Sunday, April 20, 2008

കണ്ണികള്‍....

പ്രീയപ്പെട്ട സജിനി,

ഇന്നു നിനക്കെഴുതാതെ വയ്യ, നാളേറെയായി നിനക്കായിട്ടു ഒരു വാക്ക് കുറിച്ചിട്ട്. സജിത്തും അമ്മുവും പിരിയുന്നു........! അമ്മുവാണ് വിളിച്ചറിയിച്ചത്, നിന്നോടും ലീനയോടും അറിയിക്കാന്‍ പറഞ്ഞു.
യാത്രക്കിടയില്‍ എവിടെയൊ ഇണങ്ങാത്ത കണ്ണികള്‍ അകന്നതാവാം,എന്തു കൊണ്ടാണെന്ന് വ്യക്തമായ
ഒരൂ രൂപവും ഇല്ലെന്നാണ് പറഞ്ഞത്. അവള്‍ ഇപ്പൊള്‍ ഷീലയുടെ വീട്ടിലുണ്ട്, വേറെ ഫ്ലാറ്റ് നോക്കുന്നുണ്ടത്രേ,
കുട്ടികള്‍ ഇപ്പോള്‍ സജിത്തിനോടൊപ്പമാണ്. കാര്യങ്ങളുടെ ഗതിയറിയാതെ ഞാന്‍ എന്താണ് അവളോട്‌ പറയുക.

ഞാന്‍ വെറുതേ ഇരുന്ന് നമ്മുടെ കോളേജ് ദിനങ്ങള്‍ ഓര്‍മ്മിച്ചു, യൂത്ത് ഫെസ്റ്റിവലിന് പാട്ട് നന്നായി എന്നു പറയാന്‍ സജിത്ത് വന്നതും പിന്നെ എപ്പോഴൊ ഇഷ്ടം എന്നു അറിയിച്ചപ്പോള്‍ അമ്മു എന്തു ചെയ്യണമെന്ന് അറിയാതെ ഹോസ്റ്റലില്‍ വന്നിരുന്ന് കരഞ്ഞതും നമ്മള്‍ രണ്ടും കൂടി സജിത്തിനെ നേരിട്ടതും അമ്മുവില്ലാതെ ജീവിച്ചിരിക്കില്ലാ എന്ന് സജിത്ത് പറഞ്ഞതില്‍ നേരുണ്ട് എന്നു തോന്നി ഞാനും നീയും അവന് വേണ്ടി വക്കാലത്ത് പറഞ്ഞതും...


ഇന്നിപ്പോള്‍ എന്താടി ചെയ്യുക? ഞാന്‍ സജിത്തിനോട് സംസാരിച്ചില്ലാ, അമ്മു ഒന്നും പറയുന്നില്ലാ, ഷീല ചോദിച്ചപ്പോള്‍ "നിനക്ക് ഞാന് ജീവിച്ചിരിക്കുന്നതു കാണണോ അതോ ഞാന്‍ തിരിച്ചു തിരിച്ചു പോണോ?"
എന്നാ അമ്മു പറഞ്ഞത് ..കുടുംബം എന്നതു വീണുടയാതിരിക്കട്ടെ, എന്നാ ഞാന്‍ കരുതുന്നേ ആ കുട്ടികളുടെ ഭാഗത്തു നിന്നു ചിന്തിക്കാന്‍ ഞാന്‍ പറഞ്ഞു "അതു കൊണ്ടാ ഇത്ര നാളും തള്ളിയേ എന്നാ മറുപടി."

സജിനി എന്നും എല്ലാത്തിനും പോം വഴി കാണാന്‍ മിടുക്കിയല്ലേ ഒന്നു പറയൂ ഞാന്‍ ഇപ്പോള്‍ എന്താ അമ്മുവിനോട് പറയുക ?


ഞാന്‍ ഓര്‍ക്കുകയായിരുന്നു എന്തോരു ആഘോഷമായിരുന്നു അവരുടെ പ്രണയകാലം...

അതും ആരേയും അറിയിക്കാതെ കോലാഹലം ഉണ്ടാകാതെ ഹോസ്റ്റലില്‍ നമ്മള്‍ കുറച്ചുപേര്‍ മാത്രം അറിഞ്ഞ്
മൂന്ന് വര്‍ഷം കൊണ്ടു പോയതും കെമിസ്ട്രി ലാബിന്റെ ഇടനാഴിയിലും ഫ്രഞ്ച് ഡിപ്പാറ്ട്ട്മെന്റി മുന്നിലുള്ള കോവണി ചുവട്ടിലും അവര്‍ സംസാരിക്കുമ്പോള്‍ കാവല്‍ നിന്നതും............

ഞാന്‍ മാത്രമേ ഇതൊക്കെ ഓര്‍ക്കുന്നുള്ളോ നല്ല ദിവസങ്ങള്‍ എന്താ എല്ലാവരും മറവിയുടെ മടിത്തട്ടിലേക്ക് എറിയുന്നത് ? ഇഷ്ടമില്ലാത്തവയെന്തിനാ ഇങ്ങനെ അക്കം ഇട്ട് ഓര്‍ക്കുന്നത്? നീ വേഗം മറുപടി അയക്കു. എനിക്ക് എന്നിട്ട് വേണം സജിത്തിനോട് എന്തു പറയണം എന്നു തീരുമാനിക്കാന്‍
ഒരു ഞെട്ടലോടെയാണു ഞാന്‍ ഈ ന്യൂസ് കേട്ടത് , എല്ലവരുടെയും 'ഐഡിയല്‍ കപ്പിള്‍'.......
എന്താടി ഇങ്ങനെ വന്നത് ...?
അവര്‍ക്ക് അങ്ങനെ പിരിയാന്‍ ആവുമൊ?
ഇപ്പൊള്‍ ഒരു ആറ് മാസം ആയിക്കാണും, സജിത്ത് തനിയെ ആണ് വന്നത്,ഇവിടെ ഒരു ദിവസം തങ്ങിയിട്ടാണു പോയത്, അന്ന് എന്തെങ്കിലും പ്രശനം അവര്‍ തമ്മില്‍ ഉള്ളതായി സൂചിപ്പിച്ചിരുന്നില്ല, അന്ന് പഴേകഥകളും എല്ലാവരുടെയും കുശലങ്ങളും പറഞ്ഞിരുന്നു.സജിത്തിന്റെ പ്രകൃതത്തിന്‍ ഒരു മാറ്റവും ഇല്ല. ആ സോഫ്റ്റ് സ്പോക്കണ്‍ ലിവിങ്ങ് ....

ഞാന്‍ സജിത്തിനെ ഒന്നു വിളിച്ചു സംസാരിക്കാന്‍ പോണു അവന്റെ ഭാഗം കൂടി ഒന്ന് അറിയണമല്ലോ.
അമ്മുവിനെ സ്കൂള്‍‌ മുതല്‍ നമ്മള്‍ അറിയുന്നതല്ലെ?അവളും എടുത്തടിച്ച് ഒരു തീരുമാനം എടുക്കുന്ന റ്റൈപ്പ് അല്ല, പിന്നെ അവിടത്തെ കൂട്ടുകെട്ടുകള്‍‍ ചുറ്റുപാടുകള്‍ എങ്ങനാ എന്താ ഒന്നും എനിക്കറിയില്ലല്ലൊ. ഒന്നുണ്ട് അവള്‍ വളരെ ‘ഈസ്ലി ഇന്‍ഫ്ലുവന്‍സ്ഡ്’ ആണ്‍. ആരും പറയുന്നത് അതുപോലെ അങ്ങു വിഴുങ്ങും. സ്വന്തം നിലയില്‍ ഒന്ന് വിശകലനം ചെയ്യില്ലാ, ഇവിടെ ഇരുന്ന് ഞാന്‍ വല്ലതും പറയുന്നതില്‍ കാര്യമില്ല അതു കൊണ്ടാ നീ തന്നെ ഒന്നു വിളിക്കാന്‍ പറയുന്നത്...
ആ ചെറിയ കുട്ടികള്‍ അച്ഛന്റെയും അമ്മയുടെയും ഗൈഡന്‍സ് വേണ്ട നേരം.............
‍ ‍
**********************************************
പിന്നെ മറ്റൊരു ട്രാജഡി ഇര്‍‌റിവേഴ്സിബിള്‍ എന്ന് പറയാം നീ ഓര്‍ക്കുന്നോ എന്ന് അറിയില്ലാ ജൂലിയ നമ്മുടെ ജസ്റ്റ് ജൂണിയര്‍ ആയിരുന്നു ....
ഹോസ്റ്റലില്‍ ഉണ്ടായിരുന്നു, നല്ല വെളുത്തു നീണ്ട് മെലിഞ്ഞ കുട്ടി മുട്ടറ്റം മുടിയും വിടര്‍ന്ന കണ്ണുകളും ആരും ഒന്നു നോക്കി നിന്നു പൊകും...നീ പോയി കഴിഞ്ഞ് വൈ ഡബ്ലു സി എ യില്‍ എന്റെ പിജിക്ക് അവളാരുന്നു റും മേറ്റ്,
കാണുന്നപോലെ തന്നെ ആയിരുന്നു അവളുടെ പെരുമാറ്റവും. അന്ന് ഒന്നും ഞാന്‍ അറിഞ്ഞില്ലാ, ഒരു എഞ്ചിനിയറിങ്ങ് സ്റ്റുടന്റും ആയി അവള്‍ ഇഷ്ടത്തില്‍ ആണെന്നു അതു വളരെ പ്രശ്നം പിടിച്ച കേസ്സ് ആയി. അവന്‍"നഹാസ്" നല്ല പൈസാക്കാരനാ, കാണാന്‍ യോഗ്യന്‍, ജൂലിയുടെ വീട്ടുകാരാണെങ്കില്‍ തികച്ചും യാഥാസ്ഥിതികരും, വന്ന കല്യാണത്തിനു ഒന്നും അവള്‍ സമ്മതിച്ചില്ലാ എന്നിട്ട് അവളുടെ പപ്പ കുവൈറ്റില്‍ നിന്ന് എത്തി. ഒരു ബന്ധം ഉറപ്പിക്കും എന്നായി അപ്പോള്‍ അവള്‍ ഓടി എന്റെ അടുത്ത് വന്നു,ഞാന്‍ മോനെ പ്രസവിച്ച സമയം,അപ്പൊഴാ ഈ കഥ എല്ലാം പറയുന്നേ, ഞാന്‍ പോലും ഒന്നും അറിഞ്ഞിരുന്നില്ല. നഹാസ് ലണ്ട്നിലാണ് അവള്‍ വിവരം വിളിച്ചു പറഞ്ഞതനുസരിച്ച് അവന്‍ വന്നു തിരുവന്തപുരത്തുള്ള അവന്റെ സ്വാധീനം ഉപയോഗിച്ചു റെജിസ്ട്രര്‍‌ മാരിയേജ് നടത്തി.

പപ്പ ഒരു വല്ലത്ത അവസ്ഥയില്‍, പുള്ളിക്കാരന്‍ അവരുടെ കൂട്ടക്കാരോടും ഫ്രണ്ട്സിനൊടും ഒക്കെ 'സ്വപ്നം' പോലത്തെ കല്യാണം നടത്തും എന്ന് ഒക്കെ പറഞ്ഞിരുന്നതാണത്രേ! പക്ഷെ ആ നല്ല മനുഷ്യന്‍ എല്ലാവരേയും ക്ഷണിച്ചു റിസപ്‌ഷന്‍ നടത്തി . ഞാനും പോയിരുന്നു.നഹാസിനെ കണ്ടാല്‍ ആരും ജൂലിയെ കുറ്റം പറയില്ലാ അത്രക്ക് സുന്ദരന്‍,റിസപ്ഷനും വളരെ പുതുമയോടെ, കനകകുന്നു കൊട്ടാരത്തില്‍ വച്ച്, രാഷ്ട്രീയ സിനിമാ ബിസിനസ്സ് ഫീല്‍ഡുകാര് എല്ലാം ഉണ്ടായിരുന്നു. നല്ല ഗംഭീരമായിരുന്നു എന്നു പറയാം.അവര്‍ പിന്നെ ലണ്ടനിലേക്ക് പറന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു വിവരവും ഇല്ലായിരുന്നു രണ്ടു പേരും ഉപരിപഠനം അവിടെ നടത്തി നഹാസിന് നല്ല ജോലിയും ആയി.........................

കഴിഞ്ഞ ആഴ്ച ഞാന്‍ ബാലേട്ടനെ യാത്രയാക്കാന്‍ നെടുമ്പാശ്ശേരിയില്‍ പോയി അവിടെ നില്‍ക്കുമ്പോള്‍ ദേ എന്റെ മുന്നില്‍ ജൂലി.....കണ്ടാല്‍ ഒരു മാറ്റവും ഇല്ലാ‍ പക്ഷേ ആ കണ്ണിന്റെ തിളക്കം നഷ്ടപ്പെട്ടപോലെ..ഓടിവന്ന് എന്നെ കെട്ടിപിടിച്ചു, അവള്‍ മടങ്ങി പോകുകയാണ്‍ ഫ്ലൈറ്റ് ഡിലേ ആണു പിന്നെ കാപ്പി കുടിക്കാന്‍ അവള്‍ എന്നെ വിളിച്ചു ....
"വിശേഷം ഒക്കെ പറ നഹാസ് എന്തു പറയുന്നു ." വളരെ ഉത്സാഹത്തില്‍ ഞാന്‍ ചോദിച്ചു.

‘നാലു മാസം മുന്‍പേ ഒരു റോഡപകടം നഹാ‍സ് പോയി’......
കുട്ടികള്‍ ഒന്നും ഇല്ല അവള്‍ ഒറ്റക്ക്, ഞാന്‍ മിഴിച്ചിരുന്നു പ്രണയക്കടല്‍ ഇരമ്പി മറിഞ്ഞ
ആ കണ്ണുകള്‍ ഉണങ്ങി വരണ്ടിരിക്കുന്നു നിര്‍ജീവമായി ആ കണ്ണുകള്‍ പണ്ട് കഥ പറയുന്ന കണ്ണുകള്‍ എന്ന് എല്ലാവരും വിശേഷിപ്പിച്ച വര്‍ണ്ണിച്ച അവളുടെ കണ്ണിലേക്ക്
നോക്കിയപ്പോള്‍ ഞാന്‍ വിധിയൊട് അതോ ദൈവത്തിനോടൊ ചോദിച്ചു
"ഈ കടും കൈ വേണമായിരുന്നൊ?".............

ഒന്നിച്ചു ജീവിക്കാന്‍ ആശിക്കുന്ന ഇണക്കിളികളില്‍ ഒന്നിനെ നിഷ്കരുണം എയ്തു വീഴ്ത്തി........
ഇവിടെ ഈ ഭൂമിയില്‍ തങ്ങാന്‍ വിട്ടവരോ ഇതാ പിരിഞ്ഞു പോകുന്നു ......


എന്നു സ്നേഹപൂര്‍വ്വം
സ്വന്തം മാളുട്ടി


Tuesday, April 1, 2008

ഒരു വലിയ കടം.ഒരു വലിയ കടം.
മരണം കടം തന്ന ജീവിതം,
കടം തിരിച്ചടക്കാറാവുന്നു.
പലിശ അടച്ചു തുടങ്ങി.
ആദ്യം അതെന്റെ പാല്‍ പല്ലുകളായി‍‌ഗഡുക്കളായി അടച്ചു,
ശൈശവവും, ബാല്യവും, കൌമാരവും.
പിന്നെ നരയും ജരയും.
മുടക്കം വന്നപ്പോള്‍‌ ജപ്തി തുടങ്ങി
കേള്‍വിയായും, കാഴ്ചയായും.
ഞാന്‍ നിസ്സഹായ ആയി നില്‍ക്കെ
കടം എന്ന പേരില്‍ നിഷ്കരുണം നിര്‍ദയമായി മരണദേവന്‍ പലിശ ഈടാക്കുന്നു.

മുതല്‍ എനിക്ക് തിരികെകൊടുക്കാനാവില്ല എന്ന തിരിച്ചറിവ് ,
ഇനി എന്താ ബാക്കി
എന്റെ ഓര്‍മ്മകള്‍, എന്റെ സ്വപനങ്ങള്‍
എന്തൊക്കെയാവൂം ജപ്തി ചെയ്യുക?
എന്റെ ചലനം, സംസാര ശേഷി എന്നിട്ടും
ഓരൊ തവണയും പലിശ മാത്രം കൈപറ്റി
തീരാക്കടം ബാക്കിയാക്കി

അവസാന മുതല്‍ ആയി എന്റെ ജീവന്‍
മരണ ദേവന്‍ പിടിച്ചെടുത്ത്
കടം തീര്‍ക്കാന്‍ ഇനി ഏതാനും നാള്‍ ബാക്കി