Wednesday, December 31, 2008

ലോകാ സമസ്താ സുഖിനോ ഭവന്തു


ഈശ്വരാ ഈ കഴിഞ്ഞ വര്‍ഷത്തില്‍
ഞങ്ങള്‍ക്ക് ഒരൊരുത്തര്‍ക്കും തന്ന അനുഗ്രഹങ്ങള്‍ക്കും,
പ്രകൃതി സമ്പത്തിനും, നിരവധിയായ സുഖസൌകര്യത്തിനും
അപകടങ്ങളില്‍ നിന്ന് രക്ഷിച്ച് ഞങ്ങളെ കാത്തു പരിപാലിച്ചതിനും,
ശരീരാരോഗ്യത്തിനും മാനസീക സന്തോഷത്തിനും,നല്ല കൂട്ടുകാരെയും,
കുടുംബത്തെയും നലകിയതിനും, സമൃദ്ധമായി അനുഗ്രഹിച്ചതിനും നന്ദി പറയുന്നു.



ഞങ്ങളുടെ എല്ലാ വിഷമങ്ങളും ഭയാശങ്കകളും ഞങ്ങളില്‍ നിന്ന് അകറ്റണമെ
ഈ വരുന്ന വര്‍ഷം മുഴുവനുമുള്ള ഞങ്ങളുടെ
എല്ലാ പ്രവര്‍ത്തനങ്ങളും, പദ്ധതികളും ആഗ്രഹങ്ങളും
സന്തോഷങ്ങളും സന്താപങ്ങളും വിജയങ്ങളും പരാജയങ്ങളും,
ഞങ്ങളേയും, അങ്ങേക്ക് സമര്‍പ്പിക്കുന്നു,ദൈവമെ കാത്തു പരിപാലിക്കണമെ!



ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് വേണ്ടിയും,

സഹോദരീ സഹോദരന്മാര്‍ക്ക് വേണ്ടിയും മക്കള്‍ക്കു വേണ്ടിയും
മരണം മൂ‍ലം ഞങ്ങളില്‍ നിന്ന് വേര്‍‌പെട്ട് പോയ എല്ലാവര്‍ക്കു വേണ്ടിയും
ഈ ദിനത്തില്‍‌ പ്രാര്‍ത്ഥിക്കുന്നു.

സര്‍വ ഐശ്വര്യങ്ങളും ഇന്നും എന്നും എപ്പോഴും

എല്ലാവര്‍ക്കും ഉണ്ടാവാന്‍ പ്രാര്‍‌ത്ഥിക്കുന്നു..!!

ലോകാ സമസ്താ സുഖിനോ ഭവന്തു

Wednesday, December 24, 2008

ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ



കൃസ്തുമസ്

ശാന്തിയുടെയും

സമാധാനത്തിന്റെയും

സന്ദേശം മനസ്സില്‍‌ ഏറ്റി കൊണ്ട്

സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!

ഈ ക്രിസ്‌മസ്സ് ആഘോഷിക്കുവാന്‍‌ എല്ലാവര്‍ക്കും സാധിക്കട്ടെ.

എല്ലാവര്‍ക്കും നന്മ വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ .

സ്നേഹം നിറഞ്ഞ

ക്രിസ്മസ്

ആശംസകള്‍‌

മാണിക്യം







ചിത്രം ഹാമില്‍ട്ടണ്‍‌ മലയാള സമാജം ക്രിസ്മസ് 2008

Wednesday, December 10, 2008

നഷ്ടങ്ങളുടെ തടവുകാരി


നാട് വിട്ട് നാട്ടാരെ വിട്ട്
മറുനാട്ടില്‍ വന്നുനില്‍ക്കുമ്പോഴാ
എന്തൊക്കെയാനഷ്ടമാവുന്ന
-തെന്ന് മനസ്സറിയുന്നത് .

ഒരു കോഴി കൂവുന്നത് കേട്ടൂണരാന്
‍ഉണരുമ്പോള്‍ കാക്കയും കുയിലും
കരയുന്നതൊന്നു കേള്‍‌ക്കാന്
‍സുബ്ബലക്ഷ്മീടെ സുപ്രഭാതം,
കിണറ്റിലേ വെള്ളം,
അടുപ്പിലെ തീയ് ,
കാലത്തു വീട്ടില്‍ വരുന്ന പത്രം,
കടന്നു പോകുമ്പോള്‍ കുശലം ‌-
ചോദിക്കുന്ന അയല്‍ക്കാര്‍‌
തൊടിയിലെ വാഴകൂമ്പിലെ തേന്‍,
മാഞ്ചോട്ടിലെ വീണു കിട്ടുന്ന മാങ്ങ....
മുറ്റത്ത് നിന്നൊഴുകിവരുന്ന
മുല്ലപ്പുവിന്റെ മണമുള്ളകാറ്റ്
കുളക്കരയിലെ നുണ,കുശലം,
....അങ്ങനെ ...അങ്ങനെ...

ഉമ്മറത്തെ ചാരുകസേരയില്‍ അച്ഛന്‍ ...
എണ്ണിയാലൊടുങ്ങാത്ത നഷ്ടങ്ങള്‍ ..

എന്നിട്ട് ഇതെല്ലാം സ്വപ്നം കണ്ട്
നാട്ടില്‍ എത്തിയാലോ ....
വേണ്ടാ ഇവിടെ ഇരുന്ന്
ഞാന്‍ ഇതോക്കെ ഓര്‍‌മിക്കാം
ഇവിടെ എന്റെ ഓര്‍മയില്‍ എല്ലാമുണ്ട്....
മനസ്സിലെ ചാരുകസേരയില്‍ എന്റച്ഛനും
..
.


ചിത്രത്തിനു കടപ്പാട് : ഗോപന്‍

Friday, December 5, 2008

മേഘങ്ങളും പക്ഷികളും.....


മുന്‍പേ പറക്കുന്ന മേഘങ്ങള്‍

പുലര്‍ച്ച
എനിക്ക് പോയിട്ടും പോകാന്‍ കഴിഞ്ഞില്ലാ
നിനക്കോ?
എനിക്കും വരുവാനായില്ല ..

കാത്തിരിപ്പല്ല ഇതിന് വേണ്ടത്,
എല്ലാം സമയത്തിന് നടക്കണം

ഞാന്‍ സമയത്തിനു മുന്‍പേ ചലിക്കുന്ന
ഒരു സൂചിക

നീ നന്നായി അഭിനയിക്കുന്നു..
"റ്റു ഇമ്മച്‌വര്‍ റ്റു കമന്റ്"

ഇനി ഒന്നില്‍ നിന്നും തുടങ്ങണം
അടി മുടി
നീയെന്താ വിറക്കുന്നത്?
നീ വേറെ എന്തെങ്കിലും ചിന്തിക്ക്
ഞാന്‍ മനസ്സില്‍ വരരുത്...
കാര്‍ മേഘം ഉരുണ്ടു കൂടുന്നതിനു മുന്‍പേ
മഴ പെയ്യരുത്
ഇടി വെട്ടണം
മിന്നലടിക്കണം
പാദങ്ങളില്‍ തണുപ്പ്
ആ തണുപ്പ് ഉച്ചി വരെ ഇരച്ചു കയറണം
അതു ചൂടായി പരക്കണം

പെരു മഴ
അതു ഒടുവില്‍ മാത്രം
അപ്പോഴേക്കും ഉഴുതിട്ട
പാടത്ത് ഞാന്‍ വീണ്ടൂം വരണ്ടിരിക്കും

പറന്നു പോയപക്ഷികള്‍

നിനക്ക് മാത്രമേ
ഞാന്‍ ഇവിടെയുണ്ടന്ന് അറിയൂ
നീ ഈ ലോകത്തിൽ ജീവിക്കുന്നതായും..
നീ എന്നെ അറിഞ്ഞിട്ടില്ല
അറിഞ്ഞവരെ ഞാനും അറിഞ്ഞിട്ടില്ല
ഞാന്‍ ആരേയും അറിഞ്ഞില്ലാ നീയും..
പക്ഷെ നമ്മളെ ലോകം അറിഞ്ഞു തുടങ്ങുന്നു.
നമ്മൾ അറിഞ്ഞോ എന്നാണ് അവർക്ക് അറിയേണ്ടത്

എന്റെ അജ്ഞത അതു മേച്ചില്‍ പുറമായി
എന്റെ മേച്ചിൽപുറങ്ങളിലൂടെ
നിന്റെ ജിജ്ഞാസ തഴുകി തലോടി
കടന്നു പോയിരിക്കാം

ഞാന്‍ അലയുകയാണ്
നീ എന്നെ കൊണ്ട് പോയി
പലവഴികളിലൂടെ
സമ്മിശ്ര ഗന്ധങ്ങൾ..
നിന്റെ ഗന്ധം ഞാൻ മറന്ന് പോയി
ഞാൻ തേടുന്നവരിൽ ഇന്ന് നിന്റെ മുഖം ഇല്ല

നിന്നെ അറഞ്ഞതായി പലരും പറയുന്നു..
ലോകം നിന്നെ അറിഞ്ഞു കഴിഞ്ഞു,

Monday, December 1, 2008

മുല്ലവള്ളി



ഒരു മഴക്കാലരാത്രിയിൽ എന്റെ ജനലിൽ
നിന്നെ കിനാവ് കണ്ട് ഞാൻ കിടന്നു.
എന്റെ കമ്പിളിക്ക് പോലും നിന്നെയറിയാം..
എന്നെകുത്തുന്ന കരിമ്പടക്കുഞ്ഞുങ്ങൾക്ക്
നിന്റെ പ്രണയലേഖനങ്ങൾ ഗീത പോലെ;
ഇറയത്ത് മഴ വീഴുന്ന പതിഞ്ഞ സ്വരം.

നിന്നെ ഞാൻ ആദ്യം കണ്ടത്
മഴനനഞ്ഞ ജനലഴികളിലൂടെയായിരുന്നു
നിന്റെ ചുറ്റും മഴ മൂടിയ രാത്രിയുടെ പാറാവ്
നിനക്ക് രാത്രിയുടെ ഗന്ധം
നനഞ്ഞ ചന്ദ്രിക അന്നു പറഞ്ഞത്
നീ വന്നത് കണ്ടില്ലെന്നാണ്
ഓര്‍മ്മയുടെ നിലാവെട്ടത്തിലൂടേയല്ലേ നീ നടന്ന് വന്നത്?
നിന്റെശ്വാസത്തിൽ
നീ ഏതോ ആഗ്രഹം ഒളിപ്പിച്ചു വച്ചിരുന്നു
ജനലഴികൾക്കുമപ്പുറം
നിന്റെ ആഗ്രഹം എന്നെ നോക്കിയിരുന്നു
ആർത്തിയോടേ..അതു ആവേശമല്ലെന്ന് എന്നോട് നീ പറഞ്ഞു.
ചുറ്റിപ്പടരുന്ന മുല്ലവള്ളി പോലെ നിന്റെ ശ്വാസഗതി
പിന്നീട് ആ അഗ്രഹത്തെ മാത്രം അവിടെ കാവൽ നിർത്തി
നീ ഇരുട്ടിൽ ഓടി ഒളിച്ചു.

വഴുവഴുപ്പിലും തെന്നി വീഴാതെ
നീ ഓടി ഒളിച്ചതും കണ്ടില്ലെന്നാണ്
തലതോർത്തിയ ചന്ദ്രിക പറഞ്ഞത്..
നീയാണു യഥാർത്ഥ പുരുഷൻ!!

Friday, November 14, 2008

ഒരു തേങ്ങല്‍....

പരിഭവമേതുമില്ല. പരാതിയൊട്ടുമില്ല.
എങ്കിലുമെന്‍നെഞ്ചില്‍ ഒരു വലിഞ്ഞു മുറുകല്‍
അതില്ലന്ന് പറഞ്ഞാല്‍‌ അതസത്യമാണ്.
ഒരു തേങ്ങല്‍,അടക്കീട്ടുമടങ്ങാത്തൊരു തേങ്ങല്‍!

മനസ്സു കൊണ്ടു വിളിച്ചാല്‍ കേള്‍ക്കുന്ന
അകലങ്ങളില്‍ മനസ്സില്‍തന്നെയുണ്ടാവുമെന്ന
നിന്റെയാവാക്കില്‍ തൂങ്ങി ഞാനിന്നും....
എന്‍‌മനസ്സിന്‍ മുറവിളിയിന്നു നീയെന്തേ കേട്ടില്ല,
എന്തേ എന്‍‌വിളി നിന്മനസ്സിലേക്കെത്താത്തൂ ?
കേള്‍ക്കും കേള്‍ക്കാതിരിക്കാന്‍ നിനക്കാവില്ല.

മറന്നുവോ മഞ്ഞുവീണുതുടങ്ങുമ്പോള്‍
മഞ്ഞു മൂടുമീതാഴ്‌വാരത്തില്‍
അടച്ചിട്ട വാതിലിനരുകില്‍ മുട്ടിവിളിക്കാന്‍
നീയുണ്ടാ‍വുമെന്നെന്‍‌ കാതിലോതി നീപിരിഞ്ഞത്
ഇന്നീതാഴ്വാരങ്ങള്‍ കോടമഞ്ഞിന്‍‌ പുതപ്പണിഞ്ഞു
വരും, നീ വരും, വരാതിരിക്കാൻ നിനക്കാവില്ല

ചക്രവാളത്തില്‍ അവസാനത്തെ
പക്ഷികൂട്ടവും പറന്നകലുമ്പോള്‍‍
അസ്ഥിക്കുള്ളില്‍ സൂചിക്കുത്തുപോല്‍
തണുപ്പരിച്ചിറങ്ങുമ്പോൾ
കോടമഞ്ഞീമലയെ മറയ്ക്കുമ്പോള്‍
ഇലകള്‍കൊഴിഞ്ഞീ മരങ്ങള്‍
നിശ്ചലമായ്‌ നില്‍ക്കുമ്പോള്‍
വീണ്ടും എന്‍ ‌മനസ്സിനോട് ഞാന്‍
പറയുകയാണ് നീ വരും....
വരാതിരിക്കാൻ നിനക്കാവില്ല
എൻ വിളി കേൾക്കാതിരിക്കാനും
നിനക്കാവില്ല

Monday, October 20, 2008

കണ്ണിമാങ്ങാ ............

അന്ന് ഡിഗ്രി രണ്ടാം വര്‍‌ഷാവസാന പരീക്ഷ തീരുകയാണു...പലരും അന്നു തന്നെ വീട്ടില്‍ പോയി. ഞങ്ങള്‍ വളരെ കുറച്ചു പേര്‍ ബാക്കിയായി. മൂന്നാം കൊല്ലം ഡിഗ്രിക്കാര്‍ പോകുകയാണു അവരിത്തിരി വിഷമത്തിലാണ്, ഇത്രയും നാളത്തെ വിദ്യാര്‍ത്ഥി ജീവിതം കഴിഞ്ഞു ജീവിതത്തിന്റെ തീക്കുണ്ഡത്തിലേയ്ക്ക് എടുത്തെറിയാന്‍ പോണു ....എല്ലാവരും പെട്ടി അടുക്കലും ആട്ടൊഗ്രാഫ് എഴുത്തും ഒക്കെയായി ചുറ്റിനടപ്പുണ്ട്.. വീട്ടില്‍ പോകുന്ന റാണിയെ ഗേയിറ്റ് വരെ കൊണ്ടാക്കി മഞ്ചോട്ടില്‍ ഇരുന്ന് കഥ പറച്ചില്‍ തുടങ്ങി. ...


മാവിന്‍ ചുവട്ടില്‍ കൂടി വന്നപ്പോള്‍ അറിയാതെ കഴിഞ്ഞ കൊല്ലം നടന്ന സംഭവമോര്‍ത്തു. ആ മാവില്‍ നിറയെ കണ്ണിമാങ്ങ കുലയായി കിടക്കുന്നു. നേരെയുള്ള നടപ്പാത വഴി ആരും ഗേയിറ്റിലെയ്ക്ക് നടക്കില്ല.. മാവിന്റെ ചുവട്ടില്‍ കൂടിയാ പോക്കും വരവും, ആ നടപ്പില്‍ കൈ എത്തി ഒരു കണ്ണിമാങ്ങ പറിച്ച് തിന്നും. ഞങ്ങള്‍ പറിക്കുന്ന വാശിക്ക് മാവ് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു ..അന്ന് ഒരു ശനിയാഴച ഉച്ച ഊണുകഴിഞ്ഞ് റാണി നേരെ മാഞ്ചോട്ടിലെയ്ക്ക് ഓടി അവിടെ നിന്ന് കൈ എത്തി മൂന്ന് നാലു മാങ്ങ പറിച്ചു, അവള്‍ കൊണ്ടു വന്നിട്ട് അതു തിന്നാല്‍ ഉള്ളം കയ്യില്‍ ഊണു മുറിയില്‍ നിന്ന് എടുത്ത ഉപ്പും ആയി ഞങ്ങള്‍ വരാന്തയില്‍ നില്ക്കുന്നു.. അപ്പോഴാ വാതില്‍ തുറന്ന് സിസ്റ്റര്‍ ‘റാണീ’ എന്ന് വിളിക്കുന്നത് മാവില്‍ നിന്നു കണ്ണിമാങ്ങാ പറിച്ചു എന്നാ ജാമ്യം ഇല്ലാ കുറ്റം! എല്ലാരുടെയും കയ്യില്‍ ഇരുന്ന ഉപ്പ് താഴെ വീണു... കഷ്ടകാലത്തിനു റാണി മാത്രം ആണു മാവിന്‍ ചുവട്ടില്‍ ... മാവില്‍ നിന്ന് മാങ്ങ പറിയ്ക്കുക എന്ന മഹാപരാധം ചെയ്തിരിക്കുന്നു..വേദപ്രമാണങ്ങള്‍ എത്രയാ നിലമ്പൊത്തിയത്ത്? അന്യന്റെ വസ്തു ആഗ്രഹിച്ചു , മോഷ്ടിച്ചു .. .. പറുദീസ പോലത്തെ ഹോസ്റ്റല്‍ അങ്കണത്തിന്റെ നടുവിലെ വൃക്ഷത്തിന്റെ കനിയാണ് പറിച്ചിരിക്കുന്നത്
"വച്ചേക്കയില്ല വിനാഴികപോലുമേ" ! കര്‍ത്താവിന്റെ മണവാട്ടി ഉറഞ്ഞു തുള്ളുകയാണ്.. .
അവസാനം വിധി വാചകം പൊഴിഞ്ഞു വീണു. വീട്ടില്‍ പോയി ഗാഡിയനെ വിളിച്ചു കൊണ്ട് വന്നിട്ട് ഹോസ്റ്റലില്‍ നിന്നാല്‍ മതി... മാവില്‍ നിന്ന് ഇനി ആരെങ്കിലും മാങ്ങ പറിച്ചാല്‍ ഇതു തന്നെയാ ശിക്ഷ..ഓര്‍ത്തോ..
"പെട്ടീ എടുപ്പിച്ചു വീട്ടില്‍ വിടും.."എന്ന് ഒരു അന്ത്യശാസനവും.

പപ്പാ മരിച്ച റാണിയുടെ ഗാഡിയന്‍‌ മൂത്താങ്ങള സണ്ണിച്ചായനാ ..ശരിക്കും ദുര്‍വാസ്സാവ്.... വലിയ ഭാവഭേദം കൂടാതെ റാണി ഒരുങ്ങാന്‍ തുടങ്ങി ..ഇടയ്ക്ക് പറയുന്നുണ്ട് എല്ലാരും വരണം രണ്ടായാലും ഒരു ഊണുറപ്പാ, ഒന്നുകില്‍ തല്ലി കൊല്ലും അപ്പോ അടിയന്തരം ...അല്ലങ്കില്‍ പഠിത്തം നിര്‍ത്തി ഏതെങ്കിലും അച്ചായന്റെ അച്ചിയാക്കി പടിയിറക്കും ..തിരിച്ച് വരവുണ്ടാക്കില്ല .. ‘ഹോ മൂന്ന്‍ കണ്ണിമാങ്ങയ്ക്ക് വേണ്ടി ഞാന്‍ എന്റെ ജീവിതം തീറെഴുതിയല്ലോ തമ്പുരാനേ’! റാണി ഷോള്‍ഡര്‍ ബാഗ് പായ്ക് ചെയ്തു സാരി മാറി. മരിച്ച വീടു പോലേ ഞങ്ങള്‍ എല്ലാം നിശബ്ദമായി തൂങ്ങിപ്പിടിച്ചു നിന്നു.. പിന്നെ ഉറുമ്പുകള്‍ നീങ്ങും പോലെ റാണിയുടെ പിറകെ ഗേയിറ്റ് വരെ ചെന്നു .... റാണി പോയി കഴിഞ്ഞ് നിരാഹാര സമരം ഞങ്ങള്‍ പ്ലാന്‍ ആക്കി.. വൈകിട്ട് ജഗ്ഗില്‍ കൊണ്ടു വച്ച ‘ചാപ്പി’ എന്ന് ഞങ്ങള്‍ വിളിക്കുന്ന മൂത്ര ചൂടുള്ള ആ ദ്രാവകം പന്നികള്‍ കുടിച്ചു, പ്ലേറ്റില്‍ നിരന്ന ബിസ്കറ്റുകള്‍ തിരികെ പാട്ടയിലേയ്ക്കും ...

ഫസ്റ്റ് സ്റ്റഡി റ്റൈം കഴിഞ്ഞു വൈകിട്ട് ഏഴുമണിയ്ക്ക് ബെല്ലടിച്ചു അതു പ്രാര്‍ത്ഥനയ്ക്ക്, എല്ലാവരും പ്രെയര്‍ റൂമില്‍ എത്തി ആര്‍‌ക്കും ഒരു ഉഷാറിലല്ല. പതിവിലും നേരമെടുത്തു പ്രാര്‍ത്ഥന കഴിഞ്ഞ് പയ്യെ നടന്നു ഡൈനിങ്ങ് ഹാളില്‍ എത്തി, സൂപ്രവിഷനു അസ്സിസ്‌റ്റന്റ് വാര്‍‌ഡനാണ്.. എല്ലാവരും കണ്ണുകൊണ്ട് സമരമുറ കൈമാറി എല്ലാവരും വന്നെത്തി മുട്ടു സൂചി വീണാല്‍ കേള്‍ക്കാം ഒറ്റ കുഞ്ഞ് മിണ്ടുന്നില്ലാ ആ നിശബ്ദത തന്നെ പന്തിയല്ല എന്ന് കൊച്ചുസിസ്റ്ററിനു മനസ്സിലായി .. ഭക്ഷണത്തിനു മുന്‍പേയുള്ള പ്രാര്‍ത്ഥന ചൊല്ലി. എല്ലാവരും ഇരുന്നു . ചോറ് റ്റേബിളിന്റെ നടുവില്‍ ആണു കറി പ്ലേറ്റില്‍ ഉണ്ട് ഒരോ സ്പൂണ്‍ ചോറൂവിളമ്പി ആരും പ്ലേറ്റില്‍ കൈ ഇടുന്നില്ലാ, സിസ്റ്ററ് നോക്കി ആരും മിണ്ടുന്നില്ലാ പ്ലേറ്റില്‍ നോക്കിയിരുപ്പുണ്ട് ഉണ്ണുന്നില്ലാ സിസ്റ്റര്‍‌ ചുറ്റിനടക്കുന്നു..

റാണിയുടെ പ്ലേറ്റിലും ചോറു വിളമ്പിയിട്ടുണ്ട് ആരോ പെട്ടന്ന് കരച്ചില്‍ തുടങ്ങി, അതു പിന്നെ മറ്റുള്ളവര്‍ തുടര്‍ന്നു. ഹാള്‍‌ വിട്ടു പോരണമെങ്കില്‍ 'ഗ്രേസ് ആഫ്റ്റര്‍ മീല്‍‌സ്‌' ചൊല്ലണം ആരൊ പ്രെയര്‍ പറഞ്ഞു എല്ലാവരും തിരികെ പോന്നു ... ഞങ്ങള്‍ പതിവിനു വിപരീതമായി ശനിയാഴ്ച രാത്രി അങ്ങും ഇങ്ങും നിന്ന് കുശു കുശുത്തു..... ഒന്‍പതു മണിയ്ക്ക് സെക്കണ്ട് സ്റ്റടിയ്ക്ക് ബെല്ലടിച്ചു വാര്‍‌ഡന്‍ വരാന്തയില്‍ പ്രത്യക്ഷപെട്ടു എല്ലാവരും തിരികെ റൂമിലേയ്ക്ക് വന്നിട്ടില്ല. പിറ്റെന്ന് ഞായര്‍ സാധാരണ ശനിയാഴ്ച രാത്രികള്‍ പൊട്ടിചിരിയും തമാശയും ആണ്‌ അന്നൊക്കെ പലവട്ടം വന്ന് ശബ്ദം കുറയ്ക്ക് എന്നു പറയാറുള്ള വാര്‍ഡന്‍ അന്തം വിട്ട് നിന്നു. അരും ചിരിക്കുന്നില്ല്ലാ അടക്കം പറച്ചില്‍ മാത്രം. സിസ്റ്റര്‍ മഠത്തിലോട്ട് നടന്നു ഇനി പത്തര ആ‍യിട്ട് നോക്കിയാ മതി ആരാധനയും കഴിഞ്ഞേ വരു ... ഉച്ചയ്ക്ക് ഉണ്ട പാടാ, വിശന്നു പണ്ടാരമടങ്ങുന്നു. എന്നാല്‍‌ വാശി കുറയ്കാനും വയ്യ .. അപ്പൊഴാ കത്തിയത് ................"ആരെങ്കിലും മാങ്ങ പറിച്ചാല്‍ ഇതു തന്നെയാ .ശിക്ഷ .ഓര്‍ത്തോ.. പെട്ടീ എടുപ്പിച്ചു വീട്ടില്‍ വിടും.." അതാണെ പണ്ടുള്ളവര്‍ പണ്ടേ പറഞ്ഞിട്ടുണ്ട് പറഞ്ഞാ കേള്‍ക്കണം ചുമ്മാ കേക്കുവല്ല ശ്രദ്ധിച്ചു കേള്‍ക്കണം ....



ഒറ്റ ഓട്ടം മാവിന്‍ ചുവട്ടിലോട്ട് അവിടെ ഇരുട്ടാണു താഴ്ന്നു നില്‍ക്കുന്ന കൊമ്പ് വഴി ചവട്ടി കയ്യറി അവിടെ ഇരുപ്പായി മാങ്ങാ കുലകുലയായി കിടക്കുന്നു പിടിച്ചടിപ്പിച്ചു മാങ്ങ കടിച്ചു തിന്നു. ഞെട്ടും അണ്ടിയും അവിടെ ഇട്ടു പതിയെ ഓരോരുത്തരായി വന്നു മാവിന്‍ ചുവട്ടില്‍, ആരും മാങ്ങ പറിച്ചില്ലാ പക്ഷേ താഴെ നിന്നാല്‍ കാണാമായിരുന്ന കുലകുലയായി ആ പകല്‍ കണ്ട മാങ്ങാ കുലകളെല്ല്ലാം നഗ്നമായി വെളുത്ത കുഞ്ഞു മങ്ങാണ്ടി പ്രദര്‍ശിപ്പിച്ചു കൊണ്ട് ഞെട്ടില്‍ തുങ്ങി. ആത്മഹത്യ ചെയ്ത അനാഥ പ്രേതം പോലെ അവിടെ തൂങ്ങിയാടി..

പത്തുമണിയ്ക്കു മുന്നെ എല്ലാവരും റൂമ്മില്‍ കയറി വാതിലും പൂട്ടി ലൈറ്റ് കെടുത്തി ..ഞായറാഴ്ച രാവിലെ ഏഴുമണിയ്ക്കാണു ചാപ്പലില്‍ കുര്‍ബാന എല്ലാവരും പള്ളില്‍ പോയി എട്ട് മണിയ്ക്ക് തിരികെ വന്നവര്‍ റൂമില്‍ എത്തി സാരി മാറി ഇനി ഡൈനിങ്ങ് ഹാളില്‍ പോകാം, അങ്ങനെ പോയി കാപ്പികുടി കഴിഞ്ഞു വന്നു. പതിവ് പോലെ മുറ്റത്തും വരാന്തയിലുമായി നില്‍ക്കുമ്പോള്‍ അതാ ഗെയിറ്റില്‍ വളരെ ഒരു വലിയ ചൂര കുട്ടയും ചൂമന്ന് ഒരു മനുഷ്യന്‍, തൊട്ടു പിറകില്‍ 32 പല്ലും കാണിച്ചു ചിരിച്ചോണ്ട് റാണി ...എവിടെ നിന്നോ ആരോ വിളിച്ചു കൂവി ...
ര്‍‌-ര്‍-‌റാണീ‍-ീ‍ീ‍ീ‍ീ‍ീ‍ീ ...
പിന്നെ ഒരോട്ടം ആയിരുന്നു മൂന്ന് നിലയില്‍ നിന്നും കൂവലും ഓട്ടവും സിസ്റ്ററ് ഓടി വരുമ്പോള്‍ ഹോസ്റ്റലിന്റെ വിസിറ്റേഴ്സ് റൂമിനു മുന്നില്‍ വലിയ കുട്ടയില്‍ പച്ച മങ്ങയും ആയി മത്തായിചേട്ടനും ആ വതില്കല്‍ ഞങ്ങളുടെ പ്രതികരണം കണ്ട് മിഴിച്ചു നില്‍ക്കുന്ന സണ്ണിച്ചായനും.... സിസ്റ്ററിന്റെ മുഖം ഇന്നും ഓര്‍ക്കുന്നു! ..

മത്തായി ചേട്ടന്‍ വരന്തയിലോട്ട് മാങ്ങാ കുടഞ്ഞിട്ടു .കുട്ടയും ആയി നടക്കുന്നതിനു മുന്നെ "റാണി മോളെ മാങ്ങ വേണെ അടുത്ത ആഴ്ച വിളിച്ചൂ പറയണേ" എന്നു ഒരു താങ്ങും. ഞങ്ങള്‍ കോറസ്സ് ആയി "താങ്ക്യൂ മത്തായി ചേട്ടാ" എന്നു കൂവി പിന്നെ ഓടി വന്ന് മാങ്ങാ കൈക്കലാക്കി. സണ്ണിച്ചായന്‍ വിസിറ്റേഴ്സ് റൂമിലെയ്ക്ക് കയറി സിസ്റ്ററിനോട് എന്തൊക്കെയൊ പറഞ്ഞു.

കുഞ്ഞാടുകളെ പോലെ കയ്യില്‍ തുറന്നു പിടിച്ച ബുക്കുമായി സീക്രട്ട് ഏജന്‍സികള്‍ നടന്ന് വിസിറ്റേഴ്സ് റൂമില്‍‌ നിന്ന് വല്ല തരിയും വീണു കിട്ടുന്നൊ എന്ന് കാതോര്‍ത്ത് കണ്ണ് ബുക്കില്‍ ആക്കി ‘ചാഴി വിലക്കാന്‍’‌ നടക്കുന്ന പോലെ കവാത്ത് നടത്തി കൊണ്ടിരുന്നു. സണ്ണിച്ചായന്‍ ആ നേരത്ത് "എന്നാല്‍‌ ഞാനിറങ്ങട്ടെ സിസ്റ്ററെ" എന്നും പറഞ്ഞ് ഇറങ്ങി വരുന്നു, പിറകോട്ട് തിരിഞ്ഞ് ഞങ്ങളെ നോക്കി കൈ വീശി ഒരു ചിരി ചിരിച്ചു എന്നിട്ടിറങ്ങി ....
സണ്ണിച്ചായന്റെ പിറകേ മത്തായി ചേട്ടനും, മൂന്നു നിലയിലെ വരന്തായിലും നിന്ന് ഈ കാഴ്ച നോക്കി അന്തേ വാസികള്‍.

റാണി വെറും റാണി അല്ല ‘ത്സാ‍ന്‍സീറാണി’ ആയി .. മൂന്ന്കണ്ണി മാങ്ങയ്ക്ക് പകരം മുപ്പറ കൊട്ട നിറയെ കണ്ണി മാങ്ങയും പച്ചമാങ്ങയും മൂവാണ്ടന്‍ മാങ്ങയും കൊണ്ടിറക്കിയിരിക്കുന്നു ..സിസ്റ്റര്‍ ആദ്യമായി 'ബ്ലിംഗസ്യാന്ന് ' നിന്നാ നില്‍‌പ്പ്....

ഞങ്ങള്‍ 'കുശിനി'യിലോട്ട് ഓടി കുറെ ഉപ്പും മുളകും സംഘടിപ്പിച്ചു തിരികെ എത്തി മാങ്ങായും ആയി പയറ്റ് തുടങ്ങി ..പത്തു മണി വരെ ഫ്രീ റ്റൈം ആണ് റാണി പറഞ്ഞു "എന്റെ കര്‍ത്താവേ സ്റ്റടിക്ക് മുന്നെ ഇങ്ങെത്തിയ്ക്കണം എന്നൊറ്റ പ്രാര്‍ത്ഥന മാത്രമേയുള്ളാരുന്നു".. ഞങ്ങള്‍ തലേന്ന് റാണി പോയപ്പോ മുതലുള്ള വിവരണങ്ങള്‍ കേള്‍ക്കാന്‍ ചുറ്റും കൂടി വരാന്തയുടെ മൂലയിലൂള്ള മേശയില്‍ അവള്‍ ഇരുന്നു കൈയും കലാശവും ആയി പറയാന്‍ തുടങ്ങി. മൂളലും,
‘ഉം എന്നിട്ട്’ എന്ന് പുട്ടിന് തെങ്ങാ പോലെ മൂളിയിട്ട് ഉപ്പും മുളക്കും മാങ്ങായും ആയി ഞങ്ങള്‍ ചുറ്റിനും കൂടി നിന്നു ....

സിസ്റ്റര്‍ മുറ്റത്തെ മാവില്‍ ചുവട്ടിലൂടെ നഗ്നമായി തൂങ്ങിയാടുന്ന മാങ്ങാണ്ടികളെ ഒന്ന് നോക്കി എന്നിട്ട് ഒന്നും മിണ്ടാതെ ചാപ്പലിലേയ്ക്ക് പോയി................

ചിത്രങ്ങള്‍: ഗൂഗിള്‍

Wednesday, October 8, 2008

പ്രണയ നൊമ്പരങ്ങള്‍ .....

ശനിയാഴ്ച വാരാന്ത്യം എന്നു പേരെയുള്ളു നിലം തോടാതെ നിന്നാലെ പാതിരാ എങ്കിലും ആവുമ്പോള്‍ ജോലികള്‍ എവിടെലും എത്തുകയുള്ളു. കാലത്തു കണ്ണുതുറന്ന് ക്ലോക്കില്‍ നോക്കി 6:30 ഒട്ടും വെട്ടം വന്നിട്ടില്ലാ നല്ലാ തണുപ്പും ഇന്നലെ രാത്രി 5 ഡിഗ്രി ആയിരുന്നു, എണീറ്റിരുന്ന് ഇന്നത്തെയ്ക്ക് ഒരു അജന്‍ഡാ മനസ്സില്‍ കുറിച്ചു വാക്യും ചെയ്യണം തുണികള്‍‌ കഴുകണം ഇന്ത്യന്‍ കടയില്‍ ഒന്നു പോണം വൈകിട്ട് എഞ്ചല്‍ വരുന്നു മോള്‍ക്ക് അച്ചാറും ചിക്കന്‍ കറിയും ചപ്പാത്തിയും കൊടുത്തു വിടണം ,പരീക്ഷ കാരണം ഈ ആഴ്ച മോള്‍ വരുന്നില്ലാ...പതിയെ ഇരുന്നാല്‍ നടക്കില്ല ഓട്ടം തുടങ്ങാം കിച്ചനില്‍ കോഫി മെയ്ക്കറ് ഓണാക്കി ബാത്ത് റൂമിലേയ്ക്ക് നടന്നു ...
പല്ലുതെപ്പും കുളിയും കഴിഞ്ഞെത്തുമ്പോള്‍ , 'അമ്മാ കാപ്പി' എന്നും പറഞ്ഞു കുട്ടന്‍ ഉണന്നു വന്നിട്ടുണ്ട് ഒന്നിച്ചിരുന്ന് കാപ്പി കുടിച്ചൂ ..
'നിനക്കെന്താ ഇന്ന് പരിപാടി?'
"ഞാന്‍ പോവ്വാമ്മാ മൈക്കിള്‍ വീടു മാറുന്നു, അവനെ ഹെല്പ് ചെയ്യാമെന്ന് ഏറ്റതാ റോണി വരും" .
'അപ്പോള്‍ നീ ഉച്ചയ്ക്കുണ്ണാന്‍ വരില്ലേ

"ഇല്ലാമ്മാ" ..ഞാന്‍ ദോശയും ചമ്മന്തിയും ഉണ്ടാക്കി അതു കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ റോണി എത്തീ അവനു 'ഡൊസാ' ഇഷ്ടം തന്നെ, കഴിചിട്ട് രണ്ടാളും പോയി ...

ഞാന്‍ ക്ലീനിങ്ങ് വാഷിങ്ങ് ചെടികളുടെ പരിപാലനം ഒക്കെ ആയി നീങ്ങി .. അപ്പോഴാ സാറായുടെ ഫോണ്‍ "ചേച്ചി ഞാന്‍ ബ്രാംറ്റണിനു പോണു വരുന്നോ? ആന്റി ഒന്നു വീണു കാല്‍ സ്പ്രെയിന്‍ ആയിരിക്കുന്നു ഒന്നുകാണണം കുറച്ച് കറിയൊക്കെയുണ്ടാക്കി അതെത്തിക്കണം തിരികേ വരുമ്പോള്‍ ഇന്ത്യന്‍ കടയിലും ഒന്ന് കയറാം"

.. 'ശരി സാറാ ഞാന്‍ ഇപ്പോള്‍ റെഡിയാവാം' .. പത്തു പതിനഞ്ചൂ മിനിട്ടിനുള്ളില്‍ ‍ സാറാ എത്തി,
എല്ലാവരുടെയും സഹായത്തിന് എന്നും എപ്പോഴും സാറയുണ്ട്.. ഒരൊന്നു പറഞ്ഞ് ആന്റിയുടെ വീട് എത്തിയതറിഞ്ഞില്ലാ ഞങ്ങള്‍ ചെല്ലുമ്പോള്‍ മാഗിയാന്റി കാല്‍ നീട്ടി വച്ചിരുപ്പുണ്ട് , വളരെ അപൂര്‍‌വമായ കാഴ്ച സാറാ കളിയാക്കി അങ്ങനെ ഒരിടത്തിരിക്കുന്നതും കണ്ടു എന്ന്..ആന്റി ലഞ്ച് കഴിച്ചിരുന്നില്ല ഞങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു...

ആന്റിയോടൊപ്പം ലഞ്ച് കഴിച്ചു കുറെ നേരം കഥകള്‍ ഒക്കെ പറഞ്ഞിരുന്നു .. കാപ്പിയും കുടിച്ച് ഒരു മൂന്ന് മണിയോടെ ഞങ്ങള്‍ ഇറങ്ങി കാറില്‍ വന്നപ്പൊഴാണു സാറാ കനകത്തിന്റെ കാര്യം പറയുന്നതു , ഒപ്പം ജോലി ചെയ്തിരുന്നു തൊട്ടടുത്താ കുറെ നാളായി കണ്ടിട്ട്
"ഇവിടെ വരെ വന്നിട്ട് കാണാതെ പോയാല്‍ പരിഭവം ആവും പിന്നെ കുട്ടികള്‍ക്ക് കുറച്ചു സ്വീറ്റ്‌സും വാങ്ങി അതും കൊടുക്കണം ചേച്ചി പ്രശനം ഇല്ലാല്ലോ ഒരു 10 മിനിട്ട്.. ."
'ഹേയ് ! എന്തു പ്രശ്നം കണ്ടിട്ട് പൊകാം' .എന്ന് ഞാനും പറഞ്ഞു, സാറാ മൊബൈലില്‍ വിളിച്ചു കുമാറിന്റെ ഹലോ കേട്ടു പിന്നെ ഒന്നും ഇല്ലാ.. വീണ്ടും വിളിക്കുമ്പോള്‍ എന്‍‌ഗേജ്‌ഡ്, സാറാ ഡയറിയില്‍ നിന്ന് വീട്ടിലെ നമ്പറ് എടുത്തു ഡയല്‍ ചെയ്തു ഫോണ്‍ സ്പീക്കറില്‍ ഇട്ട് ഹോള്‍ഡറില്‍ വച്ചുകൊണ്ട് കാറ് മുന്നൊട്ടെടുത്തു.. അപ്പുറത്ത് ഫോണ്‍ എടുത്തു സാറ "ഹലോ" എന്ന് പറയുകയും ഒരു സ്ത്രീ ശബ്ദം
' സ്റ്റുപ്പിഡ്! ബിച്ച്! ഞാനും എന്റെ മക്കളും നിങ്ങളോടൊക്കെ എന്തു തെറ്റാ ചെയ്തേ? നിനക്കോന്നും ഒരു പണിയും ഇല്ലേ? എന്തിനാ ആ മനുഷ്യനെ ഇങ്ങനെ......'


സാറാ എല്ലാം കേട്ടിരുന്നു നിനാക്കൊക്കെ വേറെ ഒരു പണീം ഇല്ലേ എന്ന് വരെ എത്തിയപ്പോള്‍ ഞാന്‍ സാറായെ നോക്കി
നമ്പറ് ശരിയാണൊ എന്നു ചോദിച്ചു ..അതേ എന്നവള്‍ തലയാട്ടി.. ഒരു ഭാവഭേദവും ഇല്ലാതെ സാറാ ഡ്രൈവ് ചെയ്യുന്ന കണ്ട് ഞാന്‍ അതിശയിച്ചു , "കനകം ഇതു ഞാനാ, സാറാ, ഇവിടെ വരെ വന്നതാ ഒന്നു കണ്ടിട്ടു പോകാം എന്നു കരുതി...."
'യ്യോ സോറി സാറാ എവിടാ?'
ഞാന്‍ ഇതാ നിങ്ങളുടെ പാര്‍ക്കിങ്ങ് ലോട്ടില്‍ വെസ്റ്റ് ഗേയ്റ്റ് ..
ഓക്കെ ഞാന്‍ ഇതാ എത്തി ..
സാറാ കൂള്‍ ആയിട്ടിരിക്കുന്നു ഞാന്‍ എന്തു ചോദിയ്ക്കണമെന്നറിയാതെ, സാറായുടെ കൂടെ ഞാനും കാറില്‍ നിന്നിറങ്ങി..
ആപ്പോള്‍ ലോണിന്റെ അരുകില്‍ കൂടി കനകം ഞങ്ങളുടെ അടുത്തെത്തി... ഒന്നും പറയാ‍തെ സാറ കനകത്തിന്റെ കൈ പിടിച്ചു .. പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു "എന്താ എന്തു പറ്റി?" കനകം പറഞ്ഞു തുടങ്ങി ഞാന്‍ കാറില്‍ ചാരി നിന്ന് അവളെ കാണുകയായിരുന്നു .
നല്ല ഉയരം കാണാന്‍ ബഹു സുന്ദരി,ഇരുപതുകളില്‍ പ്രായം, രണ്ടു കുട്ടികളുടെ അമ്മയാണെന്ന് പറയില്ല...

“ഞാന്‍ കാലത്തു ജോലിയ്ക്ക് പോയി തിരിച്ച് വീടെത്തുമ്പോള്‍ കുട്ടികള്‍ രണ്ടും കുളിച്ചിട്ടില്ലാ ഉണ്ടിട്ടില്ലാ . ഉണ്ടാകിയ ഭക്ഷണം ഒക്കെ അതു പോലിരിക്കുന്നു .. രവി കുടിച്ചു ബോധമില്ലാതെ ആ കാര്‍പെറ്റില്‍ കിടക്കുന്നു, മൊബൈല്‍ ഫോണ്‍ തഴെ കിടപ്പുണ്ട്. അവിടം ആകെ വാരി വലിച്ചിട്ടിരിക്കുന്നു .. ഉള്ളിലെയ്ക്ക് പോകാന്‍ പറ്റില്ലാ, ഇതിപ്പോ ഒരു പതിവായിരിക്കുന്നു രവിയ്ക്ക് ജോലിയില്ലാത്ത ദിവസം കാലത്തേ മുതല്‍ കുടി തുടങ്ങും , ഞാന്‍ വല്ലോം പറഞ്ഞാല്‍ പിന്നെ ചീത്ത വിളിയായി അടിയായി .ഞാന്‍ എന്തിനാ ഇങ്ങനെ ദേഹം നോവിക്കുന്നെ .കുറെ നാളായി ഞാന്‍ ഇപ്പൊ ഒന്നും പറയുന്നുമില്ല ആളുടെ ഇഷ്ടം പോലായ്ക്ക്ക്കൊട്ടെ , പക്ഷെ ചെറിയ കുട്ടികളല്ലെ അവര്‍‌ക്ക് ഭക്ഷണം പോലും കൊടുത്തിട്ടില്ലാ , മദ്യപിച്ചു നിലത്ത് വീണുറങ്ങുന്ന ഭര്‍ത്താവും! സംയമനം പാലിയ്ക്കാനാവില്ലാ മറുപുറത്താരാന്ന് പോലും ചോദിക്കാതെ..ശരിക്കും പൊട്ടിതെറിച്ചു ”...ഞാന്‍ എല്ലാം കേട്ടിരുന്നു

"ഞാനല്ലാതെ ഈ ലോകത്തില്‍ ആരും സഹിക്കില്ല ..നീ ഒന്ന് ഒര്‍‌ത്തു നോക്ക് എത്ര കാലമായി ഞാന്‍ സഹിക്കുന്നു ഇന്നു ശരിയാവും നാളെ ശരിയാവും എന്നുള്ള പ്രതീക്ഷ ഒക്കെ വിട്ടു ഇപ്പോ ഈ കുട്ടികളെ ഓര്‍ത്താ..." കനകം പറഞ്ഞു കൊണ്ടേ ഇരുന്നു..
സാറാ പറഞ്ഞു 'എല്ലാം ശരിയാവും നീ നോക്കിക്കോ ശരിയാവാതെ എവിടെ പോവാന്‍?'
"ഹും ആവും എന്റെ തല പോണം അപ്പോള്‍ ശരിയാവും,..."
"അതൊന്നും ഇല്ലാ" സാറാ തിരിഞ്ഞ് കാറില്‍ നിന്ന് കവര്‍ എടുത്തു കനകത്തിനെ ഏള്‍പ്പിച്ചു, "ഞാന്‍ വരാം അടുത്തു തന്നെ ഒരു ദിവസം . ചെല്ല് ചെന്ന് വല്ലതും കഴിക്ക് എന്നിട്ട് കുട്ടികള്‍ക്ക് ഒപ്പം ഇരിക്ക്. രവി ഉണരുമ്പോള്‍ സമാധാനമായി വരുംവരായ്കകള്‍ പറഞ്ഞു മനസ്സിലാക്കാം" ..ഞാന്‍ കനകത്തിന്റെ മുഖത്തേയ്ക്ക് നോക്കി ഓളങ്ങളില്ലാത്ത ജലാശയം പോലെ കണ്ണുകള്‍, വല്ലാത്ത നിശ്ചയ ദാഢ്യവും..ഒറ്റ നോട്ടത്തില്‍ ആരും ഇഷ്ടപെട്ടു പോകും ആ കുട്ടിയെ, യാത്രപറഞ്ഞ് ഞങ്ങള്‍ കാറില്‍ കയറി അവള്‍ കൈ വീശി ഞങ്ങള്‍ പോന്നു.

...... സാറാ യാനിയുടെ മ്യൂസിയ്ക്കിട്ടു സാറാ റ്റെന്‍‌ഷനിലാണെന്ന് മനസ്സിലായി ..........
ഒന്നും മിണ്ടാതെ ഞങ്ങള്‍ കുറേ ദൂരം പോയി ..അടുത്തു കണ്ട ഒരു റ്റിംഹോട്ടണില്‍ നിര്‍ത്തി ഓരോ കാപ്പിയും വാങ്ങി
ആ തിരക്കൊഴിഞ്ഞ ഹാളിലെ ഒരു കോണില്‍ വന്നിരുന്നു... മധുരമില്ലാത്ത കട്ടന്‍ കാപ്പി അവള്‍ കുടിച്ചു തുടങ്ങി...
ഞാന്‍ മുന്നില്‍ ഇരുന്ന പേപ്പര്‍ നാപ്‌കിന്‍ പലതരത്തില്‍ മടക്കിയും നിവര്‍ത്തും അതുവരെ കണ്ടതും കേട്ടതും
ഒരു ഫ്രെയ്മില്‍ ആക്കാന്‍ ഞാന്‍ ശ്രമിച്ചു.........

..പെട്ടന്ന് സാറാ പറഞ്ഞു തുടങ്ങി "ഞാ‍ന്‍ രവിയെ ആണ് ആദ്യം പരിചയപെട്ടത് എന്റെ തൊട്ടു സീനിയര്‍ ആയി കോളജില്‍ ഉണ്ടായിരുന്നു ഒരു സകലകലാവല്ലഭന്‍ ! തബലയും ഗിറ്റാറും പാട്ടും പ്രസംഗവും എന്നു വേണ്ടാ ഞങ്ങളുടെ കോളജിന്റെ ഹീറോ!‘ഒരു കം ഈസി ഗൊ ഈസി ഫെലൊ’ എല്ലാറ്റിനും മുന്നില്‍ ഉണ്ട്, ചിരിയും ബഹളവും ...."

"എന്റെ ജൂണിയര്‍, ഹോസ്റ്റലില്‍ എന്റെ റും മെയിറ്റായിരുന്നു ഗംഗാ ...
രവിക്ക് അവളോട് ഇഷ്ടവും,കുറെ നാള്‍ ഗംഗാ ഒന്നും പ്രതികരിച്ചില്ലാ, പിന്നെ വളരെ ഇഷ്ടത്തിലായി.. എന്നാലും വളരെ ലോ പ്രൊഫൈല്‍ വളരെ ഡീപ് ആയ ഒരു ബന്ധം ആയിരുന്നു.അതങ്ങനെ നീങ്ങി.. രവി പി ജി കഴിഞ്ഞു മുംബെയിലേയ്ക്ക് ജോലിയായി പോയി, ഗംഗ പഠിത്തം തുടര്‍ന്നു അവള്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ പെട്ടന്ന് ഒരു കല്യാണാലോചന വീട്ടുകാര്‍ ഉറപ്പിച്ചു ,ഗംഗയ്ക്ക് സമ്മതമില്ലായിരുന്നു ..പക്ഷേ ഗംഗ വിവാഹത്തിനു സമ്മതിച്ചില്ലങ്കില്‍ വിഷം കഴിച്ചു മരിക്കുമെന്ന് അവളുടെ അമ്മ പറഞ്ഞു വീട്ടില്‍ ഇളയ കുട്ടിയാണവള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു

അവള്‍ വീട്ടില്‍ നിന്ന് വന്ന് മൂന്നു ദിവസം ഒന്നും മിണ്ടാതെ- ഉറങ്ങാതെ- ഭക്ഷണം കഴിക്കാതെ -ഹോസ്റ്റല്‍ റൂമില്‍ അവള്‍ ഇരുന്ന ഇരുപ്പ്! ഞാന്‍ പലവട്ടം മുംബേയ്ക്ക് വിളിച്ചു ..അവസാനം രവിയുടെ സുഹൃത്തിനെ കിട്ടി.. ഒരു ബൈക്ക് ആക്‌സിടന്റില്‍ രവി ഹോസ്പിറ്റലില്‍ ആണെന്നറിഞ്ഞു അല്പം സീരിയസ്സ് ആണ്.ഇത്തരം ഒരു സംഗതി ഇപ്പൊള്‍ അവനെ അറിയിക്കാന്‍ പറ്റില്ലാ, അവന്‍ എന്നും ഗംഗയെ പറ്റി പറയുന്നതാണേ എനിയ്ക്കറിയാം.. ഒന്നും മിണ്ടാന്‍ വയ്യാത്ത അവസ്ഥയാണെന്നു പറഞ്ഞു . വിവരങ്ങളെല്ലാം ഞാന്‍ ഗംഗയെ അറിയിച്ചു.....

സാറാ പറഞ്ഞു കൊണ്ടേ ഇരുന്നു അവളുടെ മുഖത്ത് വല്ലത്ത പിരി മുറുക്കം.മധുരമില്ലാത്ത കാപ്പി അവള്‍ കുടിക്കുന്നത് റ്റെന്‍ഷന്‍ കൂടുമ്പോഴാ പറഞ്ഞു തീരാതെ എനിക്ക് ഒന്നും തിരിച്ചു ചോദിക്കാനും ഇല്ലാ ഇവിടെ ഇപ്പൊള്‍ ഒരു നല്ലാ കേള്‍വിക്കാരിയെ ആണാവശ്യം ..സാറാ തുടര്‍ന്നു... അന്നു വൈകിട്ട് ഗംഗ ബോധം കെട്ടു വീണു, അവളെ കൊണ്ടു ഹോസ്പിറ്റലില്‍ അഡ്‌മിറ്റാക്കി ഗംഗയുടെ വീട്ടില്‍ അറിയിച്ചു.. അമ്മയും മറ്റും വന്നു അവിടെ നിന്ന് അവളെ ഡിസ്‌ചാര്‍ജ് ആക്കി കൊണ്ടു പോയി. പിറ്റെ ആഴ്ച തന്നെ നിശ്ചയവും തുടര്‍ന്ന് വിവാഹവും ഗംഗാ ഭര്‍ത്താവിനോടിപ്പം ആസ്ട്രേലിയായില്‍ ............പിന്നെ അവളെ പറ്റി എനിയ്ക്ക് ഒരു വിവരവും ഇല്ല.
ഒരു മാസം കഴിഞ്ഞാ രവി അറിയുന്നതു തന്നെ. അവന്‍ അപ്പൊള്‍ തന്നെ നാട്ടില്‍ വന്നു .. എന്നെ കണാന്‍ വന്നിരുന്നു ഒന്നും ചോദിച്ചില്ലാ....
'ദൈവത്തിന്റെ ഓരോ കളികള്‍'! എന്നു പറഞ്ഞു...പിന്നെ അവന്‍ മുംബേയ്ക്ക് തിരികെ പോയില്ലാ..അതിനു ശേഷമാണവന്‍ മദ്യപിക്കാന്‍ തുടങ്ങിയത് പലപ്പൊഴും എന്നെ വന്നു കണ്ടിരുന്നു. സഹോദരന്മാരില്ലാത്ത എനിക്ക്
അവന്‍ സഹോദരനും സുഹൃത്തും ഒക്കെയായിരുന്നു.. പി. ജി ഫൈനല്‍ എക്‌സാം സ്റ്റഡി ലീവിനു ഒരു ദിവസം ഞാന്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ രവി , നന്നായി കുടിച്ചിട്ടുണ്ടെന്ന് പ്രത്യേകം പറയണ്ടല്ലൊ,ബൈക്ക് ഓടിച്ചാണ് വന്നത്, എന്നെ വിളിച്ചു കോളജ് ഗ്രൌണ്ടില്‍ അന്നു ഇരുട്ട് വീഴും വരെ ഇരുന്നു കുറെ പറഞ്ഞു ഒടുവില്‍ പറഞ്ഞു കഴിഞ്ഞ ദിവസം ഒന്നു പെണ്ണു കാണാന്‍ പോയി വീട്ടുകാരുടെ നിര്‍‌ബന്ധം ..എനിക്ക് ഒരു ഡിമാന്റും ഇല്ലാ, നല്ല കുട്ടി ,എന്നു വീട്ടുകാര്‍ തീരുമാനിച്ചു ..ഞാന്‍ ഈ വിവാഹത്തിനു സമ്മതിക്കണം എന്നു അമ്മാവന്മാരും ,അച്ഛനും ചേട്ടന്മാരും .....
ഇതാത്രേ എനിക്കു വിധിച്ചിരിക്കുന്നത്.ഞാന്‍ ആശിച്ചത് കിട്ടിയില്ലാ, അവള്‍ പോയി. എനിക്കു വേണ്ടി ഞാന്‍ വരുന്നവരെ അവള്‍ കാത്തില്ലാ. കൈയില്‍ മുഖം താങ്ങി പൊട്ടി പൊട്ടി അവന്‍ കരഞ്ഞു ..
"എന്റെ മനസ്സില്‍ നിന്ന് ഞാനെങ്ങനെ അവളെ ഒഴിവാക്കും നീ പറ"...
ഒന്നും പറയാനില്ലായിരുന്നു എനിക്ക് അല്ലെങ്കിലും എന്തു പറയും? ഗംഗ ഇരുന്ന ഇരുപ്പും അവളുടെ നിലയും ഞാന്‍ തന്നെയാണല്ലൊ കണ്ടത്!
"നീ പറ ഞാന്‍ എന്താ വേണ്ടത്?"രവിയുടെ ചോദ്യം
'ശരിയാ നീ വിവാഹം കഴിക്ക് ഇങ്ങനെ കഴിയണ്ടാ. രവി ഒന്നും പറഞ്ഞില്ലാ.യാത്ര പോലും പറയാതെ അവന്‍ ബൈക്ക് എടുത്ത് പോയി...
രണ്ടാഴ്ച കഴിഞ്ഞ് വിവാഹ ക്ഷണകത്തു കിട്ടി 'രവി വെഡ്‌സ് കനകം'.

......അതു ഏഴു വര്‍ഷം മുന്നേ.....

ഞാന്‍ പിജി കഴിഞ്ഞ് യു എസ്സിനും പിന്നെ നാലുവര്‍ഷത്തിനു ശേഷം ഇവിടെയും എത്തി... വളരെ യാദൃശ്ചികമായി ഞാന്‍ എത്തിയതോ കനകം ജോലിചെയ്യുന്ന അതേ ഓഫീസില് ‍അധികം ഇന്ത്യാക്കരില്ലാത്തതിനാല്‍ ഞങ്ങള്‍ വേഗം സുഹൃത്തുക്കളായി, അപ്പൊഴൊന്നും രവിയുടെ കനകം എന്ന് ഞാന്‍ അറിഞ്ഞേയില്ലാ.. .. ഒരു ദിവസം ഓഫീസ് കഴിഞ്ഞപ്പോള്‍ കനകം പറഞ്ഞു തുഷാര മോളുടെ പിറന്നാളാ, അവളുടെ ഒപ്പം ഷോപ്പിങ്ങിനും പിന്നെ ഹാള്‍ ഡെക്കറെറ്റ് ചെയ്യാനും അന്നു ചെല്ലണം എന്ന്. മറ്റു തിരക്ക് ഒന്നുമില്ലാ ഞാന്‍ പോയി അവിടെ വച്ചാ പിന്നെ രവിയെ കാണുന്നത് വിശ്വസിക്കാനായില്ലാ. ".... its a small world ..."എന്നും പറഞ്ഞ് ചിരിച്ചു,
അപ്പൊഴും അവന്‍ നന്നായി കുടിച്ചിരുന്നു.........


പിന്നെ മൂന്നര കൊല്ലത്തോളം ഞാന്‍ കനകത്തോടൊപ്പം ഒരേ ഓഫീസില്‍ ആയിരുന്നു ആറു മാസം മുന്നേ അവള്‍ വേറെ ജോലിയിലേയ്ക്ക് മാറി.....

തമാശയായിട്ടല്ല രവിയും ഗംഗയും വളരെ ഗാഢമായി പ്രണയിച്ചിരുന്നു എങ്കിലും സാധാരണ പ്രണയിതാക്കളെ പോലെ കോളജ് വരാന്തയിലോ ക്യാന്റീനിലോ തീയറ്ററിലോ ബീച്ചിലോ ഒന്നും അവര്‍ പൊയിരുന്നില്ലാ കത്തയച്ചിരുന്നില്ലാ, അഴ്ചയില്‍ ഒരിയ്ക്കല്‍ ഒരു ഫോണ്‍ അത് മണിക്കുറുകള്‍ രവി നിര്‍ത്താതെ സംസാരിക്കും ഒരു ചെറു പുഞ്ചിരിയുമായ് മൂളി മൂളി ഗംഗാ ഇരിക്കുന്നുണ്ടാവും ഇങ്ങേ തലയ്ക്കല്‍, അവളൂടെ മനസ്സിന്റെ മതിലില്‍ കരിങ്കലില്‍ കൊത്തി ശില്പം തീര്‍ക്കുകയായിരുന്നു അവന്‍ ..ഏതെങ്കിലും ദിവസം വിളിക്കും അങ്ങനെ കൃത്യ ദിവസം എന്നു ഒന്നും ഇല്ല. വളരെ ശാന്തമായി ഒഴുകുന്ന പുഴ പോലെ രവിയുടെ എല്ലാ വാക്കുകളും അവള്‍ വേദവാക്യം പോലെ എടുത്തിരുന്നു.ഒന്നിനെയും എതിര്‍ക്കാന്‍ അവള്‍ക്ക് ത്രാണിയില്ലന്ന് തോന്നിയിരുന്നു.. ................

കനകം അതേ അവള്‍ കനകം തന്നെയാ, സുന്ദരി കഴിവുള്ളവള് ‍അവളുടെ മിടുക്കാണ് ഇന്നീ കാണുന്നതൊക്കെ എല്ലാം നോക്കി നടത്താന്‍ കഴിവുണ്ട് രവിയുടെ കാര്യം പറഞ്ഞാല്‍ അവന്‍ സംസാരിക്കുമ്പോള്‍ ഇന്നും പഴയ ആളു തന്നെ മണിക്കൂറുകള്‍ പുതിയതും പഴയതും ആയ ഫ്രണ്ട്‌സിനോട് സംസാരിക്കും. ജോലി കഴിഞ്ഞാല്‍ സ്വന്തം വീടിന്റെ ഉള്ളില്‍ കുപ്പിയും അവനും,കനകത്തിനു ഇഷ്ടപെടത്തതും അതു തന്നെ എന്നാല്‍ മയത്തില്‍ പറയന്‍,അതവള്‍ക്കു അറിയില്ലാ...

"കനകം പറയും എന്നും രാവിലെ രവി ശാന്തനും സല്‍ സ്വഭാവിയും വളരെ നല്ലൊരു മനുഷ്യന്‍ സൂര്യന്‍ അസ്തമിച്ചാല്‍ പിന്നെ രക്ഷയില്ല..എന്തു ചെയ്യും? കനകത്തിനു ആറു ദിവസവും ജോലിയാണ്..രവിയ്ക്ക് അഞ്ചു ദിവസവും വാരാന്ത്യം മൊത്തം രവി മുങ്ങിത്താഴും എന്നാ കനകം പറയുനത്.. എന്നാലും ഗംഗയെ പറ്റി ഇന്നു വരെ ഒരക്ഷരം പറഞ്ഞിട്ടില്ലാ. എല്ലരോടും വലിയ സ്നേഹം കനകം അവനെ വല്ലതെ ചീത്ത പറയും....

ഇപ്പോള്‍ കണ്ടില്ലേ അതു പോലെ .. അവള്‍ക്ക് എല്ലാം അരിശം. അവനെ മനസീലാക്കുന്നില്ലാ. അതിന്റെ ഫലം. എവിടെ എന്താ പിശകിയത്?"

ആരോടെന്നില്ലാതെ ചോദിച്ചു കൊണ്ട് അവള്‍‌ ഒഴിഞ്ഞ കാപ്പി കപ്പ് തിരിച്ചു കൊണ്ടിരുന്നു...................




ചിത്രം ഗൂഗിള്‍

Friday, September 12, 2008

നിലാവുള്ള രാത്രിയില്‍ കൂട്ടിരിക്കാനൊരു നക്ഷത്രം!


മനപൂര്‍വം, തുറക്കില്ലെന്നു പറഞ്ഞു ചേര്‍ത്തടച്ചോരാ
ജാലകവാതിലില്‍ ഒട്ടിനിന്നൊരാ നുറുങ്ങുവെട്ടത്തെ
ആ നിലാവിനെ, സ്നേഹിച്ചു പോയ് ഞാന്‍‌
നിലാവേ നീയെവിടെ എന്നോടൊരു വാക്കും
മിണ്ടാതെ എങ്ങോട്ടേ നീ ഓടിയത്?
നിന്നെകാണാതെ നിന്റുറക്കു പാട്ട്‌ കേള്‍ക്കാതെ
ഇരവുകള്‍ എത്രയായ് ഞാനീ ജാലകത്തിനരുകില്‍
നാളെത്രയായാലും കാണാതിരുന്നാലും
നിലാവേ നീ വീണ്ടും ഒരു ചന്ദ്രക്കലയായ്
ദൂരെയാചക്രവാളത്തില്‍ കള്ളചിരിയോടെത്തി
രണ്ട് കൈകൊണ്ടും ചേർത്ത് പിടിച്ച്
മൂർധാവിൽ ഒരു ചുടുചുംബനം തന്നാലപ്പോളതിൽ
അലിഞ്ഞ് പോമല്ലൊ എന്‍പരിഭവം
ഇത്ര ദിവസവും നിന്നെ കാണുമ്പോള്‍
നിന്‍കാതില്‍ ചൊല്ലാന്‍ കാത്ത
പരിഭവം ഒരുമാത്ര കൊണ്ടലിഞ്ഞുവല്ലോ
കണ്ണ് നിറയുകയൊന്നും വേണ്ട കേട്ടോ..
ഇത്ര ദിവസം കാണാതിരുന്നിട്ടും
പ്രീയനിലാവേ നിന്നൊടെനിക്കിഷ്ടംകൂടിയിട്ടെയുള്ളു..
ഒരു തരിമ്പുംകുറഞ്ഞില്ല.
കുളിരൂറും വെളിച്ചവുമതില്‍ നിന്‍‌ ‍സാന്ത്വനമാം
ഈ നിലാവിന്‍‌ ‍പട്ടുപുതപ്പെന്നുമെനിക്കിളം കുളിരാകും..
സത്യം.!!


Google Image

Thursday, August 7, 2008

ഇനി എനിക്കു പറയാനുള്ളത്...

ഇനി എനിക്കു പറയാനുള്ളത്

ഒരുവനെ സ്നേഹിക്കണമെങ്കില്‍
മനസ്സിലാക്കണം.വിശ്വസിക്കണം.
അറിയണം. പഠിക്കണം.
അതിനു ശ്രമിക്കണം


പഠിക്കണമെങ്കിലറിയണം.,പഞ്ചേന്ദ്രിയങ്ങളാല്‍
കാണണം ,കേള്‍ക്കണം തൊടണം
മണക്കണം രുചിയ്ക്കണം അങ്ങനെ അറിയണം ...


നീ എന്നെങ്കിലും അടുത്തു വന്നാല്‍ ഞാനറിയില്ല,
എങ്കിലും, ഞാന്‍ കടന്നു പോകുകയാണെന്ന് നീയറിയണം ..
അപ്പോള്‍‌ വിളിച്ചാല്‍ കേള്‍ക്കില്ല ഞാന്‍‌, കാണു‍‌കയുമില്ല,

നിന്റെ മണം അറിയില്ലാ,
നിന്റെ കൈ, അതിന്‍‌ ചൂട്
അതിന്റെ മൃദുത്വം അതുമറിയില്ല,


ഒരിക്കല്‍ എന്റെ കൈ വെള്ളയില്‍
നിന്‍ വിരലിന്‍ മൃദുത്വത്താല്‍,
നിന്റെ കൈയുടെ ചൂടിനാല്‍
അത് നീയാണെന്ന് കോറീയിടൂ..

ഏതു കോമയിലാണേലുമതുഞാനറിയും
ഒരു പക്ഷേ വിരലുകള്‍ കൊണ്ടു
നിന്‍കൈവിരല്‍‌പിടിക്കാനുള്ള ശേഷിയുണ്ടാവില്ല..
എങ്കിലും ഞാനറിയും ....

ഞാനറിയും അത് നീയാണെന്ന്
ഞാനറിയും നിന്‍ സാമീപ്യം..

ഇപ്പോള്‍, ഞാന്‍ കടന്നു പോകുകയാണെന്ന് നീയറിയണം ..
അപ്പോള്‍‌ വിളിച്ചാല്‍ കേള്‍ക്കില്ല ഞാന്‍‌, കാണു‍‌കയുമില്ല,
ഇനി ഒരിക്കലും പറയാനായില്ലയെങ്കിലോ?

ചിത്രം കടപ്പാട് ഗുഗിള്‍

Monday, August 4, 2008

ദുര്‍ഗ്ഗ




അതങ്ങനെയാ ..............

ഏതു വേഷത്തില്‍

ഏതു ഭാവത്തില്‍

ഏതു ദേശത്തില്‍

ഏതു കാലത്തില്

‍ആയിരുന്നാലും

ക്ഷണികമായ

ഒരു നിമിഷം മാത്രം

മിന്നല്‍‌ പിണരായി

മിന്നി മറഞ്ഞാല്‍ ‌പോലും

സര്‍‌ഗചേതനകളെ

തൊട്ടുണര്‍‌ത്തുമ്പോലെ

തിരിച്ചറിയും! എന്നിട്ടോ

കൈവെള്ളയില്‍ ഒന്ന് നുള്ളി

ചോദിക്കും, നേരോ?? എന്ന്

അതവള്‍ തന്നെ അല്ലെ?

ആ ചോദ്യം, ഉത്തരം

അറിയുമ്പോഴും ഒന്നുകൂടി

ഒന്നുകൂ‍ടിയുറപ്പ് വരുത്തുക.



ആരാ ആരാ ഈ ദുര്‍ഗ്ഗ!!

കാളീഘട്ടിലെ ദുര്‍ഗ്ഗ??



Monday, July 28, 2008

തനിച്ചല്ലന്ന് അറിഞ്ഞു ഞാന്‍‌..

തനിച്ചാണെന്നറിഞ്ഞു ഞാന്‍‌
ചുറ്റും ശൂന്യതയുമേകാന്തയും
തണുപ്പും ഇരുട്ടുമായ് ഒറ്റപ്പെട്ടിരിയ്ക്കവേ
അപ്പോഴുള്ളിലുദിച്ചത് ഭയം തന്നായിരുന്നു
അറിയാത്തതിനോടുള്ള ഭയം ...
ആലില പൊലെ വിറക്കുന്നോരു
മനസ്സുമായി ഞാന്‍‌ നിലകൊണ്ട നേരം
ആ കൈ വന്നെന്‍‌ മനസ്സിനെ വാരിയെടുത്തു
ചൂടും വെളിച്ചവും ധൈര്യവുമുള്ള ആ കൈ ..
മുഖമില്ല എന്നാല്‍ സ്വരമുണ്ട്
ഏതേകാന്തതയിലും തിരിച്ചറിയാമാസ്വരം ..
"അടുത്തു അല്ലെ? വല്ലതെ അടുത്തു"
എന്ന് പറഞ്ഞ ആ സ്വരം
അതു മാത്രമെന്റെ ഉള്ളില്‍ മുഴങ്ങുന്നു.
ഞാനറിയാതെന്മിഴിനീര്‍ തുളുമ്പിയപ്പോഴാവിളി വന്നു.
സ്നേഹത്തിന്‍ഭാവം ഞാനറിയുകയാരുന്നു
ആയിരം കാതമകലെ നിന്നെത്തുമാസാമീപ്യം
ആ മനസ്സിന്‍‌ചുടില്‍ നിന്നുയരരുന്നോരു പ്രകാശം
വിവരിക്കനാവുന്നില്ലാ ആ അനുഭവം
മനസ്സിനുള്ളിലേക്ക് മാത്രമായൊരു സന്ദേശംതരുക
മനസ്സില്‍ നിന്ന് യഥാര്‍‌ത്ഥമായ സ്നേഹത്തിന്‍‌
സ്വരത്തില്‍‌ വെളിച്ചവും ചൂടും ചുറ്റും പരക്കുക
ഒന്നും പറയാതൊരു ഭാവവും പ്രകടിപ്പിക്കാതെ
ഒന്നു തോടാതരുകില്‍ തൊട്ടരുകില്‍‌
മനസ്സിലെ വിങ്ങലതു പറയാതറിയുക
അറിയുമ്പോളദൃശ്യമാം കൈ നീട്ടി
ഹൃദയത്തെ മനസ്സിനേ അതോ ബോധത്തെയൊ
പിടിച്ചുണര്‍‌ത്തി, അതേ ഉണര്‍‌‌ത്തി 'ജീവന്‍' ....
ജീവനിലാ തൊട്ടുണര്‍‌വ് തന്നത്
മനസ്സിനു തന്നെയാണ് ജീവന്‍ പകര്‍‌ന്നത് ..
ആ നീണ്ടു വന്ന കൈ മരണത്തില്‍ നിന്നെന്നെ
വീണ്ടും ജീവിതത്തില്‍ക്കൊണ്ടു നിര്‍‌ത്തി
മെല്ലെ ദൃഢമയി ആ സന്ദേശം തന്നു
"ഇല്ലാ ഞാന്‍‌ പോവില്ലാ
പാതി വഴിയില്‍ ഇട്ടിട്ട് പോവില്ല",
എനിക്കൊന്നും തിരികെ പറയാനില്ല.
വാക്കുകളില്ല.നന്ദിയതെന്നേ അര്‍‌ത്ഥമില്ലാവാക്കായി .....
മുഴങ്ങുന്നു ഏതു നേരവുമീവാക്കുകള്‍
അവയില്‍ നിന്നു ഉയരുന്ന ആ ശക്തി
മുന്നൊട്ട് ഇനിഎനിക്ക് ഒന്നും വേണ്ടാ ഒന്നും !
ഞാന്‍ വീണ്ടുമൊന്നോര്‍‌ക്കാന്‍ ശ്രമിക്കവേ,
തനിച്ചല്ലന്ന് അറിഞ്ഞു ഞാന്‍‌..

Thursday, June 26, 2008

നീര്‍ച്ചാലുകള്‍..............


"എതോ ഭ്രമണ പഥത്തില് നിന്ന്
തെന്നിയെത്തിയ നക്ഷത്രം ദൂരെ"......................
അവള്‍‌

ഭൂമി അതു തിരിച്ചറിഞ്ഞു ,

ആ സുവര്‍‌ണ താരത്തിന്റെ കണ്ണുകളില്‍‌

തനിക്ക് പണ്ട് എങ്ങോ നഷ്ട്ടപ്പെട്ട സ്വപ്നങ്ങളുടെ തിളക്കം .

ഒരു നിമിഷം അവളെല്ലാം മറന്നു .

സകല ചരാചരങ്ങളെയും തന്റെ ആത്മാവിലേക്ക്

ആകര്‍‌ഷിക്കാനുള്ള ശക്തി നിലച്ചു പോയി !

ഭൂമിയില് പുഴ തിരിച്ച് ഒഴുകാന്‍ തുടങ്ങി.

ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍‌ കാണാം,

അത് നാല് അരുവികള്‍‌ ചേര്‍‌ന്നൊഴുകിയ പുഴയാണ് .

ചെര്‍‌ന്നൊഴുകിയിരുന്ന രണ്ട് നീര്‍‌ച്ചാലുകളില്‍‌

നിന്ന് ഉത്ഭവിച്ച, രണ്ടു കുഞ്ഞരുവികള്‍‌ .

അവ കൈവരികളായ് പിരിഞ്ഞു പല ദേശങ്ങള്‍‌

താണ്ടി കാലഭേദങ്ങളിലൂടെ ഒഴുകാന്‍‌ വെമ്പുന്നു . .

പിന്തിരിഞ്ഞു നോക്കിയപ്പോള്‍‌ , താനൊഴികെ ,

ചേര്‍‌ന്നൊഴുകിയിരുന്ന പുഴ മുന്നോട്ട് തന്നെ
എന്ന തിരിച്ചറിവുണ്ടായി …...

ഭൂതകാലത്തിലേക്കൊഴുകി, കൈലാസത്തിലേക്ക്,

വീണ്ടും

ഒരു പുതിയൊരു അരുവിയായ് ഉത്ഭവിക്കാന്‍" …

ഇനിയും ഒഴുകാനായി........... ?

ദൂരെ മാറിയൊഴുകുന്ന ഒരു നീര്‍‌ച്ചാലിനെ
ലക്ഷ്യമായ് ഒഴുകാന്‍ ഒന്നിയ്ക്കാന്‍‌.....

"കഴിയുമോ?" അവള്‍ ചൊദിച്ചു ..

"കഴിയണം അല്ലെ? ഇനി ഒരിക്കല്‍ കൂടി
നീ ഇല്ലാത്ത യാത്ര വയ്യ."

"ഞാനുണ്ടാവും" വല്ലാത്ത ദൃഢത
അവളുടെ വാക്കുകള്‍ക്ക് അനുഭവപ്പെട്ടു.

അന്ന് ചുവപ്പിന്റെ പ്രത്യയശാസ്ത്രോം
പറഞ്ഞ് നടന്നപ്പൊള്‍

കൂട്ട് കിട്ടിയത് സഹിത്യത്തിനൊട് ഉള്ള
അഭിനിവേശം ആയിരുന്നു.

കയ്യില്‍ കിട്ടിയതും കണ്ണില്‍ കണ്ടതും
വായിച്ചു തള്ളി നടന്നപ്പൊള്‍

കഥാപാത്രങ്ങളില്‍ നിന്ന് ഇറങ്ങി വന്ന്

ലൈബ്രറിയിലെ ഇടനാഴികളില്‍ ചുറ്റികറങ്ങാറുള്ള

വിടര്‍ന്ന കണ്ണുള്ള പെണ്‍കുട്ടി മന‍സ്സില്‍ കടന്നിരുന്നു.............

എത്ര പെട്ടന്നാ ഓരോ തിരിവുകള്‍..

മനസ്സ് ഒരു പിടികിട്ടാത്ത ഒരു പ്രഹേളിക ആണല്ലേ?

എങ്ങനെയായിരുന്നു തുടക്കം ഒന്നും ഓര്‍ക്കുന്നില്ലാ

അങ്ങിനെ ആയിരുന്നു യുഗങ്ങളായിട്ട്
എന്ന് ഒരു തോന്നലായിരുന്നു ......

നിന്നെ ഒരു കുഞ്ഞരുവിയാക്കി .........
അതിലൂടെ നീന്തി തുടിക്കാന്‍ മോഹം..
നിന്നെ ഓര്‍മ്മിക്കുമ്പോള്‍‌ ‍വരുന്ന ചിത്രം

നിന്റെ സൌന്ദര്യവും കാമനയും നിറഞ്ഞു തുളുമ്പുന്നതാണ്.

ഈ ഉന്മാദമായ രാവുകളിള്‍ നിന്നു
പകലിന്റെ യാഥാര്‍‌ത്യത്തിലേക്ക് വരൂ,
നിനക്ക് തരാന്‍ എന്റെ ചുണ്ടില്‍ ഒരായിരം ചുംബനങ്ങള്‍
ശലഭങ്ങലായ് പറക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു ..........................
എന്തും പറയാനും അതുള്‍കൊള്ളൂവാന്‍ അവള്‍ക്കും
സാധിക്കുന്ന ഒരു തലത്തില്‍ എത്തി ദൃഢമായ്
ഒരു ബന്ധം ആയി വളരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍
ഒത്തിരി ദൂരം മനസ്സുകള്‍ ഒന്നിച്ചു സഞ്ചരിച്ചിരുന്നു.

എന്നിട്ട് എല്ലാം അവസാനിപ്പിച്ച്

പാലായനം ചെയ്യണ്ടി വന്നു ഭീരുവിനെ പോലെ..

മറക്കാന്‍ ശ്രമിക്കും തോറും കൂടുതല്‍ തെളിവോടെ ....

ഇനി വയ്യാ നിന്നിലേക്ക് ഞാന്‍ ഒഴുകുന്നു...........

ഒരു പുതു നദിയാവാന്‍


അകലെ ആഴിയുടെ അലര്‍ച്ച കേട്ടില്ലെന്ന് നടിച്ച് .............. ..?.


അകലെ ആഴിയുടെ അലര്‍ച്ച കേട്ടില്ലെന്ന് നടിച്ച് .............. !!


Saturday, May 31, 2008

ഒരു തോരാമഴയില്‍...

മഴ

മഴനനഞ്ഞ്, നനഞ്ഞ് ഒലിച്ച് വരുന്ന ഓര്‍‌മ്മകള്‍
ഓര്‍മ്മ വച്ചനാള്‍ മുതല്‍ മഴ നനയുന്നത് ഹരമാണ്

ഒന്നും പറ്റിയില്ലങ്കില്‍ നെടും പുരയില്‍ നിന്ന്
അടുക്കള പുരയിലേക്ക് ഓടുക

നനയാന്‍ പാകത്തിന്‍ വെള്ളം കിട്ടിയില്ലങ്കില്‍
വെള്ളം വീഴുന്ന ഓടിന്റെ താഴേകൂടി ഓടുക...

അങ്ങനെ നനഞ്ഞ് നനഞ്ഞ്
ബാല്യത്തില്‍ നിന്ന് കൌമാരത്തില്‍ എത്തി

വീണ്ടും നനഞ്ഞു... വീണ്ടും നനഞ്ഞപ്പോള്‍ കണ്ടത്
നനഞ്ഞ സ്വപനങ്ങള്‍...കണ്ണിരിന്റെ നനവുള്ള ....

കണ്ണീരിന്റെ നനവാണെന്നറിഞ്ഞത്,
ഒലിച്ചിറങ്ങിയ മഴത്തുള്ളികള്‍ക്ക്

ഉപ്പുരസമുണ്ടെന്നറിഞ്ഞപ്പോഴാണ്.........
വീണ്ടും ചക്രവളങ്ങളില്‍ മഴയുടെ ഇടിമുഴക്കം

കുട

ചുറ്റും നൂല്‍ മഴ ! മഴ നനയണ്ടേ?..
മഴ നനയുവാനാണെനിക്കിഷ്ടം....

ഒരു കുടയുണ്ടായിരുന്നെങ്കില്‍
ഉണ്ടായിരുന്നെങ്കില്‍...

അതും പിടിച്ചു നനയാമായിരുന്നു
അതൊരു രസമല്ലെ ഒരു കുട പിടിച്ച്

ഉം... അതെ അതെ
നനയാതിരിക്കാന്‍ ചേര്‍ന്നു നില്‍ക്കും

പക്ഷേ അങ്ങോളം നനയും
ഇടക്ക് കുടക്ക് വേണ്ടി തല്ലുകൂടും

കുട ചായിച്ചു പിടിക്കും
അപ്പോള്‍ രണ്ടാളും നനയും.


മരം

നനഞ്ഞ് ഓടിവന്ന്
മഴയത്ത് മരച്ചുവട്ടില്‍

നില്‍ക്കുവാന്‍ സാ‍ധിക്കുക
ഒരു വലിയ ഭാഗ്യം തന്നെ !
ജീവിതത്തില്‍ ആ വിധം
ഒരു വന്‍മരത്തിന്റെ

തണല്‍ അനുഭവിക്കുന്നത്
ജീവിതത്തിലെ പുണ്യവും !

Saturday, May 3, 2008

ചിത



വികാരങ്ങളെ വിവേകമെന്ന ചന്ദനമുട്ടി
കൊണ്ടുമൂടി മനസ്സിനെയൊരു ചുടുകാടാക്കി
അവിടെ ചിത ഒരുക്കി ഓര്‍മ്മകളെ തല്ലി കൊന്ന്,
അതില്‍ കത്തിക്കുകയാണ്.

ഓര്‍മ്മകളും സൌഹൃദങ്ങളും
വലിയ സമ്പാദ്യം എന്ന് കരുതി
മനസ്സിന്റെ മാണിക്യകൊട്ടരത്തില്‍
കൂട്ടിവച്ചു, കാത്തുവച്ചു, കാവലില്ല, പൂട്ടില്ല.
അഗ്നി കത്തി കയറുകയാണ്

ഓര്‍മകളെ ചാമ്പലാക്കാനൊരുങ്ങുകയാണ്
നിശ്വാസങ്ങള്‍,നെടുവീര്‍പ്പുകള്‍, ഗദ്‌ഗദങ്ങള്‍
പൊട്ടിച്ചിരികള്,‍ കരച്ചിലുകള്‍, തലോടലുകള്‍,
ശാസനകള്‍ ,കുത്തുവാക്കുകള്‍, അങ്ങനെ എല്ലാം

ഇന്ന് അവയ്ക്ക് തീ കൊളുത്തുമ്പോള്‍
പൊള്ളുന്നു നോവുന്നു വേവുന്നു എന്നാലും ,
കല്ലും മുരടും വേര്‍തിരിച്ചു വരുമ്പോള്‍
എല്ലാം കത്തിച്ചു അഗ്നി ശുദ്ധി വരുത്തി

ഞാന്‍ കാത്തു നില്‍ക്കൂം വീണ്ടും ഒറ്റക്കാവുകയാണ്
അല്ല ഒറ്റക്കാക്കപെടുകയാണ്, അതിജീവിക്കാന്‍ ആവുമോ ?
ഈ കൊടും ശൈത്യത്തെയും ഈ തീച്ചൂളയുടെ ചൂടിനെയും
ഒരു പട്ട് പുതപ്പ് കൊണ്ട് പൊതിഞ്ഞു സംരക്ഷിക്കാനാവുമോ?
അറിയില്ല ഒന്നും അറിയില്ല..എന്നിട്ടും ആശിക്കുന്നു
ഒരു പട്ട് പുതപ്പിന്റെ ചൂടിനായ് ചൂരിനായ് .....



Sunday, April 20, 2008

കണ്ണികള്‍....

പ്രീയപ്പെട്ട സജിനി,

ഇന്നു നിനക്കെഴുതാതെ വയ്യ, നാളേറെയായി നിനക്കായിട്ടു ഒരു വാക്ക് കുറിച്ചിട്ട്. സജിത്തും അമ്മുവും പിരിയുന്നു........! അമ്മുവാണ് വിളിച്ചറിയിച്ചത്, നിന്നോടും ലീനയോടും അറിയിക്കാന്‍ പറഞ്ഞു.
യാത്രക്കിടയില്‍ എവിടെയൊ ഇണങ്ങാത്ത കണ്ണികള്‍ അകന്നതാവാം,എന്തു കൊണ്ടാണെന്ന് വ്യക്തമായ
ഒരൂ രൂപവും ഇല്ലെന്നാണ് പറഞ്ഞത്. അവള്‍ ഇപ്പൊള്‍ ഷീലയുടെ വീട്ടിലുണ്ട്, വേറെ ഫ്ലാറ്റ് നോക്കുന്നുണ്ടത്രേ,
കുട്ടികള്‍ ഇപ്പോള്‍ സജിത്തിനോടൊപ്പമാണ്. കാര്യങ്ങളുടെ ഗതിയറിയാതെ ഞാന്‍ എന്താണ് അവളോട്‌ പറയുക.

ഞാന്‍ വെറുതേ ഇരുന്ന് നമ്മുടെ കോളേജ് ദിനങ്ങള്‍ ഓര്‍മ്മിച്ചു, യൂത്ത് ഫെസ്റ്റിവലിന് പാട്ട് നന്നായി എന്നു പറയാന്‍ സജിത്ത് വന്നതും പിന്നെ എപ്പോഴൊ ഇഷ്ടം എന്നു അറിയിച്ചപ്പോള്‍ അമ്മു എന്തു ചെയ്യണമെന്ന് അറിയാതെ ഹോസ്റ്റലില്‍ വന്നിരുന്ന് കരഞ്ഞതും നമ്മള്‍ രണ്ടും കൂടി സജിത്തിനെ നേരിട്ടതും അമ്മുവില്ലാതെ ജീവിച്ചിരിക്കില്ലാ എന്ന് സജിത്ത് പറഞ്ഞതില്‍ നേരുണ്ട് എന്നു തോന്നി ഞാനും നീയും അവന് വേണ്ടി വക്കാലത്ത് പറഞ്ഞതും...


ഇന്നിപ്പോള്‍ എന്താടി ചെയ്യുക? ഞാന്‍ സജിത്തിനോട് സംസാരിച്ചില്ലാ, അമ്മു ഒന്നും പറയുന്നില്ലാ, ഷീല ചോദിച്ചപ്പോള്‍ "നിനക്ക് ഞാന് ജീവിച്ചിരിക്കുന്നതു കാണണോ അതോ ഞാന്‍ തിരിച്ചു തിരിച്ചു പോണോ?"
എന്നാ അമ്മു പറഞ്ഞത് ..കുടുംബം എന്നതു വീണുടയാതിരിക്കട്ടെ, എന്നാ ഞാന്‍ കരുതുന്നേ ആ കുട്ടികളുടെ ഭാഗത്തു നിന്നു ചിന്തിക്കാന്‍ ഞാന്‍ പറഞ്ഞു "അതു കൊണ്ടാ ഇത്ര നാളും തള്ളിയേ എന്നാ മറുപടി."

സജിനി എന്നും എല്ലാത്തിനും പോം വഴി കാണാന്‍ മിടുക്കിയല്ലേ ഒന്നു പറയൂ ഞാന്‍ ഇപ്പോള്‍ എന്താ അമ്മുവിനോട് പറയുക ?


ഞാന്‍ ഓര്‍ക്കുകയായിരുന്നു എന്തോരു ആഘോഷമായിരുന്നു അവരുടെ പ്രണയകാലം...

അതും ആരേയും അറിയിക്കാതെ കോലാഹലം ഉണ്ടാകാതെ ഹോസ്റ്റലില്‍ നമ്മള്‍ കുറച്ചുപേര്‍ മാത്രം അറിഞ്ഞ്
മൂന്ന് വര്‍ഷം കൊണ്ടു പോയതും കെമിസ്ട്രി ലാബിന്റെ ഇടനാഴിയിലും ഫ്രഞ്ച് ഡിപ്പാറ്ട്ട്മെന്റി മുന്നിലുള്ള കോവണി ചുവട്ടിലും അവര്‍ സംസാരിക്കുമ്പോള്‍ കാവല്‍ നിന്നതും............

ഞാന്‍ മാത്രമേ ഇതൊക്കെ ഓര്‍ക്കുന്നുള്ളോ നല്ല ദിവസങ്ങള്‍ എന്താ എല്ലാവരും മറവിയുടെ മടിത്തട്ടിലേക്ക് എറിയുന്നത് ? ഇഷ്ടമില്ലാത്തവയെന്തിനാ ഇങ്ങനെ അക്കം ഇട്ട് ഓര്‍ക്കുന്നത്? നീ വേഗം മറുപടി അയക്കു. എനിക്ക് എന്നിട്ട് വേണം സജിത്തിനോട് എന്തു പറയണം എന്നു തീരുമാനിക്കാന്‍
ഒരു ഞെട്ടലോടെയാണു ഞാന്‍ ഈ ന്യൂസ് കേട്ടത് , എല്ലവരുടെയും 'ഐഡിയല്‍ കപ്പിള്‍'.......
എന്താടി ഇങ്ങനെ വന്നത് ...?
അവര്‍ക്ക് അങ്ങനെ പിരിയാന്‍ ആവുമൊ?
ഇപ്പൊള്‍ ഒരു ആറ് മാസം ആയിക്കാണും, സജിത്ത് തനിയെ ആണ് വന്നത്,ഇവിടെ ഒരു ദിവസം തങ്ങിയിട്ടാണു പോയത്, അന്ന് എന്തെങ്കിലും പ്രശനം അവര്‍ തമ്മില്‍ ഉള്ളതായി സൂചിപ്പിച്ചിരുന്നില്ല, അന്ന് പഴേകഥകളും എല്ലാവരുടെയും കുശലങ്ങളും പറഞ്ഞിരുന്നു.സജിത്തിന്റെ പ്രകൃതത്തിന്‍ ഒരു മാറ്റവും ഇല്ല. ആ സോഫ്റ്റ് സ്പോക്കണ്‍ ലിവിങ്ങ് ....

ഞാന്‍ സജിത്തിനെ ഒന്നു വിളിച്ചു സംസാരിക്കാന്‍ പോണു അവന്റെ ഭാഗം കൂടി ഒന്ന് അറിയണമല്ലോ.
അമ്മുവിനെ സ്കൂള്‍‌ മുതല്‍ നമ്മള്‍ അറിയുന്നതല്ലെ?അവളും എടുത്തടിച്ച് ഒരു തീരുമാനം എടുക്കുന്ന റ്റൈപ്പ് അല്ല, പിന്നെ അവിടത്തെ കൂട്ടുകെട്ടുകള്‍‍ ചുറ്റുപാടുകള്‍ എങ്ങനാ എന്താ ഒന്നും എനിക്കറിയില്ലല്ലൊ. ഒന്നുണ്ട് അവള്‍ വളരെ ‘ഈസ്ലി ഇന്‍ഫ്ലുവന്‍സ്ഡ്’ ആണ്‍. ആരും പറയുന്നത് അതുപോലെ അങ്ങു വിഴുങ്ങും. സ്വന്തം നിലയില്‍ ഒന്ന് വിശകലനം ചെയ്യില്ലാ, ഇവിടെ ഇരുന്ന് ഞാന്‍ വല്ലതും പറയുന്നതില്‍ കാര്യമില്ല അതു കൊണ്ടാ നീ തന്നെ ഒന്നു വിളിക്കാന്‍ പറയുന്നത്...
ആ ചെറിയ കുട്ടികള്‍ അച്ഛന്റെയും അമ്മയുടെയും ഗൈഡന്‍സ് വേണ്ട നേരം.............
‍ ‍
**********************************************
പിന്നെ മറ്റൊരു ട്രാജഡി ഇര്‍‌റിവേഴ്സിബിള്‍ എന്ന് പറയാം നീ ഓര്‍ക്കുന്നോ എന്ന് അറിയില്ലാ ജൂലിയ നമ്മുടെ ജസ്റ്റ് ജൂണിയര്‍ ആയിരുന്നു ....
ഹോസ്റ്റലില്‍ ഉണ്ടായിരുന്നു, നല്ല വെളുത്തു നീണ്ട് മെലിഞ്ഞ കുട്ടി മുട്ടറ്റം മുടിയും വിടര്‍ന്ന കണ്ണുകളും ആരും ഒന്നു നോക്കി നിന്നു പൊകും...നീ പോയി കഴിഞ്ഞ് വൈ ഡബ്ലു സി എ യില്‍ എന്റെ പിജിക്ക് അവളാരുന്നു റും മേറ്റ്,
കാണുന്നപോലെ തന്നെ ആയിരുന്നു അവളുടെ പെരുമാറ്റവും. അന്ന് ഒന്നും ഞാന്‍ അറിഞ്ഞില്ലാ, ഒരു എഞ്ചിനിയറിങ്ങ് സ്റ്റുടന്റും ആയി അവള്‍ ഇഷ്ടത്തില്‍ ആണെന്നു അതു വളരെ പ്രശ്നം പിടിച്ച കേസ്സ് ആയി. അവന്‍"നഹാസ്" നല്ല പൈസാക്കാരനാ, കാണാന്‍ യോഗ്യന്‍, ജൂലിയുടെ വീട്ടുകാരാണെങ്കില്‍ തികച്ചും യാഥാസ്ഥിതികരും, വന്ന കല്യാണത്തിനു ഒന്നും അവള്‍ സമ്മതിച്ചില്ലാ എന്നിട്ട് അവളുടെ പപ്പ കുവൈറ്റില്‍ നിന്ന് എത്തി. ഒരു ബന്ധം ഉറപ്പിക്കും എന്നായി അപ്പോള്‍ അവള്‍ ഓടി എന്റെ അടുത്ത് വന്നു,ഞാന്‍ മോനെ പ്രസവിച്ച സമയം,അപ്പൊഴാ ഈ കഥ എല്ലാം പറയുന്നേ, ഞാന്‍ പോലും ഒന്നും അറിഞ്ഞിരുന്നില്ല. നഹാസ് ലണ്ട്നിലാണ് അവള്‍ വിവരം വിളിച്ചു പറഞ്ഞതനുസരിച്ച് അവന്‍ വന്നു തിരുവന്തപുരത്തുള്ള അവന്റെ സ്വാധീനം ഉപയോഗിച്ചു റെജിസ്ട്രര്‍‌ മാരിയേജ് നടത്തി.

പപ്പ ഒരു വല്ലത്ത അവസ്ഥയില്‍, പുള്ളിക്കാരന്‍ അവരുടെ കൂട്ടക്കാരോടും ഫ്രണ്ട്സിനൊടും ഒക്കെ 'സ്വപ്നം' പോലത്തെ കല്യാണം നടത്തും എന്ന് ഒക്കെ പറഞ്ഞിരുന്നതാണത്രേ! പക്ഷെ ആ നല്ല മനുഷ്യന്‍ എല്ലാവരേയും ക്ഷണിച്ചു റിസപ്‌ഷന്‍ നടത്തി . ഞാനും പോയിരുന്നു.നഹാസിനെ കണ്ടാല്‍ ആരും ജൂലിയെ കുറ്റം പറയില്ലാ അത്രക്ക് സുന്ദരന്‍,റിസപ്ഷനും വളരെ പുതുമയോടെ, കനകകുന്നു കൊട്ടാരത്തില്‍ വച്ച്, രാഷ്ട്രീയ സിനിമാ ബിസിനസ്സ് ഫീല്‍ഡുകാര് എല്ലാം ഉണ്ടായിരുന്നു. നല്ല ഗംഭീരമായിരുന്നു എന്നു പറയാം.അവര്‍ പിന്നെ ലണ്ടനിലേക്ക് പറന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു വിവരവും ഇല്ലായിരുന്നു രണ്ടു പേരും ഉപരിപഠനം അവിടെ നടത്തി നഹാസിന് നല്ല ജോലിയും ആയി.........................

കഴിഞ്ഞ ആഴ്ച ഞാന്‍ ബാലേട്ടനെ യാത്രയാക്കാന്‍ നെടുമ്പാശ്ശേരിയില്‍ പോയി അവിടെ നില്‍ക്കുമ്പോള്‍ ദേ എന്റെ മുന്നില്‍ ജൂലി.....കണ്ടാല്‍ ഒരു മാറ്റവും ഇല്ലാ‍ പക്ഷേ ആ കണ്ണിന്റെ തിളക്കം നഷ്ടപ്പെട്ടപോലെ..ഓടിവന്ന് എന്നെ കെട്ടിപിടിച്ചു, അവള്‍ മടങ്ങി പോകുകയാണ്‍ ഫ്ലൈറ്റ് ഡിലേ ആണു പിന്നെ കാപ്പി കുടിക്കാന്‍ അവള്‍ എന്നെ വിളിച്ചു ....
"വിശേഷം ഒക്കെ പറ നഹാസ് എന്തു പറയുന്നു ." വളരെ ഉത്സാഹത്തില്‍ ഞാന്‍ ചോദിച്ചു.

‘നാലു മാസം മുന്‍പേ ഒരു റോഡപകടം നഹാ‍സ് പോയി’......
കുട്ടികള്‍ ഒന്നും ഇല്ല അവള്‍ ഒറ്റക്ക്, ഞാന്‍ മിഴിച്ചിരുന്നു പ്രണയക്കടല്‍ ഇരമ്പി മറിഞ്ഞ
ആ കണ്ണുകള്‍ ഉണങ്ങി വരണ്ടിരിക്കുന്നു നിര്‍ജീവമായി ആ കണ്ണുകള്‍ പണ്ട് കഥ പറയുന്ന കണ്ണുകള്‍ എന്ന് എല്ലാവരും വിശേഷിപ്പിച്ച വര്‍ണ്ണിച്ച അവളുടെ കണ്ണിലേക്ക്
നോക്കിയപ്പോള്‍ ഞാന്‍ വിധിയൊട് അതോ ദൈവത്തിനോടൊ ചോദിച്ചു
"ഈ കടും കൈ വേണമായിരുന്നൊ?".............

ഒന്നിച്ചു ജീവിക്കാന്‍ ആശിക്കുന്ന ഇണക്കിളികളില്‍ ഒന്നിനെ നിഷ്കരുണം എയ്തു വീഴ്ത്തി........
ഇവിടെ ഈ ഭൂമിയില്‍ തങ്ങാന്‍ വിട്ടവരോ ഇതാ പിരിഞ്ഞു പോകുന്നു ......


എന്നു സ്നേഹപൂര്‍വ്വം
സ്വന്തം മാളുട്ടി


Tuesday, April 1, 2008

ഒരു വലിയ കടം.



ഒരു വലിയ കടം.
മരണം കടം തന്ന ജീവിതം,
കടം തിരിച്ചടക്കാറാവുന്നു.
പലിശ അടച്ചു തുടങ്ങി.
ആദ്യം അതെന്റെ പാല്‍ പല്ലുകളായി‍‌ഗഡുക്കളായി അടച്ചു,
ശൈശവവും, ബാല്യവും, കൌമാരവും.
പിന്നെ നരയും ജരയും.
മുടക്കം വന്നപ്പോള്‍‌ ജപ്തി തുടങ്ങി
കേള്‍വിയായും, കാഴ്ചയായും.
ഞാന്‍ നിസ്സഹായ ആയി നില്‍ക്കെ
കടം എന്ന പേരില്‍ നിഷ്കരുണം നിര്‍ദയമായി മരണദേവന്‍ പലിശ ഈടാക്കുന്നു.

മുതല്‍ എനിക്ക് തിരികെകൊടുക്കാനാവില്ല എന്ന തിരിച്ചറിവ് ,
ഇനി എന്താ ബാക്കി
എന്റെ ഓര്‍മ്മകള്‍, എന്റെ സ്വപനങ്ങള്‍
എന്തൊക്കെയാവൂം ജപ്തി ചെയ്യുക?
എന്റെ ചലനം, സംസാര ശേഷി എന്നിട്ടും
ഓരൊ തവണയും പലിശ മാത്രം കൈപറ്റി
തീരാക്കടം ബാക്കിയാക്കി

അവസാന മുതല്‍ ആയി എന്റെ ജീവന്‍
മരണ ദേവന്‍ പിടിച്ചെടുത്ത്
കടം തീര്‍ക്കാന്‍ ഇനി ഏതാനും നാള്‍ ബാക്കി

Monday, February 25, 2008

'എന്റെ നിഴല്‍' ..




സത്യത്തില്‍ എന്റെ നിഴല് ............
എവിടെ വീഴണം എന്നു എനിക്കു
തീരുമാനിക്കാന്‍ ആവാത്ത എന്റെ നിഴല്‍
എന്റെ നിയന്ത്രണത്തില്‍ അല്ലാത്ത എന്റെ 'നിഴലിനെ
എങ്ങനെ എനിക്ക് ഇല്ലാതാക്കാന്‍ സാധിക്കും ?
നിഴല് പോലും വീഴാതെ ജീവിക്കാന്‍ ശ്രമിക്കണം ,
കാരണം നിഴലിനെ പോലും വെറുക്കുന്നവര്‍ ആണ് ചുറ്റും
ഞാന്‍ ചെയ്താ തെറ്റ് എന്താണ് ?
മറ്റുള്ളവരെ സ്നെഹിച്ചതൊ?
അവരെ വിശ്വസിച്ചതൊ?
സഹായിച്ചതല്ലാതെ ആരേയും ഞാന്‍ ഉപദ്രവിച്ചില്ലാല്ലോ
എന്നിട്ടും എന്റേ നിഴല്‍ പോലും അപശകുനമൊ?
ഞാന്‍ വഴി മാറിപോയാലും
'എന്റെ നിഴല്‍' ..
എന്റെ നിയന്ത്രണത്തില്‍ അല്ലാത്ത എന്റെ നിഴല്‍
എന്നാലും എന്റെ നിഴല്‍ അതെവിടെ പതിച്ചാലും
അതിന്റെ ഉത്തരവാദിത്വം എനിക്ക്
ഇതൊരു നിഴല്‍ യുദ്ധം ..
വെട്ടുകൊള്ളാത്ത വെടികൊള്ളാത്താ
തീപിടിക്കാത്ത നിഴലിനോടുള്ള യുദ്ധം
യുദ്ധത്തിന്റെ അവസാനം ജയത്തിന്റെയോ
പരാജയത്തിന്റെയൊ പിടിയില്‍
അമരാന്‍ പോണതു ഞാനോ നിഴലോ
ആരോ ആവട്ടേ
അപ്പോഴും നിന്നോട് ഒരു വാക്ക്
പകയെക്കാള്‍ പകപോക്കലിനെക്കാള്‍
സ്നേഹിക്കുന്നതു തന്നെ സായൂജ്യം
ഈ നിഴല്‍ യുദ്ധത്തില്‍ പടവെട്ടി മനസ്സില്‍ വിദ്വേഷവും
പകയും കൊണ്ട് നാള്‍ക്കുനാള്‍ നീ വിവേകം വെടിഞ്ഞ്
വികാരത്തിന്‍ അടിപ്പെട്ട് നിനക്കു ചുറ്റും
വിഷപുക വ്യമിപ്പിക്കുമ്പോള്‍
നീ എന്തു നേടും?
നിന്നെ വെറുക്കാത്ത എനിക്ക് കിട്ടുന്ന
സായൂജ്യത്തിന്റെ നിഴലിലേക്ക് ഞാന്‍ മടങ്ങട്ടേ!