Sunday, April 8, 2012

ഈസ്റ്റര്‍ ദിനാശംസകള്‍ .......


ഈസ്റ്റര്‍ ദിനാശംസകള്‍
കൊഞ്ച് റോസ്റ്റ് ഇന്നത്തെ സ്പെഷ്യല്‍
കൊഞ്ച് 500 ഗ്രാം
സവോള വലുത് ഒന്ന് ചെറുതായി അരിഞ്ഞത് ഒരു കപ്പ്
ഇഞ്ചി കൊത്തിയരിഞ്ഞത് ഒരു ചെറിയ സ്പൂണ്‍
വെളുത്തുള്ളി 8 അല്ലി
കുടം പുളി രണ്ട് ചെറിയ കഷ്ണം
കറി വേപ്പില
മുളക് പൊടി ഒരു ചെറിയ സ്പൂണ്‍
മല്ലിപ്പൊടി ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍ പൊടി അര ചെറിയസ്പൂണ്‍
തേങ്ങാകൊത്ത് രണ്ട് വലിയ സ്പൂണ്‍
എണ്ണ രണ്ട് വലിയസ്പൂണ്‍

എണ്ണ അടുപ്പില്‍ വച്ച് ചൂടാവുമ്പോള്‍ അതിലേയ്ക്ക് അരിഞ്ഞ സവോള ഇട്ട് വഴറ്റുക
അതില്‍ വെളുത്തുളളിയും അരിഞ്ഞ ഇഞ്ചിയും ചേര്‍ത്ത് ഇളം തവിട്ട് നിറമാവുമ്പോള്‍
അതിലേയ്ക്ക് മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി ഇവ ഇട്ട് ചെറുചൂടില്‍ നന്നായി മൂപ്പിക്കുക
ഇതിലേയ്ക്ക് കൊഞ്ച് , കുടം പുളിയും ചേര്‍ത്ത് ഇളക്കി അടച്ച് വയ്ക്കുക.( 5 മിനിട്ട് സമയം മതിയാവും.)
തേങ്ങാകൊത്ത് കറിവേപ്പില ഇവയും ഇട്ട് ഇടയ്ക്ക് ഇളക്കി വെള്ളം വറ്റിച്ച് ഇറക്കുക.

Sunday, September 18, 2011

അങ്ങനേയും ഒരു വാരാന്ത്യം.....

വാരാന്ത്യം
ബസ്സ് നിറഞ്ഞ് യാത്രക്കാരുണ്ട്. രണ്ടു ദിവസം അവധിയാണെന്നും എന്തൊക്കെ ചെയ്തു കൂട്ടണമെന്നും ഉള്ള പരിപാടികള്‍ മിക്കവരും പരസ്പരം ചര്‍ച്ച ചെയ്യുന്നു കൂടുതലും ഹൈസ്കൂളില്‍ നിന്ന് വരുന്നവര്‍. വൈകുന്നേരമായതിനാല്‍ റോഡില്‍ നല്ല തിരക്ക്
" ഹോ നടന്നിരുന്നേല്‍ ഇതിലും വേഗം ചെന്നെത്തിയേനേ"
ആരുടേയോ അക്ഷമയോടെയുള്ള ആത്മഗതം. പെട്ടന്ന് ബസ്സ് നിന്നു മുന്നില്‍ വണ്ടികളുടെ നീണ്ട ക്യൂ ആണ് ഇനി എത്ര നേരം ഈ കാത്തുകിടപ്പ് തുടരണമെന്ന് അറിയില്ല.

ഞാന്‍ വശത്തെയ്ക്ക് നോക്കി "സെയ്ന്റ് പീറ്റേഴ്സ് സിമട്രി" നിരനിരയായി ഉയര്‍ന്നു നില്‍ക്കുന്ന കുരിശുകളും പേരു കൊത്തിയ ഫലകങ്ങളും
ഞാന്‍ അതിലേയ്ക്ക് നോക്കിയിരുന്നപ്പോള്‍ ഇന്നു വരെ തോന്നാത്ത ഒരു ചിന്തയാണ് മനസ്സില്‍ വന്നത്,ഒരു ആയുഷ്ക്കാലം മുഴുവന്‍ ചെയ്തു കൂട്ടിയ വീരശൂര പരാക്രമങ്ങളും, ദാനധര്‍മ്മങ്ങളും സ്നേഹാദരങ്ങളും എല്ലാമെല്ലാം....
നാതന്‍ ഷാലറ്റ് ‌1805- 1895
കാള്‍ സൈമണ്‍ 1910 - 2005
വെറും ഒരു കുഞ്ഞു വരയില്‍ '-' അതാ ഒരു ജീവചരിത്രം മുഴുവന്‍ ഒതുങ്ങി.വാല്യങ്ങളോളം എഴുതികൂട്ടിയ ഡയറി കുറിപ്പുകള്‍ ഒരോ ദിവസത്തിന്റേയും ചെയ്തികള്‍ ലാഭനഷ്ടങ്ങള്‍ അതാ '‌-' ഈ ഒരു കുഞ്ഞുവരയില്‍ തീരുന്നു. "വെറും ഒരു ഡാഷ്"!
ഇപ്പോള്‍ ഈ ട്രാഫിക്ക് കുരുക്കില്‍ പെട്ട് കിടക്കുമ്പോള്‍ ഒരോരുത്തരും നഷ്ടപ്പെടുന്ന സമയമോര്‍ത്ത് അക്ഷമരാവുന്നു.
എങ്ങോട്ടെന്നറിയാതെ നെട്ടോട്ടമാണ്, എന്നിട്ടോ ഒടുവില്‍ മറ്റുള്ളവര്‍ ഈ ഒരു ജീവിതചരിത്രം മുഴുവന്‍ വായിച്ചു തീര്‍ക്കുന്നത് പേരും പിന്നെ ജനന തീയതി മുതല്‍ മരണ തീയതി വരെ അതിനു നടുക്ക് ഒരു ഡാഷ്. കഴിഞ്ഞു അതിലെല്ലാം.....

ജയിക്കാനായി എന്തും പറഞ്ഞ് മറ്റുള്ളവരെ തോല്പിച്ചവര്‍,പരിധിയില്ലാതെ നീചകര്‍മ്മം ചെയ്തവര്‍, പരിണിതഫലമെന്തെന്ന് ആലോചിക്കാതെ മറ്റുള്ളവരെ ഇടിച്ചു താഴ്ത്തിയവര്‍, ഇല്ലാകഥ പറഞ്ഞ് നടന്നവര്‍, തനിക്ക് വേണ്ടി മാത്രം സുഖം തേടിപ്പൊയവര്‍, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഹോമിച്ചവര്‍, നിസ്വാര്‍ദ്ധമായി അന്യരെ സഹായിച്ച സുമനസ്സുള്ളവര്‍, ഇതാ എല്ലാവരും ഒരു വളപ്പിനുള്ളില്‍ അക്കങ്ങളുടെ നടുവിലെ വെറും ഒരു വരയായി മണ്ണിനടിയില്‍ തീരുന്നു.

അവകാശങ്ങള്‍ക്ക് വേണ്ടി ഘോരം ഘോരം പൊരുതിയവര്‍ ലോകമഹായുദ്ധത്തില്‍ പങ്കെടുത്തവര്‍ എല്ലാം ആരോ കൊത്തിയിട്ട ചെറുവരയില്‍ അവസാനിക്കുന്നു. അവരുടെ ജീവിത ചരിത്രം മറ്റുള്ളവര്‍ നോക്കുമ്പോള്‍ ഇന്ന് കാണുന്നത് ആകെയും പോകയും ഈ ചെറുവര. ചെയ്തു കൂട്ടിയ നല്ലതും ചീത്തയും എല്ലാം ഇത്തിരി പോന്ന ഒരു വരയില്‍ ജീവിച്ചിരിക്കുന്നവര്‍ ഒതുക്കുമെന്ന് തിരിച്ചറിവ് അതെന്ന് ആര്‍ക്കുണ്ടാവും?

ജീവിതത്തിന്റെ നിരര്‍ത്ഥത അതോ അര്‍ത്ഥവത്തായ അന്ത്യം വെറുമൊരു "ഡാഷ്"ആണെന്നോ?
ചോദ്യമുയര്‍ത്തി സിമത്തേരിയിലെ ഫലകങ്ങള്‍ നിലകൊള്ളുന്നു.
ബസ്സ് നീങ്ങിത്തുടങ്ങി.

ഞാനും ചിന്തയില്‍ നിന്ന് പുറത്തേക്ക്......

എങ്കിലും മനസ്സില്‍ പറഞ്ഞു ഞാനും ഒടുക്കം ആരോ വരച്ച ഡാഷ് ആവും .......

Friday, December 31, 2010

എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...

സന്തോഷത്തിന്റെ .....
സമാധാനത്തിന്റെ ....
പ്രത്യാശയുടെ ...
ഐശ്വര്യത്തിന്റെ ....
പ്രതീക്ഷയുടെ .... ...
ഒരു നവവത്സരം ഏവര്‍ക്കും ആശംസിക്കുന്നു....