Sunday, June 20, 2010

അച്ഛന്റെ നാട്ടില്‍ ഇന്ന് ഫാദേഴ്സ് ഡേ ആയിരിക്കുമോ?


ഇന്നും അച്ഛനെ ഓര്‍ത്തു...
രാവിലെ വന്ന മെയില്‍ കണ്ടു വായിച്ചു ....
ഫാദേഴ്സ് ഡെയ്!

അച്ഛനെ ഓര്‍ക്കുക എന്നു പറഞ്ഞാല്‍ അതെന്റെ ഇന്നു വരെയുള്ള ജീവിതം തന്നെ. അക്ഷരം എഴുതി തുടങ്ങുന്നതിനു മുന്നെ അച്ചന്റെ വിരല്‍ തുമ്പില്‍ തുങ്ങി നടന്ന കാലം. ഓര്‍മ്മ വയ്ക്കുമ്പോള്‍ മുതല്‍ അമ്മയുടെ മടിയില്‍ അനുജത്തിയുണ്ടായിരുന്നു.. അമ്മയുടെ അടുത്തെക്ക് ചെന്നാല്‍ അപ്പോള്‍ വിളിച്ചൂ പറയുന്നത് ഇപ്പോഴും മനസ്സില്‍ മുഴങ്ങി കേള്‍ക്കാം
" ദെ ഇവളെ അങ്ങോട്ട് ഒന്നു വിളിച്ചേ ഇവിടെ വന്നു എന്നെ ശല്യപ്പെടുത്തുന്നു ..."
അങ്ങനെ അച്ഛന്റെ ഓഫീസ് മുറിയില്‍ എനിക്കും കിട്ടി ഒരു കൊച്ചു മേശയും കസേരയും ..
അവിടെയും നിലത്തും ഒക്കെ ആയി എന്തെങ്കിലും കളിയും ഒക്കെ ആയി കൂടും. ഇടയ്കിടക്ക് ഞാന്‍ വിളിക്കും
"അച്ഛാ.." .
"ഊം....."അച്ഛന്‍ ഒന്നു നീട്ടി മൂളും അതാവും ജോലിക്കിടയില്‍ അച്ഛന്റെ മറുപടി ..
എന്നാലും ഞാന്‍ വിളിക്കുകയും അച്ഛന്‍ മൂളുകയും ചെയ്യും കുറെ നേരമാവുമ്പോള്‍ അച്ചന്റെ അടുത്ത് ചെന്നു അച്ഛനെ ചാരി നില്‍ക്കും അപ്പോള്‍ അച്ഛന്‍ മടിയില്‍ എടുത്ത് ഇരുത്തും പിന്നെ കൈവിരലില്‍ പേനകൊണ്ട് മനുഷ്യന്റെ മുഖം വരച്ചു തരും ...
പിന്നെ ഒരു സിഗററ്റ് വലിക്കാന്‍ ആയി അച്ഛനിറങ്ങും കൂടെ ഞാനും, എന്റെ കൈയ്യില്‍ ഒരു കൊച്ചു വെള്ളകുപ്പി റബര്‍ അടപ്പുള്ളത് ഉണ്ടാവും അച്ഛന്റെ സിഗററ്റിന്റെ തുമ്പില്‍ തീ എരിയുന്നത് നോക്കി നില്‍ക്കും എന്നിട്ട് പയ്യെ വിളിക്കും "അച്ഛാ ..." ഇത്തവണ അച്ചനറിയാം ഞാന്‍ എന്തിനാ വിളിച്ചതെന്ന് അച്ഛന്‍ എന്നെ നോക്കും ഞാന്‍ കയ്യിലേ കൊച്ചു കുപ്പി അച്ഛന്റെ നേരെ നീട്ടും അച്ഛനതില്‍ പുകഊതി നിറച്ച് അടച്ചു തരും കുറെ നേരം ആ പുക അതിലുണ്ടാവും ഞാന്‍ അതും നോക്കി നില്‍ക്കും ..
പിന്നെ അച്ഛന്‍ പയ്യെ തോട്ടത്തിലേക്ക് നടക്കാന്‍ തുടങ്ങും
"അച്ഛാ ഞാനും.."
"ഇപ്പോഴൊന്നും തിരികെ വരില്ലാ നടന്നൊണം ... "
എന്നാലും തിരികെ വരുമ്പോള്‍ അച്ഛന്‍ എന്നെ എടുത്ത് കൊണ്ട് ആവും വരുന്നത്....

ഒരിക്കല്‍ എന്റെ കാല്‍ ഒടിഞ്ഞു .. അന്ന് ലേറ്റ് ആയി പിറ്റെദിവസമെ പ്ലാസ്റ്റര്‍ ഇടാന്‍ പറ്റൂ എന്ന് ഡോക്ടര്‍...
അന്നു രാത്രി മുഴുവന്‍ ഉറങ്ങാതെ അച്ഛന്‍ എന്റെ അടുത്തിരുന്നു ...
ഇല്ല ഇനിയുള്ള എല്ലാ ദിവസവും ഒര്‍ത്താലും ഓര്‍ത്താലും തീരില്ല അച്ഛന്റെ ഓര്‍മ്മ!

ഇവിടെ ഇന്ന് ഫദേഴ്സ് ഡെയ് ...
ഞാന്‍ ഒരിക്കലും അച്ഛനെ " ഹാപ്പി ഫാദേഴ്സ് ഡെയ് " എന്നു വിഷ് ചെയ്തിട്ടില്ല ..
അച്ഛന്റെ നാട്ടില്‍ ഇന്ന് ഫാദേഴ്സ് ഡേ ആയിരിക്കുമോ?