വികാരങ്ങളെ വിവേകമെന്ന ചന്ദനമുട്ടി
കൊണ്ടുമൂടി മനസ്സിനെയൊരു ചുടുകാടാക്കി
അവിടെ ചിത ഒരുക്കി ഓര്‍മ്മകളെ തല്ലി കൊന്ന്,
അതില്‍ കത്തിക്കുകയാണ്.
ഓര്‍മ്മകളും സൌഹൃദങ്ങളും
വലിയ സമ്പാദ്യം എന്ന് കരുതി
മനസ്സിന്റെ മാണിക്യകൊട്ടരത്തില്‍
കൂട്ടിവച്ചു, കാത്തുവച്ചു, കാവലില്ല, പൂട്ടില്ല.
അഗ്നി കത്തി കയറുകയാണ്
ഓര്‍മകളെ ചാമ്പലാക്കാനൊരുങ്ങുകയാണ്
നിശ്വാസങ്ങള്‍,നെടുവീര്‍പ്പുകള്‍, ഗദ്‌ഗദങ്ങള്‍
പൊട്ടിച്ചിരികള്, കരച്ചിലുകള്‍, തലോടലുകള്‍,
ശാസനകള്‍ ,കുത്തുവാക്കുകള്‍, അങ്ങനെ എല്ലാം
ഇന്ന് അവയ്ക്ക് തീ കൊളുത്തുമ്പോള്‍
പൊള്ളുന്നു നോവുന്നു വേവുന്നു എന്നാലും ,
കല്ലും മുരടും വേര്‍തിരിച്ചു വരുമ്പോള്‍
എല്ലാം കത്തിച്ചു അഗ്നി ശുദ്ധി വരുത്തി
ഞാന്‍ കാത്തു നില്‍ക്കൂം വീണ്ടും ഒറ്റക്കാവുകയാണ്
അല്ല ഒറ്റക്കാക്കപെടുകയാണ്, അതിജീവിക്കാന്‍ ആവുമോ ?
ഈ കൊടും ശൈത്യത്തെയും ഈ തീച്ചൂളയുടെ ചൂടിനെയും
ഒരു പട്ട് പുതപ്പ് കൊണ്ട് പൊതിഞ്ഞു സംരക്ഷിക്കാനാവുമോ?
അറിയില്ല ഒന്നും അറിയില്ല..എന്നിട്ടും ആശിക്കുന്നു
ഒരു പട്ട് പുതപ്പിന്റെ ചൂടിനായ് ചൂരിനായ് .....
41 comments:
കല്ലും മുരടും വേര്‍തിരിച്ചു
വരുമ്പോള്‍ എല്ലാം കത്തിച്ചു
അഗ്നി ശുദ്ധി വരുത്തി
ഞാന്‍ കാത്തു നില്‍ക്കൂം .....
നന്നായിട്ടുണ്ട്.......
വീണ്ടും ഒറ്റക്കാവുകയാണ് അല്ല ഒറ്റക്കാക്കപെടുകയാണ്, അതിജീവിക്കാന്‍ ആവുമോ ?
അറിയില്ല....
എല്ലാവരും എല്ലായ്പ്പോഴും ഒറ്റയ്ക്കാകുന്നു...
ഒരു സൌഹൃദം പോലും ആരെങ്കിലും പറയുന്നതു കേട്ട് പറിച്ചെറിയുന്നവര്‍....
കണ്ടിട്ടും കാണാത്ത പോലെ മിണ്ടാതെ ഇരിക്കുന്നവര്‍....
സുഹൃത്തുക്കള്‍ സന്തോഷത്തില്‍ മാത്രം ഒപ്പമുള്ളവര്‍ എന്ന് ആരാണാവോ നിര്‍വചിച്ചത്!!!
അതിജീവനം നടക്കുമോ ആവോ!
ഓര്‍മ്മകളും സൌഹൃദങ്ങളും സമ്പാദ്യം തന്നെയാണ് ചേച്ചീ, ഏതു ചന്ദനമുട്ടി കൊണ്ടു മൂടി എരിച്ചാലും ഓര്‍മ്മകള്‍ മരിക്കില്ല. അതുപോലെ തന്നെ സൌഹൃദങ്ങളും..ആയിരക്കണക്കിനു ഡോളര്‍ കൂട്ടിവയ്ക്കാം വേണ്ടെന്നു വച്ചാല്‍ കത്തിച്ചുകളയാം പക്ഷെ മനസ്സിന്റെ കോണില്‍ കൂട്ടി വച്ച ഓര്‍മ്മകള്‍ നമ്മോടോപ്പമേ മരിക്കൂ...!
ഒറ്റപ്പെടുത്തലുകള്‍ ജീവിതത്തിന്റെ ഭാഗമാണ് സ്നേഹം കൊണ്ടതിനെ അതിജീവിക്കാന്‍ ശ്രമിക്കൂ ചേച്ചീ..
ഞാനൊന്നു ചോദിച്ചോട്ടെ ചേച്ചി ഈ ലോകത്ത്
അര് ആരെയാണ് ചേച്ചി അത്മാര്‍ഥമായി സേനഹിക്കുന്ന്ത് എല്ലാവരും ശരിക്കും ഒറ്റപെട്ട അവസ്ഥയിലാണ് ചേച്ചിയുടെ പ്രൊഫിഷന്‍ ഇന്നാണ് ഞാന്‍ ശ്രദ്ധിക്കുന്നത് ശരിക്കും സന്തോഷമില്ലെ ചേച്ചി ആ കുട്ടിക്കളൊടൊപ്പം
ഞാനും അഗ്രഹിക്കാറുണ്ട് ചേച്ചി അങ്ങനെ മനുഷ്യരെ സേനഹിക്കാന്‍ കഴിയുന്ന സേവിക്കാന്‍
കഴിയുന്ന ആര്‍ക്കെങ്കിലും വേണ്ടി സമര്‍പ്പിക്കാന്‍
എന്തെലും ഒരു ജോലി .ഗാന്ധിജിയും വിവേകാന്ദനുമൊക്കെ സ്വപനം കണ്ട ഒരു ഇന്ത്യ
അതു പോലെ ഏല്ലാവര്‍ക്കും സേനഹം കിട്ടുന്ന
ഒരു നാട്
പാവങ്ങളെ സേനഹിക്കുന്ന അനാഥരായവരെ സേനഹിക്കുന്ന ഒരു ലോകം എന്റെ സ്വപനമാണത്
ഞാന്‍ എന്തൊക്കെയോ എഴുതുന്നു
വെറുതെയിരിക്കുംപ്പോള്‍ മനസില്‍ ഇങ്ങനെയുള്ള
ചിന്തക്കളാണ് അധികവും കടന്നു വരുക
ജിവിതം ഒന്നെയുള്ളു അത് നമ്മുക്കൊപ്പം മറ്റുള്ളവര്‍ക്ക് വേണ്ടി കൂടിയാകട്ടേ
പ്രൊഫൈല്‍ കണ്ടു,
ഒന്നു നമിച്ചിട്ട് പോകാതെ വയ്യ!
റ്റീച്ചറമ്മേ...
വീണ്ടും ഒറ്റക്കാവുകയാണ് ...
അതിജീവിക്കാന്‍ ആവുമോ...?
അതിജീവനമല്ലേ ജീവിതം...
നന്നായിട്ടുണ്ട് എന്റെ ഭാഷയില്‍ കിടിലന്‍...
ഒറ്റപ്പെടലുകളുടെയും ഒറ്റപ്പെടുതലുകളുടെയും കാലം .ഓര്‍മ്മകളെ ചന്ദനമുട്ടി കൊണ്ട് കത്തിക്കണം .അപ്പോഴും അടങ്ങുമോ ഉള്ളിലെ വികാരങ്ങളും വിചാരങ്ങളുടെയും ചിത ?
മാണിക്ക്യം ചേച്ചി ഞാന്‍ എന്താ പറയണ്ടേ ? നന്നായിരിക്കുന്നു .
അഗ്നിശുദ്ധി വരുത്തിയ
മനസ്സുമായി പുതിയ
നിമിഷങ്ങളെയും കാത്തുനില്‍ക്കുന്ന
മനുഷ്യാവസ്ഥ തന്നെയല്ലേ ജീവിതം. !
കവിത ആസ്വദിച്ചു.. :)
അസ്തമയം കാനാനെത്തിയ കുട്ടി സ്വയം സൂര്രിനായി നാളെത്തെ ഉദയത്തിനായി കാത്തിരിക്കുന്നു…………………
കാലം, ആശങ്കകല് ശരിവക്കുകയാനെന്ന് തോനുന്നുവൊ…………………………………….
നല്ല ഊര്‍മകല് ഒരിക്കലും അഗ്നിയാല് നശ്ശിക്കില്ല …………..
വേറിട്ടൊരു കവിത………………………നന്നായിരിക്കുന്നു…………..
ചേച്ചീ....
മുന്‍പോട്ടുള്ള യാത്രയില്‍ ജീവിതം സ്വയം ഒരുക്കി വയ്ക്കുന്ന കൈത്താങ്ങുകളാണ് ഓര്‍മ്മകള്‍.... അവയ്കൊരിക്കലും മരണമുണ്ടാവാന്‍ പാടില്ല, അതിനനുവദിച്ചുകൂടാ.....
മനസിനകത്തെ മാണിക്ക്യചെപ്പില്‍മാണിക്ക്യമെന്നു കരുതി കാത്തുസൂക്ഷിക്കുന്നവ വെറും ചില്ലുകഷണങ്ങളായിരുന്നു എന്നു തിരിച്ചറിയുന്ന നിമിഷങ്ങളില്‍ നമ്മെ പിടിച്ചു നിര്‍ത്തുന്ന യഥാര്‍ത്ഥ കൈത്താങ്ങുകളാണ് ഓര്‍മ്മകള്‍....
ഓര്‍മ്മകളെ നിസംഗതയോടെയല്ല.... മറിച്ച് വികാരങ്ങളോടെ കൊണ്ടുനടക്കാന്‍ മനുഷ്യനാവണം ചേച്ചീ....
കുട്ടിക്കാലത്ത് പൂക്കളത്തിനുപൂക്കളിറുക്കുവാന്‍ പോയതും അപ്പുറത്തെ പറംബിലെ മൂവാണ്ടന്‍ മാവിലെറിയാന്‍ കൊന്നപത്തല്‍ മുറിച്ച് ചീകി മിനുക്കിയതും.... കവിളന്‍മടല്‍ കൊണ്ട് വണ്ടിയുണ്ടാക്കിയതും... വാഴ തണ്ടുകൊണ്ട് പടക്കമുണ്ടാക്കിയതും ഓലകൊണ്ട് പങ്കയും പിന്നെ പീപ്പിയുണ്ടാക്കിയതും... കളംവരച്ച് തൊങ്ങിതൊട്ടുകളിച്ചതുമൊക്കെ..അങ്ങനെയങ്ങനെ..എത്രയോ കാര്യങ്ങള്‍ അവയൊക്കെ.... മറക്കാനാവുമോ ചേച്ചി...
ഒരിക്കലുമില്ല..... ആ ഓര്‍മ്മകള്‍...തിരിച്ചുവരാത്ത ആ കാലങ്ങളൊക്കെ ചേച്ചിക്കും മുന്‍പോട്ടുള്ള യാത്രയില്‍ ഒരു കൈതാങ്ങാവട്ടെ
ഏകാന്തതയുടേയും ഒറ്റപ്പെടലിന്റേയും പുതിയമുഖം ഇന്നത്തെ തലമുറയ്ക്കാണൊ സ്വന്തം...?പോയകാലത്തിന്റെ ഓര്‍മയില്‍ മനസ്സ് കണ്ണീരില്‍ കഴുകിതെളിയുമ്പോള്‍ മഴ പതിയെ പിന്നേയും എന്റെ മുന്നിലെത്തുന്നു.ഏകാന്തതയുടെ തുരുത്തില്‍ ഞാന്‍ ഇന്നും ഒറ്റയ്ക്കാണ്.!!
ഓര്‍ക്കാതിരിക്കാന്‍ശ്രമിക്കലാണോര്‍ക്കുവാനേറ്റവും നല്ല മാര്‍ഗം.എത്ര ചന്ദന മുട്ടികള്‍ കത്തിച്ചാലും ഓര്‍മ്മകള്‍ എരിഞ്ഞു തീരുമോ..?കവിത ഏറെ ഇഷ്ടമായി...ഒറ്റയ്ക്കാകാനോ ആക്കാനോ ആരെയും അനുവദിക്കേണ്ട..ഞങ്ങളിവിടുണ്ട്...എന്നെന്നും കൂട്ടിന്....
"ഓര്‍മ്മകളെ തല്ലി കൊന്ന്,
അതില്‍ കത്തിക്കുകയാണ്"
എലിയെക്കൊല്ലാന്‍ ഇല്ലം ചുടുവാണോ മണിക്യേച്ചീ? ആ ചൂടുകൊണ്ടു വേവുന്നതു സ്വന്തം മനസ്സു തന്നെ അല്ലേ?
എലിയെക്കൊല്ലാന്‍ ഇല്ലം ചുടുവാണോ മണിക്യേച്ചീ? ആ ചൂടുകൊണ്ടു വേവുന്നതു സ്വന്തം മനസ്സു തന്നെ അല്ലേ?
Alle ??????????????????
എല്ലാം കത്തിച്ചാമ്പലാക്കപ്പെടുമ്പോഴും വീണ്ടും ഒരു പട്ടുപുതപ്പിന്റെ ചൂടിനായ് ചൂരിനായ് ആഗ്രഹിക്കുന്ന മനസ്സ് പോലും ഒരു അതിജീവനത്തിന്റെ പാതയിലല്ലെ? അതും ഒരു അതിജീവനമല്ലെ?
അങ്ങിനെ ഒരു പ്രതീക്ഷയെങ്കിലും കൂട്ടിനുള്ളപ്പോള്‍ ..ഒറ്റക്കല്ല
കണ്ണുകലങ്ങിയിരുന്നൊരുനാളില്‍
കലഹത്തീക്കനല്‍കായുമ്പോള്‍
ഒരുചെറുവരിയായെത്തിയതാണീ
മാണിക്യം; മൊഴിമാണിക്യം!
പ്രായമതൊട്ടുണ്ടമ്മമനസ്സാണ-
ണല്ലോയെന്നുനിനക്കുമ്പോള്‍..
വാക്കുകളില്‍ ചിരിവിരിയും
ചെറുകുളിര്‍ചാറ്റായ് വന്നീടും!
അക്കായെന്നുവിളിച്ചുപഠിച്ചതു-
മുള്ളുപറിച്ചുനടക്കല്‍വച്ചതു-
മിന്നീബ്ലോഗിന്നുള്ളില്‍ നിറച്ചതു-
മിങ്ങനെചിതയിലെരിക്കാനല്ല!!
ഇതൊരു കവിതയല്ല.
എഴുതിയപ്പോള്‍ ഇങ്ങനെ ആയിപ്പോയതാണേ..
നല്ല കവിത!!:)
നന്ന്,, :)
കത്തിയെരിച്ചാലും ചാരമെങ്കിലും ..?!
ആശംസകള്‍
"ഓര്‍മ്മകളെയും വികാരങ്ങളെയും
നഷ്ടങ്ങളെയും നേട്ടങ്ങളെയും
മനസ്സിന്റെ ചിതയില്‍ വച്ച്
എരിച്ചടക്കാന്‍ ശ്രമിക്കാം....
എന്നാല്‍ എല്ലാം വിഴുങ്ങി
ഒടുവില്‍ സ്വയം ശുദ്ധി നേടാന്‍
ഭാഗ്യം സിദ്ധിച്ച അഗ്നിയെപ്പോലെ
മനസ്സിന്റെ ഏതെങ്കിലുമൊരു കോണില്‍
ഓര്‍മ്മകള്‍ പട്ടുപുതപ്പ് മൂടി
കാത്തിരിക്കും....നാം സ്വയമില്ലാതാവും വരെ...
ഇവിടെയെല്ലാവരും ജനിക്കുന്നത്
ഒറ്റയ്ക്കാണ്.....
മരിക്കുമ്പോഴും അങ്ങിനെതന്നെ...
അതിനാല്‍ ഏകാന്തത ഒരര്‍ത്ഥത്തില്‍
അനിവാര്യതയാണ്...
എന്നാല്‍ അത്രയൊന്നും ആയുസ്സില്ലാത്ത
നമ്മുടെ ജീവിതത്തില്‍
നമുക്ക് പലരും കൂട്ടിനായുണ്ടാവും...
നമ്മുടെ ഏകാന്തതയെ
അവര്‍ തങ്ങളുടെ സൗഹൃദം കൊണ്ട്
ആത്മബന്ധം കൊണ്ട്....
വിസമൃതിയിലേക്ക് നയിക്കാന്‍
ശ്രമിക്കും..പലപ്പോഴും അത് നാമറിയാതില്ല...
അതുകൊണ്ട് തന്നെ ഇവിടെ
ഒറ്റയ്ക്കാണെന്ന തോന്നല്‍ വേണ്ട..."
മുകളില്‍ പറഞ്ഞ എല്ലാ കമന്റുകളുടേം ചെലവില്‍ എന്റെ കമന്റ്....
ദാ എല്ലാത്തിന്റേം അടീല്‍ ഞാന്‍ കൈയൊപ്പിട്ടിരിക്കുന്നു.....
ശരിയാണോ എന്നറിയില്ല... പറഞ്ഞോട്ടേ...
വിവേകം ചന്ദനമുട്ടിയാണ്... പക്ഷെ അതു ചിതയൊരുക്കാനുള്ളതല്ല...
വിവേകമുണ്ടെങ്കില്‍ ഏതു തരം ഓര്‍മ്മകളില്‍ നിന്നും സുഗന്ധം പൊഴിയും....
വീണ്ടും...
ശരിയാണോ എന്നറിയില്ല... പറഞ്ഞു പോയി...
:):):)
മനസ്സിന്റെ തീരങ്ങളില്‍ ഓര്‍മ്മകളെയെല്ലാം അഗ്നിക്കിരയാക്കുമ്പോള്‍ തനിച്ചാവുകയാണു..സൌഹൃദങ്ങളെയെല്ലാം പൂട്ടില്ലാത്ത മാണിക്യക്കൊട്ടാരത്തിലാക്കി, വിവേകത്തിന്റെ ചന്ദനസുഗന്ധത്തിലിരുന്നു കല്ലും മുരടും വേര്‍തിരിച്ചെടുക്കേണ്ടതുണ്ടു... ഏകയായി അഗ്നിശുദ്ധി കഴിഞ്ഞു കാത്തിരിപ്പ് തുടരുന്നു...മനസ്സില്‍ തട്ടുന്ന വരികള്‍ മാണിക്യേച്ചീ....ആശംസകള്‍.....:)
nalla prayoagangal sherikkum veadanippikkunnu.. kavithayile laalithyam kaviyute ullil urukunna vikaaram vaayanakkaaranu vaayichedukkanum hridhayathileattanum aakumennu theliyichu. abhinandangal..valareaa nannaayittundu athrakku ishttapettittundu. nanmakal nearunnu
തീര്‍ച്ചയായും അതിജീവിക്കും.....
കൊടും ശൈത്യത്തില്‍ ചൂടുപകര്‍ന്നും, തീച്ചൂളയുടെ ചൂടിനെ പ്രതിരോധിച്ച് കുളിര്‍മ്മയേകിയും, ഒരു പട്ടു പുതപ്പായി ഞാനും കൂട്ടു നില്‍ക്കാം.....
ഞാനും കൂട്ടിരിക്കാം ചേച്ചി.അപ്പോള്‍ എല്ലാം പറഞ്ഞപോലെ നമ്മള്‍ ഗുലാന്‍സ് :)എല്ലാം ഇവിടെ പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കി :)
ഓര്‍മ്മകളും സൗഹൃദങ്ങളും ഒരു വലിയ സമ്പാദ്യം തന്നെ ... അതിനു കാവല്‍ വേണ്ടാ...അവിടെ അഗ്നിയും വേണ്ടാ...ഓര്‍മ്മകള്‍ക്കു പകരം കുത്തുവാക്കുകളെയും ശാസനകളെയും തല്ലികൊന്നു ദൂരെ എറിഞ്ഞെക്കാം..
നല്ല ചിന്ത.. നല്ല വരികള്‍.... ഇനിയും
ഇതു പോലെയുള്ളത് പ്രതീക്ഷിക്കുന്നു....
ചിതയിലിട്ടു കത്തിച്ചുകളഞ്ഞതിനെക്കുറിച്ച് എന്താ ആരാ ഒന്നും പറയാത്തേ?
ചിത
ആദ്യ അഭിപ്രായം പറഞ്ഞുപോയ ജൊയിസ് സാമുവല്‍ നന്ദി...
കണ്ടിട്ടും കാണാതെ മിണ്ടിട്ടും മിണ്ടാതെ.....
അതിജീവിക്കും റസാഖ് ......
നന്ദു പറഞ്ഞതു ശരി "മനസ്സിന്റെ കോണില്‍ കൂട്ടി വച്ച ഓര്‍മ്മകള്‍ നമ്മോടോപ്പമേ മരിക്കൂ...!"
അനൂപ് "ജിവിതം ഒന്നെയുള്ളു അത് നമ്മുക്കൊപ്പം
മറ്റുള്ളവര്‍ക്ക് വേണ്ടി കൂടിയാകട്ടേ" ആ വരികള്‍ വളരെ അര്‍ത്ഥവത്തായി!:)
ഭൂമീപുത്രിക്കും നമസ്തെ!
അതെ ഗോപി ജീവിതം അതിജീവനം തന്നെ!
കാപ്പിലാന്‍ ഉള്ളില്‍ എന്നും ഒരു തീപൊരി കാണും
അതു കെടാതെ കൊണ്ടു പോകുവാനുള്ള ശ്രമം ....
ഗോപന്‍ താങ്കള്‍ ഞാന്‍ ഉദ്ദേശിച്ചതു പറഞ്ഞു ......നന്ദി!!
ബേബി , ചങ്ങാതീ നീ തന്ന ഒര്‍മ്മകള്‍ അഗ്നിയില്‍ നശിക്കില്ലാ ..:)
ചെമ്മാച്ചന്‍ പറഞ്ഞതു ഞാന്‍ ഒര്‍ത്തു വയ്‌ക്കാം.
“ഓര്‍മ്മകളെ നിസംഗതയോടെയല്ല....
മറിച്ച് വികാരങ്ങളോടെ കൊണ്ടുനടക്കാന്‍ മനുഷ്യനാവണം ”....നന്ദി.
സജി ഇതൊക്കെ പോയി ഇതിന്റെ അഛന്‍ കാലം വരും
അന്നു തുരുത്തില്‍ നിന്നു തിരിയാന്‍ ഇടകിട്ടില്ല...
ലീലറ്റീച്ചറെ “..ഞങ്ങളിവിടുണ്ട്...എന്നെന്നും കൂട്ടിന്....”ഈ വരികള്‍ ഒരു വല്ലാത്ത ധൈര്യം തരുന്നു കേട്ടോ :)
അതെ പാമരാ “ചൂടുകൊണ്ടു വേവുന്നതു സ്വന്തം മനസ്സു തന്നെ ”
ഹരി ... ഈ വരികള്‍ ഞാന്‍ നെഞ്ചിലെറ്റി
പിന്നെ ഒര്‍കുട്ട് പ്രൊഫൈലിലും കൊണ്ടു വച്ചു ..
“കണ്ണുകലങ്ങിയിരുന്നൊരുനാളില്‍.......”
കിച്ചു & ചിന്നു... :) നന്ദി ..
വഴിപോക്കാ കത്തിക്കാന്‍ നോക്കീട്ട് കത്തീല്ല പിന്നെയല്ലെ ചാരം!
അമൃതാ വാര്യര്‍ ..സൗഹൃദം കൊണ്ട്, ആത്മബന്ധം കൊണ്ട്,സ്നേഹം കൊണ്ട് ഇവിടെ എന്നെ പട്ടുപുതപ്പിനാല്‍ മൂടുന്നു ഓര്‍മ്മകള്‍.......
ജ്യോതി അതു സത്യം “വിവേകം ചന്ദനമുട്ടിയാണ്” പറഞ്ഞതു നന്നായി!!
ഈ അപൂര്‍വ്വമായ പനിനീര്‍പുഷ്പത്തിന്റെ ആശംസകള്‍ക്ക് നന്ദി:)
ഷിഹാബ് , മനസ്സില്‍ നിന്ന് പറഞ്ഞ തൊങ്ങലുകള്‍ ഇല്ലാത്ത ഈ
അഭിപ്രായത്തിന് എങ്ങനെ നന്ദി പറയും ഞാന്‍?
ഗീതേ ഈ പട്ടു പുതപ്പിന്റെ കൂട്ട് അവകാശമായി വാങ്ങാന്‍ ഞാന്‍ വരും!!:)
കാപ്പിലാനേ ....:) ഹ..ഹ..ഹ ( അട്ടഹാസം ആയൊ?)
ശരത്ത് എന്റെ സമ്പാദ്യപ്പുരാ സമ്പന്നമാണ് ..
വിലമതിക്കാനാവാത്ത ഓര്‍മ്മകളുടെ നെടുമ്പുര.....................
പൈങ്ങോടന്‍ ആരും പറഞ്ഞില്ലാ
പൈങ്ങോടനും പറഞ്ഞില്ലാ ..
എന്റെ ‘ചിത’ ക്കരുകില്‍
വന്ന എല്ലാവര്‍ക്കും നന്ദി..നന്ദി ..നന്ദി..
ഞാന്‍ നീങ്ങുന്നു ..........
ഒരു പട്ട് പുതപ്പിന്റെ ചൂടിനായ് ചൂരിനായ് .....
ജോച്ചീ...
ഒരല്പം താമസിച്ചെങ്കിലും ഒന്നും പറയാതെ പോകാന്‍ പറ്റില്ല! കാരണം എന്റെ മനസിന്റെ “മാണിക്യ“ക്കൊട്ടാരത്തിലും ഞാന്‍ കുറേയേറെ ഓര്‍മ്മകള്‍ സൂക്ഷിച്ചുവെക്കുന്നുണ്ട്, കാവലില്ലാതെ , പൂട്ടില്ലാതെ .അവയെയൊക്കെ വിവേകമെന്ന ചന്ദനമുട്ടികൊണ്ട് കത്തിച്ചു നോക്കാന്‍ ചിലപ്പോഴെങ്കിലും ഭയപ്പെടാറൂണ്ട്. അഗ്നിശുദ്ധി വരുത്തിയ ചില ഓര്‍മ്മകളും ബന്ധങ്ങളും അതിജീവിച്ചേക്കാം. പക്ഷേ.. ചിലപ്പോള്‍ ഹൃദയത്തോട് ചേര്‍ത്തു വെച്ചവയാണ് കത്തിച്ചാമ്പലായിപ്പോകുന്നവയില്‍ ചിലതെങ്കിലോ? അതിനെ അതിജീവിക്കാനുള്ള കരുത്ത് നമ്മുടെ മനസിനുണ്ടായില്ലെങ്കില്‍..?
എങ്കിലും ഒന്നുറപ്പാണ്, എല്ലാ ശുദ്ധിക്കും പരീക്ഷണത്തിനുമവസാനം കിട്ടുന്ന പട്ടു പുതപ്പിന്റെ ചൂട്.. അത് അവസാനശ്വാസം വരെയുണ്ടാകും.. അതിന്റെ ചൂടില്‍ ധൈര്യമായി കണ്ണടച്ചുറങ്ങാം. ഒരിക്കലും നഷ്ടപ്പെടുകയില്ലെന്നുള്ളയുറപ്പില്‍, സ്വസ്ഥമായി വിശ്രമിക്കാം.
അതല്ലേ ആഗ്രഹിക്കുന്നത്?
- സ്നേഹാശംസകളോടെ സന്ധ്യ :)
ഇപ്പോഴാണ് ഇവിടെയെത്താന്‍ കഴിഞ്ഞത്.
നല്ല വരികള്‍!
വിഹ്വലമായ എഴുത്ത്,
നന്നായിരിക്കുന്നു...
ആശംസകള്‍
പോസ്റ്റുകള്‍ക്കും
ദൈവീകമായ ജോലിക്കും..
ആവര്‍ത്തന വിരസത നിറഞ്ഞ
ശുഷ്കമായ ദിവസങ്ങളുടെ ശുന്യതയില്‍
ആള്‍ക്കൂട്ടത്തിലെവിടെയും കണ്ടെത്താനാവാത്ത
സ്വ്ന്തം മുഖം തേടി..
വരണ്ട പൊള്ളച്ചിരിയുടെ പിന്നില്‍
കണ്ണീരിലലിയാത്ത ഏകാന്തതയുടെ തുരുത്തിലൂടെ
അലഞ്ഞുതിരിയുന്ന എന്റെ വ്യാമോഹങ്ങള്‍
വരണ്ടുനങ്ങിയ മനസ്സിന്റെ വിള്ളലുകളില്‍
രക്തം കിനിഞ്ഞു ചുവന്ന
ഒരു കണ്ണുനീര്‍ത്തുള്ളിയാണ്‍
ജീവിതത്തിന്റെ ആകെത്തുകയെങ്കില്‍
എങ്കില്‍ ....കഷ്ടം എനിക്ക് തെറ്റിയിരിക്കുന്നു....എന്നെപ്പോലെ പലര്‍ക്കും...
hai jee, souhrudangngalute koottil
kaalitaraanallo palarkkum pathiv...
nannayirikkunnu ezhuthth
( thallaruth, malayalam panimutakki)
"ഇന്ന് അവയ്ക്ക് തീ കൊളുത്തുമ്പോള്‍
പൊള്ളുന്നു നോവുന്നു വേവുന്നു എന്നാലും"
ആ കനലുകള്‍ മനസ്സില്‍ കെടാതെ കിടക്കില്ലേ?
വളരെ നന്നായിട്ടുണ്ട്...അടുത്ത വായന്നക്കായി വീണ്ടും വരാം
നല്ല വരികള്‍
വികാരങ്ങളെ വിവേകമെന്ന ചന്ദനമുട്ടി
കൊണ്ടുമൂടി മനസ്സിനെയൊരു ചുടുകാടാക്കി
അവിടെ ചിത ഒരുക്കി ഓര്‍മ്മകളെ തല്ലി കൊന്ന്,
അതില്‍ കത്തിക്കുകയാണ്
super...super...
ആദ്യമായാണ് ഇവിടെ. നല്ല കവിത. :-)
സന്ധ്യ വന്നു വായീച്ചതിനും ഇത്രയും
വിശദമായി ഒരഭിപ്രായം പറഞ്ഞതിനും നന്ദി ,
രഞ്ചിത്ത് അഭിപ്രായത്തീനു നന്ദി...
കാണാമറയത്ത് : വന്നതിനും
വായിച്ചതിനും നന്ദി..
പ്രീയേ നന്ദി
തസ്കരവീരന്‍ -അഭിപ്രായത്തിനു വളരെ ഉപകാരം
സപ്നാ നന്ദി അടുത്ത വരവിനു നേരമായി..
ഷിബു നന്ദി
My....C..R..A..C..K...Words . നന്ദി
ശ്രീവല്ലഭന്‍.. ആദ്യമായി വന്നതിനും അഭിപ്രായത്തിനും നന്ദി:)
വികാരങ്ങളെ വിവേകമെന്ന ചന്ദനമുട്ടി
കൊണ്ടുമൂടി മനസ്സിനെയൊരു ചുടുകാടാക്കി
അവിടെ ചിത ഒരുക്കി ഓര്‍മ്മകളെ തല്ലി കൊന്ന്,
അതില്‍ കത്തിക്കുകയാണ്.
എന്ത് അര്‍ത്ഥവത്തായ വരികള്‍..നന്നായിരിക്കുന്നു ചേച്ചീ..
Post a Comment