Friday, August 31, 2007

"നീ എങ്ങോട്ടാ പോയേ?"

"നീ എങ്ങോട്ടാ പോയേ?"
ഞാന്‍ ഒരിക്കലേ പേടിച്ചുള്ളു. അന്നു ശരിക്കും പേടിച്ചു. ചുമ്മാ ഞഞ്ഞാ പിഞ്ഞാ പേടിയല്ല. ശരിക്ക് പേടിച്ചത് ഇന്നും നല്ല ഓര്‍മ്മയുണ്ട് ..സിസ്റ്റര്‍ ഓളഗായുടെ ക്യാറ്റികിസം ക്ലാസ്സ്. സിസ്റ്റര്‍ വരാന്‍ താമസിച്ചു. കുട്ടികളല്ലേ, കലപിലയാണു അവിടെ... ഞങ്ങളുടെ ക്ലാസ്സ് റോഡരുകിലാണ് . അവിടെ ജനലില്‍ കൂടി നോക്കിയാല്‍ പള്ളി കാണാം.നോക്കുമ്പോള്‍ ഒരു ശവമടക്കാണ് അതിന്റെ ആളുകള്‍ പള്ളിയി ലേക്ക് പോയി കൊണ്ടിരിക്കുകയാണ്. നല്ലപോലെ കാണാന്‍ വേണ്ടി ഞാന്‍ ഡസ്കിന്റെ പുറത്ത് കയറി നിന്നു. ക്ലാസ്സിലുള്ള മിക്കവരും ജനലരുകില്‍ തടിച്ചു കൂടി പുറത്തേക്ക് നൊക്കി നില്ക്കുമ്പോളാണു സിസ്റ്റര്‍ വരുന്നത് . താഴെ നിന്നവര്‍ക്ക് വേഗം സ്വന്തം സ്ഥലത്തു എത്താന്‍ പറ്റി.എന്റെ ശ്രദ്ധ മുഴുവന് പുറത്തേക്കാണു ഞാന്‍ ശവമടക്കിന്റെ വിശദാംശം കിട്ടാന് വേണ്ടി.... , സിസ്റ്റര്‍ വന്നതു ഞാനറിയുന്നില്ലാ. എന്റെ തൊട്ടടുത്ത് ബഞ്ചിന്റെ മുകളില്‍ ആണു ജൊയിസ് ..സിസ്റ്റര്‍ അടുത്ത് എത്തി "നോക്കണം നോക്കണം പെണ്‍കുട്ടികള്‍ ചെയ്യാന്‍ പാടുണ്ടോ ഇങ്ങനെ? "....

സിസ്റ്റര് ദേഷ്യത്തിലാണേല്‍ ഡബിള്‍ ബെല്ലു കൊടുക്കുമ്പോലേ നോക്കണം നോക്കണം വരും ....ഒരു വല്ല്യ പെരുന്നാളിനുള്ള വകയായി....ഞാനും ജോയിസ്സും താഴെ എത്തി സിസ്റ്റര്‍ ഞങ്ങളെ നോക്കിയ നേരത്തു ബാക്കി മാലാഖാ കുഞ്ഞുങ്ങളെല്ലാം സീറ്റു പിടിച്ചു ..സിസ്റ്റര്‍ വലതു കൈയുടെ ചുണ്ടുവിരല്‍ വാതിലിനു നേരെ ചൂണ്ടി. "ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്....ഹും ബോത് ഓഫ് യൂ " ...

ഇതപ്പീലില്ലാ അച്ചാപോറ്റി ഒന്നും എല്ക്കില്ലാ ..ക്ലാസ്സ് റ്റീച്ചറും . സയന്‍സ് റ്റീച്ചറും എല്ലാം പുള്ളിക്കാരി തന്നെ. പയ്യെ പുറത്തു വന്നു, കൂടുതല്‍ ദ്വേഷ്യം പിടിപ്പിക്കണ്ടാ. വെളിയില്‍ വന്നു. അപ്പൊ സിസ്റ്റര്‍ പിറകെ വന്നു ക്ലാസ്സിന്റെ വാതിക്കല്‍പോലും കണ്ടു പോകരുതെന്നാ സുഗ്രീവാജ്ഞാ....ഞങ്ങള്‍ നടന്ന് കോറിഡോറിന്റെ അറ്റത്ത് പോയി നില്പായി...

ആപ്പൊ പുറത്തു ശവമടക്കിന്റെ പ്രാര്‍ത്ഥന കേള്ക്കാം .. ഞാന്‍ നോക്കുമ്പോള്‍ ജോയിസ്സ് ഭയങ്കര കരച്ചില്‍ .അവള്‍ അങ്ങനാ. ആരേലും ഒന്നു കണ്ണുരുട്ടിയാല്‍ അവളുടനേ കരഞ്ഞിരിക്കും...ഞാനാണേല്‍ ചുറ്റും നോക്കുവാ. എന്റെ അനിയത്തി (സ്കൂളിലെ ഗുഡ് ബുക്കില്‍ ഫ്രണ്ട് പേജില്‍ പേരുള്ളവള്‍) ഞാനീ ക്ലാസ്സിനു കാവലു നിക്കുന്ന കണ്ടാല് ..പിന്നത്തെ കഥയാ കഥ . ഞാനങ്ങനെ ഉയിരു കൈയില് പിടിച്ചു നിക്കുമ്പൊഴാ ഈ കരച്ചില് ...

"ആ ചത്തത് ആരാന്നു പോലും നിനക്കറിയില്ലാ പിന്നെ കരേന്നതു എന്തിനാ?" ഞാനിങ്ങനെ ചോദിച്ചപ്പോള്‍ ജൊയിസ്സ് ചിരിച്ചു ......പെട്ടെന്നാ അവളുടെ ചോദ്യം

"ഡെയ്.... മരിച്ചവരു എങ്ങോട്ടാപോണേ?"..

ഒരു മാതിരി സൂര്യനു താഴെയുള്ള എല്ലാ കാര്യത്തിനും ഉത്തരം അറിയുന്ന പ്രായമാണേ ....പക്ഷേ ഈ ചോദ്യത്തില്‍ ഇത്തിരി ഒന്നു പകച്ചു. തൊട്ടപ്പുറത്തുനിന്നു ശവമടക്കിന്റെ പ്രാര്‍ത്ഥന....ഇന്നു ഇനി സിസ്റ്റര്‍ പറയാന്‍ പോണ ശിക്ഷാവിധി ..ഗാര്‍ഡിയനെ കൊണ്ടുവന്നിട്ട് ക്ലാസ്സില്‍ കയറിയാ മതി അല്ലേല്‍ ഇമ്പൊസിഷ്യന്‍. ഏതായാലും വല്യാ പെരുന്നാളു തന്നെ.പക്ഷേ മറുപടി പറയണമല്ലോ അതിങ്ങനെയായി ...

"എനിക്കറിയില്ലാ ഒരു കാര്യം ചെയ്യാം... നീയാ ആദ്യം മരിക്കുന്നതെങ്കില്‍ നീഎന്നോട് വന്നു പറാ. അല്ലാ ഞാനാ ആദ്യം മരിക്കുന്നതെങ്കില്‍ ഞാന് നിന്നോട് വന്നു പറയാം.... "

അന്നു രാതി തന്നെ മരിച്ചു കിട്ടണ്ടതു എന്റെ ആവശ്യമാണു.. അന്ന് ഇന്നു പറയുന്ന പോലെ ടെന്‍ഷന്‍ എന്നൊന്നും പറയാന്‍ അറിയില്ലാ ..പക്ഷേ ആരോ തൊണ്ടക്കു കുത്തി പിടിച്ചപോലെ അല്ലെങ്കില്‍ വയറിനുള്ളില്‍ എലി ഓടുന്നപോലെ, കൈയും കാലും തണുക്കും. വായില്‍ വെള്ളമില്ലാ. ഒക്കെ കൂടെ ഒരു വല്ലായ്ക തോന്നും. ശിക്ഷകിട്ടും ഒറപ്പു . ഇന്നി സ്കൂളില്‍ പോകണ്ടാ എന്നാവും ചിലപ്പൊ,
അപ്പൊ പിന്നെ മരിക്കുന്നതാ ഭേതം, ബാക്കി കാര്യങ്ങള് .......
"അതു ശരിയാ അതോടെ അറിയാമല്ലൊ " ജൊയസിന്റെ അഭിപ്രായം പറച്ചിലാ. അപ്പോഴേക്ക് ബെല്ലടിച്ചു. അവസാനത്തെ പീരിഡാണു ..ഓടി ക്ലാസ്സില്‍ പോയി ബാഗും കുടയും ആയി പയ്യെ പുറത്തിറങ്ങി.സിസ്റ്റര്‍ അവിടെ എങ്ങും ഇല്ലാ, ഭാഗ്യം, ഇന്ന് അപ്പൊ ത്രിശങ്കു സ്വര്‍ഗ്ഗത്തിലാ ..നാളെ ക്ലാസ്സില്‍ കയറ്റത്തില്ല ഒറപ്പ് ... പയ്യെ നീങ്ങി ഇന്ന് ഏതായാലും മമ്മിടെ മുന്നില് പ്രശ്നം അവതരിപ്പിക്കണ്ടാ, നാളത്തിടം നാളെ , വീട്ടിലേക്കു പോകും വഴിക്കു തന്നെ ഒരു വല്ലാത്ത വയറുവേദന, അതിപ്പൊ കുടെകൂടെ വരുന്നു ..ഞാന്‍ റിക്ഷയിലിരുന്നു കരയാന്‍ തുടങ്ങി ...അതു വയറു വേദന കൊണ്ടാണോ സിസ്റ്റര്‍ ക്ലാസ്സിന്ന് ഇറക്കി വിട്ടതിന്റെ ഭവിഷ്യത്ത് ഓര്‍ത്തിട്ടാണോ???

അറിയില്ലാ... വീടെത്തി ..ചേച്ചി കരയുവാ വയറു നോവുന്നുന്ന് മമ്മി എത്തീട്ടില്ല . അന്നചേടത്തി വന്നു ആകെ ഒരവലോകനം നടത്തി ഉച്ചക്കു ഉണ്ടൊ? ഘനഗംഭിരമായിട്ടുള്ള ചോദ്യം അന്നചേടത്തിയുടെ തിയറി പ്രകാരം വയറു നിറച്ചു ചോറുണ്ടില്ലാങ്കിലാ എല്ലാ രോഗവും വരുന്നേ. അന്നചേടത്തി ഇതിനോടകം ഇഞ്ചിയും നാരങ്ങായും ജീരകവെള്ളവും ഒക്കെയായി ചികത്സാ തുടങ്ങി .ആ നേരത്താണ് മമ്മിയുടെ വരവ് എന്റെയുള്ളില്‍ പേടിയുണ്ട് , ഒരു വശത്ത് വയറുവേദനയും. ഇത്രയുമായപ്പോള്‍ എന്റെ കരച്ചില്‍ പൂര്‍വ്വാധികം ഉച്ചത്തില്‍ ആയി. പിന്നെ ബോധം കെട്ടു വീണു ...അപ്പോഴേക്ക് ഡോക്ടറുടെ അടുത്തെത്തിച്ചു , അപ്പന്റിക്സ എന്നു വിധി പിറ്റേന്ന് ഓപ്പറേഷന്‍ ..ഭഗവാനേ ഓരോരോ മായാവിലാസങ്ങളേ!

പിന്നെ വിട്ടിലിരിപ്പായി ഏകദേശം 3 ആഴ്ചക്കു ശേഷം സ്കൂളില്‍ എത്തിയപ്പോള്‍ ആദ്യം തിരക്കിയതു ജോയിസ്സിയെ ആണു അവള്‍ മഞ്ഞപ്പിത്തമായിക്കിടപ്പിലാണു,അന്നത്തെ ഗറ്റൌട്ട് അടിക്കുശേഷം അവള്‍ സകൂളില്‍ വന്നിട്ടില്ല്ലാന്നറിഞ്ഞു. ഞാന്‍ അന്നു വീട്ടിലേക്ക് പോയപ്പോള്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാന്‍ ഒക്കാഞ്ഞതിന്റെ വ്യസനം ഉണ്ടായിരുന്നു..

പിറ്റേന്ന് സ്കൂളില്‍ എത്തിയപ്പോള്‍ ആണു ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞതു .
ജോയിസി മരിച്ചു..... കറുത്ത ബാഡ്ജ് കുത്തി എല്ലാവരും അവളുടെ വീട്ടില്‍ പോയി. അന്നു ക്ലാസില്ലായിരുന്നു. ഞങ്ങള്‍ അവളുടെ വീട്ടിലെത്തി ...കത്തിച്ചു വച്ച സാമ്പ്രാണിയുടെയും പിച്ചിപ്പൂവിന്റെയും ഒക്കെ കൂടിയ ഒരു ഗന്ധം, വെള്ള ഉടുപ്പിട്ട് ആ പെട്ടിയില് കിടന്ന ജോയിസിയുടെ കാല്ക്കല്‍ ഞാന്‍ നിന്നു. അവളുടെ മുഖത്തു നിന്ന് ആ പുഞ്ചിരി മാഞ്ഞിട്ടില്ലാ, ഉറങ്ങുന്നപോലെ....അവളുടെ വാക്കുകള്‍ അപ്പോഴും എന്റെ കാതില്‍ മുഴങ്ങുകയായിരുന്നു,

"മരിച്ചാ നമ്മള്‍ എങ്ങോട്ടാ പോവുകാ".....ഞാന്‍ അപ്പൊ ചോദിച്ചു "നീ എങ്ങോട്ടാ പോയേ?" അവളുടെ കാല്‍ചുവട്ടില്‍ ഞാന് എത്രനേരം നിന്നു എന്നെനിക്കറിയില്ലാ... ടീച്ചര്‍ വിളിച്ചു തിരിച്ചു നടക്കുമ്പോള്‍ ഇനി അവളില്ലാന്നു വിശ്വസിക്കാന്‍ എനിക്കായില്ലാ..

പിറ്റേന്നായിരുന്നു അടക്കം അന്നു ഞാന്‍ സ്കുളില്‍ പോയില്ലാ... എനിക്ക് നല്ല പനിയും ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ നേരം. ഞാന്‍ മുറിയില്‍ കിടക്കുവാണ് . വീട്ടില്‍ മറ്റാരുമില്ലാ. അന്നചേടത്തി വന്നു പറഞ്ഞു "കുഞ്ഞേ മഴക്കോളൊണ്ട്, ഞാന്‍ പശുവിനെ അഴിച്ചോണ്ട് വരട്ടെ",

ഓ ഇനി പശുവിനെ കൂട്ടില്‍ കെട്ടി അതുമായി കൊച്ചുവര്‍ത്താനവും പറഞ്ഞു അന്നചേടത്തി തിരിച്ചു വരാന്‍ ഏറ്റം കുറഞ്ഞതൊരു മണിക്കൂര്‍. ഞാന്‍ ഓര്‍ത്തു. പെട്ടന്നു ആകെ ഇരുട്ടായി. ഒരു വല്ലാത്ത കാറ്റും, എന്റെ മുറിയുടെ ജനല്‍ വല്ലാതെ ആഞ്ഞടിച്ചു. കാറ്റ് ഉള്ളിലേക്ക് വരാന്‍ തുടങ്ങി. ഞാന്‍ ജനല്‍ അടക്കാന്‍ എണീറ്റു. എന്റെ ജനലില്‍ കൂടി നോക്കിയാല്‍ നേരേ കാണുന്നത് ഒരു പ്ലാവ് ആണു, ഞാന്‍ നോക്കുമ്പോള്‍ പ്ലാവിന്റെ ചുവട്ടില്‍ ആള്‍രൂപത്തിലല്‍ ഒരു വെട്ടം! ഞാന്‍ ജനലഴിയില്‍ പിടിച്ചു കൊണ്ടങ്ങനെ നിന്നു, അതൊരു പ്രത്യെകതരം കാറ്റ്, ഞാന്‍ അന്നു വരെയൊ, അതിനു ശേഷമൊ അത്തരം ഒരു കാറ്റ് കണ്ടിട്ടില്ലാ, ജനലിലേക്ക് ആഞ്ഞടിക്കുന്ന കാറ്റില്‍ ഒരിലപോലും പറന്നു വരുന്നില്ലാ, ആ വെളിച്ചം എന്റെ തൊട്ടടുത്ത് ജനലഴിക്കപ്പുറം. അതാ മുഖം മാത്രം തെളിയുന്നു, ബാക്കി മുഴുവന്‍ ഒരു പുകപോലെ, അതെ വെള്ള കട്ട പുക, ( ഇതെഴുതുമ്പോള്‍ അന്നു കണ്ടത് അതേ പോലെ ഞാന്‍ ഓര്‍ക്കുന്നു)....ജോയിസി, അവള്‍ നിന്നു ചിരിക്കുകയാണ്. ഒരു വല്ലാത്ത തണുപ്പ് അവളില്‍ നിന്ന് വരുന്നു .. അവള്‍ എന്നെ തന്നെ നോക്കി എന്റെ അടുത്ത്.

" ജോയിസി ...നീ..."

ഞാന്‍ വാക്കുകള്‍ കിട്ടാതെ .. അവള്‍ ഏതോ ദൂരെ നിന്ന് സംസാരിക്കും പോലെ ഒരു തരം എക്കൊ....... "ഞാ ന്‍ വ രാ മെ ന്ന് പ റ ഞ്ഞ ത ല്ലേ അ താ വ ന്നെ"........

ഇപ്പോള്‍ കാറ്റില്ലാ പക്ഷേ അവള് കാറ്റില്‍ ആടുന്ന തീനാളം പോലെ തലക്കു കീഴ്പ്പോട്ടുള്ള ഭാഗം ആ ടി ഉലയുകയാണ്. എനിക്ക് അപ്പോള്‍ പേടിയല്ലാ..... പക്ഷേ എന്തോ ഒരു അരുതാഴികാ അനുഭവപ്പെട്ടു,ആരേലും വന്നാലോ? എന്നതു തന്നാരുന്നു ആദ്യത്തെ ചിന്താ. ഞാന്‍ പറഞ്ഞു.

"നീ പോ പോ.... ആരേലും വരും പിന്നെ വാ "

അതു കേട്ടപ്പോ വല്ലാത്ത ഒരു ഭാവഭേദത്തോടെ അവള്‍ എന്നെ നോക്കി. ഒന്നും പറഞ്ഞില്ലാ... പയ്യെ അവള്‍ ഞാന്‍ നോക്കി നില്ക്കെ ആ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു, പിന്നെ കാറ്റടിച്ചില്ലാ , മഴയും പെയ്തില്ലാ. അപ്പോഴേക്ക് അന്നചേടത്തി ഓടികിതച്ചെത്തി.

"ഹൊ എന്റെ കുഞ്ഞേ എന്നാ കൊടും കാറ്റാ, ആണ്ട് ജനലരുവിപ്പോയി നിക്കുവാരുന്നോ പനീം വച്ചോണ്ട്.... ഹോ ഈ മുറീല് എന്നാ തണുപ്പാ ജനല് തൊറന്നിട്ടിട്ടാ .ഇങ്ങോട്ട് മാറിക്കേ ഞാനതടക്കട്ടെ..."

ഞാന് ആ പ്ലാവിന്‍ ചുവട്ടിലേക്ക് കണ്ണെടുക്കാതെ നോക്കി നിന്നു.

"ഈ കുഞ്ഞിനെന്നാ പറ്റി?" അന്നചേടത്തി എന്നെ പിടിച്ചു കൊണ്ട് കിടത്തി ജനല്‍ അടക്കാന് തുടങ്ങി . "വേണ്ടാ അന്നചേടത്തി ജനല്‍ അടക്കണ്ടാ ഇപ്പോ കാറ്റില്ലല്ലൊ." ഞാന്‍ പറഞ്ഞു .. അന്നചേടത്തി പുറത്തേക്ക് നോക്കിട്ട് പറഞ്ഞു.

"നേരാ ഇപ്പൊ കാറ്റില്ലാ ...ന്നാലും എന്നാ ഒരു കാറ്റാരുന്നു..."

പിറുപിറുത്തു കൊണ്ടവര്‍ മുറി വിട്ടു പൊയി.....അന്ന് അവള്‍ വന്നു. പറഞ്ഞ വാക്ക് പാലിക്കാന്‍. പക്ഷേ ഞാന്‍ അവള്‍ പറയാന്‍ വന്നതു കേട്ടില്ലാ ....പിന്നെ ഒരിക്കലും അവള്‍ എന്നെ കാണാ വന്നുമില്ലാ. പക്ഷെ ഇത്ര വര്‍ഷത്തിനു ശേഷവും എനിക്ക് അവളുടെ വരവ് മറക്കാന്‍ പറ്റുന്നില്ലാ..

ഞാന്‍ എന്നോടും അവളൊടും ഇന്നും ചോദിക്കുവാ "നീ എങ്ങോട്ടാ പോയേ?" ……

23 comments:

Malayali Peringode said...

മനസ്സില്‍ നീറ്റലനുഭവിച്ച് മാത്രം വായിക്കാന്‍ കഴിയുന്ന ഒരു കഥ. ഇതു കഥ തന്നെയോ?!
ഇല്ല ജീവിതിത്തില്‍ നിന്നും പറിച്ചെടുത്ത ഒരേടായി തോന്നുന്നു!
മാണിക്യം നന്നായി എഴുതിയിരിക്കുന്നു.
പഴയ സ്കൂള്‍ ജീവിതവും, കോളേജില്‍ സീനിയറായിരുന്നിട്ടും കൂട്ടുകാരനായി മാറിയ, എന്തിനു വേണ്ടി ജീവിതം പാതിവഴിയിലുപേക്ഷിച്ചു എന്നിതുവരെയും തിരിച്ചറിയാന്‍ കഴിയാത്ത, പാട്ടുകാരനും, നന്നായി ചിത്രം വരയ്ക്കുകയും ചെയ്തിരുന്ന ഞങ്ങളുടെ സുനിലിനെ, അവന്റെ ആ കിടപ്പ്, അവന്റമ്മയുടെ ആ കരച്ചില്‍...
എല്ലാം മനസ്സില്‍ കൂടി മിന്നി മറഞ്ഞു...

അഭിനന്ദനങ്ങള്‍...

പൈങ്ങോടന്‍ said...

മാണിക്യത്തിന്റെ ഈ കഥയും നന്നായിരിക്കുന്നൂ...ഈ കഥയിലെ ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ലല്ലോ...ആ ഒരു സമയം വരുമ്പോള്‍ നമ്മളെല്ലാം എങ്ങോട്ടാണ് പോവുക ?....

മാണിക്യം said...

നന്ദി .. അതില്‍ക്കൂടുതലും പറയണം പക്ഷെ എന്തൊ ഇപ്പൊ വാക്കുകള്‍ കിട്ടുന്നില്ലാ വര്‍ത്തമാനം, പൈങ്ങോടന്‍ ഉത്തരനില്ലാത്ത ആ ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്‍ ഞാനും ...നന്ദി .വായിച്ച്തിനും അഭിപ്രായം പറ്ഞ്ഞതിനും..

തുരുതിക്കാടന്‍ said...

“നീ എങ്ങോട്ടാ പോയത്...? ”

മനസ്സുകളില്‍ ഒരു ചെറിയ നൊമ്പരം സമ്മാനിച്ചിട്ട്
ഒരു ചോദ്യചിഹ്നമായി മാറി... വിദൂരതകളിലേക്ക്...
അനശ്വരതകളിലേക്ക്...

മാണിക്യം എഴുത്ത് മികച്ചതായിട്ടുണ്ട്...

പൂച്ച സന്ന്യാസി said...

പ്രിയ ജോച്ചീ, ഈ കഥയും , നടന്നതായാലും , അലെങ്കിലും വളരെയധികം ചിന്തിപ്പിക്കുകയും മനസ്സില്‍ ഒരൂ ചോദ്യചിഹ്നം ബാക്കി വെയ്ക്കുകയും ചെയ്റ്റുന്നു. വളരെ നല്ലതായി അവതരിപ്പിച്ചു, ഇനിയും എഴുതുക,പൂര്‍വ്വകാല സ്മരണകള്‍ നമ്മുക്ക് ഇവിടെ പങ്കു വെയ്ക്കാം. അപ്പൊഴും ആ ചോദ്യം ഇനിയും ബാക്കി? ഉത്തരം കിട്ടാത്ത ചോദ്യം....

NPT said...

വിവരണം..നന്നായിരിക്കുന്നു.......എന്നാലും പറയാനുള്ളത് കേള്‍കാമായിരിന്നു...

കനല്‍ said...

നല്ല അവതരണം...
ഈ എഴുത്തിനോട് എനിക്ക് ഇമ്മിണി അസൂയ തോണണുണ്ടേ.
ഒരുപാട് കഥകള്‍ മനസിലുള്ള മാണിക്യം ഇനിയും തിളങ്ങട്ടെ...
എഴുതി തിളങ്ങട്ടേ..

ഹരിയണ്ണന്‍@Hariyannan said...

മനോഹരമായ അവതരണം.
ശൈലി ലളിതവും,അനായാസമായ വായനക്കുതകുന്നതുമാണ്.അവസാനിക്കുന്നതിനുമുന്‍പ് പല അവസാനങ്ങള്‍ വന്നുപോകുന്നതുപോലെ തോന്നി.
മനസ്സില്‍ തട്ടി...കഥയല്ലെന്നു തോന്നിയതുകൊണ്ട് പ്രത്യേകിച്ചും.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നീറിപ്പുകയുന്ന മൌനനൊമ്പരങ്ങള്‍ ഒരു താളിലേയ്ക്ക് പകര്‍ത്തുമ്പോള്‍ അവിടെ ആരുടെയൊക്കെയൊ ജീവന്‍റെ തുള്ളികള്‍ കാണുന്നു അല്ലെ മാണീക്യമേ..
മെച്ചില്‍ പുറങ്ങള്‍ തേടിയലയുമ്പോള്‍ മനുഷ്യന്‍ പലതും മറക്കുന്നു അത് പ്രകൃതി നിയമമാണ്..
ഇന്നും എത്രവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ നൊമ്പരം ഇവിടെ പ്രകടമായത്.
അപ്പോള്‍ പ്രകൃതിയുടെ ഒരു വരധാനമല്ലെ മാണിക്യം..ഓര്‍മകള്‍.
വര്‍ഷങ്ങള്‍ അകന്നുമാറുമ്പോള്‍ വസന്തത്തിന്‍റെ കാല്‍പനികതയിലേയ്ക്ക് ഒരു ജ്വാലയായി കടന്നു വരുന്നു ഓര്‍മകള്‍ അല്ലെ.?
[അവള്‍ എന്‍റെ കൂട്ടുകാരി ആയിരുന്നു അവള്‍ പൊയത് ഇന്നും ഒരു നീറ്റലാ
എങ്ങോട്ടാ പോയെ?
ഇന്നും ഞന്‍ ചൊദിക്കുകയണു..]
എങ്ങും പോയിട്ടില്ലാ.. ഈ ഓര്‍മകളിലൂടെ അവള്‍ ജീവിക്കുന്നു അവളുടെ സ്നേഹ നിധികളായ സൌഹൃദങ്ങളുടെ നടുവില്‍.!!
മനസ്സെ കരയല്ലെ വെറുതേ....!!!

മാണിക്യം said...

വര്ത്തമാനം, പൈങ്ങോട്ന്, ബിജൊ, പൂച്ചസന്യാസി,നൌഷാദ്, കനല്, ഹരിയണ്ണന്
,സജി(Friendz4ever), ""നീ എങ്ങോട്ടാ പോയേ?""എന്നു ഞാന് ചൊദിച്ചപ്പോ അതു തിരക്കാന് ഓടി വന്ന എന്റെ പ്രിയപ്പെട്ടവരെ നന്ദി നിങ്ങളുടെ ഈ താങ്ങും കൂട്ടുമാണ് എന്റെ ധൈര്യവും ശക്തിയും.നിങ്ങളുടെ ഓരോരുത്തരുടെയും സഹായത്തിനും, അഭിപ്രായങ്ങള്‍ക്കും ഹൃദയങ്കമമായ നന്ദി, ഈയവസത്തില്‍ രേഖപ്പെടുത്തുകയാണ്.

hi said...

എനിക്ക് കമന്റിടാനറിയില്ലാ...എന്നാലും ഇത് വായിച്ചിട്ട് കമന്റാതിരിക്കാനുമാവില്ല.ഇത് നടന്ന സംഭവമാണോ?
“സൂര്യനു താഴെ ഉള്ള എല്ലാറ്റിനെയും പറ്റി അറിവുള്ള പ്രായം” ആ വരി എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.നല്ല എഴുത്ത്.
ജോയ്സിയെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

SHAN ALPY said...

ഞാനിവിടുണ്ടേയ്......
ഭാവുകങ്ങള്

Unknown said...

മാണിക്ക്യമേ.......
"നീ എങ്ങോട്ടാ പോയേ?" എന്ന തലക്കെട്ട് വളരെ വ്യത്യസ്തമായി തോന്നി… ഈ കഥ വായിച്ചപ്പോളെനിക്കാദ്യം ഓര്‍മ്മ വന്നതു സ്കൂളില്‍ ഉണ്ടായിരുന്ന റീന എന്ന കൂട്ടുകാരിയെയാണ്…. അവള് മരിച്ചത് മഞപ്പിത്തം പിടിപെട്ടാണ്……
എന്നാലും ഈ തലക്കെട്ടിനുത്തരം അവസാനഭാഗത്ത് പ്രതീക്ഷിച്ചു……..

തോക്കായിച്ചന്‍ said...

അഹാ മനോഹരമായി എഴുതിയിരിക്കുന്നു.. ഇനിയും ഇങ്ങനെ പോരട്ടേ..

Jyothi ജ്യോതി :) said...

മുഴുവനും കഥയല്ല ഇത്... പകുതി ജീവിതം... അതു മനസ്സിലായി...

ജീവിതം പകര്‍ത്തിയെഴുതാന്‍ പക്ഷെ ഒരു കഴിവു വേണം... തീര്‍ച്ചയായും ഈ എഴുത്തില്‍ അതു പൂര്‍ണ്ണം!!

:):):)

usha said...

ഇത്ര ഒക്കെ കയ്യിലിരുന്നിട്ടാണോ അങ്ങാതെ ഇരുന്നത്... ഇതു കഥ തന്നെയോ? ഒരു അനുഭവകഥ പോലെ തോന്നുന്നു..... മനസ്സില്‍ ഒരു നീറ്റല്‍.....
എല്ലാഭാവുകങ്ങളും നേരുന്നു

Aloshi... :) said...

ജീവിതത്തിന്റെ അര്‍ത്ഥമോ ഈ ജീവിതത്തിനപ്പുറത്തുള്ള ജീവിതത്തിന്റെ സാനിധ്യമോ തപ്പി നടക്കലാവരുത് ഈ ജീവിതം......
മരണമെന്നുള്ളത് ഒരവസാനമല്ല.... ഒരു വകഭേതം മാത്രമാണത്... ഒരുതരത്തില്‍ പറഞാം രൂപാന്തരീകരണം..... അവിടെ പഥാര്‍ഥമോ സമയമോ ഒന്നുമില്ല.... പരിപൂര്‍ണ്ണതയുടെ നടുവിലായിരിക്കുക അതാണ് മരണാനന്തര ജീവിതം.... ആ പരിപൂര്‍ണ്ണതയിലെത്തിചേരാനാവാതിരിക്കലാണ് നരകം എന്നു പറയുന്നത്.....

ചേച്ചി..... കൊള്ളാട്ടോ... നന്നായിരിക്കുന്നു... സ്വന്തം അനുഭവത്തില്‍ നിന്നൊരേട് അല്ലേ.... പ്രിയപെട്ടവരുടെ വേര്‍പാട് ജീവിതതിന്റെ അര്‍ത്ഥം തപ്പിച്ചിട്ടുണ്ട് എന്നെകൊണ്ട്.... എന്തിന് മരണാനന്തര ജീവിതത്തെ കുറിച്ച് ഒരു തീസിസും അവതരിപ്പിക്കാന്‍ ഭാഗ്യം കിട്ടി.... പക്ഷെ ഒന്നു മാത്രമേ എനിക്കറിയാവൂ.... മരണം കൊണ്ട് മനുഷ്യജീവന്‍ തീരുന്നില്ല... മരണമൊരു കവാടം മാത്രം....

എന്റെ അനുവാദവും... ആഗ്രവും ചോദിക്കാതെ ഞാന്‍ ഉണ്ടാക്കപെട്ടുവെങ്കില്‍.... എന്റെ ജീവിതത്തില്‍ ബാഹ്യശക്തികളു‍ടെ ഇടപെടലുകളുണ്ടെങ്കില്‍.... തീര്‍ച്ചയായും മരണശേഷവും അതുണ്ടാവും.... അതെന്റെ സമ്മതത്തേയോ ആഗ്രഹത്തേയോ...ബന്ദപെട്ടായിരിക്കില്ല നില്‍ക്കുന്നത്

ഏ.ആര്‍. നജീം said...

ഇത് ഒരു കഥയല്ലെ?

ജോയ്‌സി മാണിക്ക്യത്തിന്റെ മനസിലുദിച്ച വെറും ഒരു കഥാപാത്രം മാത്രമല്ലേ.?

ആണെങ്കിലും അല്ലെങ്കിലും അതെയെന്ന ഒരുത്തരം മാത്രമേ എനിക്ക് തരാവൂ..

കാരണം, ഒരു കഥാപാത്രമായി എനിക്ക് ജോയ്‌സിയെ മറക്കണം,

വിഷമത്തോടെയെങ്കിലും അവളെ എനിക്ക് മറക്കണം ....

ഇല്ലെങ്കില്‍ ചിലപ്പോ അവള്‍ എന്നും ഒരു നൊമ്പരമായി എന്റെ മനസില്‍ കിടന്നാലോ എന്ന് ഞാന്‍ ഭയക്കുന്നു

കാപ്പിലാന്‍ said...

ഈ കഥ എനിക്ക് പെരുത്ത്‌ ഇഷ്ടം ചേച്ചി .നന്നായി വിവരിച്ചിരിക്കുന്നു അവസാന വരി വരെ വായിക്കാന്‍ തോന്നുന്നവ .ഇത് സത്യമായിരുന്നോ ? അതോ മനസിന്റെ നിഗൂഡതയിലെ വിഹ്വലമായ ചിന്തയോ ? അറിയാതെ ഞാനും എന്തെല്ലാമോ എഴുതി പോകുന്നു :):)

Gopan | ഗോപന്‍ said...

മനസ്സില്‍ തട്ടുന്ന വരികളും മികച്ച അവതരണവും..
വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു വിഷമം.
മാണിക്യേച്ചി..this is one of your best !

the man to walk with said...

hair raised..

Great..virachu poyi..oru vedhanayode

Unknown said...

വളരെ നല്ല പോസ്റ്റ്‌.കുറേ ഓര്‍മകളില്‍ കൂടി കടന്നു പോയി.

yousufpa said...

കൊണ്ടു, മനസ്സിൽ നന്നേ കൊണ്ടു.നന്നായിരിക്കുന്നു ജീവിതത്തിലെ ഈ ഏട്.