Thursday, August 26, 2010

ജനി .....

ജനി .....
ജന്മം കൊണ്ട് അവള്‍ പോളണ്ടുകാരി. ഞാന്‍ ഈയിടെ പരിചയപ്പെട്ടു. എന്റെ കൂടെ ജോലി ചെയ്യുന്നു ...
നല്ല സംസാരപ്രീയ, അടുക്കിനു പറയാന്‍ അറിയാം കേട്ടിരിക്കാന്‍ സുഖം.
അങ്ങനെ ഒരു ദിവസം മക്കളെ പറ്റി പറയുവാന്‍ തുടങ്ങി...
ആ കൂട്ടത്തില്‍ പറഞ്ഞ ഒരനുഭവം...
അന്ന് അവള്‍ക്ക് ഇരുപത്തി ഒന്ന് വയസ്സ് അവളും ഭര്‍ത്താവും മാത്രമായി താമസിക്കുന്നു. അന്ന് സെല്‍ ഫോണില്ല വീട്ടിലും ഫോണില്ല, ആദ്യ ഗര്‍ഭകാലം പൂര്‍ണ ഗര്‍ഭിണിയാ
ണ് . ഭര്‍ത്താവിന്റെ ജോലിസ്ഥലം കുറെ ദൂരെയാണ് . കാലത്ത് വെട്ടം വീഴും മുന്നെ പോയാല്‍ രാത്രിയിലെ തിരികെ വരുകയുള്ളൂ .അന്നും ജോലിക്ക് പോകും മുന്നെ അയാള്‍ ചോദിചു
"ഞാന്‍ ജോലിക്ക് പോയ്ക്കോട്ടെ നിനക്ക് അസ്വസ്ഥത ഒന്നും ഇല്ലല്ലൊ അല്ലെ?"
"ഇല്ല കുഴപ്പമില്ല പൊയ്ക്കോളു." എന്നവള്‍ പറഞ്ഞയച്ചു. ഒരു ഒന്‍പത് മണിയായപ്പോള്‍ എന്തൊക്കെയോ വിഷമം അതെന്താണെന്ന് അവള്‍ക്ക് തന്നെ അറിയില്ല അടുത്ത് ഒന്നും വീടുകള്‍ ഇല്ല, അല്ലങ്കിലും ആസമയത്ത് ആരും കാണില്ല എല്ലാവരും ജോലിക്ക് പോകും , ഒരു റ്റാക്സി പോലും രണ്ട് കിലോമീറ്റര്‍ പോയാലെ കിട്ടൂ, പെട്ടന്ന് അവള്‍ക്ക് തോന്നി ദൈവമെ ഇതാണൊ പ്രസവവേദന അങ്ങനെ ആണെങ്കില്‍ ഹോസ്പിറ്റലില്‍ പോകണ്ടേ?

പിന്നെ എവിടെ നിന്നോ കിട്ടിയ ധൈര്യത്തില്‍ അവള്‍ ഒരുങ്ങി ഒരു ചെറിയ ബാഗും ആയി വീടും പൂട്ടി ഇറങ്ങി നടക്കുവാന്‍ തുടങ്ങി രണ്ട് കിലോ മീറ്റര്‍ പോയാല്‍ അവിടെ ഒരു കവല, റ്റാക്സിയും ചെറിയ കടകളും ഒക്കെയുണ്ട് പയ്യെ നടന്നു കവല വരെയുള്ള വഴി തികച്ചും വിജനം. കൂടുതല്‍ ഒന്നും അറിയാത്ത കൊണ്ട് ഭയം ഒന്നും തോന്നിയില്ല അതോ ഒറ്റക്ക് ആയിപ്പോള്‍ ഇതെ വഴിയുള്ളു എന്ന അറിവില്‍ നിന്ന് കിട്ടിയ ധൈര്യമോ അവള്‍ നടന്നു വളരെ പയ്യെ ..അങ്ങനെയേ സാധിക്കുമായിരുന്നുള്ളു. കവല അടുക്കാറായി അവിടെയും ഇവിടെയും ആളുകളെ കണ്ടു തുടങ്ങി .. പിച്ച പിച്ച എന്നുള്ള നടപ്പ് കണ്ടിട്ടോ എന്തോ ചിലരൊക്കെ സഹതാപത്തോടെ നോക്കുന്നു അവള്‍ കടയിലോ മറ്റോ പോകുന്നു എന്നാവും അവരോക്കെ കരുതുന്നത്. ചിലര്‍ എന്താ സുഖമാണൊ? എന്നു ചോദിക്കുന്നു "അതേ സുഖം" എന്നു പറയുമ്പോള്‍ മനസ്സില്‍ പറഞ്ഞു 'ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന സുഖം നിങ്ങള്‍ അറിഞ്ഞാല്‍ ....'

കവല അടുത്തു എന്നും കാണാറുള്ള റ്റാക്സികള്‍ അന്നു അവിടെയില്ല അസ്വസ്ഥയും വെപ്രാളവും ഒരേ പോലെ കൂടി വന്നു ഒരു കടയുടെ അരുകു പറ്റി
അവള്‍ നിന്നു പരിചയമുള്ള ഒരു മുഖവും ഇല്ല ... സമയം നീങ്ങി കൊണ്ടിരുന്നു കുറച്ചു കഴിഞ്ഞ് ഒരു ടാക്സി വന്നു. അവള്‍ ചെന്ന് അടുത്തുള്ള ഹോസ്പിറ്റലില്‍ പോകണം എന്നു പറഞ്ഞു കയ്യറി ..അയാള്‍ ഏതായാലും ഹോസ്പിറ്റലില്‍ കൊണ്ടെത്തിച്ചു.ആരും തുണയില്ലാതെ, അവള്‍ അഡ്മിറ്റായി അധികം താമസിയാതെ ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു...
നേരം കടന്നു പോയി...ഏതാണ്ട് പത്ത് മണി രാത്രി ആയപ്പോള്‍ അവളുടെ ഭര്‍ത്താവ് അവിടെ എത്തി.....
പിറ്റെന്ന് തന്നെ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു..

കേട്ടിരുന്നപ്പോള്‍ ആകെ എനിക്ക് വല്ലാത്ത വിഷമം തോന്നി .. ഒരു മലയാളി പെണ്‍കിട്ടിക്ക് ഇതനുഭവിക്കേണ്ടീ വരുമോ? അവരുടെ ഒക്കെ അനുഭവത്തിന്റെ ഒരംശമെങ്കിലും ... പറഞ്ഞു വരുമ്പോള്‍ നമ്മുടെ നാട്ടിമ്പുറത്തിന്റെ സൌകര്യങ്ങള്‍ പോലും 21 വര്‍ഷം മുന്‍പ് അവര്‍ക്കില്ല. നമ്മൂടെ നാട്ടില്‍ കുടുംബത്തിന്റെ സഹായവും സുരക്ഷിതത്വവും എങ്കിലും ഉണ്ട്. അണുകുടുംബത്തിന്റെ ചില പാര്‍ശ്വഫലങ്ങള്‍ എന്നു പറയാമോ?

ഞങ്ങളുടെ ബ്രേക്ക് ടൈം കഴിഞ്ഞു അവള്‍ നടന്നു നീങ്ങിയപ്പോള്‍ സംമിശ്ര വികാരത്തോടെ ഞാന്‍ അവള്‍ പോയ വഴി നോക്കിയിരുന്നു ...
എനിക്ക് മനസ്സിലാവാത്ത പാശ്ചാത്യ സംസ്ക്കാരത്തിലെക്ക് .....

41 comments:

മാണിക്യം said...

ഒരു അനുഭവം കേട്ടത് പങ്കു വയ്ക്കുന്നു ..
പാശ്ചാത്യ നാട്ടിലും സ്ത്രീകളുടെ പങ്കപ്പാടുകള്‍
ഒറ്റപെടലുകള്‍....

Sranj said...

ചേച്ചി... എന്റെ അച്ഛമ്മ പറയാറുണ്ട്... "താങ്ങാ നാളുണ്ടെങ്കിലേ..ചീരൂന് ക്ഷീണള്ളൂ"... ആരും ചുറ്റുമില്ലെങ്കില്‍ ആര്‍ക്കും ധൈര്യം വരും...
നാടു വിട്ട് താമസിക്കുന്ന നമ്മെപോലെയുള്ള അമ്മമാര്‍ക്ക് ഗര്‍ഭക്ഷീണവുമില്ല... പ്രസവക്ഷീണവുമില്ല... ക്ഷീണിച്ചു കിടന്നാല്‍ പിന്നെ പണിയെടുക്കാനാളില്ലാത്തതു കൊണ്ടായിരിക്കാം...
നമ്മുടെ നാട്ടില്‍ വയല്പ്പണിയെടുക്കുന്നവര്‍... വേദന വരുമ്പോള്‍ വരമ്പത്ത് കേറി തുണിമറയുണ്ടാക്കി പ്രസവിക്കാറുണ്ടത്രെ...
ഡോക്ടര്‍ വിസിറ്റിനു പോകുമ്പോള്‍ ശ്രദ്ധിച്ച ഒരു കാര്യമാണ്... ഏറ്റവും കൂടുതല്‍ ക്ഷീണം ഭര്‍ത്താവിന്റെ കൂടെ വരുന്നവര്‍ക്കാണ്.. ഇടയ്ക്ക് ഓരോ ജ്യൂസ് വേണം.. ഭര്‍ത്താവിന്റെ മടിയില്‍ കിടക്കണം... ആകെ ക്ഷീണം..
അമ്മയുടെ കൂടെ വരുന്നവര്‍ക്ക് അത്ര കാണില്ല... അമ്മയ്ക്കറിയാത്ത ക്ഷീണമൊന്നുമല്ലല്ലോ!!!
ഒറ്റയ്ക്കു വരുന്നവര്‍ക്ക് യാതൊരു ക്ഷീണവുമില്ല.. അവര്‍ തങ്ങളുടെ ഊഴവും കാത്ത് ഇതൊക്കെ രസിച്ചിരിക്കും... ഏതു മാസമാണെങ്കിലും..

ശ്രീനാഥന്‍ said...

ജീവിതം സ്വന്തം കൈയ്യിലെടുക്കാനുള്ള കഴിവ് അവരെപ്പോലെ നമ്മുടെ സ്ത്രീകൾക്കില്ല, താങ്ങാൻ ആളുള്ളതുകൊണ്ടാകും, പാവപ്പെട്ട സ്ത്രീകൾക്ക് മധ്യവർഗ്ഗക്കാരെപ്പോലെ പ്രശ്നമില്ല, ഉരലിൽ നെല്ലുകുത്തിക്കൊണ്ടിരിക്കുമ്പോൾ പ്രസവ വേദന വന്ന് പോയി പ്രസവിച്ച് കുത്ത് തുടർന്ന അതിശയോക്തിയിൽ പണിയെടുക്കുന്ന സ്ത്രീകളുടെ കരളുറപ്പുണ്ട്. നമ്മുടെ സ്ത്രീകൾ ഈ പോസ്റ്റ് അവശ്യം വായിച്ചിരിക്കേണ്ടതാണെന്നു തോന്നുന്നു. നന്ദി.

mini//മിനി said...

എന്റെ വീട്ടിൽ വെച്ചായിരുന്നു 8 പ്രസവം നടന്നത്. അമ്മയുടെ 4ഉം (ഞാൻ ഈ കൂട്ടത്തിൽ ഇല്ല) ഇളയമ്മയുടെ 4ഉം എല്ലാം വൈകിട്ട്, വയറ്റാട്ടിയെ വിളിച്ചു വരുത്തും. അങ്ങനെ സഹോദരങ്ങളെല്ലാം (4+4) ജനിക്കുന്ന സമയത്ത് മുറിക്ക് പുറത്ത് ഞാൻ ഉണ്ടായിരുന്നു. ഇന്നോ? എന്റെതും മകളൂടെതും പ്രസവം നടന്നില്ല, സിസ്സേറിയൻ നടന്നു. കാലം പോയ പോക്ക്! ഇങ്ങനെയൊന്ന് പോസ്റ്റ് ചെയ്തതിന് വളരെ അഭിനന്ദനങ്ങൾ.

പള്ളിക്കരയില്‍ said...

സാഹചര്യങ്ങളുടെ സമ്മർദ്ദവും ദൈവത്തിന്റെ തുണയും...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പണ്ടത്തെ ചില വല്യമ്മമാര്‍ പറഞ്ഞു കേട്ടിട്ടില്ലേ?” നെല്ലു കുത്തിക്കൊണ്ടു നിന്നപ്പഴാ എനിക്കു വേദന്‍ തോന്നിയത്..അപ്പറത്തെ മുറിയിലേക്ക് ഒന്നു മാറി..പ്രസവവും കഴിഞ്ഞു”..

അന്നൊക്കെ പക്ഷേ ബാല മരണങ്ങളും കൂടുതലായിരുന്നു.പക്ഷേ പത്തും പതിനാലും പ്രസവിക്കുമ്പോള്‍ ഒന്നു രണ്ടു മരണം പ്രശ്നമല്ലായിരുന്നു.ഇപ്പോള്‍ അങ്ങനെയല്ലല്ലോ..

മറ്റൊന്നു പ്രസവം നോര്‍മല്‍ ആയാല്‍ പിന്നെ ഈ കഥകള്‍ പറഞ്ഞു നടക്കാം..എന്തെങ്കിലും പ്രശ്നങ്ങള്‍ അതിനോടനുബന്ധിച്ച് ഉണ്ടായിരുന്നെങ്കില്‍ ആണു കുഴപ്പം..എങ്കിലും ആ മനോധൈര്യം സമ്മതിക്കേണ്ടതു തന്നെ

നന്ദി ആശംസകള്‍

യൂസുഫ്പ said...

ഇന്നത്തെ സ്ത്രീകൾ ഗർഭം ധരിച്ചത് തൊട്ടേ റെസ്റ്റിലാണ്.പിന്നെ പരിചാരകവൃന്ദവും.കേരളീയരുടെ കാര്യം കേമമല്ലേ.എന്നാൽ ഇതിന് മറുപുറം ഒന്നുണ്ട്.നമ്മുടെ പ്രിയപ്പെട്ട ബ്ലോഗിണി മൈന ശ്രദ്ധയിൽ കൊണ്ടുവന്ന വയനാടൻ ആദിവാസി സ്ത്രീകളുടെ ദുരിതാവസ്ഥ വായനക്കാരെ ഞെട്ടിച്ചിരുന്നു.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

അവസരത്തിനൊത്ത് ഉയരാനുള്ള(പ്രവൃത്തിക്കാനുള്ള) ഒരു പ്രത്യേക കഴിവ് എല്ലാ ജീവജാലങ്ങള്‍ക്കും ഉണ്ട് എന്നാണ് എനിക്കു തൊന്നുന്നത്.ചില വള്ളിച്ചെടികള്‍ കണ്ടിട്ടില്ലേ പടര്‍ന്നു കയറാന്‍ ഒരു താങ്ങു കിട്ടിയാല്‍ ആ താങ്ങിനെപ്പോലും തകര്‍ക്കുന്ന രീതിയില്‍ പടര്‍ന്നു കയറും,താങ്ങില്ലങ്കിലൊ നിലര്‍ത്തു തന്നെ പടര്‍ന്നു പൂത്തു കായ്ക്കും.

എല്ലാ ആശംസകളും........

Kalavallabhan said...

അണുകുടുംബത്തിന്റെ ചില പാര്‍ശ്വഫലങ്ങള്‍ .
പാവപ്പെട്ട പ്രവാസി(ദേശ/വിദേശ) കുടുംബങ്ങളുടെ ദുർഗ്ഗതി

അനില്‍@ബ്ലോഗ് // anil said...

ഇത്തരം ജീവിത സാഹചര്യങ്ങളെ അതിജീവിക്കുന്നവര്‍ക്കെ വിജയം കാണൂ, ചേച്ചീ.
നമ്മുടെ നാട്ടില്‍ ഭാര്യമാരും ഭര്‍ത്താക്കന്മാരും മക്കളും എല്ലാം അതി ശുശ്രൂഷയയാല്‍ വഴി തെറ്റിപ്പോയിരിക്കുന്നു.

പട്ടേപ്പാടം റാംജി said...

സ്ത്രീകളുടെ പങ്കപ്പാടുകള്‍ എന്നതിനേക്കാള്‍ എനിക്ക് തോന്നുന്നത് പഴയതില്‍ നിന്നും ഇന്നിലേക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ്‌. വന്നുചേര്‍ന്നിരിക്കുന്ന മാറ്റ്ങ്ങള്‍ക്കനുസരിച്ച് സംഭവിച്ച് കൊണ്ടിരിക്കുന്ന നമ്മുടെ മാറ്റങ്ങള്‍. എന്തിനും ഏതിനും ആശുപത്രിയെ സമീപിക്കുന്ന ഒരു തരം പ്രവണത. അത് കൂടി കൂടി അനങ്ങുമ്പോള്‍ ആശുപത്രിയില്‍ പോയില്ലെങ്കില്‍ ചത്തുപോകും എന്ന തോന്നല്‍. അത്തരം ഒരു വികാരം ഇന്ന്‌ മനസ്സില്‍ കുടിയിരിക്കുന്നു. ഗര്‍ഭിണി ആകുമ്പോഴെ ചെക്കപ്പ്. ചെക്കപ്പ് ചെയ്തില്ലെങ്കില്‍ സംശയം. ചെറിയ വേദന പോലും ഭയം ജനിപ്പിക്കുന്നു. അത്തരം ഒരു ശീലം ഇന്ന് എല്ലാരിലും സംജാതമായിരിക്കുന്നു. ഒരു പരിധിവരെ ഒറ്റക്ക് ജീവിക്കാന്‍ മനുഷ്യര്‍ സ്വയം തയ്യാറായിക്കൊണ്ടിരിക്കുന്നു.
പഴയകാല അനുഭവമെങ്കിലും അതിനെ ഇന്നിലെക്ക് ഒന്ന് കലര്‍ത്തി നൊക്കിയതാണ്

the man to walk with said...

എവിടെയും ഒറ്റപെടല്‍ ഒരു പോലെ തന്നെ ..അതിനെ നേരിടുന്ന രീതിയാണ് വ്യത്യസ്തം

anoop said...

മരണവേദന കഴിഞ്ഞാല്‍ പിന്നെ കഠിനം പ്രസവവേദനയാണെന്ന് കേട്ടിട്ടുണ്ട്..!!

അരുണ്‍ കായംകുളം said...

ആരുമില്ലെങ്കില്‍ ദൈവം ഏതെങ്കിലും രൂപത്തില്‍ വരും എന്ന് സമാധാനിക്കാം ചേച്ചി :)
(ഇവിടെ കണ്ടില്ലേ ഒരു ടാക്സിഡ്രൈവര്‍ കൊണ്ട് എത്തിക്കാന്‍ മനസ്സ് കാണിച്ചത്)

കണ്ണൂരാന്‍ / Kannooraan said...

നമ്മുടെ നാട്ടിലാണെങ്കില്‍ ഗര്ബിണിയെപോലും പീഡിപ്പിക്കാന്‍ ശ്രമിക്കും. അല്ല, പീഡിപ്പിക്കും!

ആളവന്‍താന്‍ said...

അങ്ങനെയും ഒരു കഥ.

അനില്‍കുമാര്‍. സി.പി. said...

ഗര്‍ഭം ഒരു രോഗാവസ്ഥയാണെന്ന ധാരണയാണ് ഇപ്പോള്‍ നാട്ടില്‍ പലര്‍ക്കും ഉള്ളത് എന്ന് തോന്നുന്നു.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം എന്തും നേരിടുവാനുള്ള തന്റേടം ഉണ്ടാക്കിക്കൊടുക്കുന്ന സ്ത്രീകള്‍ നാട്ടില്‍ എത്ര വേണമെങ്കിലും ഉണ്ടല്ലോ. പ്രസവവേദന തുടങ്ങുമ്പോള്‍ സ്വയം ആശുപത്രിയിലെത്തിയ ചിലരുടെ കഥകളും കേട്ടിട്ടിണ്ട്. പിന്നെ കണ്ണൂരാന്‍ പറഞ്ഞത് പോലെ നിറവയറുള്ള ഗര്‍ഭിണിയെ പീഡിപ്പിക്കാനും ഇപ്പോള്‍ നാട്ടില്‍ ആളുള്ളതാണ് പ്രശ്നം!

കുഞ്ഞൂസ് (Kunjuss) said...

ഏതു നാട്ടിലായാലും കാലഘട്ടത്തിലായാലും സാഹചര്യം ആണ് മനുഷ്യനെ പ്രത്യേകിച്ചു സ്ത്രീകളെ ധൈര്യവതികളാക്കുന്നത്. മറ്റാരും ആശ്രയത്തിനില്ല എന്ന അവസ്ഥയില്‍ ഒരു വിപദിധൈര്യം താനേ ഉണ്ടാകും. ഒരുപക്ഷെ, പിന്നീട് തിരിഞ്ഞു നോക്കുമ്പോള്‍ , അത് ചെയ്തത് താന്‍ തന്നെയോ എന്നും അത്ഭുതം തോന്നിപ്പോകും പലര്‍ക്കും.

Jishad Cronic said...

kurachu divasam munne paperil vaayichirunu garbhiniye peedippikan shramicha randu pere pidichennnu...

mayflowers said...

ആവശ്യം ഏത് ഭീരുവിനെയും ധീരനാക്കും എന്ന് കേട്ടിട്ടില്ലേ?

ജെ പി വെട്ടിയാട്ടില്‍ said...

ആരുമില്ലെങ്കിലും ദൈവം തമ്പുരാന്‍ കൂടെയുണ്ടല്ലോ?
ആ ചിന്തയായിരിക്കും അവര്‍ക്ക് ധൈര്യം പകര്‍ന്നത്.
ഏതായാലും സുഖപ്രസവം നടന്നല്ലോ>
ഈശ്വരന് സ്തുതി

siya said...

ചേച്ചി ..

വളരെ നല്ല പോസ്റ്റ്‌ ,ഇവിടെ വന്നപ്പോള്‍ എനിക്കും ഇത് ഒരു അതിശയം ഉള്ള കാര്യം ആയിരുന്നു .എന്‍റെ രണ്ടാമത്തെ പ്രസവ സമയം ഇപ്പോളും ഓര്‍ക്കുന്നു .ആദ്യത്തെ ലേറ്റ് ആയത് കൊണ്ട് ഇതും അതുപോലെ ആവും എന്ന് വിചാരിച്ചു ഹോസ്പിറ്റലില്‍ ചെന്നത് .അപ്പോള്‍ തന്നെ കുട്ടി ഉണ്ടായി .രാത്രിയില്‍ ആണ് സംഭവം .രാവിലെ എന്നോട് വീട്ടില്‍ പോയി കൊള്ളാന്‍ പറഞ്ഞു .അന്ന് തന്നെ കുഞ്ഞിനെ കൊണ്ട് വീട്ടില്‍ പോന്നപോള്‍ ഒന്നും തോനിയുമില്ല .ഞാന്‍ വീട്ടില്‍ വന്ന ആ ദിവസം മുഴുവന്‍ എന്‍റെ അമ്മ എന്‍റെ പുറകെ നടപ്പ് ആയിരുന്നു .കുറെ ചോദ്യം ആയി ..

മോളെ നിനക്ക് തല ചുറ്റുന്നപോലെ തോന്നില്ലേ?വേദന ഇല്ലേ ,ഒരു പ്രസവം കഴിഞ്ഞ സ്ത്രീ അല്ലേ നീ ഇതുപോലെ നടക്കുന്ന കണ്ടിട്ട് അമ്മക്ക് മനസ്സില്‍ വേദന എന്ന് .അമ്മപറഞ്ഞപോലെ ഒന്നും എനിക്കുതോന്നിയുമില്ല . നാട്ടില്‍ ആയാല്‍ പ്രസവം കഴിഞ്ഞാല്‍ എന്ത് സുഖം ആണ് .നല്ല മരുന്ന് എല്ലാം ഇട്ട് കുളിയും ,വിശ്രമവും .ഇവിടെ വിശ്രമം ഇല്ലാതെ അല്ല .വിശ്രമിക്കാന്‍ തോന്നാറില്ല എന്നുള്ളത് സത്യം .പ്രസവം കഴിഞ്ഞാല്‍ ഇപ്പോള്‍ നാട്ടിലും ശരീരം വണ്ണം വയ്ക്കാതെ ഇരിക്കാനുള്ള മരുന്ന് മാത്രം കഴിക്കുന്നവരും ഉണ്ട് എന്നും കേട്ടു .എന്തായാലും നാട്ടില്‍ ഉള്ളവര്‍ക്ക് ഈ കാര്യത്തില്‍ നല്ല സുഖം ആണ് .അവരെ പരിചരിക്കാനും ,കുട്ടിയെ ലാളിക്കാനും ഒരു പാട് ആളുകളും എല്ലാം കൊണ്ട് സന്തോഷം .

നട്ടപിരാന്തന്‍ said...

ലോകത്തിലെ ഏറ്റവും മനോഹരമായ പദം അത് അമ്മയാണ്.

കൂടുതല്‍ പറയുന്നില്ല.

കുഞ്ഞൻ said...

ചേച്ചി...

അനുഭവം പങ്കുവച്ചത് നന്നായി. സ്രാൻ‌ജ്(എന്തൂട്ട് പേരാണിത്) പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. കഴിഞ്ഞ മാസം വീട്ടുകാരുടെ നിർബന്ധത്തിനാൽ എന്റെ ഭാര്യയെ ഏഴാം മാസത്തിൽ പ്രസവത്തിനായി നാട്ടിലേക്കയച്ചു. ഇവിടെവച്ചവൾക്ക് പ്രത്യേക വയ്യായ്മകളൊന്നുമില്ലായിരുന്നു നടുവേദനയൊഴിച്ച്. എന്നാൽ നാട്ടിലെത്തി ഒരാഴ്ചകഴിഞ്ഞപ്പോൾ എപ്പോഴും ക്ഷീണം നീര് ഉറക്കം(ഉറങ്ങാൻ പറ്റാറില്ലെന്ന് പറയുന്നു) എന്നിവ. ഒരാഴ്ചകൊണ്ട് എത്രമാറ്റമാണ് അവളിൽ കണ്ടത്...ഞാൻ വീട്ടുകാരെ വിളിച്ചപ്പോൾ പറഞ്ഞത് ഇത്രയും വിഷമതകൾ അനുഭവിക്കുന്നവളെ നാട്ടിലേക്ക് അയച്ചില്ലായിരുന്നെങ്കിൽ....!!!!!

അതുപോലെ മറ്റൊരു കാര്യം ഇവിടെ ഗൾഫിൽ 90% പ്രസവവും നോർമലാണ്. അപൂർവ്വമായെ സിസ്സേറിയൻ നടക്കാറുള്ളൂ, എന്നാൽ നാട്ടിൽ നേരെ തിരിച്ചും. ദേ എന്റെ ബന്ധു പ്രസവം കഴിഞ്ഞ് മിനിഞ്ഞാന്ന് വീട്ടിൽ തിരിച്ചെത്തി...സിസ്സേറിയനും മറ്റുമായി രൂപ 45000/- കൊടുക്കേണ്ടി വന്നു. ഇതുകേട്ടപ്പോൾ ഞാനെന്റെ ഭാര്യയോട് പറഞ്ഞകാര്യം....വേണ്ട പറയുന്നില്ല എന്തിനാ.....

Gopakumar V S (ഗോപന്‍ ) said...

അതേ, ശരിയാണ്, താങ്ങാൻ ആളുണ്ടെങ്കിലേ....ക്ഷീണമുണ്ടാവൂ...

ആശംസകൾ

കണ്ണനുണ്ണി said...

എനിക്കും കഴിക്കാനുണ്ട് ഒരു കല്യാണം..അടുത്ത കൊല്ലം തന്നെ...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

പടിഞ്ഞാറൻ നാടുകളിലെ പേറിനേയും,കീറിനേയും പറ്റിയൊക്കെ അറിയുമ്പോൾ ...അദ്ഭുതത്താൽ വായ കീറി പോകും നാട്ടിലുള്ളവർക്ക്...അല്ലേ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

‘താങ്ങാനാളുണ്ടെങ്കിൽ തളർച്ച കൂടും’ അത് ഗർഭിണിയുടെ കാര്യത്തിൽ മാത്രമല്ല :)

നാട്ടിൽ വെച്ച് ഒരു പനി വരുന്നെന്ന് തോന്നിയാൽ പിന്നെ ഭാര്യയുടെ, ഉമ്മയുടെ എല്ലാ‍വരുടെയും പരിചരണം കിട്ടുന്നതിനാൽ രണ്ട് ദിവസം പനിച്ച് കിടക്കാൻ ഒരു സുഖമാണ്. ഇവിടെ പനിയും പനിയുടെ പനിയും വന്നാലും പണിക്ക് പോണ്ട സമയമായാൽ ഏത് പനിയും പിന്നാമ്പുറത്ത് :

പാശ്ചാത്യ നാട്ടിലായാലും എവിടെയായാലും ഒറ്റപ്പെട്ടവർക്ക് ദൈവം തുണ.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

@കുഞ്ഞൻ

>ഗൾഫിൽ 90% പ്രസവവും നോർമലാണ്. അപൂർവ്വമായെ സിസ്സേറിയൻ നടക്കാറുള്ളൂ, എന്നാൽ നാട്ടിൽ നേരെ തിരിച്ചും.<

ശരിയാണ് കുഞ്ഞൻഭായ്,

ജനങ്ങളെ ‘സേവിക്കാനല്ലേ’ ഇവർ ആശുപത്രിയുണ്ടാക്കിയിട്ടുള്ളത്..
ഗർഭമുതൽ പ്രസവം വരെയും ആശുപത്രിക്കാർക്ക് കൊയ്ത്തല്ലേ !

Manoraj said...

ചേച്ചി,
ഇവിടെയെത്താന്‍ വൈകി. ജനിയുടേത് പോലുള്ള ഒട്ടേറെ ജന്മങ്ങള്‍ നമുക്കിടയിലും ഉണ്ട്. പലരും തിരസ്മരിക്കപ്പെട്ടവരാണെന്ന് മാത്രം. ഇവിടെ ജനിയെ രക്ഷിക്കാന്‍ ഒരു ഓട്ടോക്കാരനും പ്രസവശേഷം കൂട്ടികൊണ്ട് പോകാന്‍ ഒരു ഭര്‍ത്താവും ഉണ്ടായല്ലോ. പക്ഷെ, അത് പോലും ഇല്ലാതെ എത്രയോ ആളുകള്‍.

ഒറ്റക്ക് സ്വന്തം നാടും വീടും വിട്ട് താമസിക്കുന്നവര്‍ പലപ്പോഴും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് ഇവിടെ ജനിക്ക് ഉണ്ടായത്. അത് ബോള്‍ഡായി കൈകാര്യം ചെയ്യാനുള്ള തന്റേടം ചിലര്‍ക്കേ ഉണ്ടാവൂ. ഇവിടെ ജനി ഒരു പരിധിവരെ ആ തന്റേടം കാട്ടി. അത് ഒരു പക്ഷെ പോളണ്ടുകാരിയായത് കൊണ്ടാവാം. ആ നാടിന്റെ ചുറ്റുപാട് കൊണ്ടാകാം. നമ്മുടെ നാട്ടിലൊക്കെ ആണെങ്കില്‍ തീര്‍ച്ചയായും ആദ്യ പ്രസവത്തിനൊക്കെ ഇത്രക്ക് ചങ്കൂറ്റത്തോടെ ഒരുങ്ങി ഒരു ചെറിയ ബാഗും തൂക്കി ഹോസ്പിറ്റലില്‍ പോകാന്‍ ഒരു ജോലിക്കാരിയായ സ്ത്രീ വരെ മടിക്കും. നട്ട്സ് പറഞ്ഞപോലെ ലോകത്തിലെ ഏറ്റവും മനോഹരമായ പദവും വസ്തുവും അമ്മയാണെന്ന തിരിച്ചറിവ് തന്നെ നമ്മെ ശക്തരാക്കും..

ഗീത said...

കേട്ട അനുഭവം പങ്കുവച്ചത് നന്നായി. അവസരത്തിനൊത്ത് മനുഷ്യന്‍ ഉയരും. ആരുമില്ലാത്തവര്‍ക്ക് തുണയായി ദൈവം കൂട്ടിനെത്തുകയും ചെയ്യും.

Joy Palakkal ജോയ്‌ പാലക്കല്‍ said...

ജീവിതത്തെ എങ്ങനെയാണു വിശദീകരിയ്ക്കുക?.....

അഭിനന്ദനങ്ങള്‍!!!.

Echmukutty said...

സുനിൽ കൃഷ്ണന്റെ അഭിപ്രായം വളരെ ശരിയായി തോന്നുന്നു.

ലീല എം ചന്ദ്രന്‍.. said...

മാണിക്യം ...സ്ഥല-കാലഭേടങ്ങളില്ലാ ഇത്തരം വേദനകളുടെ കഥകള്‍ക്ക് .
എങ്കിലും പിന്നീടുള്ള കാലത്തെ ക്കുറിച്ച് കൂടി ഒന്ന് ചിന്തിച്ചു നോക്കു.
എല്ലാം വിരല്‍ തുമ്പിലുള്ള ഇന്ന്
അന്നത്തെ കഷ്ടപ്പാടിനെപ്പറ്റി പറഞ്ഞാല്‍ മക്കളുടെ മറുപടിയെന്തായിരിക്കും?
അല്ലെങ്കില്‍ ഇന്നത്തെ അമ്മമാരുടെ മനോഭാവം എന്തായിരിക്കും?
അനുഭവങ്ങള്‍ക്ക് എപ്പൊഴും മനസ്സിനെ സ്പര്‍ശിക്കാന്‍ കഴിയും
ഇതും അതില്‍ നിന്നും വ്യത്യസ്തമല്ല ..
അഭിനന്ദനങ്ങള്‍...!!

Mohamedkutty മുഹമ്മദുകുട്ടി said...

ഇന്ന് ഗര്‍ഭം ഒരു രോഗമായല്ലേ കണക്കാക്കുന്നത്. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ അടുത്ത ക്വാര്‍ട്ടേഴ്സില്‍ ഒരു റ്റീച്ചറുണ്ടായിരുന്നു. അവര്‍ സാധാരണ പോലെ ക്ലാസ്സില്‍ പോയി,ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ വന്നപ്പോള്‍ പ്രസവിച്ചു. അന്നെന്റെ കൂടെയുണ്ടായിരുന്ന ഉമ്മാക്ക് ഇതു വലിയ അതിശയമായിരുന്നു.

Sabu M H said...

ഭയാനകം..

പല കാര്യങ്ങളിലും നമ്മുടെ രാജ്യം എത്രയോ ഭേദമാണ്‌. പക്ഷെ ആരും അതൊരിടത്തും പറയാറില്ല..

മനസ്സിലാകുന്നില്ല കിട്ടുന്ന അവസരങ്ങളിലെല്ലാം നമ്മുടെ രാജ്യത്തെ താഴ്ത്തി കെട്ടുവാൻ ചിലർ ശ്രമിക്കുന്നതെന്തെന്ന്..

ഒഴാക്കന്‍. said...

ഇതാ ചേച്ചി കലികാലം

മനോഹര്‍ കെവി said...

"താങ്ങാ നാളുണ്ടെങ്കിലേ..ചീരൂന് ക്ഷീണള്ളൂ"..... ഈ വാചകം ഇഷ്ടപ്പെട്ടു ... ഞാന്‍ അറിയുന്ന മൂന്നു പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഗര്ഭാവസ്തയിലാണ്.. അവരുടെ അമ്മമാര്‍ കാണിക്കുന്ന ഗോഷ്ടികള്‍ കണ്ടാല്‍ , സഹിക്കില്ല...."മോളെ അത് വേണോ, ഇത് വേണോ, കിടക്കണോ, അല്പം പാല് തരട്ടെ, അല്പം ജൂസ് തരട്ടെ"...... ഹ ഹ ഹ

മൈത്രേയ. said...

അമ്മയെന്ന വാക്കു കൊണ്ടൂ പൂജ ചെയ്തിടാം..
എന്ന പാട്ടിന്റെ വരികൾ ഓർത്തു പോകുന്നു

Akbar said...

ഞാന്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍ അവള്‍ പറഞ്ഞു. "പുറകു വശം ഒരു ചെറിയ വേദന പോലെ. പക്ഷെ കുഴപ്പമില്ല". ഞാന്‍ ആദ്യം കാര്യമായി എടുത്തില്ല. പിന്നെ തോന്നി ഡേറ്റ് ആയിട്ടില്ലെങ്കിലും ഗര്‍ഭ സമയത്തുള്ള എല്ലാ വേദനകളും ശ്രദ്ധിക്കണമെന്ന്. പരത്യേകിച്ചും അന്യ നാട്ടില്‍ കഴിയുമ്പോള്‍. ഉടനെ ചെക്കപ്പിനു കൊണ്ട് പോയി. ഡോക്ടര്‍ പറഞ്ഞു "പ്രസവ വേദന തുടങ്ങിയിട്ട് ഏറെ നേരമായല്ലോ" എന്ന്. അപ്പോഴാണ്‌ അത് പ്രസവ വേദന ആയിരുന്നു എന്ന് ഞാനും അവളും അറിയുന്നത്. ആ ഞെട്ടലില്‍ അവള്‍ കരഞ്ഞുകൊണ്ട് എന്നെ നോക്കി. എന്നിലപ്പോള്‍ വല്ലാത്തൊരു ഉള്‍ഭയം നിറഞ്ഞു. പിന്നെ നാല് മണിക്കൂറിനുള്ളില്‍ എല്ലാം ശുഭം.

ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ആ സംഭവം ഓര്‍ത്ത്‌ പോയി. നല്ല പോസ്റ്റ്.

Villagemaan said...

ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ ..