
നിനക്കോ?
എനിക്കും വരുവാനായില്ല ..

കാത്തിരിപ്പല്ല ഇതിന് വേണ്ടത്,
എല്ലാം സമയത്തിന് നടക്കണം

ഞാന്‍ സമയത്തിനു മുന്‍പേ ചലിക്കുന്ന
ഒരു സൂചിക

നീ നന്നായി അഭിനയിക്കുന്നു..
"റ്റു ഇമ്മച്‌വര്‍ റ്റു കമന്റ്"

ഇനി ഒന്നില്‍ നിന്നും തുടങ്ങണം
അടി മുടി
നീയെന്താ വിറക്കുന്നത്?
നീ വേറെ എന്തെങ്കിലും ചിന്തിക്ക്
ഞാന്‍ മനസ്സില്‍ വരരുത്...
കാര്‍ മേഘം ഉരുണ്ടു കൂടുന്നതിനു മുന്‍പേ
മഴ പെയ്യരുത്
ഇടി വെട്ടണം
മിന്നലടിക്കണം
പാദങ്ങളില്‍ തണുപ്പ്
ആ തണുപ്പ് ഉച്ചി വരെ ഇരച്ചു കയറണം
അതു ചൂടായി പരക്കണം

പെരു മഴ
അതു ഒടുവില്‍ മാത്രം
അപ്പോഴേക്കും ഉഴുതിട്ട
പാടത്ത് ഞാന്‍ വീണ്ടൂം വരണ്ടിരിക്കും

പറന്നു പോയപക്ഷികള്‍

നിനക്ക് മാത്രമേ
ഞാന്‍ ഇവിടെയുണ്ടന്ന് അറിയൂ
നീ ഈ ലോകത്തിൽ ജീവിക്കുന്നതായും..
നീ എന്നെ അറിഞ്ഞിട്ടില്ല
അറിഞ്ഞവരെ ഞാനും അറിഞ്ഞിട്ടില്ല
ഞാന്‍ ആരേയും അറിഞ്ഞില്ലാ നീയും..
പക്ഷെ നമ്മളെ ലോകം അറിഞ്ഞു തുടങ്ങുന്നു.
നമ്മൾ അറിഞ്ഞോ എന്നാണ് അവർക്ക് അറിയേണ്ടത്

എന്റെ അജ്ഞത അതു മേച്ചില്‍ പുറമായി
എന്റെ മേച്ചിൽപുറങ്ങളിലൂടെ
നിന്റെ ജിജ്ഞാസ തഴുകി തലോടി
കടന്നു പോയിരിക്കാം

ഞാന്‍ അലയുകയാണ്
നീ എന്നെ കൊണ്ട് പോയി
പലവഴികളിലൂടെ
സമ്മിശ്ര ഗന്ധങ്ങൾ..
നിന്റെ ഗന്ധം ഞാൻ മറന്ന് പോയി
ഞാൻ തേടുന്നവരിൽ ഇന്ന് നിന്റെ മുഖം ഇല്ല

നിന്നെ അറഞ്ഞതായി പലരും പറയുന്നു..
ലോകം നിന്നെ അറിഞ്ഞു കഴിഞ്ഞു,

Monday, December 1, 2008

മുല്ലവള്ളി



ഒരു മഴക്കാലരാത്രിയിൽ എന്റെ ജനലിൽ
നിന്നെ കിനാവ് കണ്ട് ഞാൻ കിടന്നു.
എന്റെ കമ്പിളിക്ക് പോലും നിന്നെയറിയാം..
എന്നെകുത്തുന്ന കരിമ്പടക്കുഞ്ഞുങ്ങൾക്ക്
നിന്റെ പ്രണയലേഖനങ്ങൾ ഗീത പോലെ;
ഇറയത്ത് മഴ വീഴുന്ന പതിഞ്ഞ സ്വരം.

നിന്നെ ഞാൻ ആദ്യം കണ്ടത്
മഴനനഞ്ഞ ജനലഴികളിലൂടെയായിരുന്നു
നിന്റെ ചുറ്റും മഴ മൂടിയ രാത്രിയുടെ പാറാവ്
നിനക്ക് രാത്രിയുടെ ഗന്ധം
നനഞ്ഞ ചന്ദ്രിക അന്നു പറഞ്ഞത്
നീ വന്നത് കണ്ടില്ലെന്നാണ്
ഓര്‍മ്മയുടെ നിലാവെട്ടത്തിലൂടേയല്ലേ നീ നടന്ന് വന്നത്?
നിന്റെശ്വാസത്തിൽ
നീ ഏതോ ആഗ്രഹം ഒളിപ്പിച്ചു വച്ചിരുന്നു
ജനലഴികൾക്കുമപ്പുറം
നിന്റെ ആഗ്രഹം എന്നെ നോക്കിയിരുന്നു
ആർത്തിയോടേ..അതു ആവേശമല്ലെന്ന് എന്നോട് നീ പറഞ്ഞു.
ചുറ്റിപ്പടരുന്ന മുല്ലവള്ളി പോലെ നിന്റെ ശ്വാസഗതി
പിന്നീട് ആ അഗ്രഹത്തെ മാത്രം അവിടെ കാവൽ നിർത്തി
നീ ഇരുട്ടിൽ ഓടി ഒളിച്ചു.

വഴുവഴുപ്പിലും തെന്നി വീഴാതെ
നീ ഓടി ഒളിച്ചതും കണ്ടില്ലെന്നാണ്
തലതോർത്തിയ ചന്ദ്രിക പറഞ്ഞത്..
നീയാണു യഥാർത്ഥ പുരുഷൻ!!