വളരെ ചെറുപ്പത്തില്‍ വായിച്ച ഒരു കഥ ആരെഴുതിയെന്നോ ബുക്ക് ഏതൊന്നോ ഇന്ന് ഓര്‍ക്കുന്നില്ല എങ്കിലും കഥ മറന്നില്ല... ആറുമക്കള്‍ ഉള്ള വീടാണ് ...വീട്ടില്‍ ധാരാളം ജോലിയുണ്ട്, അത്ര ധനികരല്ലാത്തതിനാല്‍ വീട്ടില്‍ വാല്യക്കാരും ജോലിക്കാരും ഒന്നുമില്ല.
നേരം പുലരും മുന്നെ അമ്മ ഉണര്‍ന്ന് വീട്ടിലെ എല്ലാ ജോലിയും ചെയ്യും എല്ലാവര്‍ക്കും പ്രഭാതഭക്ഷണം സ്കൂളില്‍ കൊണ്ടു പോകാന്‍ ഭക്ഷണം ഒക്കെ തയ്യാറക്കുന്നത് അമ്മ തന്നെ എല്ലാവരും പോയാല്‍ വസ്ത്രം കഴുകുക വീടും ചുറ്റുപാടും ശുചിയാക്കുക വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി വന്ന് വീണ്ടും പാചകം അങ്ങനെ ആ അമ്മ നിര്‍ത്തില്ലാതെ എന്നും വീട്ടിലെ ജോലിയെല്ലാം ചെയ്യുകയും എല്ലാവരുടേയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്തു പോന്നു..
ഒരു ദിവസം അമ്മ മൂത്ത മകനോട് പറഞ്ഞു മോനെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക വെള്ളം കോരുക വിറക് കൊണ്ടു വരിക ഇതെല്ലാം കൂടി ചെയ്യാന്‍ സാധിക്കുന്നില്ല, നീ വീട്ടിലെ ജോലികളില്‍ എന്നെ ചെറുതായി ഒന്നു സഹായിക്കണം മകന്‍ സമ്മതിച്ചു ....
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലതും ചെയ്തു കൊടുത്തു ആ മാസം കടന്നു പോയി . അമ്മ നോക്കുമ്പോള്‍ അമ്മയുടെ മേശമേല്‍ ഒരു കുറിപ്പ്
കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വന്നത് 5 ദിവസം ദിവസം 50 പൈസ വച്ച് 2.50 രൂപ
വെള്ളം കോരിയത് 20 ദിവസം 25 പൈസ വീതം 5.00 രൂപ
വിറക് അടുക്കിയത് 4 ദിവസം 25 പൈസ വീതം 1.00 രൂപ
വസ്ത്രം ഇസ്തിരിയിട്ടത് 4 ദിവസം 50 പൈസ വീതം 2.00 രൂപ
ആകെ =10.50 രൂപ
അമ്മ ഇതു വായിച്ചു ... ആ കടലാസില്‍ എഴുതിയ തുക അവിടെ വച്ചു
മകന്‍ വന്നു പണം കണ്ട് സന്തോഷിച്ച് അതു പോക്കറ്റിലിട്ടു പിന്നെ ആണു
മകന്‍ കണക്ക് കുറിച്ച കടലാസിന്റെ മറുപുറത്ത്
അമ്മ എഴുതിയത് കാണുന്നത്.
അമ്മ ഇങ്ങനെ എഴുതി
പത്തുമാസം ചുമന്ന് പ്രസവിച്ചതിനു ഒന്നും വേണ്ടാ
മുലപ്പാലൂട്ടി വളര്‍ത്തിയതിനു ഒന്നും വേണ്ട
എന്നും താരാട്ട് പാടിയുറക്കിയതിനു ഒന്നും വേണ്ടാ
മഞ്ഞപ്പിത്തം വന്നപ്പോള്‍ ശുശ്രൂഷിച്ചതിനു ഒന്നും വേണ്ട
ചിക്കന്‍പോക്സ് വന്ന് കിടന്നപ്പോള്‍ രാവും പകലും കൂടെയിരുന്നതിനും ഒന്നും വേണ്ട.
വീണുകാലൊടിഞ്ഞപ്പോള്‍ എന്നും എടുത്ത് സ്കൂളില്‍ കൊ
ണ്ടു പോയതിനും തിരികെ കൊണ്ടുവന്നതിനും ഒന്നും വേണ്ടാ
എന്നും ഭക്ഷണം പാകം ചെയ്തു വിളമ്പി തന്ന് ഊട്ടിയതിനും ഒന്നും വേണ്ട
വസ്ത്രം മറ്റ് ആവശ്യങ്ങള്‍ ഒക്കെ ഇത്രയും കാലം നടത്തി തന്നതിനും ഒന്നും വേണ്ട........
അതു വായിച്ചിട്ട് അവന്‍ ഓടിചെന്ന്
അമ്മേ മാപ്പ് ഞാന്‍ ആലോചിക്കാതെ പറഞ്ഞതാണേ എന്നു പറഞ്ഞ് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു അമ്മ മകനെ ചേര്‍ത്തു പിടിച്ചു പോട്ടെ സാരമില്ല എന്നു പറഞ്ഞു എന്നാണ് കഥ അവസാനിക്കുന്നത്..... '
ഇന്ന് ഈ കഥ ആരും വായിക്കുകയില്ല,
ഒരു അമ്മയുടെ ത്യാഗത്തിന്റെ സ്നേഹത്തിന്റെ ഒന്നും കഥ ഇന്ന് ഓര്‍ക്കുന്നും ഉണ്ടാവില്ല,'എന്തൊരു പൊട്ടകഥ' എന്നു പറയാനും മതി. പക്ഷെ കഥയിലെ സന്ദേശം അമ്മമാരുടെ ചെയ്തികള്‍ക്ക് വിലയിടാന്‍ ആവില്ല അമ്മയോട് കണക്ക് പറയരുത് എന്നാണ്.. ആ സന്ദേശം പഴഞ്ചന്‍ ആവുന്നില്ല.
'പെറ്റമ്മയല്ലേ ഞാന്‍; അവര്‍ക്കൊന്ന് വന്നുകണ്ടുകൂടെ' നിറമിഴികളോടെ എത്രയോ അമ്മമാര്‍ ചോദിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും മക്കള്‍ അമ്മയെ ഒന്നു കാണാന്‍ പോലും കൂട്ടാക്കുന്നില്ല എന്നാലോ
*അമ്മയുടെ സ്വത്ത് തട്ടിയെടുത്ത് അമ്മയെ തെരുവിലാക്കുന്ന മക്കള്‍ ധാരാളം ...
മാതൃദിനം ആഘോഷിക്കുമ്പോള്‍ ഇന്ന് ലോകത്തിലുള്ള എല്ലാ അമ്മമാര്‍ക്കും
മക്കളുടെ സ്നേഹവും മനസമാധാനവും ശാന്തിയും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു ...." The meaning of being a mother is to teach children
how to love unconditionally and unselfishly.”