Wednesday, December 10, 2008

നഷ്ടങ്ങളുടെ തടവുകാരി


നാട് വിട്ട് നാട്ടാരെ വിട്ട്
മറുനാട്ടില്‍ വന്നുനില്‍ക്കുമ്പോഴാ
എന്തൊക്കെയാനഷ്ടമാവുന്ന
-തെന്ന് മനസ്സറിയുന്നത് .

ഒരു കോഴി കൂവുന്നത് കേട്ടൂണരാന്
‍ഉണരുമ്പോള്‍ കാക്കയും കുയിലും
കരയുന്നതൊന്നു കേള്‍‌ക്കാന്
‍സുബ്ബലക്ഷ്മീടെ സുപ്രഭാതം,
കിണറ്റിലേ വെള്ളം,
അടുപ്പിലെ തീയ് ,
കാലത്തു വീട്ടില്‍ വരുന്ന പത്രം,
കടന്നു പോകുമ്പോള്‍ കുശലം ‌-
ചോദിക്കുന്ന അയല്‍ക്കാര്‍‌
തൊടിയിലെ വാഴകൂമ്പിലെ തേന്‍,
മാഞ്ചോട്ടിലെ വീണു കിട്ടുന്ന മാങ്ങ....
മുറ്റത്ത് നിന്നൊഴുകിവരുന്ന
മുല്ലപ്പുവിന്റെ മണമുള്ളകാറ്റ്
കുളക്കരയിലെ നുണ,കുശലം,
....അങ്ങനെ ...അങ്ങനെ...

ഉമ്മറത്തെ ചാരുകസേരയില്‍ അച്ഛന്‍ ...
എണ്ണിയാലൊടുങ്ങാത്ത നഷ്ടങ്ങള്‍ ..

എന്നിട്ട് ഇതെല്ലാം സ്വപ്നം കണ്ട്
നാട്ടില്‍ എത്തിയാലോ ....
വേണ്ടാ ഇവിടെ ഇരുന്ന്
ഞാന്‍ ഇതോക്കെ ഓര്‍‌മിക്കാം
ഇവിടെ എന്റെ ഓര്‍മയില്‍ എല്ലാമുണ്ട്....
മനസ്സിലെ ചാരുകസേരയില്‍ എന്റച്ഛനും
..
.


ചിത്രത്തിനു കടപ്പാട് : ഗോപന്‍

56 comments:

Dr. Prasanth Krishna said...

മാണിക്യം,

നന്നായി ഈ ഓര്‍മ്മള്‍. മനസ്സിലേക്ക് ഒരു എവിടനിന്നോ ഒരു നിലവിളക്കിന്റെ വെളിച്ചത്തില്‍ മുല്ലപ്പൂ സുഗന്ധവും അറ്റം കെട്ടിയിട്ട മുടിയിലെ തുളസിക്കതിരിന്റെ മണവും ഒഴുകിയെത്തുന്നു

കാപ്പിലാന്‍ said...

നാട്
പ്രവാസികള്‍ക്ക് എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരോര്‍മ്മ മാത്രമാണ് .എത്രനാള്‍ കഴിഞ്ഞാലും ,വീണ്ടും ഓടിയെത്താന്‍ കൊതിക്കുന്ന നാട് ,വിള നിറഞ്ഞ പാടങ്ങളും ,ആ പച്ചപ്പും മറ്റും /നാട്ടിലെ ഇടവഴികള്‍ ,കുശുംബുകള്‍ ,കുന്നായ്മകള്‍ ,വൈകുന്നേരം ഓടിയെത്തുമ്പോള്‍ വാതില്‍ക്കല്‍ കാത്ത് നില്‍ക്കുന്ന അമ്മ, ചാരുകസേരയില്‍ കിടക്കുന്ന അപ്പച്ചന്‍ .നാട്ടിലെ കൊച്ചു കൊച്ചു വഴക്കുകള്‍, ഹര്‍ത്താലുകള്‍ ,ബന്ദുകള്‍. പക്ഷേ ഓടി അവിടെ എത്തിയാലും അതുപോലെ അതെ സ്പീഡില്‍ തിരികെ വരാന്‍ ആഗ്രഹിക്കും കാരണം കേരളം ഇന്നൊരു ഭ്രാന്താലയമായി , വേശ്യാലയം ആയി മാറിയിരിക്കുന്നു .പഴയ കേരളമല്ല ഇന്നുള്ളത് .എന്‍റെ മനസിലെ നാടല്ല ഞാന്‍ അവിടെ കാണുന്നത് .എനിക്കെന്റെ മനസിലെ കേരളമാണ് ഇഷ്ടം .അതവിടെ കിടക്കട്ടെ .ഒരിക്കലും മരിക്കാതെ പച്ചപിടിച്ച്.

ചേച്ചി കവിത ഇഷ്ടപ്പെട്ടൂ ..ഇനിയും ഇങ്ങനെ എഴുതുക .ആശംസകള്‍

മയൂര said...

പ്രവാസികൾക്ക് ഓർക്കാൻ ഇതെങ്കിലും ഉണ്ടലൊയെന്നാശ്വസിക്കാം. :)

“എന്നിട്ട് ഇതെല്ലാം സ്വപ്നം കണ്ട്
നാട്ടില്‍ എത്തിയാലോ ....“

ഈവരികൾ കുറിക്ക് കൊള്ളുന്നതാണ്.

പാമരന്‍ said...

മനസ്സിലിപ്പൊഴും ചാരുകസേരയിലമര്‍ന്നിരിപ്പുണ്ടല്ലോ സ്വപ്നങ്ങള്‍..

കുഞ്ഞന്‍ said...

ചേച്ചി..

ഇതെല്ലാം ഓര്‍ത്ത് നാട്ടിലെത്തിയാലൊ..ആ ഒറ്റവരിയില്‍ എല്ലാം.

പ്രവാസികള്‍ ഇതെല്ലാം വല്ലപ്പോഴും ഓര്‍ക്കുന്നു, എന്നാല്‍ നാട്ടിലുള്ളവര്‍ക്ക് ഇതൊക്കെ എന്നേ നഷ്ടപ്പെട്ടു.

hi said...

എന്നിട്ട് ഇതെല്ലാം സ്വപ്നം കണ്ട്
നാട്ടില്‍ എത്തിയാലോ

വല്യമ്മായി said...

ഇപ്പോള്‍ നാട്ടിലും ആരും ഇതൊന്നും ആസ്വദിക്കുന്നില്ലെന്നെ,എന്നിട്ട് നമ്മള്‍ ഇതെന്തെങ്കിലുമൊന്ന് അയവിറക്കിയാല്‍ പരിഹാസവും.മാതൃഭൂമിയില്‍ വന്ന നോ‍സ്റ്റാള്‍ജിയ എന്ന കവിത വായിച്ചിരുന്നില്ലേ :)

കൃഷ്‌ണ.തൃഷ്‌ണ said...
This comment has been removed by the author.
കൃഷ്‌ണ.തൃഷ്‌ണ said...

മാണിക്യം ചേച്ചി, വേറൊരു പോസ്റ്റിനെഴുതിയ കമന്റെ അറിയാതെ ഇതിലിട്ടുപോയി..മാപ്പ്‌

-അവസാനത്തെ വരികള്‍ തികച്ചും ഹൃദയസ്‌പര്‍ശി തന്നെ...

mayilppeeli said...

എല്ലാ പ്രവാസികളുമനുഭവിയ്ക്കുന്ന ഗൃഹാതുരത്വം......അവസാനം കിട്ടാക്കനിയായിപ്പോകുന്ന മോഹങ്ങള്‍......വളരെ നന്നായിട്ടുണ്ട്‌ ചേച്ചീ....ആശംസകള്‍......

കനല്‍ said...

അതെ ഞാനും തടവുകാരനാണ്.
നഷ്ടപെട്ടുപോയ ആ ജീവിതത്തിന്റെ ഓര്‍മ്മകള്‍
സൂക്ഷിക്കുന്ന തടവുകാരന്‍.ഇനി അങ്ങനെയൊക്കെ ഒരു ദിവസമെങ്കിലും കിട്ടുമോ?

ഇലക്ട്രോണിക് യന്ത്രത്തിന് കോഴിയുടെയും കാക്കയുടെയും കുയിലിന്റെയും സുബ്ബലഷ്മിയുടെയും ശബ്ദമുണ്ടാക്കാനാവുംഎങ്കിലും ആ മാധുര്യമുണ്ടാവുമോ?. പാചകവാതകത്തിന് കരിയടുപ്പിന്റെ ചൂടുണ്ടാക്കാനാവുമോ? പ്ലാസ്റ്റിക് വാഴയുടെ കൂമ്പില്‍ തേനുണ്ടാകുമോ? വയസന്‍ തേന്മാവില്ലാത്ത തൊടിയില്‍ മാങ്ങയും തണലുമുണ്ടാകുന്നതെങ്ങനെ? വാഹനങ്ങളില്‍ പാഞ്ഞു നടക്കുന്ന അയല്‍ക്കാരന് കടന്നുപോകുമ്പോള്‍ കുശലം പറയാനാവുന്നതെങ്ങനെ?

മനോജ് കുമാർ വട്ടക്കാട്ട് said...

അച്ഛന്റെ കൈ പിടിച്ചുള്ള ആ നടത്തത്തിനിടയിലാണ് നമുക്ക് ഒരുപാട് നാട്ടറിവുകള്‍ കിട്ടുക.

ബിന്ദു കെ പി said...

മാണിക്യംചേച്ചി,
നല്ല കവിത. കുറിയ്ക്കു കൊള്ളുന്ന അവസാന വരികൾ..
വിട്ടുപോരുന്ന ആ നിമിഷം തിരികെയെത്താനും,
തിരികെയെത്തിയാൽ ആ നിമിഷം വിട്ടുപോരാനും
തോന്നിപ്പിക്കുന്ന സ്ഥലമാണ് കേരളമെന്ന് ഒരിക്കൽ ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു. (എന്തായാലും എനിയ്ക്കാ അഭിപ്രായമില്ല കേട്ടോ)

തറവാടി said...

ഓര്‍മ്മകള്‍ക്ക് അല്ലെങ്കില്‍ സ്വപ്നങ്ങള്‍ക്ക് സുഗന്ധം കൂടും യാഥാര്ത്ഥ്യത്തെക്കാള്‍ , ഇത് ചിന്ത.

ഒരു വര്‍ഷം കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തുന്ന ഒരാളുടെ ആഗ്രഹം ഒരു വര്‍ഷം മുമ്പെത്തെ നാടാണ് അതെങ്ങിനെ സാധ്യമാകും? നാടിനും ആള്‍ക്കും ഒരു വയസ്സ് കൂടിയിരിക്കുന്നു :)

poor-me/പാവം-ഞാന്‍ said...

വായില്‍ മുറുക്കാന്‍ ഇരിക്കെം വേണം കൊളാമ്പി തുപ്പി നിറക്കുകയും വേണംഎന്നു വിചാരിച്ചാല്‍ നടക്കുമോ? പുതു മൊഴിക്കു കടപ്പാട് (മഹാകവി പാവം ഞാന്‍). ഞാന്‍ ഇപ്പോള്‍ ഒരു പ്രശ്നത്തേ അഭിമുഖീകരിച്ചു കൊന്ടിരിക്കുകയാണ്‍ .ആരോടും പറയാതെ ബുദ്ധിയുള്ള താങ്കള്‍ എന്‍റ്റെ ബ്ലോഗില്‍ ഞാന്‍ എഴുതിയിരിക്കുന്നതു വായിച്ചു നോക്കി എനിക്കൊരു ഉപദേശം തരണമെന്നു അപേക്ഷിക്കുന്നു.(അവരെന്‍റ്റെ കരം പിരിച്ചൂന്നെ!)www.manjalyneeyam.blogspot.com

തണല്‍ said...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...

:)

വിജില്‍ said...

നഷ്ടപ്പെടുമ്പോള്‍മാത്രംതിരിച്ചറിയുന്ന
ബന്ധങ്ങളുടെ തീവ്രത,
നഷ്ടപ്പെടാതിരിക്കാന്‍ ‍വഴിയൊരുക്കുന്നില്ല;
എങ്കിലും ചില നഷ്ടങ്ങള്‍ ഓര്‍ത്ത് പോയി
എന്റെ മാത്രം നഷ്ടങ്ങളാവില്ല അത്
ചെറു പ്രായത്തിലേ നാട്ടില്‍ നിന്നും യാത്ര പറയുന്ന
ഓരോരുത്തര്‍‍ക്കും കാണും ചില നഷ്ടങ്ങള്‍....

നഷ്ടങ്ങളെ ഓര്‍ക്കാന്‍ സഹായിച്ചതിന് നന്ദി...
നന്നായി എഴുതി....

സജീവ് കടവനാട് said...

നാടുവിട്ടു നാട്ടാരെ വിട്ട് മറുനാട്ടില്‍ വന്നു നില്‍ക്കുമ്പോള്‍ നമുക്ക് നമ്മെ നഷ്ടമാകുന്നു, നമ്മുടേതും :)

ശ്രീ said...

ഓര്‍മ്മകളിലെ സൌന്ദര്യം നാടിനും നാട്ടുകാര്‍ക്കും ചിലപ്പോള്‍ നേരിട്ടു തരാന്‍ കഴിയണമെന്നില്ലല്ലോ ചേച്ചീ

ഹരിയണ്ണന്‍@Hariyannan said...

എന്നിട്ട് ഇതെല്ലാം സ്വപ്നം കണ്ട്
നാട്ടില്‍ എത്തിയാലോ ....

ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍!

ഓഫ്:
ഞാന്‍ ഇന്നുമുതല്‍ വീണ്ടും വരുന്നു.
:)
ഹരിശ്രീ ഇവിടെയാക്കി!

smitha adharsh said...

വാസ്തവം..
നല്ല വരികള്‍..ഒരുപാടു ഓര്‍മ്മകള്‍ ഓടിയെത്തി.

കുറുമാന്‍ said...

അതെ മാണിക്യാമ്മേ, ഒരു പ്രവാസിയായിരുന്നുകൊണ്ട്,നഷ്ടപെടുന്ന ഓര്‍മ്മകളിലേക്കൂളയിടുന്നതാണ് കൂ‍ടുതല്‍ നല്ലതെന്ന് തോന്നുന്നു.

വിശപ്പുണ്ടെങ്കിലല്ലെ ഭക്ഷണത്തിന്റെ സ്വാദറിയൂ?

ജിജ സുബ്രഹ്മണ്യൻ said...

മനസ്സിലെ ചാരുകസേരയില്‍ എന്റച്ഛനും

ചില ഓർമകൾ വിഷാദമാണു നമുക്ക് നൽകുന്നത്.അല്ലേ ചേച്ചീ .നല്ല വരികൾ

വികടശിരോമണി said...

ചിലതു നഷ്ടമാകുമ്പോൾ ചിലതു ലഭിക്കുന്നു.നഷ്ടങ്ങൾ നമ്മെ ഓർമ്മകളായി പിന്തുടരുന്നു.ലാഭങ്ങളിൽ പലതും നമുക്കു പിന്നെയെപ്പൊഴോ നഷ്ടങ്ങളായി തോന്നുന്നു.
തടവിലാണു മാണിക്യമെന്നു തോന്നുന്നില്ല,ഓർമ്മകളുള്ളവർ ഒരിക്കലും തടവിലാകുന്നില്ലല്ലോ.

ഞാന്‍ ആചാര്യന്‍ said...

പത്താം ക്ലാസു വരെ, അല്ലെങ്കില്‍ പ്രീഡിഗ്രി കാലം വരെയുള്ള കാലത്ത് ഒന്നു കൂടി ജീവിക്കാനായി എന്തിനും തയ്യാറ്....പതിനെട്ടു കൂട്ടം കൂട്ടി ഓണമുണ്ണാന്‍, വെള്ളപ്പൊക്കത്തിനു പിണ്ടിച്ചെങ്ങാടം കെട്ടാന്‍, പന്തു കളിക്കാന്‍, വാഴച്ചുണ്ടും പയറും മുത്തശി വെച്ച്തു കൂട്ടാന്‍... കാലമേ, ഹാ നീയാണു ക്രൂരന്‍

ഏറനാടന്‍ said...

മാണികേച്ചീ പ്രവാസിയായ് നമ്മളെയെല്ലാം ഗൃഹാതുരത്വ തുരുത്തില്‍ കുടുക്കുമല്ലോ ഇങ്ങനെ ഭംഗിയാര്‍ന്ന തറവാട്ട് പൂമുഖവും നല്ല വരികളും കൊണ്ട്?

ഓ:ടോ- ഇതേ ആശയം ഈയ്യിടെ ഏതോ കവി മാതൃഭൂമിവാരികേല്‍ കവിതയാക്കി പ്രസിദ്ധീകരിച്ചിരുന്നു.

Lathika subhash said...

മാണിക്യം,
ഒന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ.
അതുകൊണ്ടാ ഇങ്ങനെ എഴുതാനാവുന്നത്.
അഭിനന്ദനങ്ങള്‍.

മാണിക്യം said...

പ്രശാന്ത്, കാപ്പിലാന്‍,മയൂര, പാമരന്‍,കുഞ്ഞന്‍, ഷമ്മി,
വല്യമ്മായി,കൃഷ്ണ.തൃഷ്ണ,മൈല്‍‌പീലി,
കനല്‍,പടിപ്പുര,ബിന്ദു, തറവാടി,
പാവം-ഞാന്‍,തണല്‍, വിജില്‍, കിനാവ്,ശ്രീ ,ഹരിയണ്ണന്‍,സ്മിത ആദര്‍‌ശ്‌, കുറുമാന്‍,കാന്താരികുട്ടി,വികടശിരോമണി, ആചാര്യന്‍, ഏറനാടന്‍
, ....

കവിത വായിച്ച എല്ലാവര്‍ക്കും നന്ദി.....

പ്രവാസി ജീവിതം ഒക്കെ കഴിഞ്ഞ് നാട്ടില്‍
പോയി വീട്ടുമുറ്റത്തെ മാവില്‍ ചുവട്ടില്‍ കസേരയും ഇട്ട് നല്ല തെങ്ങിന്‍ കള്ളും കുടിച്ചിരിക്കുമെന്ന് വാരാന്ത്യ പാര്‍ട്ടികളില്‍ പറയുമായിരുന്നു രായ്ച്ചായന്‍ എന്ന രാജന്‍ ജേയ്കബ്.നല്ല ഒരു കലാഹൃദയന്‍, നന്നായി വരയ്ക്കുന്ന ഓയില്‍ പെയിന്റ് ചെയ്യുന്ന,പാട്ടു പാടുന്ന,സുഹൃത്തുക്കളേ നെഞ്ചിലേറ്റുന്ന ഒരു നല്ല സുഹൃത്ത് .1987മുതല്‍ ജദ്ദയില്‍ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു ....

ഈ കവിത ഞാന്‍ എഴുതി പോസ്റ്റ് ചെയ്തു കഴിഞ്ഞ് എനിക്ക് സങ്കട വാര്‍‌ത്തയാണ് കിട്ടിയത് ..
പ്രാര്‍ത്ഥന സമയത്ത് കടകള്‍ അടച്ചിരിക്കണം. അദ്ദേഹം ആ സമയത്ത് കാറില്‍ വന്നിരുന്നു.... കടയിലെ പയ്യന്‍ പ്രാര്‍‌ത്ഥന കഴിഞ്ഞ് വരുമ്പോള്‍ കറിനുള്ളില്‍ രായ്ച്ചായന്‍ മരിച്ചിരിക്കുന്നു ....
കാര്‍‌ഡിയാക്ക് അറസ്റ്റ് ആയിരുന്നു ..
ഭാര്യയും 2 പെണ്‍മക്കളും ഉണ്ട്,അവര്‍
ഇപ്പോള്‍ നാട്ടില്‍ പോയിരിക്കുന്നു ......

പ്രാര്‍ത്ഥിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി കൂടി പ്രാര്‍ത്ഥിക്കുക അഥവാ
പ്രാര്‍ത്ഥിക്കുമ്പോള്‍ അവരേയും ഓര്‍ക്കുക ..,
എന്റെ പ്രീയപ്പെട്ട രായ്ച്ചായന് ആദാരാഞ്ജലി...

Ranjith chemmad / ചെമ്മാടൻ said...

“എന്നിട്ട് ഇതെല്ലാം സ്വപ്നം കണ്ട്
നാട്ടില്‍ എത്തിയാലോ ....“

അങ്ങനെ പറയരുത്!!!!
നാട് അന്നും ഇന്നും അങ്ങനെത്തന്നെ ഒരേ ദിശയില്‍ ചരിച്ചുകൊണ്ടിരിക്കുന്നു...
നമ്മുടെ സമീപനങ്ങളിലുണ്ടാകുന്ന കര്‍ക്കശമായ നിലപാടുകളാലാണ്
നമുക്ക് ഒന്നുമായും സമരസപ്പെടാന്‍ കഴിയാതെ പോകുന്നത്...

ദീപക് രാജ്|Deepak Raj said...

ഫോട്ടോയില്‍ ഒരു ചാരുകസേര കൂടി കൊടുക്കാമായിരുന്നു..
ഇല്ലെങ്കിലും കുഴപ്പമില്ല ആ ഓര്‍മ്മകള്‍ വരച്ചു കാട്ടാന്‍ വരികള്‍ തന്നെ ധാരാളം..

nandakumar said...

ഇത്രയേറെ പറയേണ്ടതില്ലായിരുന്നു. നഷ്ടങ്ങളുടെ തടവുകാരി എന്ന ടൈറ്റിലിനു താഴെ ആ ചിത്രം മാത്രം കൊടുത്താല്‍ മതി. ബാക്കിയെല്ലാം ചിന്ത്യം. :)
(വിമര്‍ശനമല്ല, തുറന്ന അഭിപ്രായം മാത്രം)


നന്ദന്‍/നന്ദപര്‍വ്വം

കറുത്തേടം said...

ഇത് വായിച്ചതും ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകള്‍ ഓടിയെത്തി.

"കാലത്തു വീട്ടില്‍ വരുന്ന പത്രം,
കടന്നു പോകുമ്പോള്‍ കുശലം ‌-
ചോദിക്കുന്ന അയല്‍ക്കാര്‍‌
തൊടിയിലെ വാഴകൂമ്പിലെ തേന്‍,
മാഞ്ചോട്ടിലെ വീണു കിട്ടുന്ന മാങ്ങ....
മുറ്റത്ത് നിന്നൊഴുകിവരുന്ന
മുല്ലപ്പുവിന്റെ മണമുള്ളകാറ്റ്
കുളക്കരയിലെ നുണ,കുശലം,
....അങ്ങനെ ...അങ്ങനെ..."
ഈ വരികള്‍ വായിച്ചപ്പോള്‍ വീട്ടില്‍ പത്രം കൊണ്ടുവരുന്നതും, ആദ്യം പത്രം വായിക്കാനായി ഏട്ടന്മാരോട്‌ അടി കൂടുന്നതും, "എന്നാ തിരിച്ചു പോകുന്നത്? "- എന്ന് ചോദിക്കുന്ന നാട്ടുകാരെയും, അമ്പലവും, അമ്പലക്കുളവും, പാടവും പറമ്പും എല്ലാം കണ്മുന്നില്‍ കണ്ട പ്രതീതി.
നന്നായിട്ടുണ്ട്.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"ഇവിടെ എന്റെ ഓര്‍മയില്‍ എല്ലാമുണ്ട്....
മനസ്സിലെ ചാരുകസേരയില്‍ എന്റച്ഛനും"

ഓര്‍മ്മകളിലേക്കുള്ള തിരിഞ്ഞു നോട്ടം എന്നുമുള്ളതാണ്. മഴയത്ത് പാടവരമ്പിലൂടെ കുടയില്ലാതെ നടകക്കുന്നത്, ഉച്ചയൂണ് കഴിഞ്ഞ് അച്ഛനെ കെട്ടിപ്പിടിച്ചൊരുറക്കം, ഉത്സവകാലത്ത് അമ്പലപ്പറമ്പുകളിലെ ചുറ്റിയടിക്കല്‍ ഒന്നും ഇനി തിരിച്ചുകിട്ടില്ലെന്നതിനാല്‍ നാട്ടിലേക്ക് പോകാന്‍ അത്രക്ക് തിടുക്കം തോന്നാറില്ല. ഇവിടെ അപൂര്‍വ്വമായി കിട്ടുന്ന മഴയില്‍ അലസമായി ഡ്രൈവ് ചെയ്യുമ്പോള്‍ നാട്ടിലെ പെരുമഴ നനയുന്ന ഓര്‍മ്മകളില്‍ മനസ്സു തണുക്കുന്നു.
അല്ലെങ്കിലും ചില കാര്യങ്ങള്‍ ഓര്‍മ്മകളില്‍ നിക്കുന്നത് തന്നെയാണ് നല്ലത്.

Appu Adyakshari said...

ഗൃഹാതുരത്വം ഉണർത്തിയ കവിത. ഡിഷ് ആന്റിന വഴി മലയാളം ടി. വി. ചാനലുകൾ അത്ര പ്രചാരത്തിലാവുന്നതിനു മുമ്പായിരുന്നു പ്രവാസജീവിതം ഒരുപാട് ഓർമ്മകൾ ഉണർത്തിയിരുന്നത്. അന്ന്, സുപ്രഭാതവും, പൂങ്കോഴിയുടെ കൂവലും എല്ലാം ടേപ്പ് റിക്കോർഡറിൽ റിക്കോർഡ് ചെയ്തുകൊണ്ടുപോയി പ്രഭാതത്തിൽ വേക്ക് അപ് അലാറം സെറ്റ് ചെയ്ത് ഉറങ്ങിയിരുന്നത് ഓർത്തുപോയി ഇതു വായിച്ചപ്പോൾ.

ആദര്‍ശ്║Adarsh said...

നാട്ടില്‍ ഇപ്പോള്‍ ഇതൊന്നും ഇല്ല ചേച്ചി..നാട്ടിലുള്ളവര്‍ക്കും ഇതൊക്കെ ഓര്‍മ്മകളായി മാറിക്കൊണ്ടിരിക്കുകയാണ് ....
കവിത ഇഷ്ടപ്പെട്ടു ..മനസ്സിനെ പിറകോട്ട് കൊണ്ട്പോയി ഈ വരികള്‍ ...

Gopi│നിങ്ങളില്‍ ഒരുവന്‍...!! said...

നഷ്ടപെടുമ്പോള്‍ മാത്രം വിലയറിയുന്ന അമൂല്യമായത്..!!
പിന്നീട് തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാലും ഒരിക്കലും പൂര്‍ണത കൈവരാത്തവ...!!
നന്നായിരിക്കുന്നു റ്റീച്ചറമ്മേ.. ഇന്നു നമുക്കിതെല്ലാം ഓര്‍മ്മകളിലെ ചാരുകസേരയാണ് ...

ആശംസകള്‍...!!

ഭൂമിപുത്രി said...

മണവും ശബ്ദവുമുള്ള ചിത്രങ്ങൾ-
നഷ്ട്ടപ്പെട്ടുവെന്നറിയുമന്തോറും
കൂടുതൽ വ്യക്തമാക്കിത്തരുമെന്നതാൺ
കാലത്തിന്റെയൊരു കളി

ബഷീർ said...

ചേച്ചീ

പ്രവാസലോകത്തിരുന്ന് ഇതൊക്കെ ഓര്‍ക്കാം അതാണു നല്ലത്‌. നാട്ടിലെത്തിയല്‍ എല്ലാം നഷ്ടമാവുകയാണു പതിവ്‌. ഇതൊക്കെ ഓര്‍ക്കാനെങ്കിലുമുണ്ടല്ലോ അല്ലെങ്കില്‍ ഒാര്‍ക്കുന്നുണ്ടല്ലോ എന്ന് കരുതി സമാധാനിക്കാം.പുതു തലമുറക്ക്‌ നാളെ ഓര്‍ക്കാന്‍ എന്താണു ബാക്കിയാവുന്നത്‌. ചാറ്റിംഗും ചീറ്റിംഗുമല്ലാതെ..

ചാണക്യന്‍ said...

ഇവിടെയുള്ളവര്‍ക്ക് അവിടെ വരാന്‍ ആശ..
അവിടെയുള്ളവര്‍ക്ക് ഇവിടെ വരാന്‍ ആശ..
നഷ്ടങ്ങളുടെ തടവുകാരിക്ക് ആശംസകള്‍...
വരികള്‍ നന്നായിരിക്കുന്നു....

ഏ.ആര്‍. നജീം said...

ഹൊ, സമ്മതിച്ചിരിക്കുന്നു...!!

ഇതൊക്കെ ആസ്വദിച്ചു മതിവരാഞ്ഞിട്ടാ ഞാന്‍ തിരിച്ചു വിമാനം കയറാതെ ഇവിടെ ഒക്കെ ചുറ്റിപറ്റി ഇങ്ങനെ നടക്കുന്നത്....

തുടര്‍ന്നും എഴുതുക...

ajeeshmathew karukayil said...

വളരെ നന്നായിട്ടുണ്ട്‌ ചേച്ചീ....ആശംസകള്‍......

ബയാന്‍ said...

മഴതോര്‍ന്ന മുറ്റവും തുളസിയും വീടും നന്നായി,പിന്നെ ബൂലോകത്തു സ്ഥിരം കേള്‍ക്കാറുള്ള നൊസ്റ്റാള്‍ജിക് പല്ലവികള്‍.

ഞാനെന്തിനാ ഇങ്ങിനെയെഴുതി നിങ്ങളെ വെറുപ്പിക്കുന്നെ. കവിത ഗംഭീരം. മൂങ്ങകൂട്ടില്‍ കേറി.ചിന്താഭാരം റോഡില്‍.

സ്നേഹതീരം said...

നഷ്ടങ്ങളെക്കുറിച്ച് ഓര്‍ക്കാതിരിക്കാനാണെനിക്കിഷ്ടം. മനസ്സിനെ കീറിമുറിക്കുന്ന നഷ്ടങ്ങള്‍ക്ക് കണ്ണീരിന്റെ ഉപ്പാണ്.തെറ്റ് ചെയ്യാതെ ശിക്ഷിക്കപ്പെടുന്നവരുടെ
തേങ്ങലിന്റെ ശബ്ദമാണ്. ഹൃദയം മുറിഞ്ഞൊഴുകുന്ന
രക്തത്തിന്റെ നിറമാണ്.സ്വപ്നങ്ങള്‍ കരിയുന്നതിന്റെ ഗന്ധമാണ്.നഷ്ടങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിനെ ഗ്രസിക്കുന്ന നിസ്സഹായതയ്ക്ക് മരവിപ്പിക്കുന്ന തണുപ്പാണ്....
എങ്കിലും, പറയാതെ വയ്യ,
മാണിക്യത്തിന്റെ വരികള്‍ നന്നായി.

പകല്‍കിനാവന്‍ | daYdreaMer said...

ഓര്‍മ്മകളിലെ ഓണമാണ് നാട്...
അകലങ്ങളിലെ ചിന്തകളുടെ പ്രണയമാണ് നാട്...
വിരഹ വേദനകളുടെ തീവ്ര നൊമ്പരങ്ങള്‍ക്ക്
നനുത്ത തലോടലാണ്‌ നാട്....
പക്ഷെ... ശരിയാണ്...
തിരികെ എത്തിയാല്‍ തികച്ചും
ഒരപരിചിതന്‍............
നല്ല കവിത ... പ്രിയ മാണിക്യമേ....
ഇനിയും തുടരുക...

പകല്‍കിനാവന്‍ | daYdreaMer said...

താങ്കളുടെ പ്രീയപ്പെട്ട രായ്ച്ചായന് ആദാരാഞ്ജലികള്‍ ...

ഗീത said...

ശരിയാണ് ജോച്ചീ. വരണ്ട ഇനി ഈ നാട്ടിലേയ്ക്ക്. വന്നാല്‍ ആ സുന്ദരസ്വപ്നത്തിന് മങ്ങലേല്‍ക്കുകയേ ഉള്ളൂ. പച്ചപ്പും പാടങ്ങളും നിറഞ്ഞ പവിത്രമായ സ്നേഹപ്പൂങ്കാറ്റു വീശുന്ന ആ കൊച്ചു കേരളം എന്നേ മണ്ണടിഞ്ഞു കഴിഞ്ഞു. പകരം പണമോഹവും പകയും പക്ഷപാതവുമൊക്കെ കൂടി കെട്ടുപിണഞ്ഞ അഴിയാകുരുക്കില്‍ കുടുങ്ങി അഴിമതിയുടെ ആഴക്കയങ്ങളിലേക്ക് മുങ്ങാംകുഴിയിടുന്ന ഒരു കേരളത്തെ കാണാം. ഒരു നിവൃത്തിയുണ്ടെങ്കില്‍ ഒന്നു രക്ഷപ്പെടണമെന്ന മോഹമുണ്ടാകാറുണ്ട് പലപ്പോഴും.

കവിത നന്ന്‌ ജോച്ചീ. ആ ആശങ്ക അസ്ഥാനത്തല്ല.

പൈങ്ങോടന്‍ said...

നാട്ടിലെ ഇടവഴി,കോഴിയുടെ കൂവല്‍,രാവിലത്തെ പത്രവായന....

ഇങ്ങിനെ കുറെ നൊസ്റ്റാള്‍ജിക് കേട്ടു പഴകിയതാ മാണിക്യം.

പുതിയതെന്തെങ്കിലുമുണ്ടെങ്കി പറ.

പിന്നെ സ്വപ്നം കണ്ട് നാട്ടിലേക്കൊന്നും വരണ്ട, വെറുതേ ഇവിടെയുള്ളവരുടെ മനസമാധാനം എന്തിനാ കളയുന്നേ

അനില്‍@ബ്ലോഗ് // anil said...

എന്നിട്ട് ഇതെല്ലാം സ്വപ്നം കണ്ട്
നാട്ടില്‍ എത്തിയാലോ ....
വേണ്ടാ ഇവിടെ ഇരുന്ന്
ഞാന്‍ ഇതോക്കെ ഓര്‍‌മിക്കാം
ഇവിടെ എന്റെ ഓര്‍മയില്‍ എല്ലാമുണ്ട്....
മനസ്സിലെ ചാരുകസേരയില്‍ എന്റച്ഛനും...


വളരെ ശരിയാണ്. ഞാന്‍ മുമ്പിട്ട പ്രവാസികള്‍ അസൂയാ പാത്രങ്ങള്‍ എന്നൊരു പൊസ്റ്റിലെ ചില വരികള്‍ കുറിക്കട്ടെ.

"നിങ്ങള്‍ ഭാഗ്യവാന്മാര്‍, ഒന്നും നേരില്‍ കാണെണ്ട. പ്രഭാതം മുതല്‍ പ്രദോഷം വരെ അധ്വാനിച്ചു തളരുകയാല്‍ ചിന്തിച്ചു വേവലാതിപ്പെടാന്‍ സമയവുമില്ല . സ്വന്തമാവുന്ന നിമിഷങ്ങള്‍ ജന്മനാട്ടിന്റെ മധുരസമരണകളും സ്വപ്നങ്ങളുമായി ചിലവഴിക്കാം .വര്‍ഷങ്ങളുടെ ഇടവേളകളില്‍ നാടിന്റെ ഗന്ധം നുകരാം , കറുത്ത ഭിത്തിയില്‍ ചായം പൂശി വര്‍ണംപിടിപ്പിച്ച ഒഴിവു ദിനങ്ങള്‍ക്ക്‌ ശേഷം തിരികെപ്പറന്നു സ്വപ്നങ്ങളില്‍ ഊളിയിടാം .
"

Sriletha Pillai said...

അവിടെ ഇരിക്കുമ്പോൾ ഇവിടെ വരാൻ തോന്നും.ഇവിടെ വന്നു കഴിയുമ്പോഴോ,അയ്യോ വന്നു പോയല്ലോ എന്നാവും എന്ന് പല പ്രവാസി സുഹൃത്തുക്കളും പറഞ്ഞും പറയാതെയും അറിയുന്നു.മയൂര വഴിയാൺ കേട്ടോ ഇവിടെയെത്തിയത്‌.

Sriletha Pillai said...

അവിടെ ഇരിക്കുമ്പോൾ ഇവിടെ വരാൻ തോന്നും.ഇവിടെ വന്നു കഴിയുമ്പോഴോ,അയ്യോ വന്നു പോയല്ലോ എന്നാവും എന്ന് പല പ്രവാസി സുഹൃത്തുക്കളും പറഞ്ഞും പറയാതെയും അറിയുന്നു.മയൂര വഴിയാൺ കേട്ടോ ഇവിടെയെത്തിയത്‌.

പിരിക്കുട്ടി said...

nannayittundu ormakal ormakal aodakuzhaloothy

വാചാലം said...

മാണിക്യം -

അക്കരപ്പച്ച എന്നല്ലാതെ എന്തു പറയാന് ‍അല്ലേ? അവിടെയിരുന്ന് ഇവിടുത്തെ നല്ലതുമാത്രവും ഇവിടെയിരുന്ന് അവിടുത്തെ നല്ലതുമാത്രവും സ്വപ്നം കണ്ട് ജീവിതം തള്ളിനീക്കുന്നവര്‍ !! എന്നെങ്കിലും ഇവരൊക്കെ വര്‍ത്തമാനകാലത്തിതെയും തന്റെ ചുറ്റുമുള്ളതിന്റെയും ഭംഗിയും സൌന്ദര്യവും ആസ്വദിക്കുന്നുണ്ടാവുമോ?

ഒരുകവിതയില്‍ നിന്നും മറ്റുകവിതകള്‍ വേര്‍തിരിച്ചറിയാന്‍ പറ്റാത്തവിധം
മാണിക്യം കവിതകള്‍ ഈയിടെയായിട്ട് വല്ലാത്ത ആവര്‍ത്തനവിരസത നിറക്കുന്നു! വിഷയദാരിദ്രമാണോ അതോ ഇതുമാത്രമാണ് തട്ടകമെന്ന് തോന്നലോ?

ബ്ലോഗ്, മനസിലെ ആശയങ്ങള്‍ കുറിച്ചിടാനുള്ളയൊരിടമാണ്. എങ്കിലും
മറ്റുവിഷയങ്ങളും ധൈര്യമായി കൈകാര്യം ചെയ്തു നോക്കൂ.

- ആ‍ശംസകളോടെ
ദുര്‍ഗ്ഗ !

രഘുനാഥന്‍ said...

ഓര്‍മ്മകള്‍ ..ഓര്‍മ്മകള്‍.......ഓലോലം പാടുമീ തീരങ്ങളില്‍ ...........

രഘുനാഥന്‍ said...

ഓര്‍മ്മകള്‍ ..ഓര്‍മ്മകള്‍.......ഓലോലം പാടുമീ തീരങ്ങളില്‍ ...........

സുനിതാ കല്യാണി said...

athe....ormakal sundaram....yadharthyangalo???

Malayali Peringode said...

ഓര്‍മകള്‍ ഓര്‍മകളായിരിക്കുമ്പോള്‍ മാത്രമേ ഈ സുഗന്ധമുണ്ടാകുന്നുള്ളൂ....
ജിവിതപ്പാച്ചിലിനിടയില്‍ പരസ്പരം പരിചയം പുതുക്കാന്‍ പോലും സമയമില്ലാത്തവരാണു മുഴുവന്‍!

“...ഹാ! എന്നേ വന്നേ? ...
..
..
ഇന്നലെ....
...
...

എന്നാ തിരിച്ച്.....???”

ഞാനിവിടെ നില്‍ക്കുന്നതു കൊണ്ട് തനിക്കെന്താടോ എന്ന് ചോദിക്കാനാണ് പലപ്പോഴും തോന്നുക.

പിന്നെ കോഴി!
ആ സാധനത്തെ കാണണമെങ്കില്‍ ‘ഇറച്ചി കോഴികള്‍’ എന്ന് എഴുതി തൂക്കിയ പ്രത്യേക സ്ഥലത്ത് ചെല്ലണം.

ഹോംതിയറ്ററുകള്‍ ഉള്ളതുകൊണ്ട് ഇപ്പോള്‍ സുബ്ബലക്ഷ്മിയുടെയല്ലെങ്കിലും സുപ്രഭാതം കേള്‍ക്കാം ഏതു നട്ടുച്ചയ്ക്കും!!

കിണറ്റിലെ വെള്ളം മുഴുവന്‍ കോളക്കമ്പനിക്കാര്‍ക്ക് തീറെഴുതിക്കൊടുത്തതറിഞ്ഞില്ലെന്നോ!!