ബാഗും എടുത്ത് വീടു പൂട്ടി പുറത്തിറങ്ങിയപ്പോള്‍ 'വാട്ടര്‍ബോട്ടില്‍' എടുത്തിട്ടില്ല. പിറുപിറുത്തു കൊണ്ടുവീണ്ടും വീടുതുറന്നു ബോട്ടിലുമെടുത്ത് നടന്നും ഓടിയും സ്കൂളിലേക്ക് പുറപ്പെട്ടു. നിരത്തു മുറിച്ചു കടക്കാനും അന്നു ഞാന്‍ പതിവിലേറെ കാത്തു നില്‍ക്കേണ്ടി വന്നു. ഒരു തോളില്‍ ബാഗും മറ്റേ കയ്യില്‍ ബോട്ടിലും പിടിച്ചുകൊണ്ട് ഇടംവലം നോക്കാതെ പായുമ്പോളാണൊരു വെള്ള കാറില്‍ നിന്നും അവന് മുന്നിലേക്ക് ചാടി വീണത്. ഒരു നിമിഷം കണ്ണിമക്കാതെ അവനും എന്നെ നോക്കി. അതുവരെയുള്ള എന്റെ പരവേശം ഞാന്‍ ഒരു നിമിഷം മറന്നു പോയി. അത്രക്കു വശ്യമായിരുന്നു അവന്റെ നോട്ടം. ഒരു മാസ്മരികതയുടെ പരിവേഷം, ജന്മജന്മാന്തരങ്ങളുടെ പരിചയ ഭാവം എന്നൊക്കെ പറയുന്നത് അവന്റെ ആ നോട്ടത്തില്‍ ഞാന്‍ അനുഭവിച്ചറിഞ്ഞു. സ്ഥലകാലബോധം വീണ്ടെടുത്ത് ഞാന്‍ മുന്നോട്ട് നീങ്ങി.
അസ്സീസിയ സ്റ്റോറിന്റെ മുന്നിലുള്ള മോസ്കിന്റെ അരികിലൂടെ നടന്നപ്പോള്‍ ഞാനറിയാതെ എന്റെ വേഗത കുറഞ്ഞു. ഉണര്‍ന്നപ്പോള്‍ മുതലുള്ള എന്റെ ടെന്‍ഷന്‍ ആ ഒരു നിമിഷം കൊണ്ട് ഒന്ന് അയഞ്ഞതുപോലെ, ഞാന്‍ ചിരിച്ചുപോയി.
"അമ്മ എന്തിനാ ചിരിക്കുന്നത്?" മോളുടെ ചോദ്യമാണ് ചിന്തയില്‍ നിന്നുണര്‍ത്തിയത്. ഞാനും ഓര്‍ത്തുപോയി എന്തിനായിരുന്നു ചിരിച്ചതെന്ന്.
സ്കൂള്‍ വിട്ട് തിരികെ നടക്കുമ്പോള്‍ ഞാന്‍ അവനെ മറന്നുതുടങ്ങിയിരുന്നു. അവന്റെ മുഖമോര്മ്മയില്ല. പക്ഷെ അവന്റെ നോട്ടം അതെന്റെ മുന്നില്‍ ചൂഴ്ന്നു നിന്നു. ഒത്തിരി ഒത്തിരി പ്രത്യേകതയുള്ള ആ നോട്ടം, ആ വശ്യത, അതേ വെള്ളകാറിന്റെ അരികില്‍ അവന്. കൂസലില്ലാതെ എന്നെ നോക്കി നില്ക്കുന്നു. ഞാന്‍ എന്തു ചെയ്യണമെന്നു ഒരു നിമിഷം ആലോചിച്ചു. പിന്നെ നടന്നു അവന്റെ മുന്നിലൂടെ. തിരികെ വീട്ടില്‍ എത്തിയിട്ടും അവനെ മറക്കാനായില്ല. ഉച്ചയ്ക്ക് ചാച്ചന്റെ കൂടെയാണു സ്കൂളില്‍ പോയത്. വഴിക്ക് അവനെ കണ്ടില്ല. തിരികെ വന്നപ്പോഴും കണ്ടില്ല. പിന്നെ എത്രയോ ദിവസം അവനെ കണ്ടില്ല. നമ്പര്‍ അറിയാത്ത ആ വെള്ളകാറിനെയും, അവനെയും വരുമ്പോഴും പോകുമ്പോഴും എന്റെ കണ്ണുകള്‍ തിരഞ്ഞിരുന്നു. പിന്നെ ക്രമേണ ഞാന്‍ അവനെ മറന്നു തുടങ്ങിയപ്പോള്‍ ഒരിക്കലതാ സുന്ദരമായ കണ്ണുകളും തുളച്ചു കയറുന്ന നോട്ടവുമായി എന്റെ മുന്നില്‍.
"ഇത്രയും നാള് നീ എവിടായിരുന്നു ?"
വാക്കുകളില്ലാത്ത ചോദ്യവുമായി ഞാനവന്റെ മുന്നിലൂടെ കടന്നുപോയി. മോളെ കൊണ്ടു പോയി സ്കൂളില്‍ വിട്ടേച്ചു വരുമ്പോഴും വെള്ളക്കാറിനരുകില് അവിടെത്തന്നെ ഉണ്ടായിരുന്നു. അവനെ പിന്നിട്ട് മുന്നോട്ട് നടക്കുമ്പോഴും "നാളെയും കാണുമോ?" ഞാന്‍ എന്നോടു തന്നെ ചോദിച്ചു. പിന്നെ അതൊരു പതിവായി. എന്നും ഞാന്‍ അതുവഴിപോകുമ്പോള് അവന് അവിടെയുണ്ടാകും. ഒന്നും മിണ്ടാതെ പരസ്പരം നോക്കും. ദിവസങ്ങള്‍ കടന്നു പോയി, മാസങ്ങളും. മോളുടെ പരീക്ഷ കഴിഞ്ഞയുടനെ ഞാന്‍ നാട്ടിലേക്ക് പോയി. ഞാന്‍ പോയത് അവന് അറിഞ്ഞിട്ടുണ്ടാവില്ല അവന് വീണ്ടും എന്നെ കാത്തു നിന്നിട്ടുണ്ടാവും.
നാട്ടിലെ തിരക്കിനിടയില്‍ ഞാനവനെ ഓര്മ്മിച്ചിരുന്നില്ല. എന്നാല്‍ മറന്നിരിന്നുമില്ല. അഞ്ചുമാസത്തിനു ശേഷം തിരികെയെത്തി സ്കൂളിലേക്കു പോകുന്ന ആദ്യദിവസംതന്നെ ഞാനവനെ ഓര്‍ത്തു. എന്നാല്‍ അവനെയോ ആ വെള്ളക്കാറോ ഞാനെങ്ങും കണ്ടില്ല. മോളെ വിട്ടിട്ട് തിരികെ വന്നപ്പോള്‍ എനിക്കു വിശ്വസിക്കാനായില്ല, അതാ ആ കറുത്തകാറിനരുകില് അവന്, ഇത്തിരി തടിച്ചിട്ടുണ്ടോ? പക്ഷെ ആ നോട്ടം, "ഇത്രയും നാള് എവിടെ പോയി" ആ കണ്ണുകള്‍ എന്നോട് ചോദിച്ചോ? അതോ എനിക്കു തോന്നിയതോ? അവനെ കടന്നു പോയപ്പോള്‍ പുഞ്ചിരിക്കാന്‍ ഞാന്‍ മറന്നില്ല.
അവനെ കാണാന്‍ ഞാന്‍ ഇത്രമാത്രം കൊതിച്ചിരുന്നോ? എന്റെ മനസിനെ എനിക്കു തന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞാന്‍ ഒന്നു തിരിഞ്ഞു നോക്കി. അവന് അവിടെത്തന്നെയുണ്ട്. അല്ലാ, അതാ അവന് എന്റെ പുറകെ നടന്നു വരുന്നു. ഞാന്‍ മുന്നോട്ടു നടന്നു, വീണ്ടും തിരിഞ്ഞു നോക്കി. അവന് എന്നെ നോക്കി നില്ക്കുന്നു. ഞാന്‍ റോഡ് മുറിച്ചു കടക്കാനായി നിന്നു, അവനും. അവന് എന്നോടൊപ്പം വരുമെന്നു ഞാന്‍ കരുതി, പക്ഷെ അതുണ്ടായില്ല.
ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവന് റോഡരുകിലുണ്ടായിരുന്ന ഒരു വെയിസ്റ്റ് ബിന്നിലേക്ക് ചാടിയിറങ്ങി. "മ്യാവൂ... മ്യാവൂ ...." അവന്റെ നോട്ടത്തിലെ മാധുര്യം ഓര്‍ത്തുകൊണ്ട് ഞാന്‍ നടന്നു. ഇനി ഒരു ദിവസം അവന് വരുമായിരിക്കും എന്നോടൊപ്പം.
9 comments:
അത് ഞാനാണോ? ഏതായാലും ഭാവന അതി ഗംഭീരം....അവസാനം വരെ ആ ജിഞ്ജാസ കാത്തു...
ഞാന്‍ എന്തൊക്കെയാ വിചാരിച്ചേ...ആരായിരിക്കും ആ ഗെഡീ..അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍...ഹ ഹ ഹ..അവസാനമല്ലേ സംഗതി പുടികിട്ടീത്...ഹി ഹി ..നന്നായിട്ടുണ്ട് മാണിക്യം
ഹഹ കൊള്ളാം..
കൊള്ളാം...ആളു പൂച്ചയല്ല..പുലിയാണല്ലോ...ഹഹ
ഞാനെങ്ങ്നാ ഈ പ്രൊത്സാഹനങ്ങള്ക്ക് നന്ദി പറയുക ..വായിച്ചതിനും കമന്റ് ഇട്ടതിനും നന്ദി..
ഹായ് ... നന്നായി.....കൊള്ളാം
,വെയില് കൊണ്ടു ചിക്കന്‍ ചത്തതു നന്നയി -!!!??
അവന്റെ നോട്ടത്തിലെ മാധുര്യം ഓര്‍ത്തുകൊണ്ട് ഞാന്‍ നടന്നു. ഇനി ഒരു ദിവസം അവന് വരുമായിരിക്കും എന്നോടൊപ്പം.
വെളുത്തകാറ് ,കറുത്ത കാറ് എന്നൊക്കെ പറഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ ഞാന്‍ പേടിച്ചു പോയി.അവന്റെ നോട്ടം . ഹോ ...നന്നായി അവതരിപ്പിച്ചിരിക്കുന്നു .തീര്‍ച്ചയായും അവന് കൂടെ വരും പക്ഷേ കാനടയിലെക്കുള്ള വഴി അറിയാമോ എന്ന് ഇനിയും കാണുമ്പോള്‍ ചോദിക്കണം :)
Post a Comment