Wednesday, January 2, 2008

എന്റെ ചുവന്ന കുപ്പായക്കാരാ.....




നിറങ്ങള്‍ മറന്നിട്ട ഭൂമിയെ
ഒരുവട്ടം കൂടി ഞാന്‍ കണ്‍ചിമ്മി നോക്കി
വാര്‍ദ്ധക്ക്യം പോലെ കറുപ്പും വെളപ്പും മാത്രം
പൂക്കളില്ല കായ്കളില്ല
ഇലകൊഴിഞ്ഞ മരങ്ങള്‍ മാത്രം
ചിലയ്ക്കുന്ന കിളികളില്ല എങ്ങും നിശ്ചലം
കണ്ണെത്താ ദൂരത്തോളം മഞ്ഞിന്‍ കൂനകള്‍
വെറും ഒരു പുല്‍ക്കൊടിയായ ഞാന്‍
ഈ ഹിമവര്‍‌ഷത്തില്‍ കീഴില്‍
മരവിച്ചു വീണു കിടക്കവേ
കൊതിക്കുന്നു എന്‍ മാനസം
നിന്‍ സൂര്യതാപത്തിനായ്


എന്‍ ചുവന്ന കുപ്പായക്കാരാ
ചെമ്പട്ട് പുതച്ചു നീയെന്‍ ചക്രവാളത്തില്‍
ഉദിച്ചുയരുന്നതും കാത്ത്
മരവിച്ച മനസ്സും ദേഹവുമായ്
ശൈത്യത്തിന്‍ തടവില്‍
മോചനം കാത്തു കിടക്കവേ
നിന്റെ ചൂടുള്ള ആ കരത്തിന്‍
തലോടലൊന്നേറ്റ് വാങ്ങാന്‍
സ്വ‌ര്‍‌ണ്ണത്തേരിലേറി നിന്‍
വരവ് കാത്ത് കാതോര്‍ത്ത്
ഞാനീ ഹിമഗണങ്ങള്‍ തീര്‍ത്ത
കാരാഗൃഹത്തില്‍ തേങ്ങുന്നു


എന്റെ ചുവന്ന കുപ്പായക്കാരാ
നിന്റെ നോട്ടത്തിന്‍ തീക്ഷ്ണതയില്‍
എന്നെ മൂടിയാ ഹിമസാനുക്കള്‍
ഉരുകുന്നതും പിന്നെ ഞാന്‍ സ്വതന്ത്രയായ്
എന്നിലെ ജീവിന്‍ തുടിക്കുന്നതും
നിന്നെ പുണരുന്നതും സ്വപ്നം
കാണുന്നു ഞാന്‍ നിന്‍
തലോടലിന്‍ സ്‌നേഹ സ്പര്‍‌ശനം
എന്നാണ് ഞാനിനി ഏറ്റുവാങ്ങുക
എന്റെ ചുവന്ന കുപ്പായക്കാരാ...

31 comments:

മാണിക്യം said...

“സ്വര്‍‌ണ്ണത്തേരിലേറി വരുന്ന
ചുവന്നകുപ്പയക്കരാ..
കൊതിക്കുന്നു എന്‍ മാനസം
നിന്‍ സൂര്യതാപത്തിനായ്....”

ശൈത്യത്തില്‍‌ വല്ലപ്പോഴും മാത്രം
ഉദിച്ചെത്തുന്ന സൂര്യനോടായ്.....

ശ്രീ said...

നന്നായിരിയ്ക്കുന്നു, വരികളും ചിത്രവും.
:)

അനില്‍ശ്രീ... said...

എല്ലാ പുല്‍ക്കൊടികളും ഒരു സൂര്യനായി കാത്തിരിക്കുന്നു അല്ലേ?.. ആ ചൂടേറ്റുണരാന്‍... ആ ചൂടില്‍ ഒന്നു നിവര്‍ന്നു നിന്ന് ലോകം കാണാന്‍...

ദിലീപ് വിശ്വനാഥ് said...

ആദ്യം തന്നെ പറയട്ടെ... കിടു പടം.
പിന്നെ വരികളുടെ കാര്യം പറയുകയും വേണ്ട. നന്നായിരിക്കുന്നു.

വേണു venu said...

:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇലകൊഴിഞ്ഞ മരങ്ങള്‍ മാത്രം
ചിലയ്ക്കുന്ന കിളികളില്ല എങ്ങും നിശ്ചലം
ശെരിയാ ഇലകൊഴിഞ്ഞ വനങ്ങള്‍ക്ക് തീപിടിക്കുന്നു
അതുകണ്ട് കൂറ്റന്‍ കഴുകന്മാര്‍ രസിക്കുന്നൂ.
എന്റെ ഉദയ സൂര്യനേ........നീ എങ്ങുപോയി മറഞ്ഞു നീ ...?

SreeDeviNair.ശ്രീരാഗം said...

Dear maanikkyam..
eshttamaayi..
sreedevi.

ഉപാസന || Upasana said...

നന്നായി മാണിക്യം
:)
ഉപാസന

പ്രയാസി said...

"എന്റെ ചുവന്ന കുപ്പായക്കാരാ....."

ഞാന്‍ കരുതി..???

കൊള്ളാം രണ്ടും..:)

ഗീത said...

മഞ്ഞുകൂമ്പാരത്തിന്‍തടവറയ്ക്കുള്ളില്‍ പെട്ട
കുഞ്ഞു പുല്‍ക്കൊടിത്തുമ്പിന്റെ പ്രാര്‍ത്ഥന ...

കവിത നന്നായിരിയ്ക്കുന്നു, മാണിക്യം.

കാരാഗൃഹം ആണ് ശരി.മംഗ്ലീഷില് "kaaraagR^ham"‍എന്നു റ്റൈപ്പുക.
അതുപോലെ തീക്ഷ്ണത എന്നത് ത്രീക്ഷ്ണത എന്നായിപ്പോയിരിക്കുന്നു.

അവസാനത്തെ സ്റ്റാന്‍സയില്‍ ‘സ്വപ്നം കാണുന്ന‘ എന്നാണോ ‘സ്വപ്നം കാണുന്നു‘
എന്നാണോ?

ഏ.ആര്‍. നജീം said...

ദുര്‍ലഭ്യമായതിനെ മോഹിക്കുക സ്വാഭാവികം
അതൊരു മഞ്ചാടിക്കുരുവായാലും അങ്ങ് കത്തിനില്‍ക്കുന്ന സൂര്യനായാലും....

നന്നായിരിക്കുന്നു.....കേട്ടോ...

മാണിക്യം said...

ശ്രീ, വാല്‍മീകീ, എന്റെ വീടിന്റെ മുറ്റത്തെ മരം,ഞാന്‍ തന്നെ ഏടുത്ത ചിത്രം,ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.. നന്ദി .
അനില്‍ശ്രീ വരികള്‍ക്കിടയിലെ വരികള്‍ വായിച്ചെടുത്തു നന്ദി...
വേണു.. :):)
സജി: ‘ഇലകൊഴിഞ്ഞ വനങ്ങള്‍ക്ക് തീ പിടിക്കുന്നു’...ആ തീ‍ കണ്ടോ..?
ശ്രീദേവി.. നന്ദി ഇഷ്ടപ്പെട്ടതില്‍ ..
ഉപാസന: നന്ദി :)
പ്രയാസി : ചുമ്മാ കരുതിക്കൊ, ഇതു ഇരുതല വാള്‍ തന്നെയാ.......നന്ദി .
ഗീതാ നന്ദി . ഇത്രയും താല്പരയ്ത്തോടെ വായിച്ചതിനും തെറ്റുകള്‍ അറിയിച്ചതിനും പ്രത്യേകം നന്ദി .തിരുത്തുകള്‍ വരുത്തി കേട്ടോ..

നജിം ,എന്റെ ചുവന്നാ കുപ്പായക്കരന്‍ .. മഞ്ചാടികുരുവും ആയോ? അല്ല അതു ജ്വലിക്കുന്നാ സൂര്യന്‍ തന്നാ,
അല്ലേല്‍‌ സൂര്യതേജസ്സ് ഉള്ളാ............

Malayali Peringode said...

പടച്ചോനേ!
ഞമ്മള് ചുവന്ന കുപ്പായവും ഇട്ടാണല്ലോ ബന്നത്!!!!
അള്ളാണെ ഞമ്മളല്ലാ!


:)

Rajesh said...

ഒരു മഴവില്ലുമായി....വാസന്ത വര്‍ണ്ണങ്ങളുമായി...അവന്‍ വരും...[:)]

Unknown said...

കവിയത്രി തണുത്തു വിറയ്ക്കുംബൊള്‍ എഴുതിയ കവിത....ഹഹഹ...പിന്നെ മാണിക്യമേ അക്ഷര വിദ്യാഭ്യാസമുള്ള ചെറു കുട്ടികള്‍മുതല്‍ വായിച്ചു ആസ്വദിക്കാന്‍ കഴിയുന്ന അഹങ്കാരമോ ജാഡയൊ ഇല്ലാത്ത ഹൃദയ സ്പര്‍ശ്ശിയായ കവിത!!!!പീന്നെ കന്നഡയിലെ തണുപ്പിനോടും തൂമഞ്ഞിനോടും ഞാന്‍ പ്രത്യേകം നന്ദി പറയുന്നു...ഇവകാരണമാണല്ലോ..താങ്കള്‍ക്കു ഇത്ര മനോഹരമായ കവിത എഴുതാന്‍ ഉണ്ടായ പ്രേരണ!!!!

ഹരിയണ്ണന്‍@Hariyannan said...

മനസ്സില്‍ ഒരു തുഷാരമഴ....

ആദ്യവരികളും ..കറുപ്പും വെളുപ്പുമായ ചിത്രവും ക്ഷ പിടിച്ചൂ..

ഇക്കു said...

മനോഹരം മാണിക്യം...

മന്‍സുര്‍ said...

മാണിക്യം...

എത്ര മനോഹരമീ ഉള്‍കഴ്‌ചകള്‍....
ഇവിടെ ആരും ആരെയും കാത്തുനില്‍ക്കുന്നില്ല....

സമയാസമയം പോയ്‌മറയുന്ന കാലം
ഒരു പുനര്‍ജനനത്തിന്റെ പഴകിയ മുദ്രകള്‍ മാത്രം ബാക്കി വെച്ച്‌
പിരിയുബോല്‍....നിമിഷമീ തേങ്ങലുകള്‍
വരികളില്‍ നഷ്ടങ്ങളുടെയും...ഏകാന്തതയുടെയും വിറപൂണ്ട മെര്‍കുറിപൂക്കള്‍ പോലെ താഴ്‌ന്നിറങ്ങുന്ന മഞ്ഞിന്‍ കണങ്ങളായ്‌
മനസ്സിന്‍ അകത്തളം.....

എന്നിട്ടും മനസ്സെന്തോ പറയാന്‍ വെമ്പുന്നു....പറയാന്‍ വന്നത്‌ ,ഉഴുവനാക്കിയില്ല എന്നൊരു തോന്നല്‍ ബാക്കിയായ്‌ മനസ്സില്‍......

അക്ഷരതെറ്റുകള്‍ അങ്ങിങ്ങായ്‌ ചെറുതോതില്‍ വന്നുവെങ്കിലും
നല്ല വരികളുടെ സാന്നിധ്യം അവയെ മറച്ചു പിടിച്ചു...
ശ്രദ്ധികുമല്ലോ......

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

Unknown said...

നന്നായിരിക്കുന്നു..
ആ .....
ചുവന്ന കുപ്പായക്കാരന്‍ ......
വരാനിനിയും സമയമെടുക്കൂല്ലോ....

Unknown said...

മനസ്സിന്റെ ചിന്തകളെ തൊട്ടുണര്‍ത്തിയ ആ ചുവന്ന കുപ്പായക്കാരന്‍, ഇത്തവണ തണുപ്പിന്റെ രൂപത്തില്‍ വന്നു അല്ലേ.... കവിതയ്ക്കു തിലകം ചാര്‍ത്തുന്ന മനോഹരമായ ചിത്രവും..... ഒരിക്കല്‍ കൂടി നന്ദി, നല്ലൊരു കവിത സമ്മാനിച്ചതിന്....

ഹരിശ്രീ said...

മനോ‍ഹരമായ വരികള്‍...

നല്ല വര്‍ണന...


ആശംസകള്‍

Unknown said...

കുന്ധിയുടെ ഹ്ര്ദയം ഒരു പുല്‍നാന്‍പിലൊളിപ്പിച്ച്, മഞ്ഞിന്മേലാട വലിച്ചുകീറി തന്നിലേക്കടുപ്പിക്കുന്ന ചുവന്ന സൂര്യനെ കാത്തിരിക്കുന്ന നീ എന്നാണ്‍ ഒരു ചുവന്ന കര്‍ണനെ പ്രസവിക്കുക……………………..

വാക്കുകലില്‍ ഒളിഞ്ഞിരിക്കുന്ന തീവ്റപ്രണയഒത്തിന്റെ ചാരുത വിളിച്ചോതുന്ന കവിത, നന്നായിരിക്കുന്നു………………അഭിനന്ദനങ്ങള്‍‍……………………..
………………………ബേബി ഉദിനി…………………

sv said...

നിനക്കായി ഉദിക്കുന്ന സുര്യനെ കാത്തിരിക്കൂ...
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വെറും ഒരു പുല്‍ക്കൊടിയായ ഞാന്‍
ഈ ഹിമവര്‍‌ഷത്തില്‍ കീഴില്‍
മരവിച്ചു വീണു കിടക്കവേ
കൊതിക്കുന്നു എന്‍ മാനസം
നിന്‍ സൂര്യതാപത്തിനായ്
എന്‍ ചുവന്ന കുപ്പായക്കാരാ
ചെമ്പട്ട് പുതച്ചു നീയെന്‍ ചക്രവാളത്തില്‍
ഉദിച്ചുയരുന്നതും കാത്ത്
മരവിച്ച മനസ്സും ദേഹവുമായ്
ശൈത്യത്തിന്‍ തടവില്‍
====എത്ര മനോഹരമായ വരികള്‍ എന്നല്ലാതെ എന്തു പറയാന്‍?കാനഡയിലെ ഇല പൊഴിയും ശൈത്യത്തില്‍ ഇതല്ലാതെ എന്തു ഭാവനയാണു ഉണ്ടാകേണ്ടത്?നന്നായി..വളരെ വളരെ നന്നായി..
ചിത്രവും കൂടി ചേര്‍ന്നപ്പോള്‍ അതി സുന്ദരം...

Anonymous said...

ചേച്ചീ........
നല്ല വരികള്‍........നല്ല വര്‍ണന....


“എന്റെ ചുവന്ന കുപ്പായക്കാരാ
നിന്റെ നോട്ടത്തിന്‍ തീക്ഷ്ണതയില്‍
എന്നെ മൂടിയാ ഹിമസാനുക്കള്‍
ഉരുകുന്നതും പിന്നെ ഞാന്‍ സ്വതന്ത്രയായ്
എന്നിലെ ജീവിന്‍ തുടിക്കുന്നതും
നിന്നെ പുണരുന്നതും സ്വപ്നം
കാണുന്നു ഞാന്‍ നിന്‍
തലോടലിന്‍ സ്‌നേഹ സ്പര്‍‌ശനം
എന്നാണ് ഞാനിനി ഏറ്റുവാങ്ങുക
എന്റെ ചുവന്ന കുപ്പായക്കാരാ...“


സൂര്യനെ കാത്തിരിക്കുന്ന അനേകം കാമുകിമാരിലൊരുവള്‍ (?)
സൂര്യന്‍ വരും.......
അവളിലെ ജീവനെ തുടിപ്പിക്കാന്‍....
സ്നേഹത്തോടെ തലോടാന്‍......
അവളിലെ അവളെ ഉണര്‍ത്താന്‍....
പക്ഷേ... അതുകഴിഞ്ഞ്.........
സൂര്യന്‍റെ മറ്റു കാമുകിമാരെപ്പോലെ (?)
ഉണര്‍ന്നുകഴിഞ്ഞാല്‍
അവരെ സ്നേഹിക്കാനും തലോടാനും
ആരൊക്കെയോ ഉണ്ടാകും.....
അപ്പോള്‍ സൂര്യന്‍റെ അവസ്ഥ?????
ആ......... എന്നാലും സൂര്യന്‍ വരും.....

Anonymous said...

മാണിക്യമേ...

മഴ കൊതിച്ച് കിടക്കുന്ന ഊഷരഭൂമി പോലെ , സൂര്യനാളത്തെയും പ്രതീക്ഷിച്ച് ഹിമവര്‍ഷത്തിനടിയില്‍ കിടക്കുന്ന പുല്‍ക്കോടി! പൂക്കളും കായ്കളും എങ്ങുമില്ല! ഒക്കെയും തണുത്ത് മരവിച്ച്, ആ കരങ്ങളുടെ ചൂടുസ്പര്‍ശനവും കാത്ത്, സ്വര്‍ണ്ണത്തേരിലേറി വരുന്ന തന്റെ പ്രിയനെകാത്ത്. പ്രിയന്റെ ഒരു നോട്ടത്തില്‍ ഉരുകിത്തീരുന്ന പരിഭവവും ഊഷരതയും !

വല്ലപ്പോഴുമെന്നറികിലും, വീണ്ടും വീണ്ടും ആ കരസ്പര്‍ശത്തിനായ്, ആ തീക്ഷ്ണ നോട്ടത്തിനായ് , തലോടലിനായ്, കാത്തിരിക്കുന്നു.. ഹിമശിശിരത്തില്‍ മൂടിക്കിടക്കുന്ന വെറുമൊരു പുല്‍ക്കൊടീയായ്...!!

-സ്നേഹാശംസകളോടെ ജോച്ചിയുടെ സ്വന്തം സന്ധ്യ :)

Mahesh Cheruthana/മഹി said...

മാണിക്യം,
മനോ‍ഹരമായ കവിത!ചിത്രവും!ആശംസകള്‍!

സുല്‍ |Sul said...

നന്നായിരിക്കുന്നു വരികള്‍ മാണിക്യമെ :)
-സുല്‍

നിര്‍മ്മല said...

ഇത്രേം സ്നേഹത്തോടെ വിളിച്ചോണ്ടാവും രണ്ടു ദിവസം നല്ല ചൂടും സൂര്യപ്രകാശവും വന്നത്. ഹാമില്‍ട്ടണില്‍ റെക്കോഡു ബ്രേക്കിംഗ് ചൂടായിരുന്നില്ലെ? മാണിക്യത്തിന്റെ കവിതേടെ ഒരു ശക്തി!

raj said...

സൂര്യതാപത്തിനായി കേഴുന്ന ആ മനസ്സിന്റെ വിങ്ങല്‍,സ്വയം കത്തിയമര്‍ന്നു കൊണ്ട് കോടാനുകോടി സംവത്സരങ്ങളായി സൌര്യയൂധത്തെ ആകമാനം പ്രകാശത്തിന്റെയും ഊര്‍ജ്ജത്തിന്റെയും ആനന്ദത്തിലാറടിച്ഛുകൊണ്ടു നിലകൊള്ളുന്ന സൂര്യഭഗവാന്‍ കണുന്നുണ്ടന്നു കരുതിക്കോളൂ...അങ്ങയുടെ ആഗ്രഹം സഫലീകരിച്ചു തരുവാന്‍,അങ്ങയെ വാരിപ്പുണരാന്‍, കരുത്തും ചൂടും അങ്ങയിലേക്കു പകരാന്‍, തന്റെ ശക്തിയേറിയ കൈകള്‍ നീട്ടി അങ്ങയുടെ ചാരത്തണയുമെന്നു ആല്‍മാര്‍ത്തമായി പ്രത്യശിക്കുന്നു..
ഹിമപാളികള്‍ ആവരണമാക്കി സുഖ സുഷുപ്തിയില്‍ കഴിയുന്ന അങ്ങ് ആ വിരിമാറില്‍ അമരാന്‍ തയ്യാറായിക്കൊള്ളൂക...അതില്‍ നിന്നു ബഹിര്‍ഗ്ഗമിക്കുന്ന ചൂടും ചൂരും,തണുത്തുറഞ്ഞ താങ്കളുടെ മനസ്സിനും ശരീരത്തിനും ഊര്‍ജ്ജവും താപവും പകരട്ടെ....ആ കൂടിച്ചേരലില്‍ ,ഒരു ആയസ്സൂ മുഴുവന്‍ കട്ടപിടിച്ഛ് കിടക്കുന്ന മഞ്ഞുരുകി മറ്റൊരു നിളാനദിയായി ഒഴുകട്ടെ...അതിന്റെ തടങ്ങളില്‍ വര്‍ഷങ്ങളായി ജലകണികള്‍ക്കായി വേഴാമ്പലിനെപ്പോലെ ദാഹിച്ഛ് മോഹിച്ഛു കഴിയുന്ന വിത്തുകള്‍ പുതുമഴപോലെ കുത്തി ഒലിച്ചു വരുന്ന പുതുവെള്ളത്തില്‍ പൊട്ടിമുളക്കട്ടെ.. താങ്കളെ തോളിലേറ്റി സൂര്യഭഗവാനു ജെയ് വിളിച്ഛുകൊണ്ടു സന്തോഷത്തിമിര്‍പ്പില്‍ ആറാടുന്ന ജനസമുദ്രത്തില്‍ ഒരാളായി,
ചൂടും താപവും ഉള്‍ക്കൊണ്ടു ജീവിതം സാഫല്യമായ അങ്ങ് അപ്പോള്‍ സൂര്യനെ മറന്നു കളയല്ലെ..ക്രിതാര്‍തതയില്‍ കുതിര്‍ന്ന ഒരു നോട്ടമെങ്കിലും ആ സൂര്യനു നേരെ ചൊരിയണെ...അതുണ്ടായലും ഇല്ലെങ്കിലും ഒരു ചെറു പുഞ്ചിരി ഉതിര്‍ത്തുകൊണ്ടു സൂര്യഭഗവാന്‍ എല്ലാവര്‍ക്കും സന്തോഷം ചൊരിഞ്ഞുകൊണ്ടു തലക്കുമീതെ നിലകൊള്ളൂന്നുണ്ടാവും........
നന്മകള്‍ നേര്‍ന്നു കൊണ്ട്.... ചൂരും ചൂടും മനസ്സിലും വാക്കുകളിലൂം പ്രവര്‍ത്തികളിലും എന്നും കാത്ത് സൂക്ഷിക്കുന്ന...രാജീവ്...

Anonymous said...

manikyama......Ningalavida athi saithyathal maravikumbol njangalivida sooryathapathal urukan orungukayan. Kootikondu poyikolu chuvanna kuppayakarana karanam ivida nirathil niraya road panikaran.