Tuesday, January 13, 2009

ആളോഹരി ......



"എങ്ങോട്ടാ അന്നചേടത്തിയേ കാലത്ത് തന്നെ ?"
ചായക്കടയിലേക്ക് നടക്കുന്നതിനിടക്ക് ഗോവിന്ദങ്കുട്ടി ചോദിച്ചു ..
"നെല്ലറയ്ക്കല്‍ എല്ലാരും എത്തി ത്രേസ്യാകൊച്ചമ്മയുടെ മക്കളെല്ലാം വന്നു എന്നെ വിളിപ്പിച്ചതാ കാലത്തെ ചെല്ലാന്‍."
"വന്നോ"? ഗോവിന്ദങ്കുട്ടി തിരിഞ്ഞ് നിന്ന് ചോദിച്ചു ..

"ഹും ഹും" അന്നചേടത്തി ധൃതിയില്‍ നടന്നു.. ധനുമാസത്തിന്റെ കുളിരൂറുന്ന പ്രഭാതം ... മഞ്ഞിനെ കീറിമുറിച്ച് കാറ്റ് വീശികൊണ്ടിരുന്നു... അന്നചേടത്തി നെല്ലറയ്ക്കലെ പടികടക്കുമ്പോള്‍ കിഴക്ക് വെള്ളകീറിയിട്ടേയുള്ളു....നേരെ വടക്കേപുറത്ത് ചെന്നു.. അടുക്കളയുടെ വാതില്‍ തുറന്നിട്ടുണ്ട് ത്രേസ്യാമ്മ കാപ്പി തിളപ്പിച്ചു വച്ചിട്ടുണ്ട്..
"ങ്ഃ അന്നകൊച്ച് വന്നോ ?"
“ഹോ ! എന്നാ തണുപ്പാ കൈയ്യും കാലും കോച്ചി പൊകുന്നു”..അന്നചേടത്തി അടുപ്പിനടുത്തേക്ക് നീങ്ങി .. .. ..
കയ്യില്‍ രണ്ട് ഗ്ലാസ്സ് കാപ്പിയുമായി ത്രേസ്യാമ്മ നടന്നു .
"നീ എണീറ്റോ അമേരിക്കയില്‍ നിന്ന് ഇത്രേം ദൂരം യാത്ര ചെയ്ത് വന്നതല്ലേ എന്നോര്‍ത്താ ഞാന്‍ വിളിക്കാഞ്ഞത് ...."
ഗീവറീച്ചന്‍ കണ്ണും അടച്ച് തലയാട്ടി വിരലൂം കൈയും കൂടി തട്ടി വാക്ക്മാനില്‍ പാട്ട് കേട്ടിരിക്കുന്നു.

"ഇതെന്നാ ടാ ഇത്?വന്നിട്ട് പെറ്റതള്ളയോട് ഒരു കുശലം പോലും പറയാതെ നീ എന്നാ ഈ തലയാട്ടി കാണിക്കുന്നെ? ങേഃ?"
കാപ്പിഗ്ലാസ്സ് നീട്ടികോണ്ട് ത്രേസ്യാമ്മ ചോദിച്ചു.. ഗീവറീച്ചന്‍ ചെവിയില്‍ നീന്ന് ഇയര്‍ഫോണ്‍‌ മാറ്റി കാപ്പി കൈയ്യില്‍ വാങ്ങീട്ട് പറഞ്ഞു.

"ഓ മമ്മ ന്യൂയിയര്‍‌ അല്ലേ രണ്ട് പാട്ട് ഒക്കെ കേട്ട് ഒന്നു ജോളിയാവണ്ടേ?"

"മ്ഉം! അതെ, എടാ മറ്റുള്ളവരൊക്കെ എണീറ്റ് വരും മുമ്പേ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ," ത്രേസ്യാമ്മാ ഗീവറീച്ചന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നു,

"യേസ് മമ്മാ ജസ്റ്റ് ആസ്‌ക്‍ --ചോദിക്കു "

"ഹാഃ നിര്‍ത്തടാ ആ പോക്കണം കെട്ട വിളി എന്നാ മമ്മ? ഞാന്‍ എന്നാ മാനാത്തിയാണൊ? "

ഹ്ഹ്ഹ് ഈ അമ്മേടെ ഒരു കാര്യം ഞാന്‍ ഇത്രയും നാള്‍ അമേരിക്കയില്‍ അല്ലരുന്നോ അതു കൊണ്ട് ഒരു ചെയിഞ്ച് ..."

"എന്തു കുന്തൊം ആകട്ടെ എടാ നമ്മുടെ തോമസുകുട്ടിടെ മോള്‍ ഒരു കറുപ്പായി പയ്യനെ കെട്ടീന്നോ അല്ല അവന്റെ കൂടെ പൊറുതി ആയന്നോ ഒക്കെ കേട്ടതു നേരാണൊ?"

"അമ്മേ ഇപ്പൊ ബ്ലാക്‍സിനെ കെട്ടുന്നത് അവിടെ ഒരു സ്റ്റൈലാ അമ്മാ തോമസ്സുകുട്ടിച്ചായന്റെ മോള്‍ അതായത് അമ്മേടെ ആങ്ങളയുടെ മോള്‍ സ്റ്റൈലിന് കുറക്കുമോ?" ഗീവറീച്ചന്‍ ചിരിക്കുന്നു...

"ച്ഛേ! കുടുംബത്തിനു മാനക്കേടൂണ്ടാക്കാന്‍ ജനിച്ച വക.. ങഃ അതിരിക്കട്ടെ നിനക്കിപ്പോഴും ആ തിരുവല്ലാക്കാരന്‍ അച്ചായീടെ പെട്രോള്‍ കടേല്‍ എടുത്ത് കൊടൂപ്പാണോ പണി?

"യ്യോ ഈ അമ്മേടെ ഒരു വര്‍ത്താനം കേട്ടില്ലെ? അല്ലേലും ഞാന്‍ സ്റ്റെല്ല്ലയെ കെട്ടിയപ്പോ തൊട്ട് അമ്മ ഈ മൊനവച്ചുള്ള വര്‍ത്താനം തോടങ്ങിയതാ..അതാ ഞാന്‍ ഇങ്ങോട്ട് പോരാന്‍ നേരവും അവള്‍ പറഞ്ഞത്........."

"ഒരു സ്റ്റെല്ലേം അവക്കടെ അപ്പനും" ! ത്രേസ്യാമ്മ മുഖം കനപ്പിച്ചു ഗീവറീച്ചന്‍ കാപ്പി ഗ്ലാസ്സില്‍ നോക്കിയിരുന്നു. ജോര്‍ജ്ജൂട്ടി പടികടന്നു വന്നു ഗീവറീച്ചനെ മുന്‍‌വശത്ത് കണ്ട് ചിരിച്ചൂ കൊണ്ട് അടുത്തെത്തി,

"ചേട്ടാ! സോറി ഇന്നലെ എയര്‍പോര്‍ട്ടില്‍ വന്ന് റിസീവ് ചെയ്യാന്‍ വരാന്‍ പറ്റീല്ല നേരത്തേ എത്താമെന്ന് ഒര്‍‌ത്താ പോയത് .

"നീ എവിടെ പോയി "?

"ഞാന്‍ മെഴ്‌സിയുടെ വീട് വരെ" .

"ആരാ മേഴ്‌സി"?

"അവന്‍ കെട്ടാന്‍ പോണതവളെയാ", ത്രേസ്യാമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു..

"ചേട്ടാ സ്റ്റെല്ലചേച്ചിയും മക്കളും സുഖമായിരിക്കുന്നോ അവരെ കൂടെ കൊണ്ടു വരാരുന്നു.. ഒന്നു കാണാരുന്നു".

"അല്ലേ തന്നെ ആരു കണ്ടെന്നാ അവിടെ വച്ചു കെട്ടി എന്ന് കേട്ടതല്ലതെ...ആ കൊച്ചുങ്ങളെ പൊലും ഒന്നു കണ്ടിട്ടില്ല", ത്രേസ്യാമ്മ പരിഭവിച്ചു.

എന്റമ്മച്ചി ഒന്ന് നിര്‍ത്ത്, ആണ്ടു പിറപ്പായിട്ട് ആ പരാതി പെട്ടി തൊറക്കാതെ . ടെസി കടന്നു വന്നു .

ഗീവറീച്ചന്‍ ടെസിയെ കണ്ട് "എടി പെങ്ങളെ നി അങ്ങ് മോഡെണ്‍ ആയി പ്പൊയല്ലോ?

ജോര്‍ജ്ജുകുട്ടി അവളെ നോക്കി പറഞ്ഞു " കേട്ടോ ചേട്ടാ, മോശം വരുകേലാ, നമ്മുടേ അല്ലെ പെങ്ങള്‍?.."

"ഹും അതത്ര കാര്യമല്ല!..ടെസി ജോജ്ജൂട്ടിയെ നോക്കി കൊണ്ട് പറഞ്ഞു,

“ഇന്ന് ഒരു എക്സിക്യൂട്ടിവ് മീറ്റിങ്ങ് ഉണ്ട് ഞാന്‍ ഇറങ്ങട്ടെ പിന്നെ കാണാം .."

"ടെസമ്മേ നീ‍യിപ്പൊ പോയാലെങ്ങനാ?" ത്രേസ്യാമ്മ പറഞ്ഞത് തെല്ലും വക വയ്ക്കാതെ ടെസ്സി കാറിന്റെ കീയും ആയി പുറത്തേക്ക് നടന്നു


"അമ്മേ ഇവള്‍ ?" ഗീവറീച്ചന്‍ അന്തം വിട്ടപോലെ

"അതെ ഇങ്ങനെ കുറെ കാര്യങ്ങള്‍ക്ക് കൂ‍ടി തീര്‍ച്ചയും തീരുമാനോം ആവണം. പിന്നേ റോയിച്ചന്റെ കാര്യം, അതിനാ എല്ലാവരും ഈ തവണ വരണം എന്ന് ഞാന്‍ പറഞ്ഞത്, ഞാന്‍ ഇനിയെത്ര നാളാ ? അതുമല്ല അവന്റെ കാര്യങ്ങള്‍ നോക്കാന്‍ എനിക്ക് ആവതില്ല. എന്താ വേണ്ടത് എന്ന് ഇനി സഹോദരങ്ങള്‍ പറയ്, മത്തായിച്ചന്‍‌ കുടുംബ വീതം വേണ്ടാന്നാ വിളിച്ചപ്പോള്‍ പറഞ്ഞത് എന്റെ വീതവും ഞാന്‍ റോയിച്ചനു നീക്കി വയ്ക്കുന്നു ആരും എതിര് പറയില്ലല്ലോ ടെസിക്ക് സ്ത്രീധനം കൊടുത്താ കെട്ടിച്ചത്..."

ഇത്രയും ആയപ്പോള്‍ ഗീവറീച്ചന്‍ ചാടി വീണു..

" അപ്പോ അമ്മച്ചി എന്തുവാ പറഞ്ഞു വരുന്നെ? മത്തായ്ച്ചായന്റെ വീതവും അമ്മച്ചിയുടെതും ടെസിയുടേയും പിന്നെ റോയിച്ചതും നാലു ഷെയര്‍ അവനു തന്നെ എന്നോ?

"ഹും! അത് മാത്രമല്ല. നീ അമേരിക്കയില്‍, പിന്നെ നീ ഇങ്ങോട്ട് വരാന്‍ പോണോ? നിന്റെ വീതം കൂടെ റോയിച്ചന് കോടുക്കണം".

"ഞാന്‍ അമേരിക്കയിലാ എന്ന് പറഞ്ഞാല്‍ മതിയോ? ഇപ്പോ എന്റെ പ്രശ്നം അമ്മച്ചിക്ക് അറിയാന്‍ വയ്യാഞ്ഞാ വീതം വയ്പ് എന്ന് പറഞ്ഞതു കൊണ്ട് കൂടിയാ ഞാന്‍ വന്നത് എനിക്ക് ജോലിയില്ല. ഇവിടെ ഈ സ്വത്ത് ഒക്കെ ഇട്ടിട്ട് എന്താവാനാ എന്നാ സ്റ്റെല്ല ചോദിക്കുന്നേ . എന്റെ വീതം ആരാന്ന് വച്ചാ എടുത്തിട്ട് എനിക്ക് പണം കിട്ടണം. അതിപ്പോ റോയിച്ചനോ അമ്മച്ചിയോ ആരാന്ന് വച്ചാല്‍ എടുത്തോ ."

"അതിനും മാത്രം കാശിപ്പോ എനിക്ക് എവിടുന്നാ റോയിച്ചനും ഒന്നുമില്ലാ "

"എന്നാ പൊറത്ത് കൊടുക്കണം . ഞാന്‍ ആകെ ഇടിഞ്ഞു നിക്കുന്ന നേരമാ അമ്മയുടെ വീതം കൂടെ എനിക്ക് താ ഞാന്‍ അമ്മയുടെ കാര്യങ്ങള്‍ പൊന്നു പോലെ നോക്കി കോളളാം. അല്ലേ എന്റെ കൂടെ വന്ന് നിക്ക് അതു പറഞ്ഞാല്‍........"

"വേണ്ടാ .അതു മാത്രം നീ പറേണ്ടാ ഈ വീടും റോയിച്ചനേയും വിട്ട് ഞാന്‍ എങ്ങോട്ടുമില്ല, അവന് ആരുമില്ല "

"അമ്മച്ചി " ജോര്‍ജുട്ടി വിളിച്ചു " അതപ്പം എങ്ങനെ വീതിക്കാനാ ? എന്റെ കാര്യം അറിയാ‍മല്ല്ലൊ? അല്ലെല്‍‌ തന്നെ ഗള്‍ഫിലെ ജോലിക്ക് അവിടെ ഒരു ഉറപ്പും ഇല്ല, ബാക്കി എല്ലാരേം വച്ചു നോക്കുമ്പോള്‍.."

"എടാ അതിനു നിന്റെ കെട്ട് പോലുമായില്ല നല്ല ഒരു തൊക ആ വഴീല്‍ നിനക്ക് കിട്ടത്തില്ലായൊ?" ഗീവറീച്ചന്‍ തുടര്‍ന്നു.

"ഞങ്ങള്‍ ഒക്കെ ഒരു സമ്പാദ്യോം ഇല്ല . അമേരിക്കേല്‍ മിച്ചവും നീക്കിയിരുപ്പും ഒന്നും ഇല്ലാ"

"എന്നാ പിന്നെ നീ ഇവിട്ടുത്തെ കാര്യങ്ങള്‍ അന്വഷിക്ക് ഇവിടെ നില്ല് .അല്ല പിന്നെ!"

"അതെന്നാ വര്‍ത്താനമാ എന്റമ്മച്ചി.ഒരു കണക്കിനാ അമേരിക്കയില്‍ എത്തിയത് ഇഞ്ഞിം അതു വിട്ട് ഇവിടെ എന്ന് നിക്കാന്‍ പറഞ്ഞാല്‍ അതു പറ്റത്തില്ല്ല. എന്റെ വീതം കൊറഞ്ഞാ സ്റ്റെല്ലായോട് പിന്നെ ഞാന്‍ എന്നാ പറയും?"

"അമ്മച്ചി ടെസിക്ക് ഒന്നും കൊടുക്കണ്ടാന്ന് വയ്ക്കാം പക്ഷെ ജെസ്സിയോ? അവള്‍ക്ക് നല്ല പ്രയാസം ആണ് ഞാന്‍ അവളെ കണ്ടതല്ലേ?" ജോര്‍ജ്ജൂട്ടി പറഞ്ഞു.

"എടാ ജൊര്‍ജ്ജൂട്ടി, ദേ ഒള്ള കാര്യം ഞാന്‍ പറയാം, അവളെ പറ്റി ഒറ്റ അക്ഷരം മിണ്ടരുത്,കുടുംബത്തിന് മാനക്കേട് വരുത്തി വച്ചവള്‍ അവള്‍ ഒറ്റ ഒരുത്തി കാരണമാ ഇച്ചായന്‍ ഇത്ര നേരത്തെ .... " ത്രേസ്യാമ്മ വിതുമ്മി.

"എന്റമ്മച്ചി അതൊന്നും ഇന്ന് ഒരു ഇഷ്യൂ അല്ലന്നെ ! ഇന്റര്‍ കാസ്റ്റ് മാര്യേജ് എന്നൊക്കെ പറഞ്ഞാല്‍..."

"ശ്ശേ ! നിര്‍ത്തടാ .. നീ തലേം കൊണ്ടങ്ങ് പോയി, നാണം കെട്ടത് ഞങ്ങളാ , അല്ല ആര്‍‌ക്കേലും മറക്കാന്‍ പറ്റുവോ? മനസ്സു ചോദ്യോം കഴിഞ്ഞ പെണ്ണ്, കെട്ടിന്റെ തലേ ആഴ്ച അന്യജാതിക്കാരന്റെ കൂടെ ഒളീച്ചോടി പോവ്വാന്ന് വച്ചാ. അതും വേറെ വീടും കുടീം ഉള്ളൊരുത്തന്‍ ! ഇവിടെ മിണ്ടരുത് അവളടെ കാര്യം . അവള്‍ ഏത് നരകത്തിലോ പോട്ടെ. അങ്ങനെ ഒന്നിനെ ഞാന്‍ പെറ്റില്ലന്ന് അങ്ങ് വയ്ക്കും, നയാ പൈസ ങേഹേ! ഇല്ല. അവക്ക് ഒരു കര‍ടു പോലും ഈ കുടുമ്മത്തൂന്ന് എന്റെ കൊക്കേ ജീവനുണ്ടങ്കില്‍ കൊടുക്കത്തില്ല. "

വീല്‍ചെയര്‍ കൈ കൊണ്ട് ഉരുട്ടി കൊണ്ട് റോയിച്ചന്‍ വന്നു,

"എന്നാ ? എന്നാ അമ്മച്ചി? എന്നതാന്നേ ഒച്ചപ്പാട്? ചേട്ടായിയേ അമ്മച്ചി എന്നാത്തിനാ രാവിലേ അരിശപ്പെടുന്നേ? ആരോടാ ? എന്നാ കൊച്ചേട്ടാ ? "

റോയിച്ചന്‍ ജോര്‍ജ്ജുട്ടിയുടെ അടുത്തെക്ക് നീങ്ങി ... ത്രേസ്യാമ്മ എങ്ങോട്ടന്നില്ലാതെ നോക്കിയിരുന്നു. റോയിച്ചന്‍ എല്ലാവരേയും മാറി മാറി നോക്കി..

"എന്നാ പ്രശ്നം ഞാങ്കൂടറിയട്ടെ,"

ഗിവറീച്ചന്‍ ജോര്‍ജ്ജൂട്ടിയെ നോക്കി പറഞ്ഞു.

"അവനറിയട്ടെ നീ പറേടാ."

"ഉം... അമ്മച്ചി പാര്‍ട്ടീഷന്റെ കാര്യം തീരുമാനിക്കാനാ എല്ലാരും വരാന്‍ പറഞ്ഞേ, അമ്മച്ചീടെ ഇഷ്ടം പോലായിക്കോന്ന് മാത്തായിച്ചായന്‍, പുള്ളിക്കാരന് ഷെയര്‍ വേണ്ടാ, ഇപ്പൊ അവിടെന്ന് മാറാന്‍ പറ്റില്ലാന്ന് ഞാ‍ന്‍ വിളിച്ചപ്പോഴും പറഞ്ഞു , ടെസിചേച്ചിക്ക് സ്ത്രീധനം കൊടുത്താ കെട്ടിച്ചേ അതു കൊണ്ട് ആ പങ്കും, നിനക്കും അമ്മയ്ക്കും. അന്നേരം ഞാന്‍ ജെസ്സിയുടെ കാര്യം പറഞ്ഞു, ഞാന്‍ മുംബേയില്‍ പൊയി കണ്ടതാ അവളും കൊച്ചും ഒരു ഫ്ലാറ്റില്‍ ഒരു മുറി ഷെയര്‍ ചെയ്താ കഴിയുന്നേ, അവള്‍ക്ക് ഒരു ചെറിയ ജോലി, ശരിക്കും പ്രയാസമാ , വീതം ഒന്നും അവക്ക് കൊടുത്തിട്ടില്ലല്ലൊ. അവളുടെ കാര്യം കഷ്ടത്തിലാ, അവള്‍ക്ക് നമ്മള്‍ അല്ലതാരാ ? അത് കേട്ടതാ അമ്മച്ചി കലികൊണ്ടത്."

"ഞാന്‍ പറയട്ടെ എനിക്ക് എണീറ്റ് നടക്കാന്‍ വയ്യ, അമ്മച്ചിം ചേട്ടായിമാരും ഞാന്‍ പറയുന്നത് കേക്കണം. ജെസ്സിചേച്ചിയേം കുഞ്ഞിനേയും ഇങ്ങ് കൊണ്ടുവരണം, ഇവിടെ അവര്‍‌ക്ക് ഒരു വിഷമം വരത്തില്ല. റോയിച്ചന്‍ പറഞ്ഞ് നിര്‍ത്തി .എല്ലാവരും ത്രേസ്യാമ്മയെ നോക്കി...

"അത് .. ശരിയാ, നല്ല തീരുമനം തന്നാ, അമ്മച്ചിം ചേട്ടായിം എന്തോ പറേന്നു?
ജോര്‍ജ്ജുട്ടി രണ്ട് പേരേയും മാറി മാറീ നോക്കി.

ഗീവറിച്ചന്‍ പറഞ്ഞുതുടങ്ങി "കാര്യം അവള്‍ എല്ലാരെം കരിവാരി തേച്ചിട്ട് ഇറങ്ങി പോയതാ .. ഇടയ്ക്കിടക്ക് സ്റ്റെല്ലാ അതു പറഞ്ഞ് എന്നെ കൊച്ചാക്കാറുമുണ്ട് ."
ത്രേസ്യാമ്മ ഗീവറീച്ചനെ ഒന്ന് ഇരുത്തി നോക്കി.

റൊയിച്ചന്‍ ചോദിച്ചു "അല്ല ഞാന്‍ ആക്‍സിടന്റ് കഴിഞ്ഞ് 4 കൊല്ലമായി ഈ വീട്ടിലാ അമ്മച്ചിക്ക് നല്ല പ്രയാസമുണ്ട് . ടെസിചേച്ചി വല്ലപ്പൊഴും വന്നു പോകും .ഈയിടെ ആയി അമ്മച്ചിക്ക് മിക്കപ്പൊഴും പ്രഷറും തലചുറ്റലും .ഞാന്‍ ഒത്തിരി ആലോചിച്ചു എന്നിട്ടാ ഈ പറെന്നേ . കൊച്ചേട്ടന്‍ ജെസ്സിചേച്ചിയെ കണ്ടുന്നല്ലെ പറഞ്ഞത് ..?
കൊച്ചേട്ടാ ജെസ്സിച്ചേച്ചി ഇങ്ങ് വരാന്‍ പറ.അമ്മച്ചി എതിര് പറയല്ല് ഇതല്ലാതെ മറ്റെന്നതാ ഒരു പോംവഴി? ഇപ്പൊ ഇവിടെ ഇങ്ങനെ ഒന്ന് തിരുമാനിച്ചാല്‍ അതല്ലെ നല്ലത് .എന്നാ ചേട്ടാ? റോയിച്ചന്‍ ഗീവറീച്ചനെ നോക്കി

"ഞാന്‍ ഇപ്പൊ എന്നാ പറയാനാ ,മത്തായിച്ചായനോടും കൂടി ചോദിക്ക് അല്ലേ അമ്മച്ചി?"

ത്രേസ്യാമ്മ ഇരുന്നിടത്ത് നിന്നെണീറ്റ് ഒരു നടപ്പ് , ആരോടും ഒന്നും പറഞ്ഞില്ല...
ഗീവറീച്ചന്‍ പയ്യെ പറഞ്ഞു "അമ്മച്ചി എട്ടുക്കും ഏഴുക്കും അടുക്കുമെന്ന് തോന്നുന്നില്ല.."

"ചേട്ടായിയുടെ അഭിപ്രായം പറ അമ്മച്ചിയെ ഞാന്‍ പറഞ്ഞ് സമ്മതിച്ചു കൊള്ളാം " റോയിച്ചന്‍ വിടാനുള്ള ഭാവം ഇല്ല.

ജോര്‍ജ്ജുട്ടിയും റോയിച്ചനും ഗീവറീച്ചനെ തന്നെ നോക്കി.

"അതിപ്പോ ഞാന്‍ പറേവാണങ്കില്‍ ആകെ ഏഴ് പേരാ, ഭാഗം തിരിച്ചാല്‍,
മത്തായിച്ചായന് ഭാഗം വേണ്ടാന്നാ, അപ്പോ പിന്നെ ആറ് അതില്‍ അമ്മച്ചി പെണ്ണുങ്ങളെ ഒഴിവാക്കാനാ പറേന്നേ അതനുസരിച്ച് നാലാക്കി വീതിച്ചാല്‍ അമ്മയുടെ വീതോം കൂടെ
റോയിച്ചന്റെ പങ്ക് ആവും, ആളോഹരി അപ്പോ ......."

ജോര്‍ജ്ജുട്ടിയുടെ ഭാവം മാറി "അത് കന്നംതിരിവല്ലിയോ ചേട്ടാ.ങേഃ ?അങ്ങനെ ജെസ്സിയെ തള്ളിക്കളയാന്‍ പറ്റത്തില്ല.."

"ഇതിലിപ്പോ എന്നാടാ ഒരു കന്നംതിരിവ് റോയിച്ചന്‍ പറഞ്ഞ പോലാണെല്‍ ....."

"അതിനു അമ്മച്ചി സമ്മതിച്ചില്ലല്ലോ! അതുമല്ല അവള്‍ക്ക് വീതം കൊടുത്തിട്ട് ഇവിടെ വന്ന് നിക്ക് എന്ന് പറയുന്നതും, ഔദാര്യത്തില്‍ ഇവിടെ വന്നു നിന്നോ എന്ന് പറയുന്നതും രണ്ടും രണ്ടാ. അവക്കും ഇല്ലേ അവളുടെ അഭിമാനം . അതുകൊണ്ടാണല്ലൊ ഇത്ര നാളായിട്ടും ഒന്നും ചോദിക്കാതെയും പറയാതേയും അവള്‍ അവിടെ കഴിയുന്നത്. .."ജോര്‍ജ്ജുട്ടി ഒന്നു നിര്‍ത്തി.

"അത് കൊച്ചേട്ടന്‍‌ പറയുന്നതാ‍ അതിന്റെ ശരി." റോയിച്ചനും ജോര്‍ജ്ജൂട്ടിയുടെ ഭാഗം പിടിച്ചു. "ജെസ്സിചേച്ചിക്കും ന്യായമായും വീതം കിട്ടണം."

"അപ്പോ നിങ്ങള്‍ എന്നതാ പറയുന്നേ എങ്ങനെ തീര്‍ക്കാനാ?എനിക്ക് വീതം കിട്ടണം അല്ലാതെ ഞാന്‍ സ്റ്റേല്ലയുടെ അടുത്ത് എന്നാ പറയും..?

അന്നചേടത്തി അങ്ങോട്ട് കടന്നു വന്നു റോയിച്ചാ, "ദേ ത്രേസ്യകൊച്ചമ്മ..."

എന്നാ ? എന്നാ അന്നചേടത്തീ? ജോര്‍ജ്ജൂട്ടി വാതിക്കലേക്ക് കുതിച്ചു ഗീവറീച്ചനും പിറകെ .
അന്നചേടത്തീ റോയിച്ചന്‍ വീല്‍ചെയര്‍ ഉരുട്ടാന്‍ ശ്രമിക്കുന്ന കണ്ട് അന്നചേടത്തി അരുകില്‍ എത്തി

"അമ്മക്ക് എന്നാ?"

" ഓ അവിടെ ഇരുന്ന് പതം പെറക്കി കരയുവാ ..കൊറെ നേരമായി.."

ത്രേസ്യാമ്മ ... പറയുന്നു.... "ഇങ്ങനെ പരാതി പറയുന്നത് ആര്‍ക്കും ഇല്ലാഞ്ഞിട്ടല്ലൊ. ദൈവം കൈ നിറയെ തന്നു. 6 മക്കളും വല്യ കുഴപ്പമില്ലാത്ത നിലയിലുമായി.. ഇച്ചായന്റെ കാലശേഷം എനീക്ക് ഒരു ബുദ്ധിമുട്ടും വരരുതെന്നും ഞാന്‍ ആരുടെ മുന്നിലും കൈ നീട്ടരുതെന്നും പറഞ്ഞാ ഈ സ്വത്തെല്ലാം ഇച്ചായന്‍ എന്റെ പേരില്‍ എഴുതി വച്ചത്. അതെല്ലാം വീതം വെക്കാം എന്നു കരുതിയത് എനിക്ക് കുരുട്ട് ബുദ്ധിയില്ലാത്ത കൊണ്ടാ.."

"അതിനിപ്പോ എന്നാ ഒണ്ടായീന്നാ അമ്മച്ചി എന്നാത്തിനാ ഈ കരയുന്നെ?" റോയിച്ചന്‍ തിരക്കി.

"ഓ ! എന്നാ ഓണ്ടാവാനാ ? ഇനി ഇപ്പൊ ഞാന്‍ അവടെ വരുതിക്ക് നിക്കണമെന്നല്ല്യോ തീരുമാനിക്കുന്നെ? "

"അതെന്നാ വര്‍ത്താനമാ അമ്മച്ചി അവള്‍ക്ക് ആരുമില്ല, ഇവിടത്തെ കാര്യവും അതു പോലെ തന്നെ ഇവിടെ അവളൊരുത്തി നിന്നാല്‍ ഞങ്ങള്‍ക്ക് അന്യനാട്ടില്‍ സമാധാനമായിട്ട് നിന്ന് പണിയെടുക്കാം അമ്മച്ചീടെ അടുക്കല്‍ ഉത്തരവാദിത്വത്തില്‍ പെട്ട ആളുണ്ട് എന്ന സമാധാനത്തില്‍ അതു കൊണ്ടല്ലിയോ?" ജോര്‍ജ്ജുട്ടി പറഞ്ഞപ്പോള്‍ ത്രേസ്യാമ്മ ഒന്നു തണുത്തു.

ഗീവറീച്ചന്‍ പറഞ്ഞു "അമ്മച്ചി എല്ലാം ഭാഗം വച്ചാലും അമ്മച്ചീടെ കയ്യില്‍ തന്നെ അല്ല്യോ ?എന്റെ ബന്ധപ്പാടുകൊണ്ടാ .. ഞാന്‍ ......"

അത്രയും ആയപ്പോള്‍ വാതിക്കല്‍ ടെസി എത്തി,

"ഹും!എനിക്കറിയാരുന്നു ഇതിങ്ങണെ വരൂന്ന് അണ്ടിയോടടുക്കുമ്പോഴല്ലെ മാങ്ങാടെ പുളി അറിയൂ..." എല്ലാരും ടെസ്സിയെ നോക്കി ..

"ഞാന്‍ പറയുമ്പോ ആര്‍ക്കും പിടിക്കില്ല, ഈ വീതം വയ്പ്പാ, എന്നൊക്കെ ചുമ്മാ പറയാനാ. അഞ്ചു പൈസ എന്റമ്മ വിട്ടുകളിക്കത്തില്ല . ഞാന്‍ പറഞ്ഞില്ലാരുന്നോടാ റൊയിച്ചാ. ഇപ്പൊ എങ്ങനിരിക്കുന്നു?
ഇതുകൊണ്ടാ നീ പറഞ്ഞപ്പോള്‍ ഞാന്‍ ഇവിടെ നിക്കത്തില്ലന്ന് അറത്ത് മുറിച്ചങ്ങ് പറഞ്ഞത്."

"അമ്മച്ചീടെ അര്‍ത്തി ആര്‍ക്കും അറിയത്തില്ലെലും എനിക്ക് അറിയാം എന്റെ കണ്ണിന് കണ്ടതാ അപ്പച്ചന്‍ അറ്റാക്ക് വന്നപ്പൊള്‍ അമ്മ വേഗം രെജിസ്ട്രാറെ വീട്ടില്‍ കൊണ്ട് വന്ന് അപ്പന്റെ വിരലടയാളം പതിപ്പിച്ച് വസ്തു എല്ലാം അമ്മെടെ പേരിലോട്ട് മാറ്റിയത് . അല്ലങ്കില്‍ സ്വത്തിനു എല്ലാ മക്കള്‍ക്കും അവകാശം വരും . ഇതിപ്പോ 50,000 രൂപ തന്ന് എന്നെ കെട്ടിച്ചു കോടി കണക്കിന്റെ ഇപ്പൊഴത്തെ സ്വത്തിനു എനിക്ക് അവകാശമില്ലന്ന് പറയാമല്ലോ ! ആയിക്കോ ആയിക്കോ എനിക്ക് വേണ്ടാ , പക്ഷെ ജെസ്സിയോട് അന്യായം ചെയ്യല്ല് , നിങ്ങള്‍ക്ക് അറിയാമോ അപ്പച്ചന്‍ പ്രത്യേകം പറഞ്ഞതാ ജെസ്സിക്ക് പണിയിച്ച ആഭരണൊം പറഞ്ഞൊത്ത സ്ത്രീധന കാശും അവക്ക് കൊടുക്കണം എന്ന്, അന്നും ഘടകം എതിര് നിന്നത് അമ്മച്ചിയാ .പെണ്മക്കള്‍ക്ക് ഒന്നും കൊടുക്കരുത് എന്ന മനോഭാവം.."

"നിര്‍ത്തടീ ഇപ്പൊ ഇറങ്ങണം നീ ഇവിടുന്ന് ഞാന്‍ ചത്താലും ഇവിടെ കേറിപ്പൊകരുത് ..."

ത്രേസ്യാമ്മ കൈചൂണ്ടി നിന്ന് വിളിച്ചു പറഞ്ഞു..

"ഞാന്‍ പോകുവാ അതു പറയാനാ വന്നതും.." ടെസ്സി മുറിയില്‍ നിന്ന് ബാഗും തൂക്കി ഇറങ്ങി...

ആ പോക്ക് കണ്ട് ജോര്‍ജ്ജുട്ടിയും ഗീവറീച്ചനും നിന്നു റോയിച്ചനെന്തോ പറയാനായി വന്നപ്പോഴെക്ക് ടെസിയുടെ കാറ് റോഡില്‍ എത്തിയിരുന്നു.......

ഇവക്ക് ഇതെന്താ പറ്റിയേ ? നമ്മുടെ ടെസി എത്ര പാവം ആരുന്നു വെറും തൊട്ടാവാടി ഇതിപ്പോ ....പാതിക്ക് നിര്‍ത്തീട്ട് ഗീവറിച്ചന്‍ ജോര്‍ജ്ജൂട്ടിയെ നോക്കി പിന്നെ റോയിച്ചനേം ... റൊയിച്ചന്‍ കണ്ണ് നിറഞ്ഞൊഴുകി .. ചേട്ടായി ഒക്കെക്കും കാ‍രണം ഞാനാ അന്ന് ഞാന്‍ ആണ് ഡ്രൈവ് ചെയ്തിരുന്നത് ... ടെസിചേച്ചി ബാക്ക് സീ‍റ്റിലുറക്കമാരുന്നു . മുന്നില്‍ ഉണ്ണികുട്ടന്‍ എന്റെ ഒപ്പം. അവനേ കുറ്റിക്കാനത്തൂന്ന് വിളിച്ചു കൊണ്ട് വരുവാരുന്നു ... ഞാന്‍ അത്ര സ്പീടില്‍ ഒന്നും അല്ലാരുന്നു ,പെട്ടന്ന് മുന്നില്‍ തടി കയറ്റിയ ലോറി വളവ് തിരിഞ്ഞ് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റീല്ല ബോധം വരുമ്പോള്‍ ഞാന്‍ ഹോസ്പിറ്റലില്‍ പിന്നെ ഒക്കെ കേട്ട അറിവേയുള്ളു....

ഇടിയുടെ ഊക്കില്‍ ഉണ്ണികുട്ടന്‍ തെറിച്ചു പോയി ലോറി ഡ്രൈവര് സീറ്റില്‍ ഇടിച്ചു ടെസിചേച്ചിക്ക് ചില്ലറ പരുക്കുകള്‍ ...
6 മാസം അശുപത്രി കിടന്നിട്ട് ഞാന്‍ എത്തുമ്പോള്‍ ടെസിചേച്ചി ഈ കോലത്തില്‍ അളിയനും ആയുള്ള ചേര്‍ച്ച കുറവ് മുഴുവന്‍ ആയി. ഉണ്ണികുട്ടനാരുന്നു ആകെയുണ്ടാരുന്നത് അവന്‍ പോയതോടെ ..............
റോയിച്ചന്‍ വല്ലാതെ കരഞ്ഞു .
ആ വിടും എസ്റ്റേറ്റും നേരത്തേ തന്നെ ചേച്ചീടെ പേരില്‍ ആയിരുന്നു, പിന്നെ കമ്പിനിയുടെ 35% ഷെയര്‍ ചേച്ചിക്കാണ്, അളിയന് ആ പഴേ ഒരഫയര്‍ ഉണ്ടന്ന് ചേച്ചിക്കും അറിയാം, അതു കൊണ്ടാവും അളിയന്‍ സ്വത്തിന്റെ കണക്കിന് വന്നില്ല. അവര്‍ പിരിഞ്ഞു. അളിയന്‍ ബാങ്കോക്കിലും സിങ്കപ്പുരിലുമായി കഴിയുന്നു. ഒരു എട്ട് ഒന്‍പതു മാസം മുന്നെ നാട്ടില്‍ വന്നപ്പോള്‍ എന്നെ വന്നു കണ്ടിട്ട് പോയി...അവര്‍ തമ്മില്‍ കണ്ടും ഇല്ല. ..

“ടെസിയെ കുറ്റപ്പെടുത്താന്‍ പറ്റില്ല. എനിക്ക് അതല്ല രണ്ടു പെണ്മക്കളേയും അമ്മ കരുതാത്തതെന്താ? ...
“ജെസിയെ ഇങ്ങ് കൊണ്ടു വരണം, അവളുടേ മകന്‍ .അവന്‍‌ വന്നാല്‍ ...........
ബാക്കി തീരുമാനം എന്ന നിലയില്‍ ജോര്‍ജ്ജൂ‍ട്ടി ആരോടന്നില്ലതെ പറഞ്ഞു.“ഞാന്‍ നാളെ തന്നെ പോകാം.”