
മാവിന് ചുവട്ടില്‍ കൂടി വന്നപ്പോള്‍ അറിയാതെ കഴിഞ്ഞ കൊല്ലം നടന്ന സംഭവമോര്‍ത്തു. ആ മാവില്‍ നിറയെ കണ്ണിമാങ്ങ കുലയായി കിടക്കുന്നു. നേരെയുള്ള നടപ്പാത വഴി ആരും ഗേയിറ്റിലെയ്ക്ക് നടക്കില്ല.. മാവിന്റെ ചുവട്ടില്‍ കൂടിയാ പോക്കും വരവും, ആ നടപ്പില്‍ കൈ എത്തി ഒരു കണ്ണിമാങ്ങ പറിച്ച് തിന്നും. ഞങ്ങള്‍ പറിക്കുന്ന വാശിക്ക് മാവ് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു ..അന്ന് ഒരു ശനിയാഴച ഉച്ച ഊണുകഴിഞ്ഞ് റാണി നേരെ മാഞ്ചോട്ടിലെയ്ക്ക് ഓടി അവിടെ നിന്ന് കൈ എത്തി മൂന്ന് നാലു മാങ്ങ പറിച്ചു, അവള് കൊണ്ടു വന്നിട്ട് അതു തിന്നാല്‍ ഉള്ളം കയ്യില്‍ ഊണു മുറിയില്‍ നിന്ന് എടുത്ത ഉപ്പും ആയി ഞങ്ങള്‍ വരാന്തയില്‍ നില്ക്കുന്നു.. അപ്പോഴാ വാതില്‍ തുറന്ന് സിസ്റ്റര്‍ ‘റാണീ’ എന്ന് വിളിക്കുന്നത് മാവില്‍ നിന്നു കണ്ണിമാങ്ങാ പറിച്ചു എന്നാ ജാമ്യം ഇല്ലാ കുറ്റം! എല്ലാരുടെയും കയ്യില്‍ ഇരുന്ന ഉപ്പ് താഴെ വീണു... കഷ്ടകാലത്തിനു റാണി മാത്രം ആണു മാവിന് ചുവട്ടില്‍ ... മാവില്‍ നിന്ന് മാങ്ങ പറിയ്ക്കുക എന്ന മഹാപരാധം ചെയ്തിരിക്കുന്നു..വേദപ്രമാണങ്ങള്‍ എത്രയാ നിലമ്പൊത്തിയത്ത്? അന്യന്റെ വസ്തു ആഗ്രഹിച്ചു , മോഷ്ടിച്ചു .. .. പറുദീസ പോലത്തെ ഹോസ്റ്റല്‍ അങ്കണത്തിന്റെ നടുവിലെ വൃക്ഷത്തിന്റെ കനിയാണ് പറിച്ചിരിക്കുന്നത്
"വച്ചേക്കയില്ല വിനാഴികപോലുമേ" ! കര്‍ത്താവിന്റെ മണവാട്ടി ഉറഞ്ഞു തുള്ളുകയാണ്.. .
അവസാനം വിധി വാചകം പൊഴിഞ്ഞു വീണു. വീട്ടില്‍ പോയി ഗാഡിയനെ വിളിച്ചു കൊണ്ട് വന്നിട്ട് ഹോസ്റ്റലില്‍ നിന്നാല്‍ മതി... മാവില്‍ നിന്ന് ഇനി ആരെങ്കിലും മാങ്ങ പറിച്ചാല്‍ ഇതു തന്നെയാ ശിക്ഷ..ഓര്‍ത്തോ..
"പെട്ടീ എടുപ്പിച്ചു വീട്ടില്‍ വിടും.."എന്ന് ഒരു അന്ത്യശാസനവും.
പപ്പാ മരിച്ച റാണിയുടെ ഗാഡിയന്‍ മൂത്താങ്ങള സണ്ണിച്ചായനാ ..ശരിക്കും ദുര്‍വാസ്സാവ്.... വലിയ ഭാവഭേദം കൂടാതെ റാണി ഒരുങ്ങാന്‍ തുടങ്ങി ..ഇടയ്ക്ക് പറയുന്നുണ്ട് എല്ലാരും വരണം രണ്ടായാലും ഒരു ഊണുറപ്പാ, ഒന്നുകില്‍ തല്ലി കൊല്ലും അപ്പോ അടിയന്തരം ...അല്ലങ്കില്‍ പഠിത്തം നിര്‍ത്തി ഏതെങ്കിലും അച്ചായന്റെ അച്ചിയാക്കി പടിയിറക്കും ..തിരിച്ച് വരവുണ്ടാക്കില്ല .. ‘ഹോ മൂന്ന് കണ്ണിമാങ്ങയ്ക്ക് വേണ്ടി ഞാന്‍ എന്റെ ജീവിതം തീറെഴുതിയല്ലോ തമ്പുരാനേ’! റാണി ഷോള്‍ഡര്‍ ബാഗ് പായ്ക് ചെയ്തു സാരി മാറി. മരിച്ച വീടു പോലേ ഞങ്ങള്‍ എല്ലാം നിശബ്ദമായി തൂങ്ങിപ്പിടിച്ചു നിന്നു.. പിന്നെ ഉറുമ്പുകള്‍ നീങ്ങും പോലെ റാണിയുടെ പിറകെ ഗേയിറ്റ് വരെ ചെന്നു .... റാണി പോയി കഴിഞ്ഞ് നിരാഹാര സമരം ഞങ്ങള്‍ പ്ലാന്‍ ആക്കി.. വൈകിട്ട് ജഗ്ഗില്‍ കൊണ്ടു വച്ച ‘ചാപ്പി’ എന്ന് ഞങ്ങള്‍ വിളിക്കുന്ന മൂത്ര ചൂടുള്ള ആ ദ്രാവകം പന്നികള്‍ കുടിച്ചു, പ്ലേറ്റില്‍ നിരന്ന ബിസ്കറ്റുകള്‍ തിരികെ പാട്ടയിലേയ്ക്കും ...
ഫസ്റ്റ് സ്റ്റഡി റ്റൈം കഴിഞ്ഞു വൈകിട്ട് ഏഴുമണിയ്ക്ക് ബെല്ലടിച്ചു അതു പ്രാര്‍ത്ഥനയ്ക്ക്, എല്ലാവരും പ്രെയര്‍ റൂമില്‍ എത്തി ആര്‍ക്കും ഒരു ഉഷാറിലല്ല. പതിവിലും നേരമെടുത്തു പ്രാര്‍ത്ഥന കഴിഞ്ഞ് പയ്യെ നടന്നു ഡൈനിങ്ങ് ഹാളില്‍ എത്തി, സൂപ്രവിഷനു അസ്സിസ്റ്റന്റ് വാര്‍ഡനാണ്.. എല്ലാവരും കണ്ണുകൊണ്ട് സമരമുറ കൈമാറി എല്ലാവരും വന്നെത്തി മുട്ടു സൂചി വീണാല്‍ കേള്‍ക്കാം ഒറ്റ കുഞ്ഞ് മിണ്ടുന്നില്ലാ ആ നിശബ്ദത തന്നെ പന്തിയല്ല എന്ന് കൊച്ചുസിസ്റ്ററിനു മനസ്സിലായി .. ഭക്ഷണത്തിനു മുന്‍പേയുള്ള പ്രാര്‍ത്ഥന ചൊല്ലി. എല്ലാവരും ഇരുന്നു . ചോറ് റ്റേബിളിന്റെ നടുവില്‍ ആണു കറി പ്ലേറ്റില്‍ ഉണ്ട് ഒരോ സ്പൂണ്‍ ചോറൂവിളമ്പി ആരും പ്ലേറ്റില്‍ കൈ ഇടുന്നില്ലാ, സിസ്റ്ററ് നോക്കി ആരും മിണ്ടുന്നില്ലാ പ്ലേറ്റില്‍ നോക്കിയിരുപ്പുണ്ട് ഉണ്ണുന്നില്ലാ സിസ്റ്റര്‍ ചുറ്റിനടക്കുന്നു..
റാണിയുടെ പ്ലേറ്റിലും ചോറു വിളമ്പിയിട്ടുണ്ട് ആരോ പെട്ടന്ന് കരച്ചില് തുടങ്ങി, അതു പിന്നെ മറ്റുള്ളവര്‍ തുടര്‍ന്നു. ഹാള്‍ വിട്ടു പോരണമെങ്കില്‍ 'ഗ്രേസ് ആഫ്റ്റര്‍ മീല്‍സ്' ചൊല്ലണം ആരൊ പ്രെയര്‍ പറഞ്ഞു എല്ലാവരും തിരികെ പോന്നു ... ഞങ്ങള്‍ പതിവിനു വിപരീതമായി ശനിയാഴ്ച രാത്രി അങ്ങും ഇങ്ങും നിന്ന് കുശു കുശുത്തു..... ഒന്‍പതു മണിയ്ക്ക് സെക്കണ്ട് സ്റ്റടിയ്ക്ക് ബെല്ലടിച്ചു വാര്ഡന് വരാന്തയില്‍ പ്രത്യക്ഷപെട്ടു എല്ലാവരും തിരികെ റൂമിലേയ്ക്ക് വന്നിട്ടില്ല. പിറ്റെന്ന് ഞായര്‍ സാധാരണ ശനിയാഴ്ച രാത്രികള്‍ പൊട്ടിചിരിയും തമാശയും ആണ് അന്നൊക്കെ പലവട്ടം വന്ന് ശബ്ദം കുറയ്ക്ക് എന്നു പറയാറുള്ള വാര്ഡന് അന്തം വിട്ട് നിന്നു. അരും ചിരിക്കുന്നില്ല്ലാ അടക്കം പറച്ചില് മാത്രം. സിസ്റ്റര്‍ മഠത്തിലോട്ട് നടന്നു ഇനി പത്തര ആയിട്ട് നോക്കിയാ മതി ആരാധനയും കഴിഞ്ഞേ വരു ... ഉച്ചയ്ക്ക് ഉണ്ട പാടാ, വിശന്നു പണ്ടാരമടങ്ങുന്നു. എന്നാല്‍ വാശി കുറയ്കാനും വയ്യ .. അപ്പൊഴാ കത്തിയത് ................"ആരെങ്കിലും മാങ്ങ പറിച്ചാല്‍ ഇതു തന്നെയാ .ശിക്ഷ .ഓര്‍ത്തോ.. പെട്ടീ എടുപ്പിച്ചു വീട്ടില്‍ വിടും.." അതാണെ പണ്ടുള്ളവര്‍ പണ്ടേ പറഞ്ഞിട്ടുണ്ട് പറഞ്ഞാ കേള്‍ക്കണം ചുമ്മാ കേക്കുവല്ല ശ്രദ്ധിച്ചു കേള്‍ക്കണം ....

ഒറ്റ ഓട്ടം മാവിന് ചുവട്ടിലോട്ട് അവിടെ ഇരുട്ടാണു താഴ്ന്നു നില്ക്കുന്ന കൊമ്പ് വഴി ചവട്ടി കയ്യറി അവിടെ ഇരുപ്പായി മാങ്ങാ കുലകുലയായി കിടക്കുന്നു പിടിച്ചടിപ്പിച്ചു മാങ്ങ കടിച്ചു തിന്നു. ഞെട്ടും അണ്ടിയും അവിടെ ഇട്ടു പതിയെ ഓരോരുത്തരായി വന്നു മാവിന് ചുവട്ടില്‍, ആരും മാങ്ങ പറിച്ചില്ലാ പക്ഷേ താഴെ നിന്നാല്‍ കാണാമായിരുന്ന കുലകുലയായി ആ പകല്‍ കണ്ട മാങ്ങാ കുലകളെല്ല്ലാം നഗ്നമായി വെളുത്ത കുഞ്ഞു മങ്ങാണ്ടി പ്രദര്‍ശിപ്പിച്ചു കൊണ്ട് ഞെട്ടില്‍ തുങ്ങി. ആത്മഹത്യ ചെയ്ത അനാഥ പ്രേതം പോലെ അവിടെ തൂങ്ങിയാടി..
പത്തുമണിയ്ക്കു മുന്നെ എല്ലാവരും റൂമ്മില്‍ കയറി വാതിലും പൂട്ടി ലൈറ്റ് കെടുത്തി ..ഞായറാഴ്ച രാവിലെ ഏഴുമണിയ്ക്കാണു ചാപ്പലില്‍ കുര്‍ബാന എല്ലാവരും പള്ളില് പോയി എട്ട് മണിയ്ക്ക് തിരികെ വന്നവര്‍ റൂമില്‍ എത്തി സാരി മാറി ഇനി ഡൈനിങ്ങ് ഹാളില്‍ പോകാം, അങ്ങനെ പോയി കാപ്പികുടി കഴിഞ്ഞു വന്നു. പതിവ് പോലെ മുറ്റത്തും വരാന്തയിലുമായി നില്ക്കുമ്പോള് അതാ ഗെയിറ്റില്‍ വളരെ ഒരു വലിയ ചൂര കുട്ടയും ചൂമന്ന് ഒരു മനുഷ്യന്, തൊട്ടു പിറകില്‍ 32 പല്ലും കാണിച്ചു ചിരിച്ചോണ്ട് റാണി ...എവിടെ നിന്നോ ആരോ വിളിച്ചു കൂവി ...
ര്‍-ര്‍-റാണീ-ീീീീീീ ...
പിന്നെ ഒരോട്ടം ആയിരുന്നു മൂന്ന് നിലയില്‍ നിന്നും കൂവലും ഓട്ടവും സിസ്റ്ററ് ഓടി വരുമ്പോള്‍ ഹോസ്റ്റലിന്റെ വിസിറ്റേഴ്സ് റൂമിനു മുന്നില്‍ വലിയ കുട്ടയില്‍ പച്ച മങ്ങയും ആയി മത്തായിചേട്ടനും ആ വതില്കല് ഞങ്ങളുടെ പ്രതികരണം കണ്ട് മിഴിച്ചു നില്ക്കുന്ന സണ്ണിച്ചായനും.... സിസ്റ്ററിന്റെ മുഖം ഇന്നും ഓര്‍ക്കുന്നു! ..
മത്തായി ചേട്ടന് വരന്തയിലോട്ട് മാങ്ങാ കുടഞ്ഞിട്ടു .കുട്ടയും ആയി നടക്കുന്നതിനു മുന്നെ "റാണി മോളെ മാങ്ങ വേണെ അടുത്ത ആഴ്ച വിളിച്ചൂ പറയണേ" എന്നു ഒരു താങ്ങും. ഞങ്ങള്‍ കോറസ്സ് ആയി "താങ്ക്യൂ മത്തായി ചേട്ടാ" എന്നു കൂവി പിന്നെ ഓടി വന്ന് മാങ്ങാ കൈക്കലാക്കി. സണ്ണിച്ചായന് വിസിറ്റേഴ്സ് റൂമിലെയ്ക്ക് കയറി സിസ്റ്ററിനോട് എന്തൊക്കെയൊ പറഞ്ഞു.
കുഞ്ഞാടുകളെ പോലെ കയ്യില്‍ തുറന്നു പിടിച്ച ബുക്കുമായി സീക്രട്ട് ഏജന്‍സികള്‍ നടന്ന് വിസിറ്റേഴ്സ് റൂമില്‍ നിന്ന് വല്ല തരിയും വീണു കിട്ടുന്നൊ എന്ന് കാതോര്‍ത്ത് കണ്ണ് ബുക്കില്‍ ആക്കി ‘ചാഴി വിലക്കാന്‍’ നടക്കുന്ന പോലെ കവാത്ത് നടത്തി കൊണ്ടിരുന്നു. സണ്ണിച്ചായന് ആ നേരത്ത് "എന്നാല്‍ ഞാനിറങ്ങട്ടെ സിസ്റ്ററെ" എന്നും പറഞ്ഞ് ഇറങ്ങി വരുന്നു, പിറകോട്ട് തിരിഞ്ഞ് ഞങ്ങളെ നോക്കി കൈ വീശി ഒരു ചിരി ചിരിച്ചു എന്നിട്ടിറങ്ങി ....
സണ്ണിച്ചായന്റെ പിറകേ മത്തായി ചേട്ടനും, മൂന്നു നിലയിലെ വരന്തായിലും നിന്ന് ഈ കാഴ്ച നോക്കി അന്തേ വാസികള്‍.
റാണി വെറും റാണി അല്ല ‘ത്സാന്‍സീറാണി’ ആയി .. മൂന്ന്കണ്ണി മാങ്ങയ്ക്ക് പകരം മുപ്പറ കൊട്ട നിറയെ കണ്ണി മാങ്ങയും പച്ചമാങ്ങയും മൂവാണ്ടന്‍ മാങ്ങയും കൊണ്ടിറക്കിയിരിക്കുന്നു ..സിസ്റ്റര്‍ ആദ്യമായി 'ബ്ലിംഗസ്യാന്ന് ' നിന്നാ നില്‍പ്പ്....
ഞങ്ങള്‍ 'കുശിനി'യിലോട്ട് ഓടി കുറെ ഉപ്പും മുളകും സംഘടിപ്പിച്ചു തിരികെ എത്തി മാങ്ങായും ആയി പയറ്റ് തുടങ്ങി ..പത്തു മണി വരെ ഫ്രീ റ്റൈം ആണ് റാണി പറഞ്ഞു "എന്റെ കര്‍ത്താവേ സ്റ്റടിക്ക് മുന്നെ ഇങ്ങെത്തിയ്ക്കണം എന്നൊറ്റ പ്രാര്‍ത്ഥന മാത്രമേയുള്ളാരുന്നു".. ഞങ്ങള്‍ തലേന്ന് റാണി പോയപ്പോ മുതലുള്ള വിവരണങ്ങള്‍ കേള്‍ക്കാന്‍ ചുറ്റും കൂടി വരാന്തയുടെ മൂലയിലൂള്ള മേശയില്‍ അവള് ഇരുന്നു കൈയും കലാശവും ആയി പറയാന്‍ തുടങ്ങി. മൂളലും,
‘ഉം എന്നിട്ട്’ എന്ന് പുട്ടിന് തെങ്ങാ പോലെ മൂളിയിട്ട് ഉപ്പും മുളക്കും മാങ്ങായും ആയി ഞങ്ങള്‍ ചുറ്റിനും കൂടി നിന്നു ....
സിസ്റ്റര്‍ മുറ്റത്തെ മാവില്‍ ചുവട്ടിലൂടെ നഗ്നമായി തൂങ്ങിയാടുന്ന മാങ്ങാണ്ടികളെ ഒന്ന് നോക്കി എന്നിട്ട് ഒന്നും മിണ്ടാതെ ചാപ്പലിലേയ്ക്ക് പോയി................
ചിത്രങ്ങള്‍: ഗൂഗിള്‍